പ്രണയത്തിന്റെ നിറംമാറ്റം

എന്തെന്നില്ലാത്ത സുഖവും ഭാവതീവ്രതയും മനുഷ്യമനസ്സുകളില്‍ ജനിപ്പിക്കുന്ന ഒരേയൊരു വികാരമാണ് പ്രണയം. കവിള്‍ത്തടത്തില്‍ വന്നു വീണ മഞ്ഞു തുള്ളി പകരുന്ന തണുപ്പിനൊപ്പം നേര്‍ത്ത തൂവല്‍ കൊണ്ടുള്ള ഇക്കിളിയും ഒന്നു ചേര്‍ന്നതുപോലുള്ള അനുഭൂതി . സ്വപ്നത്തില്‍ പാതി ചാരിയ വാതിലിലൂടെയെങ്കിലും പ്രണയത്തിന്റെ വഴിയിലൂടെ സഞ്ചരിക്കുവാന്‍ കഴിയാത്തവനെത്രെ ഭാഗ്യഹീനന്‍. കമല സുരയ്യ പറഞ്ഞതെത്ര ശരിയാണ് ‘’ നഷ്ടപ്പെട്ടേക്കാം പക്ഷെ പ്രണയിക്കാതിരിക്കരുത്. ‘’

സത്യത്തില്‍ പ്രണയം സ്നേഹത്തിന്റേയും സംഗീതത്തിന്റേയും ഒരു സ്വാര്‍ത്ഥസാഗരമാണ്. അതിന് ജാതിയില്ല, മതമില്ല, പ്രായമില്ല, ഭാഷയുടേയും ദേശത്തിന്റേയും അതിര്‍വരമ്പുകളില്ല. കേട്ടു മടുത്ത പ്രയോഗങ്ങള്‍ എന്ന ലേബല്‍ മാറ്റി നേരിന്റെ ലളിതമായ ഭാഷ്യം കാ‍ണാന്‍ മനസ്സിനെ വേറൊരു ആംഗിളിലേക്ക് സ്വല്പം തിരിച്ച് വച്ച് ചിന്തിച്ചാല്‍ മതി. രണ്ടു പേര്‍ മാത്രമുള്ള ലോകം തീര്‍ത്ത്, മരണത്തിനു പോലും പിരിക്കാന്‍ കഴിയാത്ത അഭേദ്യമായ ബന്ധം കെട്ടിപ്പടുക്കാനുള്ള ശക്തി പ്രണയത്തിനും പ്രണയിക്കുന്നവര്‍ക്കും മാത്രം അവകാശപ്പെട്ടതാണ്.

ബേപ്പൂരിലെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകളിലെ പ്രണയജോഡികള്‍ സെന്‍ട്രല്‍ ജയിലിന്റെ ഇടഭിത്തി ഉദാത്തമായ പ്രണയത്തിനു തടസ്സമല്ലെന്നും, കാണാതെ പോലും ഹൃദയങ്ങള്‍ക്ക് അടുക്കാമെന്നും തെളിയിക്കുകയും ചെയ്തതിലൂടെ പ്രസിദ്ധമായതാണ്. തകഴി ഒട്ടനവധി കൃതികളുടെ രചയിതാവാണെങ്കിലും ഓര്‍മ്മിക്കപ്പെടുന്നത് കറുത്തമ്മയുടേയും പരീക്കുട്ടിയുടേയും പ്രണയത്തിന്റെ സൃഷ്ടാവെന്ന നിലക്കാണ്. ഏതെഴുത്തുകാരന്റേയും ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കൃതിയെടുത്താല്‍ പ്രണയമായിരിക്കും വിഷയമെന്നത് തീര്‍ച്ച. വായനക്കാരന്റെ മനസിലേക്ക് പ്രണയ തീവ്രത പോലെ എളുപ്പത്തില്‍ മറ്റൊരു വികാരവും എത്തിക്കാന്‍ കഴിയാത്തതാണ് അതിനു കാരണം.

പ്രണയത്തെ കുറിച്ച് ഒരു പാടു കഥകളും കവിതകളും രചിക്കപെട്ടിട്ടുണ്ടെങ്കിലും ആദ്യമായി പ്രണയിച്ചവര്‍ ആരാണെന്നതിന് വ്യക്തമായ സാക്ഷികളോ തെളിവുകളോ ഇല്ല. ആദവും ഹവ്വയുമാണല്ലോ ആദ്യത്തെ മനുഷ്യര്‍ അതുകൊണ്ട് ആദ്യത്തെ പ്രണയജോഡികള്‍ എന്ന ക്രഡിറ്റ് അവര്‍ക്കിരിക്കട്ടെ. ആദമിനും ഹവ്വക്കുമിടയില്‍ പ്രണയമുണ്ടായിരുന്നോയെന്നു ചോദിച്ചാല്‍ ഉണ്ടെന്നു തന്നെ പറയേണ്ടി വരും. ജോണ്‍ മില്‍ട്ടന്റെ ‘ പാരഡൈസ് ലോസ്റ്റ്’ എന്ന കൃതിയില്‍ ഹവ്വയുടെ ആത്മഗതത്തില്‍ വിലക്കപ്പെട്ട കനി കഴിച്ചത് തെറ്റായിപ്പോയെന്ന് അറിഞ്ഞ ശേഷവും ആദമിനെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കാത്തതിലെ സ്വാര്‍ത്ഥത അതെടുത്തു കാട്ടുന്നു. താന്‍ മാത്രം തെറ്റുകാരിയായി ശാപം ഏറ്റു വാങ്ങിയാല്‍ ദൈവം ആദമിന് മറ്റൊരുവളെ സ്വന്തമായി നല്‍കുമോ എന്ന ഭയം അവളിലെ പ്രണയിനിക്കുണ്ടായിരുന്നു.

ലോകത്തിലെ ഏറ്റവും സുന്ദരമായ പ്രണയ സ്മാരകമേതെന്നു ചോദിച്ചാല്‍ നിസ്സംശയം കൊട്ടാരങ്ങളുടെ കിരീടമായ താജ്മഹല്‍ ചൂണ്ടിക്കാണിക്കാം. എന്നാല്‍ ഏറ്റവും ദൈവീകവും യഥാര്‍ത്ഥവുമായ പ്രണയം ഷാജഹാന്റേയും മുംതാസിന്റേയുമായിരുന്നെന്ന് ചരിത്രം പറയില്ല. യമുനയുടെ നേര്‍ക്കിറ്റു വീണ കണ്ണീര്‍ത്തുള്ളിയായ താജ്മഹലിന്റെ വശ്യവും കാലാതീതവുമായ സൗന്ദര്യത്തിനു പിന്നില്‍ ഷാജഹാന്‍ തന്റെ മൂന്നാം ഭാര്യ മുംതാസിനായി സൂക്ഷിച്ച പ്രണയം മാത്രമല്ല , അത് പണിത ആയിരങ്ങള്‍ അവരുടെ പ്രണയിനികള്‍ക്കായി മനസിന്റെ കോണുകളില്‍ സൂക്ഷിച്ച പ്രണയത്തിന്റെ നിറഞ്ഞാട്ടത്തിനും അതിലൊരു പങ്കുണ്ട്.

അന്നുമിന്നും പ്രണയമെന്ന വികാരത്തിന് കാര്യമായ മാറ്റം ഒന്നും സംഭവിച്ചിട്ടില്ല . എന്നും അതിന്റെ ഭാ‍വം ഒന്നു തന്നെയായിരിക്കും. ആണും പെണ്ണു ഉള്ളിടത്തോളം കാലം അത് നിലനില്‍ക്കുകയും ചെയ്യും. പ്രണയത്തെ വ്യത്യസ്തമാക്കുന്നത് കാലമല്ല , മറിച്ച് മനുഷ്യ ഹൃദയങ്ങളിലെ വ്യതിയാനങ്ങളാണ്. അല്‍പ്പം സാഹിത്യം മേമ്പൊടിയായി ചേര്‍ത്ത് പറയുകയാണെങ്കില്‍ മനസുകളാകുന്ന ക്യാന്‍വാസില്‍ വിരിയുന്ന പ്രണയപുഷ്പ്പങ്ങള്‍ക്ക് അവരവരുടെ മനോധര്‍മ്മം അനുസരിച്ചായിരിക്കും നിറം പകര്‍ന്നിട്ടുണ്ടാകുക. അതുകൊണ്ടു തന്നെ ഒന്ന് മറ്റൊന്നില്‍ നിന്നും വ്യത്യസ്തമായിരിക്കും. എന്നാല്‍ പ്രണയത്തിന് ദൈവം കല്‍പ്പിച്ച ഒരു നിറമുണ്ട് ഒരേയൊരു നിറം. അനുരാ‍ഗാര്‍ദ്രമായ ഹൃദയങ്ങളിലെ അകക്കണ്ണിനു മാത്രം കാണാന്‍ കഴിയുന്ന ഒരു പ്രണയവര്‍ണ്ണത്തിനു ഏഴു നിറങ്ങളില്‍ ചാലിച്ച മഴവില്ലിനേക്കാളും ഭംഗി തോന്നുന്നതില്‍ അതിശയോക്തി യില്ല.

കോളേജുകളിലും മറ്റും നടത്തുന്ന സര്‍വ്വേകളിലും ഡിബേറ്റുകളിലും യുവതലമുറയില്‍പെട്ടവര്‍ പോലും ഷൈന്‍ ചെയ്യാന്‍ പറയുന്ന ഒരു ഡയലോഗുണ്ട ‘’ പ്രണയമോ, ഇന്നത്തെ പ്രണയം വെറും നേരം പോക്കാ പണ്ടുകാലത്തേപോലുള്ള ഉദാത്തമായ ഒരു ബന്ധം ഇന്നാര്‍ക്കുമില്ല’‘ ആവര്‍ത്തന വിരസത തോന്നിയേക്കാവുന്ന ഈ അഭിപ്രായത്തോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ? ഇവര്‍ പണ്ടുകാലത്തെ പ്രണയം എന്നു പറഞ്ഞ് പൊക്കിപ്പിടിക്കുന്നത് ലൈല – മജ്നു , റോമിയോ – ജൂലിയറ്റ് , രമണന്‍ – ചന്ദ്രിക തുടങ്ങി പ്രണയത്തിന്റെ ഐക്കണ്‍സായി പ്രഖ്യാപിക്കപ്പെട്ട കക്ഷികളെയായിരിക്കും. ഹൃദയത്തില്‍ തൊട്ടുകൊണ്ട് പറയാന്‍ കഴിയുമോ ഈ പ്രണയങ്ങള്‍ ഉദാത്തമാണെന്ന് ?

തികച്ചും വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളില്‍നിന്നും ഒന്നിക്കാനൊരുങ്ങുമ്പോള്‍ എതിര്‍പ്പുകള്‍ സാധാരണമാണ്. മരണത്തിലൂടെ പ്രണയത്തിന്റെ വിജയം പ്രഖ്യാപിച്ച ഇവരുടെ ചേതോവികാരം എന്തുകൊണ്ടോ എനിക്കു മനസിലാകുന്നില്ല. നിരൂപകര്‍ ഒരു പക്ഷെ പറയുമായിരിക്കും ദേഹിയുടെ ഒന്നാകലാണ് ഏറ്റവും മഹത്തരമെന്ന് പക്ഷെ, മരണാനന്തര ജീവിതത്തെക്കുറിച്ച് വ്യക്തമായ രേഖകളൊന്നുമില്ലാത്ത സ്ഥിതിക്ക് ആ ചിന്ത മണ്ടത്തരമാണ്.

ഇന്നത്തെ തലമുറയിലെ പ്രണയങ്ങളെ അടച്ചാക്ഷേപിക്കുന്ന ഒരു കാര്യം അവര്‍ പ്രാക്ടിക്കല്‍ ഓറിയെന്റെഡ് ആണെന്നാതാണ്. അതൊരു തെറ്റായി ചൂണ്ടിക്കാട്ടേതുണ്ടോ? അന്ധമായി പ്രണയിച്ച് ഒരു സുപ്രഭാതത്തില്‍ എല്ലാവരുടേയും മുഖത്ത് കരിവാരിത്തേച്ച് മറ്റൊന്നും ചിന്തിക്കാത തെരുവിലേക്കിറങ്ങാനൊരുങ്ങുന്ന പ്രണയങ്ങളില്‍ പവിത്രതയും ഉദാത്തവും കാണുന്നവര്‍ കുടുംബപശ്ചാത്തലവും മറ്റും നോക്കി വീട്ടുകാര്‍ക്ക് യോജിച്ച ഒരാളെ തെരെഞ്ഞെടുക്കുമ്പോള്‍ അവളെ തെറ്റുകാരിയായി മുദ്ര കുത്തുകയും പുതുതലമുറയുടെ പ്രണയസങ്കല്പ്പത്തെ തന്നെ പുച്ഛിച്ചു തള്ളുകയും ചെയ്യുമ്പോള്‍ ചിരിക്കാതെന്തു ചെയ്യും? പ്രണയം ഒരുപക്ഷെ അന്ധമായിരിക്കാം എന്നാല്‍ ജീവിതം അന്ധമാകാതിരിക്കാന്‍ അല്‍പ്പം പ്രാക്ടിക്കല്‍ സെന്‍സ് നല്ലതു തന്നെ.

കമ്പ്യൂട്ടറും മൊബൈല്‍ ഫോണുകളും ഇന്റെര്‍ നെറ്റും കുട്ടികളെ വഴി തെറ്റിക്കുന്നു എന്നൊരു അഭ്യൂഹം പൊതുവെ കേള്‍ക്കാം. ഇതില്‍ വാസ്തവത്തിന്റെ കണികപോലുമില്ലെന്നു ഞാന്‍ പറയുന്നില്ല എന്തു തന്നെയായാലും ഇതൊക്കെ കാലത്തിന്റെ ആവശ്യങ്ങളാണ് കിണറ്റില്‍ വീണാല്‍ ആള്‍ മരിക്കുമെനു കരുതി വീടുകളില്‍ കിണര്‍ കുഴിക്കാതിരിക്കാന്‍ കഴിയുമോ? വീഴാതെ സൂക്ഷിക്കേണ്ടത് നമ്മളാണ്. എന്തിന്റേയും നല്ല വശങ്ങളും ചീത്ത വശങ്ങളും മന‍സിലാക്കാനുള്ള കഴിവ് ന്യൂ ജനറേഷന്റെ ട്രേഡ് മാര്‍ക്കാണ് .അത് പകരുന്ന ധൈര്യം തന്നെയാണ് മുന്നോട്ടുള്ള പ്രയാണത്തിലെ മുതല്‍ക്കൂട്ട്.

ഇതൊക്കെയാണെങ്കിലും വേദനിപ്പിക്കുന്നൊരു വസ്തുത യുവാക്കളുടെ ആത്മഹത്യകളുടെ എണ്ണത്തിലെ ഗണ്യമായ വര്‍ദ്ധനവാണ്. പ്രായോഗിക ബുദ്ധിയുണ്ടെന്ന് വീമ്പടിക്കുമ്പോഴും നിര്‍മ്മലമായ മനസ്സ് പലപ്പോഴും പലരുടേയും കൂടെ നില്‍ക്കുന്നില്ല. എല്ലാ ആഗ്രഹങ്ങളും സാധിച്ചു വളര്‍ന്നു വരുന്നവര്‍ക്ക് പെട്ടെന്നൊരുനാള്‍ മാതാപിതാക്കളുടെ നിഷേധം കലര്‍ന്ന സ്വരം കേള്‍ക്കുമ്പോള്‍ താങ്ങാന്‍ കഴിയാതെ പതറിപ്പോകും. പ്രണയത്തിന് ഇത്രനാള്‍ സ്നേഹിച്ച അച്ഛനമ്മമാരേക്കാള്‍ മുന്‍ തൂക്കം നല്‍കാന്‍ വിവരമുള്ള അവരുടെ മന‍സ് സമ്മതിക്കുകയില്ല. അങ്ങനെ ഒരു കണ്‍ഫ്യൂസ്ഡ് സ്റ്റേജില്‍ നില്‍ക്കുമ്പോള്‍ ബിസി ഷെഡ്യൂള്‍സിന്റെ പിറകെ പായാതെ സാന്ത്വനത്തിന്റെ ഒരു ഹസ്തം സ്വന്തം മക്കള്‍ക്കു നേരെ നീട്ടി അവരോടൊപ്പം നില്‍ക്കാനും അവരെ മനസിലാക്കാനും ശ്രമിച്ചിരുന്നെങ്കില്‍ വാടാതിരുന്നേനേ ആ മലരുകള്‍.

ഒരു സിനിമയിലായിരുന്നാല്‍ പോലും പേരന്റ്സ് ഫ്രണ്ടിനേപ്പോലെ പെരുമാറുന്നതു കണ്ടാല്‍ പിറുപിറുക്കുന്നത് മലയാളികളുടെ പൊതുവായ സ്വഭാവമാണ്. പക്ഷെ, കുട്ടികള്‍ക്ക് എന്തും തുറന്നു സംസാരിക്കാന്‍ അത്തരമൊരു ബോണ്ട് അത്യാവശ്യമാണ്. അങ്ങനെ വളര്‍ത്തുന്ന കുട്ടികള്‍ ഒരു നിസാരമായ എസ്. എം. എസ് ആയാല്‍ പോലും മാതാപിതാക്കളെ വായിച്ചു കേള്‍പ്പിക്കും. വര്‍ഷങ്ങളായുള്ള സ്നേഹത്തിനും കരുതലിനും മാത്രമേ കുട്ടികളില്‍ അങ്ങനെ ഒരു പ്രവണത കൊണ്ടു വരാന്‍ കഴിയു, മക്കളുടെ മനസ്സ് ഒരു തുറന്ന പുസ്തകം പോലെ വായിക്കാന്‍ കഴിയുന്നതിലാണ് അച്ഛനമ്മമാരുടെ വിജയം .

ആരോ പറഞ്ഞിട്ടുണ്ട് ജീവിതയാത്രയിലെ ഏറ്റവും വലിയ കണ്ടെത്തല്‍ സ്വന്തം ഇണയെ തെരെഞ്ഞെടുക്കുന്നതാണ്. മാതാവിലൂടെ പിതാവിനേയും പിതാവിലൂടെ ഗുരുവിനേയും ദൈവത്തേയും അറിഞ്ഞ് വരുന്നതാണല്ലോ നമ്മുടെ സംസ്ക്കാത്തുന്റെ അടിത്തറ. അതുകൊണ്ട് തന്നെ അച്ഛനമ്മമാരുടെ സ്നേഹപിന്തുണ ഏതൊരു ബന്ധത്തിന്റെ പൂര്‍ണ്ണതക്കും അത്യന്താപേക്ഷിതമാണ്.

അടുത്ത കാലത്ത് ബധിരയും മൂകയുമയ ചൈനാക്കാരി തന്നേപ്പോലെ തന്നെയുള്ള മലയാളിയായ ഒരു യുവാവിന്റെ ജീവിതസഖിയായത് ചാറ്റിങ്ങിലൂടെയുള്ള പ്രണയവും തുടര്‍ന്നു കിട്ടിയ വീട്ടുകാരുടെ പിന്‍ തുണയും കൊണ്ടാണെന്നത് ഒരു ഉദാ‍ഹരണമായി കാണാം. എന്തിനുമുള്ള സ്വാതന്ത്ര്യത്തിന്റെ മധുരം നുണയുമ്പോഴും അങ്ങനെയൊരു ചാര് കൊതിക്കാത്തവരുണ്ടോ? കതിരും പതിരും വേര്‍തിരിച്ചറിയാ‍ന്‍ വഴിവിളക്കായി മുതിര്‍ന്നവരൊപ്പമുണ്ടെങ്കില്‍ പ്രണയത്തിലെ ദൈവീകതയുടെ അംശം പതിന്മടങ്ങ് വര്‍ദ്ധിക്കുകയേയുള്ളു. അത്തരം തലമുറയും പ്രണയവും നമ്മുടെ മണ്ണിനെ ദൈവത്തിന്റെ സ്വന്തം നാടാക്കട്ടെ. !

കടപ്പാട് – ബിലാത്തി മലയാളി

Generated from archived content: essay2_feb20_12.html Author: meetu_rahamathkalaam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here