കാറ്റിന്റെ നേര്‍ത്ത മര്‍മ്മരം ഇരമ്പലായി
കാതുകള്‍ തിന്നു തീര്‍ക്കുമ്പോള്‍
വേവും നോവിന്റെ കനലടര്‍ന്നു
ഹൃദയവേരുകള്‍ എരിയുന്നു.
അശാന്തി പടര്‍ന്നു അകം പിളരാതെ
അക്ഷരം മോന്താന്‍ നിവര്‍ത്തിയ
പുസ്തകത്താളില്‍ ഇഴയുന്നു അന്ധത…!
മിഴിചിരാതില്‍ അണയാതെ നിന്ന
നിലാത്തുണ്ടിന്റെ സുതാര്യനീലയില്‍
നിശാകവചം നീക്കാന്‍ ശ്രമിക്കുമ്പോള്‍
മേഘകുറുമ്പികള്‍ ഓടികളിച്ചെന്റെ
ഇത്തിരി വെട്ടവും മറയ്ക്കുന്നു.
കനവും കനലും ഒന്നിച്ചു ചാരത്തുറങ്ങി,
പെട്ടെന്നുണര്‍ന്നു തമ്മില്‍ പിണങ്ങി തല്ലിപ്പിരിഞ്ഞെന്‍
കനവിന്റെ മാമ്പൂക്കള്‍ തല്ലികൊഴിക്കുന്നു.
ഇല്ല ,ഒരിലത്തണല്‍ സാന്ത്വനം ..കാക്കപ്പൂ സ്പര്‍ശനം !
ആശ്ലേഷിച്ചെത്തും പൂങ്കാറ്റു പോലും അടക്കം പറഞ്ഞുകലുന്നു
ഇലയില്ലാച്ച്ചില്ലയെന്‍ ചാരത്തു വീണു ഞെട്ടിച്ചു ചിരിക്കുന്നു
ഒറ്റക്കിളി നിലാമഴയത്തു കണ്ണിമ പൂട്ടാതെ പാടുന്നു !
അശാന്തിപര്‍വ്വം വീണ്ടും തുറക്കുമ്പോള്‍
നേരിന്‍ നിലാവും പൂങ്കിനാവും വിണ്‍ത്തണലും
പൂങ്കാറ്റും പിന്നെ കാക്കപ്പൂവും
ജ്ഞാനജാതക പുസ്തകം തുറന്നു വച്ചുതന്നു
മിഴിമഴത്തുള്ളിയില്‍ മഴവില്ല് തീര്‍ക്കുന്നു …!
Generated from archived content: poem2_jan4_13.html Author: mercy_tk