സമയം പുലർവേള; ഉമ്മറക്കസേരയിൽ
മിഴികൾ തുടച്ചു ഞാനിരിക്കെ, കരളിന്റെ-
പടിവാതിലിൽ മെല്ലെ മുട്ടുന്നു സകൗതുകം
വിടരും പുലർകാല സ്വപ്നത്തിൻ തരംഗങ്ങൾ.
‘അച്ഛനെന്തിരിപ്പാണെ’ന്നലസം ചോദിച്ചുകൊ-
ണ്ടൊച്ചവെയ്‌ക്കാതെ മുന്നിൽ കൊച്ചുമോൾ ചിരിയ്‌ക്കുന്നു.
കണ്ടു ഞാൻ പ്രപഞ്ചത്തിൻ സൗന്ദര്യമാകെയിന്നാ-
കൺകളിൽ; ബോധത്തിന്റെ ജാലകം തുറന്നുവോ?
(ഉണ്ണിസൂര്യനെ ഒക്കത്തേന്തി നില്‌ക്കുന്നൂ ദൂരെ
വിണ്ണിന്റെ പടിപ്പുരവാതിലിൽ പുലരിപ്പെൺ.)
ഇളതാം വെയിൽ മെല്ലെയാറുന്നു കുന്നിൻമേലെ
തളിർചൂടിയോ ജീവശാഖിതൻ ചില്ലക്കൈകൾ?
പുലരിത്തുടുവെട്ടം തൊട്ടുണർത്തിയോ മന്ദ-
മിളതൻ മടിത്തട്ടിലുറങ്ങും പുൽനാമ്പിനെ?
ഇടർകൊളളുന്നൂ നേർത്ത പുൽക്കൊടിത്തുമ്പിൽ വീണ്ടും
ഉരുകിത്തെളിയുന്ന മഞ്ജുവാം മഞ്ഞിൻകണം.
‘തനിയേ അലിഞ്ഞേപോം വാഴ്‌വെന്നുമിതേവിധം’
തരളം മന്ത്രിയ്‌ക്കുന്നെൻ ജീവന്റെ സർഗ്ഗോല്ലാസം.
Generated from archived content: ulthudippukal.html Author: meloor_vasudevan