പുഴ

പ്രണയമായ്‌, ജീവഗാനമായ്‌, പ്രാണനിൽ

പടരു,മുന്മാദരാഗമായ്‌, സ്വപ്‌നമായ്‌

വ്യഥിത ജന്മസംഗീതത്തിനാർദ്രമാം

ലയനമായ്‌, സ്നേഹസാന്ത്വനലോലമെൻ

സിരയിലിറ്റിറ്റു വീഴും ശീതാമൃത-

കണികയായ്‌, കാവ്യകൗതൂഹലങ്ങൾതൻ

തരള സങ്കല്പഭാവമായ്‌, സത്യമായ്‌

അരിയ സംസ്‌ക്കാരധാരയായ്‌, ചൈതന്യ-

സ്‌ഫുരണമായ്‌, സർഗ്ഗശക്തി സൗന്ദര്യമായ്‌

അഴൽ പെരുകുമെൻ കർമ്മകാണ്ഡങ്ങളിൽ

അഴകുണർത്തുന്ന സാന്ദ്രസംഗീതമായ്‌

പുഴയെ മുന്നം അറിഞ്ഞു ഞാൻ; ഇന്നെന്റെ

ഹൃദയവേഗങ്ങൾ തേങ്ങിത്തളർന്നുവോ?

ഉയിരിലാരോ വിമൂകം വിതുമ്പിയോ?

നിഴലുകൾ പ്രേതനർത്തനമാടുമീ

വഴികളിൽ ക്രൂരമാർത്തു നില്‌ക്കുന്നതാർ?

അണിയറയിൽ നിന്നട്ടഹാസത്തിന്റെ

ചടുലവേഗങ്ങൾ ആളിപ്പടർന്നുവോ?

ദുരമുഴുത്തു, ഹാ! നിന്റെ തീരങ്ങളിൽ

വരികയാണിന്ന്‌ മേലാളർ, കീശതൻ

കിലുകിലുക്കത്തിൽ, നിൻ വഴിമുടക്കുവാൻ;

നിലവിളിപ്പാട്ടിനീണം മുറിഞ്ഞുവോ?

അഴകിനെ, സ്നേഹസ്വപ്നത്തെ, മർത്ത്യനെ,

അവനിയാകെ വിലപേശി വാങ്ങുവാൻ

അവരിനിയും ഇതുവഴി പോന്നുവ-

ന്നരിയ സംസ്‌കൃതിയാകെ മുടിയ്‌ക്കുമോ?

വിളറി വീർപ്പിട്ടു വീണ്ടുമിടറി നീ

വിധുരമീ വഴി വിങ്ങിക്കിതക്കയോ?

ചകിതമിന്നുനിൻ ഓർമ്മകൾ, സ്വപ്നത്തിൻ

ചുടലയിൽനിന്ന്‌ മാഴ്‌കിയോ നീരവം?

ചതിമണക്കുന്നു വീണ്ടുമീ വാഴ്‌വിന്റെ

ഇരുളുമൂടും വരണ്ട തീരങ്ങളിൽ

ഇടറി നീങ്ങിയോ ഇന്ന്‌ നീ ജീവന്റെ

കദനരാഗമായ്‌, കാലത്തിൻ കണ്ണിൽനി-

ന്നൊഴുകുമശ്രുവായ്‌, ദുശ്ശകുനത്തിന്റെ

ശിഥിലബിംബമായ്‌, ദുഃസ്വപ്നരാഗമായ്‌?

മൃതിമദിച്ചുവോ, വിങ്ങുമാമൗനങ്ങൾ

കുതറിയോ, ജീവതാളം കലമ്പിയോ?

പുകള്‌ പാടിയ ചുണ്ടുകൊണ്ടിന്നു ഞാൻ

ചരമഗീതങ്ങൾ പാടുവതെങ്ങനെ?

പുഴ സിരകളിൽ പൂക്കുമുണർവ്വിന്റെ

ലഹരിയായ്‌, സത്യസൗന്ദര്യസംഗീത-

സുഖദതാളമായ്‌, സുസ്നേഹധാരയായ്‌

മധുരസ്വപ്നമായ്‌ വീണ്ടും ജനിയ്‌ക്കുമോ?

Generated from archived content: poem_july9.html Author: meloor_vasudevan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English