മരണമോർമ്മയിൽ പുകഞ്ഞാലും, ജീവ-
സിരകളിൽ ജ്വരമുറഞ്ഞാലും, നീറും-
കനൽവഴിതാണ്ടിയുഴറുമ്പോഴേതോ
കിനാവിൻ ഏകാന്തഹരിതതീരത്തിൽ
ഇടംതേടി സ്വയംമറന്നാലും, പോയ-
വസന്തത്തെമീളാൻ കൊതിക്കുന്നു ചിലർ.
(ചിറകൊടിഞ്ഞാലും ഉയരങ്ങൾ നേടി
കിനാച്ചിറകേറാൻ തുടിപ്പുമോഹങ്ങൾ!)
ചിലനേരം ചിലർ നരകരാഗത്തിൽ
അലറുന്നു, കാണാമറയത്തുനിന്നും
കുരുതിമന്ത്രങ്ങൾ ജപിക്കുന്നു, പിന്നെ
പകക്കൺകൾ കാട്ടിയമറി നില്‌ക്കുന്നു!
പതഞ്ഞുയർന്നിടുമശമമാം കാമ-
ജ്വരലഹരിയിൽ മദംപൂണ്ടും, എല്ലാം
മറന്നും, പാപത്തിൻ കടുംവിഷം മോന്തി.
അയലത്തെ കുഞ്ഞാടിനെ കവർന്നെടു-
ത്തവിശുദ്ധഭോജ്യമൊരുക്കി,യാസ്വദി-
ച്ചമരരായ് വാണു സുഖിക്കുന്നു ചിലർ.
ചിലർ പരസ്പരം കരയിച്ചും, പിന്നെ
ചിരിച്ചും, മോഹങ്ങൾ പകുത്തും, സ്വപ്‌നത്തിൻ
നിലാച്ചിറകേറിയുയിർത്തും, ജീവന്റെ
പൊരുളറിയാതെ പകച്ചും, വീർപ്പിട്ടും
കഴിയവേ, ആരുമറിയാതെയെത്തും
പ്രളയത്തിൽ മുങ്ങിയൊടുങ്ങിപ്പോവുന്നു!
Generated from archived content: poem2_july12_06.html Author: meloor_vasudevan
Click this button or press Ctrl+G to toggle between Malayalam and English