കണ്ണ്

പെണ്ണുകാണല്‍ ചടങ്ങില്‍ ബന്ധുക്കളുടെ കണ്ണു വെട്ടിച്ച് അവളുടെ കണ്ണില്‍ അയാളുടെ കണ്ണുകളുടക്കിയപ്പോള്‍ കഥകളുറങ്ങിക്കിടക്കുന്ന ആര്‍ദ്രതയാണ് കാണാന്‍ കഴിഞ്ഞത്. വിടര്‍ന്ന അവളുടെ മിഴികള്‍ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നത് അയാള്‍ അറിഞ്ഞു. സമ്മതം മൂളാന്‍ മറ്റൊന്നും ചിന്തിക്കേണ്ടി വന്നില്ല. ധൃതി പിടിച്ച ഗള്‍ഫ് ജീവിതത്തിനിടയില്‍ സ്വപ്നങ്ങള്‍ പങ്കിടാനെത്തിയ കൂട്ടുകാരിയെ അയാള്‍ ഹൃദയത്തിലേറ്റി. ചുരുങ്ങിയ ലീവിനിടയില്‍ ഉറപ്പിക്കലും വിവാഹവുമെല്ലാം പൊടുന്നനെ നടന്നു. കതിര്‍മണ്ഡപത്തില്‍ അണിഞ്ഞൊരുങ്ങി സുന്ദരിയായി നിന്ന അവളുടെ നയനങ്ങളില്‍ പക്ഷെ നാണത്തിന്റെ നൈവേദ്യങ്ങള്‍ക്കപ്പുറം ചഞ്ചലമായ ഭാവമായിരുന്നു. ഒരു നിമിഷം മനസ്സു പതറിയെങ്കിലും അയാള്‍ അതിനെ ആ ദിവസത്തെ വധുവിന്റെ ഭാവമായി ഉള്‍ക്കൊണ്ടു. അല്ലെങ്കിലും മറ്റുള്ളവരെ ഉള്‍ക്കൊള്ളുന്നതിലും , അവരുടെ അസ്വസ്ഥതകള്‍ സ്വസ്ഥതകളായി മാറ്റുന്നതിലും അയാള്‍ ബന്ധുക്കള്‍ക്കിടയിലും , സുഹൃത്തുക്കള്‍ക്കിടയിലും കീര്‍ത്തിമാനായിരുന്നു. പ്രായമായ അമ്മമാര്‍ അയാളെ പറ്റി പറയുമത്രെ, ‘’ അവനെക്കിട്ടുന്ന പെണ്‍കുട്ടി ഭാഗ്യം ചെയ്തവളാകും’‘ എന്ന്.

ആദ്യദിനത്തിന്റെ അസ്വസ്ഥതകളുമായി തങ്ങളുടെ സ്വകാര്യതയിലെത്തിയപ്പോള്‍ അവള്‍ മുഖം തിരിഞ്ഞിരിക്കുകയായിരുന്നു. ” ബോറടിച്ചു കാണും ഗള്‍ഫില്‍ നിന്നും വന്നിട്ട് ബന്ധുക്കളെയൊന്നും ശരിക്കും കാണാന്‍ കഴിഞ്ഞില്ല എല്ലാവരും ഇപ്പോള്‍ പോയതേയുള്ളു” അവള്‍ ശ്രദ്ധിച്ചതായി ഭാവിച്ചില്ല. അയാള്‍ പിന്നേയും കുറെ സംസാരിച്ചു കൊണ്ടിരുന്നു .ചോദ്യങ്ങള്‍ക്കെല്ലാം രണ്ടക്ഷരത്തില്‍ മാത്രം അവള്‍ മറുപടി പറഞ്ഞു. നിശബ്ദത മൂടുപടമണിയാന്‍ തുടങ്ങിയപ്പോള്‍ അവള്‍ ഉറങ്ങാന്‍ കിടന്നു. മനസില്‍ കനലെരിയാന്‍ തുടങ്ങിയതയാള്‍ അറിഞ്ഞു.

അടുത്ത ദിനങ്ങളില്‍ ബന്ധുക്കളുടെ കളിയാക്കലിലും തമാശകളിലും അയാള്‍ യാന്ത്രികമായി ചിരിച്ചു. എന്താണെന്ന് അയാള്‍ക്കുമറിയില്ല. തന്നെ ആദ്യനോട്ടത്തില്‍ തളച്ചിട്ട അതേ മിഴികള്‍ ഇപ്പോള്‍ തന്നെ നിരീക്ഷിക്കുക മാത്രം ജോലിയാക്കിയത് അയാള്‍ക്ക് മനസിലായി . അമ്മാവന്റെ മകള്‍ മീര തനിക്ക് ചായ തന്നപ്പോള്‍ , അമ്മ ചോറു വിളമ്പിയപ്പൊള്‍ , എന്തിന് മുന്‍വശത്ത് പത്രം വായിച്ചിരിക്കുമ്പോള്‍ റോഡിലൂടെ പോയ വഴിയാത്രക്കാരി വരെ അവളുടെ കണ്ണുകളില്‍ കരിനിറം വിതറി.

ആദ്യത്തെ നഖക്ഷതങ്ങള്‍ക്ക് ആഴം കൂടുതലാണെന്ന് അയാള്‍ക്ക് മനസിലായി. മൗനവും , പരിഭവങ്ങളും, പരിവേദനങ്ങളും അയാളുടെ ഉറക്കം കെടുത്തി. രാത്രികളില്‍‍ ഉറങ്ങാതെ തനിക്ക് കാവലിരിക്കുന്ന അവളുടെ മിഴികള്‍ അയാളില്‍ പണ്ടു കണ്ട പ്രേതസിനിമകളെ ഓര്‍മ്മപ്പെടുത്തി.

സുഹൃത്തിന്റെ വീട്ടില്‍ വിരുന്നിന് പോകാന്‍ വളരെ സന്തോഷവതിയായാണ് അവളിറങ്ങിയത്. അവളുടെ സാരിയുടെ അരുണിമ കവിളില്‍ പ്രതിഫലിക്കുന്നത് നിറഞ്ഞ ഹൃദയത്തോടെ പലവട്ടം അയാള്‍ ഒളിഞ്ഞു നോക്കി. സുന്ദരിയായ സുഹൃത്തിന്റെ ഭാര്യയെ കണ്ടതും അവളുടെ കണ്ണുകളില്‍ കാര്‍മേഘങ്ങള്‍ നിറയുന്നത് നെഞ്ചിലൊരു ഇടിമുഴക്കത്തോടെ അയാള്‍ തിരിച്ചറിഞ്ഞു.’ രമേഷിന് മുഖത്ത് ക്ഷീണമാണല്ലോ’ സുഹൃത്തിന്റെ ഭാര്യയുടെ സുഖാന്വേഷണം കേട്ട് ആ കണ്ണുകളില്‍ കത്തിയ തീയില്‍ അയാള്‍ ചാരമായിപ്പോയി.

വ്യോമയാനത്തില്‍ തന്റെ കൂടെ യാത്രയായപ്പോള്‍ അവള്‍ ഉന്മേഷവതിയും സുന്ദരിയുമായി കാണപ്പെട്ടു. തന്നെ തൊട്ടുരുമ്മിയിരിക്കാന്‍ ശ്രമിച്ച അയാളുടെ കരങ്ങളെ അവള്‍ സ്വന്തം കരവലയത്തിലൊതുക്കി. നാട്ടിലെ ബന്ധനങ്ങളില്‍ നിന്നും മാറുമ്പോള്‍ എല്ലാം ശരിയാകുമെന്ന് അയാള്‍ ആശ്വസിച്ചു. തൊണ്ടവരണ്ടപ്പോള്‍ വെള്ളം ഓര്‍ഡര്‍ ചെയ്യാനായി ഒരുങ്ങി. പക്ഷെ എയര്‍ഹോസ്റ്റസിനും തനിക്കുമിടയിലുള്ള സദാചാരപ്പോലീസിനെ ഓര്‍ത്ത് അത് വേണ്ടെന്നു വച്ചു. തന്റെ സഖിക്കായി സ്വപ്നം കൊണ്ട് നെയ്ത ഫ്ലാറ്റില്‍ അയാള്‍ അവളെ സ്വീകരിച്ചു. ഒട്ടും സ്വാഗതാര്‍ഹമല്ലാത്ത മുഖഭാവത്തോടെ തന്റെ അമ്മാവന്റെ ഗള്‍ഫിലെ പ്രതാപത്തെപ്പറ്റി അവള്‍ സംസാരിച്ചു കൊണ്ടിരുന്നു. തന്റെ സ്വപ്നസദനത്തിലെ ആദ്യരാത്രി അയാള്‍ അന്ധകാരത്തോട് കഥ പറഞ്ഞ് തീര്‍ത്തു. മനസിനകത്ത് തീ ആളിക്കത്തുന്നത് അയാള്‍ അണക്കാന്‍ ശ്രമിച്ചു.

ചോദ്യചിഹ്നങ്ങള്‍ തലക്കു ചുറ്റും മുള്‍ക്കിരീടം തീര്‍ക്കുന്നത് അയാളറിഞ്ഞു. സ്വസ്ഥത എന്ന വാക്ക് അയാള്‍ക്ക് അന്യം നിന്നു. നാട്ടിലെ അമ്മയുടേയും പെങ്ങളുടേയും സുഖാന്വേഷണങ്ങള്‍ കഴിയുന്നതും ഒഴിവാക്കാന്‍ അയാള്‍ ശ്രമിച്ചു. മൊബൈല്‍ ഫോണ്‍ അയാള്‍ക്ക് ശത്രുവിനേപ്പോലെ അനുഭവപ്പെട്ടു. അതിനകത്തു വരുന്ന വിളികളും മെസ്സേജുകളും അയാളെക്കാള്‍ മുമ്പ് അവള്‍‍ പരിശോധന നടത്തി. അറിയാത്ത നമ്പറുകള്‍ അവള്‍ അങ്ങോട്ട് വിളിച്ചറിയാന്‍ ശ്രമിച്ചു . ഇടക്കിടെ ഓഫീസിലേക്ക് അയാളെ വിളിച്ച് സീറ്റിലില്ലേ എന്ന് ഉറപ്പ് വരുത്തി.

സമയം കിട്ടുമ്പോള് ‍അല്ല സമയമുണ്ടാക്കി അയാളുടെ ലാപ് ടോപ്പ്, കമ്പ്യൂട്ടര്‍ , ഡയറി എല്ലാം അവള്‍ പരിശോധിച്ചു. ഇവള്‍ ഭാര്യയാണൊ , അതോ ആരോ നിയോഗിച്ച സി ഐ ഡി ആണോ എന്നയാള്‍ സംശയിച്ചു.പരിശോധന പരാജയമാണെങ്കിലും അവളുടെ കണ്ണുകള്‍ അതില്‍ തെളിവുകള്‍ കണ്ടെത്തി ആഘോഷിച്ചു. തീവ്രമായി ജ്വലിക്കുന്ന കണ്ണുകളും അതില്‍ നിന്നു ഉതിര്‍ന്ന ചോദ്യശരങ്ങളും അയാള്‍ക്ക് അസഹനീയമായി തോന്നി.

അപ്രതീക്ഷിതമായ ആക്രമണങ്ങള്‍ അയാളെ മരണ ഭീതിയിലെത്തിച്ചു. ഷോപ്പിംഗ് മാളുകളില്‍, സിനിമാ തീയേറ്ററില്‍, ബീച്ചില്‍, വെയ്റ്റിംഗ് റൂമുകളില്‍ എല്ലാം തന്നെ അയാളുടെ മിഴികളുടെ ദൃഷ്ടി ധരിത്രിയില്‍ മാത്രം ആയിരിക്കാന്‍ അവള്‍ പ്രത്യേകം ശ്രദ്ധിച്ചു. ടി.വി കാണുകയെന്നത് അയാള്‍ തീര്‍ത്തും ഉപേക്ഷിച്ചു. കാരണം റിയാലിറ്റി ഷോകളിലെ തരുണീ‍മണികളേയും , പര‍സ്യത്തിലെ സുന്ദരികളേയും ഒഴിവാക്കി ഈ മാധ്യമം കാണാന്‍ കഴിയില്ലല്ലോ. അതിന്റെ അനന്തരഫലം താങ്ങാനാകാതെ മനസ്സും ശരീരവും തളര്‍ന്നു കഴിഞ്ഞിരുന്നു.

ആരോടെങ്കിലും തുറന്നു പറയണമെന്നുണ്ടായിരുന്നു. അയാള്‍ പലവുരു ചിന്തിച്ചു. പക്ഷെ ആരോട്? എന്തു പറയും? അവര്‍ എങ്ങിനെ ഇതുള്‍ക്കൊള്ളും? ചിന്തകള്‍ സമുദ്രങ്ങളായി സ്നേഹക്കൂടുതല്‍ കൊണ്ട് താന്‍ നഷ്ടപ്പെടരുത് എന്ന ചിന്തയാണോ അവള്‍ക്ക് ? ഇത്രയും സ്നേഹം എനിക്ക് താങ്ങാനാവില്ലെന്ന് അവള്‍ക്ക് എങ്ങിനെ മനസിലാക്കിക്കൊടുക്കും? അയാളുടെ നെഞ്ചില്‍ നിന്നും ദീര്‍ഘ നിശ്വാസങ്ങള്‍ അടര്‍ന്നു വീണു. പൊള്ളുന്ന മണലാരണ്യത്തിലൂടെ അയാള്‍ അതിവേഗം ഡ്രൈവ് ചെയ്തു…. മുന്നോട്ട് തന്നെ…. കണ്ണില്‍ പെടുന്ന കാഴ്ചകള്‍ക്ക് അനുമതി നല്‍കാതെ…..

Generated from archived content: story1_apr20_12.html Author: milu_mariyaanoto

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English