നാടോടിപ്പാട്ടുപാടി വയലേലകൾക്കിടയിൽക്കൂടി പാദസരമിട്ട് ഭർതൃഗൃഹത്തിലേക്ക് പോകുന്ന ഭാരതപ്പുഴ എന്നെഴുതിയത് പ്രകൃത്യുപാസകനായ മലയാളത്തിന്റെ പ്രിയകവി പി. കുഞ്ഞിരാമൻ നായരാണ്. ഉറക്കക്ഷീണം പെട്ട കുപ്പിവളയിട്ട ചടച്ച പാടങ്ങൾ, പച്ച പാതി തുടച്ച തോട്ടങ്ങൾ, പാളി നോക്കുന്ന ഗ്രാമീണഭവനങ്ങൾ എന്നിങ്ങനെ വേറെ ചില പ്രയോഗങ്ങളുമുണ്ട് കേരളഭൂമിയെപറ്റി കവിയുടേതായി. കവിത തോൽക്കും കമനീയ ഗദ്യത്തിലത്രെ മഹാകവിയുടെ പ്രകൃതിവർണനം.
കവിയുടെ വാഗ്‌വിലാസത്തിന്റെ അമൃതം നുണഞ്ഞ പഴമക്കാർക്ക് കേരളത്തിന്റെ വർത്തമാനാവസ്‌ഥ പരിതാപമുണർത്തും.
മലനാട്ടിൽ പാടങ്ങളും തോട്ടങ്ങളും ഗ്രാമീണഭവനങ്ങളും ചുരുങ്ങി. പാടം നികത്തി പുതുപണക്കാർ അവിടെ രമ്യഹർമ്യങ്ങൾ നിർമിച്ചു. ഗ്രാമീണഭവനങ്ങൾ ഉടച്ചുവാർത്ത് എല്ലാം നാഗരികമാക്കി. ഭർതൃഗൃഹത്തിലേക്കു പോകുന്ന ഭാരതപ്പുഴയിലിന്ന് നീരോട്ടത്തിന്റെ നിസ്വനമില്ല.
കവി ആത്‌മകഥയെഴുതിയ കാലത്തെ കേരളമല്ല ഇന്നത്തെ കേരളം. കുഗ്രാമങ്ങൾ കൂടി പട്ടണങ്ങളായി വളർന്നു വികസിച്ചിരിക്കുന്ന കാഴ്‌ച്ച ആരെയും അമ്പരപ്പിക്കുന്നതാണ്.
പണ്ട് വികസിതനഗരങ്ങളിൽ മാത്രം കിട്ടിക്കൊണ്ടിരുന്ന ഉല്‌പന്നങ്ങൾ പലതും ഇന്ന് ഈ പട്ടണങ്ങളിലെ കടകളിൽ കിട്ടും.
ആഭരണശാലകളുടെയും വസ്‌ത്രാലയങ്ങളുടെയും എണ്ണപ്പെരുപ്പം നമ്മുടെ ധൂർത്തിന്റെ ലക്ഷണവും നമ്മൾ കൈവരിച്ച സാമ്പത്തിക പുരോഗതിയുടെ അടയാളവുമായി നിലകൊള്ളുന്നു.
വാഹനങ്ങൾ സ്വന്തമായിട്ടില്ലാത്ത വീടുകൾ അപൂർവമായിരിക്കുന്നു. ഇരുചക്രവാഹനമെങ്കിലും ഇല്ലാതിരിക്കില്ല ഓരോ വീട്ടിലും.
ആധുനിക സൗകര്യങ്ങളോട് കൂടിയ സ്വകാര്യ ആശുപത്രികൾ ചെറുപട്ടണങ്ങളായി മാറിയ ഗ്രാമങ്ങളിൽ എത്രയെങ്കിലും കാണാനാകും.
ബ്യൂട്ടിപാർലറുകൾ, ഐസ്‌ക്രീം ബാറുകൾ, വിശിഷ്‌ട വിഭവങ്ങൾ വിളമ്പുന്ന മുന്തിയ ഭോജനശാലകൾ എന്നിവയെല്ലാം കേരളീയാന്തരീക്ഷത്തിന്റെ മുഖച്ഛായ പാടേ മാറ്റിയിരിക്കുന്നു.
രാജ്യത്ത് ഇന്ന് ഏറ്റവും കൂടുതൽ പണം ചെലവു ചെയത് വീടുകൾ നിർമിക്കുന്നത് കേരളത്തിലാണ്. ‘ദൈവത്തിന്റെ സ്വന്തം നാട് കാണാനെത്തുന്ന വിദേശികൾ നമ്മുടെ ആഡംബരസൗധങ്ങൾ കണ്ട് പകച്ചുനിൽക്കുന്നു.
തങ്ങളുടെ രാജ്യങ്ങളിൽ പണിയെടുക്കുന്ന മലയാളിസമൂഹം നാട്ടിലേക്കൊഴുകുന്ന പണമാണ് അതിന്റെ ഇപ്പോഴത്തെ സൗഭാഗ്യങ്ങളുടെ അടിത്തറ. അതറിയാത്ത വിനോദസഞ്ചാരികൾ നന്നേ കുറയായിരിക്കും.
ഗൾഫ് നാടുകളിലും യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കൻ ഐക്യനാടുകളിലും പണിയെടുക്കുന്ന മറുനാട്ടുകാരുടെ വിയർപ്പ് സമ്പന്നമാക്കിയ ഒരു ഭൂപ്രദേശമുണ്ടെങ്കിൽ അത് കേരളമാണ്.
മലയാളി ജന്മദേശം വിടുന്നത് കുടുംബം പോറ്റാനാണ്. ക്രമേണ ആ ലക്ഷ്യം വിട്ട് ധാരാളം പണം സമ്പാദിച്ചുകൂട്ടുക എന്ന കർമത്തിലേർപ്പെടുന്നു. കൂടിയാൽ പത്തുകൊല്ലം വിദേശത്ത് പണിയെടുക്കണമെന്നേ നാടു വിടുമ്പോൾ ചിന്തിച്ചിരിക്കയുള്ളൂ. പിന്നീടാണ് ധനസമ്പാദനമോഹം കീഴ്‌പെടുത്തുന്നത്. ഇരുപതോ മുപ്പതോ കൊല്ലം കഴിഞ്ഞാലും അവിടം വിട്ടു പോരാൻ ഈ മോഹം അനുവദിക്കില്ല.
സമ്പാദിച്ചതിൽ നല്ല പങ്ക് ഇതിനിടെ വീടു വയ്‌ക്കാനും പെൺമക്കളുടെ വിവാഹം ആർഭാടപൂർവം നടത്താനുമായി ചെലവാക്കിയിരിക്കും. ഒരിക്കൽ ഉയർന്ന നിലവാരത്തിൽ ജീവിച്ചവർക്ക് പിന്നീട് താഴോട്ടിറങ്ങാൻ വയ്യാത്ത അവസ്‌ഥ വന്നുചേരും. പണി മതിയാക്കി വിദേശത്തുനിന്നു തിരിച്ചു വരുന്നവരെ വീണ്ടും അങ്ങോട്ടു ചെല്ലാൻ പ്രേരിപ്പിക്കുന്നു ഈ അവസ്‌ഥ.
ഇതിൽ നിന്നു വിഭിന്നമായ ഒരവസ്‌ഥയെ ചിത്രീകരിക്കുന്ന ഒരു കഥ വായിച്ചിട്ടുണ്ട് – ഐസാക്‌ബാഷെവിസ് സിങ്ങർ എഴുതിയ ’ദ സൺ ഫ്രം അമേരിക്ക‘.
പതിനഞ്ചു വയസ്സുള്ളപ്പോൾ മാതാപിതാക്കളെ വിട്ട് അമേരിക്കയിൽ കൂടിയേറിയതാണ് സാമുവൽ. നാല്‌പതുവർഷം അവിടെ കഴിച്ചുകൂട്ടിയശേഷം തന്റെ അച്‌ഛനമ്മമാരെ കാണാനായി പോളണ്ടിലെ ലെന്റ്‌ഷിൻ എന്ന ഗ്രാമത്തിലേക്ക് അയാൾ തിരിച്ചുവരുന്നു.
ലെന്റിഷിനിൽ കഴിയുന്ന അച്ഛന്റെ പേർക്ക് എല്ലാ മാസവും സാമുവൽ പണം അയച്ചുകൊടുക്കാറുണ്ടായിരുന്നു. മണിയോർഡറിനൊപ്പം അയാൾ കത്ത് അയക്കുമായിരുന്നെങ്കിലും അത് വായിക്കാനാകുമായിരുന്നില്ല ആ ഗ്രാമത്തിലുള്ള ആർക്കും തന്നെ. അതിലെ മിക്ക വാക്കുകളും ഇംഗ്ലീഷിലായിരിക്കും എന്നതാണ് കാരണം. ജൂതന്മാർ ഉപയോഗിക്കുന്ന യിദ്ദിഷ്‌ഭാഷയല്ലാതെ മറ്റൊരു ഭാഷയും അറിഞ്ഞുകൂടാ അവിടത്തുകാർക്ക്.
മകൻ അയയ്‌ക്കുന്ന പണം അച്‌ഛനമ്മമാർ ചെലവഴിച്ചിരുന്നില്ല. പച്ചക്കറികൾ കൃഷി ചെയ്‌തും ആടുമാടുകളെ വളർത്തിയും കിട്ടുന്ന ആദായം മതിയായിരുന്നു ആ വൃദ്ധദമ്പതികളുടെ ജീവിതവൃത്തിക്ക്. കോഴിവളർത്തിയും മുട്ട വിറ്റും കിട്ടുന്ന വരുമാനം വേറെ. അതുതന്നെ റൊട്ടിപ്പൊടി വാങ്ങാൻ ധാരാളം.
അങ്ങിനെയിരിക്കേ സാമുവൽ തന്റെ വൃദ്ധമാതാപിതാക്കളുടെ ചെറുഭവനത്തിൽ നീണ്ടകാലത്തെ വേർപാടിനുശേഷം എത്തിച്ചേരുകയാണ്. മകൻ മടങ്ങിവന്നതിൽ അച്ഛനുമമ്മയും സന്തോഷിച്ചു. അവർ തിന്നു. കുടിച്ചു. പുനഃസമാഗമം സൃഷ്‌ടിച്ച ബഹളം അടങ്ങി അന്തരീക്ഷം ശാന്തതയിലേക്കു തിരിയെ വന്നു. വീട്ടുപരിസരത്തിൽ നിന്ന് ചീവീടിന്റെ ശബ്‌ദം ഉയർന്നു പൊങ്ങി. സാമുവൽ അച്‌ഛനോട് ചോദിച്ചു.
“ഞാൻ അയച്ചുതന്ന പണമെല്ലാം അച്‌ഛൻ എന്തു ചെയ്‌തു?”
“ഇവിടെത്തന്നെ ഉണ്ട്.” അച്‌ഛൻ പറഞ്ഞു.
“ബാങ്കിൽ നിക്ഷേപിക്കാത്തതെന്തേ?” മകന്റെ ചോദ്യം.
ലെന്റഷിനിൽ ബാങ്ക് ഇല്ലെന്ന് അച്‌ഛൻ മറുപടി പറഞ്ഞപ്പോൾ മകൻ ചോദിച്ചുഃ
“അപ്പോൾ, എവിടെയാണ് പണം സൂക്ഷിച്ചിരിക്കുന്നത്?”
അച്‌ഛൻ അത് പറയാൻ മടിച്ചു. ശബാത്ത് ദിനമായിരുന്നു അന്ന് ഒഴിവുദിവസമായ ശബാത്തിന് ദ്രവ്യം സ്‌പർശിക്കാൻ പാടില്ലെന്നാണ് ജൂതന്മാരുടെ വിശ്വാസം. പക്ഷേ അത്‌ലംഘിക്കാൻ തയ്യാറായിക്കൊണ്ട് അച്‌ഛൻ പറഞ്ഞു.
“പാടില്ലാത്തതാണ്. എങ്കിലും ഞാൻ അതു കാണിച്ചുതരാം.”
വൃദ്ധൻ കട്ടിലിനരികെ കുനിഞ്ഞിരുന്ന് കനമുള്ള ഏതോ വസ്‌തു പ്രയാസപ്പെട്ടു വലിച്ചെടുത്തു. ഒരു ബൂട്ട്. അതിന്റെ മുകൾഭാഗത്ത് വൈക്കോൽ കുത്തിനിറച്ചിരുന്നു. വൃദ്ധൻ വൈക്കോൽ വലിച്ചുമാറ്റി.
ബൂട്ട് നിറയെ സ്വർണ നാണയങ്ങൾ കണ്ട് അത്‌ഭുതപരതന്ത്രനായി ഇത് നിധിയാണല്ലോ എന്ന് മകൻ വിളിച്ചുകൂവി. അച്‌ഛൻ അത് ശരിവച്ചു. എന്തുകൊണ്ട് അത് ചെലവഴിച്ചില്ല എന്ന മകൻ ചോദിച്ചു. തങ്ങൾക്കുവേണ്ട സാധനങ്ങളെല്ലാം ഇവിടെയുള്ളപ്പോൾ അത് ചെലവഴിക്കേണ്ട ആവശ്യമുണ്ടായില്ല എന്നായിരുന്നു അച്‌ഛന്റെ മറുപടി.
“അച്‌ഛന് അന്യനാടുകൾ സന്ദർശിക്കാമായിരുന്നില്ലേ?”
നിധിയുടെ കാര്യം ഓർമിപ്പിച്ചുകൊണ്ട് മകൻ ചോദിച്ചു.
“നമ്മുടെ ഈ ദേശം വിട്ട് എങ്ങോട്ടു പോകാൻ?” അച്‌ഛൻ പറഞ്ഞു.
മകൻ അച്‌ഛനോട് ഓരോന്നു ചോദിച്ചുകൊണ്ടിരുന്നു. എല്ലാത്തിനും അച്‌ഛന് ഒരു മറുപടിയേ ഉണ്ടായിരുന്നുള്ളു. തങ്ങൾക്ക് ഒന്നിനും കുറിവില്ല. പച്ചക്കറിതോട്ടം, പശു, ആട്, കോഴികൾ എല്ലാം തങ്ങളുടെ ആവശ്യം നിവൃത്തിച്ചുതരുന്നു.
സമ്പത്തിന്റെ കാര്യം കള്ളന്മാർ അറിഞ്ഞിരിന്നുവെങ്കിൽ അച്‌ഛന്റെയും അമ്മയുടെയും ജീവൻ അപകടത്തിലായേനെ എന്ന് മകൻ ആശങ്കപ്പെട്ടപ്പോൾ അച്‌ഛൻ പറഞ്ഞുഃ
“ഇവിടെ കള്ളന്മാരില്ല”.
“പണംകൊണ്ട് അച്‌ഛൻ എന്തു ചെയ്യാനാണ് ഉദ്ദേശിക്കുന്നത്”.
മകന്റെ ചോദ്യത്തിന് ശാന്തതയോടെ അച്‌ഛൻ ഉത്തരം പറഞ്ഞുഃ
“നീ എടുത്തോളൂ”.
സാമുവൽ ആ ഗ്രാമത്തിലെ വിശുദ്ധവും സംതൃപ്‌തവുമായ ജീവിതചര്യകൾ സ്വീകരിച്ച് അവിടെതന്നെ ശിഷ്‌ട ജീവിതം നയിക്കാൻ തീരുമാനിക്കുന്നു.
പോളണ്ടിലെ ലെന്റ്‌ഷിൻ എന്ന ഗ്രാമത്തിലെ ആ അച്‌ഛന്റെ മനോനില കേരളത്തിലുള്ളവർക്കില്ല. വിദേശത്തുനിന്ന് മക്കളുടെ പണം വന്നുതുടങ്ങിയാൽ എല്ലാം മറക്കാൻ തുടങ്ങും അവർ. ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്നവർ അത്യാഗ്രഹികളായി മാറും. വളരെ പെട്ടെന്ന്. അതുവരെ ചെയ്‌തുപോന്ന കാർഷികവൃത്തിയും മറ്റും ഉപേക്ഷിച്ചിട്ട് ഇരുകൈ നീട്ടി പരിഷ്‌കൃത ജീവിതം സ്വികരിക്കും. ശാന്തിയോ സമാധാനമോ കിട്ടാതെയായിരിക്കും ഇവർ മരിക്കുന്നത്.
പട്ടിണിയാണ് ഏറ്റവും വലിയ പാപമെന്നു പറഞ്ഞത് ദസ്‌തെയോവ്‌സ്‌കിയാണ്. ആ പാപത്തിന് പരിഹാരം തേടി വിദേശങ്ങളിൽ പോയ പലരും നൈരാശ്യത്തിൽ വീഴുന്ന കാഴ്‌ച ദുഖകരമാണ്.
വിദേശത്തു പോയി ജോലി ചെയ്‌തു നാട്ടിലുള്ള അച്‌ഛന് മുടക്കില്ലാതെ ഡ്രാഫ്‌റ്റ് അയച്ചുകൊടുക്കുമായിരുന്നു എന്റെ ഒരു സുഹൃത്ത്. വിട്ടുചെലവുകൾക്ക് കുറച്ചു പണം അമ്മയെ ഏല്‌പിച്ചിട്ട് ബാക്കിയെല്ലാം കണക്കില്ലാതെ ചെലവഴിച്ചുകൊണ്ടിരുന്നു അച്‌ഛൻ. അമിതമദ്യപാനവും മറ്റു ദുർവൃത്തികളും പണം ചോർത്തിക്കൊണ്ടിരുന്ന വിവരം അമ്മയോ മകനോ അറിഞ്ഞില്ല.
രണ്ടു സഹോദരിമാരെ വിവാഹം ചെയ്‌തുകൊടുക്കാൻ അയാൾ സ്വന്തമായി വച്ച വീടും വിറ്റു. കൂടാതെ അച്‌ഛൻ വരുത്തിവച്ച കടം വീട്ടേണ്ട ബാദ്ധ്യതയും അയാൾക്ക് ഏറ്റെടുക്കേണ്ടിവന്നു. പണിയെടുത്ത് മകൻ ആ കടം വീട്ടി. അത്രയുമായപ്പോഴേക്ക് വയസ്സ് അൻപതു കഴിഞ്ഞു. ആ പ്രായത്തിൽ സ്വന്തം വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നത് ബുദ്ധിയല്ലെന്നു കണ്ട് ആ ശ്രമം ഉപേക്ഷിച്ചു. ഇതിനിടയിൽ വിദേശത്തെ ജോലിയും നഷ്‌ടമായി. പത്തിരുപത്തഞ്ചു കൊല്ലത്തെ കഠിനദ്ധ്വാനത്തിന്റെ ഫലം വലിയൊരു വട്ടപ്പൂജ്യമായി അയാളെ നോക്കി കൊഞ്ഞനം കുത്തി.
അയാൾ മുംബൈയിൽ വന്ന് ഒരു ചെറിയ ജോലി തരമാക്കി. കഷ്‌ടിച്ചു ജീവിക്കാനുള്ള ശമ്പളം മാത്രം. നാട്ടിലുള്ള രോഗികളായ മാതാപിതാക്കളെ സംരക്ഷിക്കുന്നതടക്കമുള്ള ചുമതലകൾ കൂടി ആ ചെറിയ ശമ്പളം കൊണ്ട് നിറവേറ്റുന്നുണ്ടായിരുന്നു.
അപ്പോഴാണ് അച്‌ഛൻ മരിച്ചതറിയുന്നത്. മകൻ നാട്ടിൽ ചെന്നിട്ട് അച്‌ഛന്റെ ശവമടക്കാൻ കാത്തിരിക്കുകയാണ് ബന്ധുക്കൾ.
അയാളുടെ എല്ലാ കാര്യങ്ങളും അറിയുന്ന ഞാൻ പറഞ്ഞുഃ
“നിങ്ങളുടെ ഇന്നത്തെ അവസ്‌ഥയ്‌ക്കു കാരണം അച്‌ഛനാണ്. നിങ്ങൾ പോകരുത്.’
”എന്തൊക്കെയായാലും അച്‌ഛനല്ലേ. എനിക്ക് പോകാതിക്കാനാകില്ല.“ സുഹൃത്ത് പറഞ്ഞു.
ഐസാക് ബാഷെവിസ് സിങ്ങറുടെ കഥാപാത്രമായ സാമുവൽ എന്ന പുത്രൻ എത്രയോ ഭാഗ്യം ചെയ്‌തയാൾ. അയാളുടെ സമ്പാദ്യം അച്‌ഛൻ സുരക്ഷിതമാക്കി വച്ചു. അച്‌ഛന് മകന്റെ ധനം ആവശ്യമുണ്ടായിരുന്നില്ല.
കേരളത്തിലുള്ളവരോ? മക്കളുടെ പണം അവർ ദുരുപയോഗം ചെയ്യുന്നു. മക്കളുടെ പണമെടുത്ത് അവർ മാളിക പണിയുന്നു. വിലകൂടുതലുള്ള കാറുകൾ മേടിക്കുന്നു. മുന്തിയ വിദേശമദ്യം അകത്താക്കി കിറുങ്ങി നടക്കുന്നു. അമിത വ്യയം ചെയ്‌ത് നാടിനെതന്നെ കൂട്ടിച്ചോറാക്കുന്നു.
വിദേശങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന പണത്തിന്റെ പുളപ്പിൽ കേരളം വളരുകയാണെന്നു തോന്നാം. പക്ഷേ അതിനൊരു മറുവശം കൂടിയുണ്ടെന്ന സത്യം എത്ര പേർക്കറിയാം.?
(കടപ്പാട് ജ്വാല)
Generated from archived content: essay1_jan8_10.html Author: mekhanadan