പതുക്കെപ്പതുക്കെയെൻ നെറ്റിയിൽ തലോടുന്ന-
നനുത്ത വിരലുകളാരുടേ,തറിവീല!
നേരിയ കുളിർമഴ ചാറിയോ,നിലാവിന്റെ-
ലോലരശ്‌മികൾ മന്ദമുതിർന്നോ, കിനാവിന്റെ
ഭാവസൗഭഗം പൂവിട്ടുലയുന്നുവോ, നീറും
ജീവനിലേതോ കാവ്യസുഗന്ധം നുരഞ്ഞുവോ?
സ്വപ്‌നമോ? യാഥാർത്ഥ്യമോ? ഞാനറിവീല, പക്ഷെ
തപ്തജീവനിലേതോ നിർവൃതീതരംഗങ്ങൾ!
പൊളളുന്നു വീണ്ടും ജ്വരമൂർച്ഛയിലിന്നെൻ പ്രാണൻ
മെല്ലെയെൻ നെറുകയിൽ, നെറ്റിയിൽ ചുംബിക്കുമോ
സ്‌നേഹമേ! സ്വപ്നങ്ങളിലെങ്കിലും കൊതിപ്പൂ നിൻ
ഭാവസാന്നിദ്ധ്യം, നീയെൻ സുകൃതം, ജീവാമൃതം!
പോവുകയാണോ യാത്ര ചൊല്ലാതെ? പോവുംമുൻപാ-
തൂവിരൽത്തുമ്പാൽ വീണ്ടുമീ നെറ്റിയിൽ, നെറുകയിൽ
പ്രാണനിൽ തലോടുമോ? ഇത്തിരിനേരം ഞാനെൻ-
നോവുകൾ മറക്കട്ടെ, ജീവിതം തളിർക്കട്ടെ!
Generated from archived content: poem1_july6_05.html Author: meloor_vasudevan