‘തിളങ്ങുന്ന ഇന്ത്യ’യോട്‌ ചോദിക്കാനുളളത്‌

വികസനം ‘തിളങ്ങുമ്പോൾ’ ആദിവാസികളാണ്‌ അതിന്‌ വില കൊടുക്കുന്നത്‌. ആക്രമിക്കപ്പെടുന്നത്‌ അവരുടെ മതമോ ദൈവങ്ങളോ സാംസ്‌കാരിക സ്‌മാരകങ്ങളോ അല്ല. പ്രകൃതി തന്ന വിഭവങ്ങളാണ്‌ ലക്ഷ്യമാക്കപ്പെടുന്നത്‌. അവരുടെ ഭൂമി, പുഴകൾ, കാടുകൾ, മീൻ-ഇവയെല്ലാം, നദിയിലെ ജീവികളെ ഡോളറുകൾ നേടിത്തരുന്ന ‘പ്രകൃതി മൂലധനം’ ആക്കി അവരെ ചൂഷണം ചെയ്യാൻ ആഗ്രഹിക്കുന്ന ദേശീയ, മൾട്ടി നാഷണൽ കോർപ്പറേഷനുകളുടെ ഭീഷണിയിലാണ്‌.

ഗുജറാത്തിലെ മുക്ക്‌ഡി, ആൻട്രാസ്‌ ഗ്രാമങ്ങൾ, നർമദാ തീരം ഇവിടങ്ങളിലെ ആദിവാസികൾ, മഹാരാഷ്‌ട്രയിലെ മണിബേലി, ഭാദൽ, മധ്യപ്രദേശിലെ ജൽസിന്ധി, കാക്ക്‌റാനാ, മൊർക്കാട്ട ഇവിടങ്ങളിലെ ആദിവാസികൾ-ഇവർക്കെല്ലാം സ്വാശ്രയമായ ജീവിതത്തിന്റെയും, ബ്രിട്ടീഷുകാരെ പ്രതിരോധിച്ചതിന്റേയും സ്‌റ്റേറ്റിനും വിപണി കേന്ദ്രീകൃതമായ നയങ്ങൾക്കും എതിരെ ദീർഘകാല സമരം നടത്തിയതിന്റേയും അഭിമാനപൂർണ്ണമായ ഒരു ചരിത്രമുണ്ട്‌. മധ്യപ്രദേശിലെ നിമാദ്‌ ഭാഗത്ത്‌ പച്ചപിടിച്ച വയലുകളുണ്ട്‌. സാമ്പത്തികമായും സാംസ്‌കാരികമായും ഭൂമിശാസ്‌ത്രപരമായും വ്യത്യസ്‌തത പുലർത്തുമ്പോൾ തന്നെ ഈ പ്രദേശങ്ങൾ എല്ലാം സർദാർ സരോവർ പദ്ധതി ഭൂമിയേയും സമുദായങ്ങളേയും നശിപ്പിക്കുന്നതിനെ ചെറുക്കുന്നതിൽ ഒരുമിക്കുന്നു. ഇപ്പോൾ 100 മീറ്ററുളള ഡാം 110 മീറ്റർ ആക്കുമ്പോൾ പന്തീരായിരം കുടുംബങ്ങളാണ്‌ വേരുപറിച്ച്‌ എറിയപ്പെടുക-അവരുടെ വീട്‌, അടുക്കള, പാടം, തോട്ടങ്ങൾ, അമ്പലങ്ങൾ, പളളികൾ, കടകൾ, ചന്ത-മൂല്യം നിർണ്ണയിക്കാനാവാത്ത ഇവയെല്ലാം നശിപ്പിക്കപ്പെടും.

സംസ്ഥാനത്തിന്റെയും, പുഴയുടെയും അണക്കെട്ടിന്റെയും സമുദായത്തിന്റെയും-എപ്പോഴും ആദിവാസി സമുദായം, ഗോത്രവർഗ്ഗ സമൂഹം തന്നെ-പേരുമാറ്റി നോക്കൂ-എല്ലാം ഏറെക്കുറെ ഒന്നു തന്നെയാണ്‌. നഷ്‌ടപ്പെട്ട ഭൂമിക്ക്‌ പകരം പര്യാപ്‌തമായ ഭൂമിയോ, പുനരധിവാസ പദ്ധതികളോ ഒരിക്കലുമുണ്ടാകുന്നില്ല. ഇവ തത്വത്തിൽ എല്ലാവരും-അണക്കെട്ട്‌ അനുകൂലികളും അണക്കെട്ട്‌ വിരോധികളും-തത്വത്തിൽ അംഗീകരിച്ചതാണെങ്കിലും. “ഇന്ത്യ തിളങ്ങുന്നു” എന്ന പൊളളയായ പ്രഖ്യാപനങ്ങൾ അവരുടെ മുഖം തിളക്കുകയോ ജീവിതം മെച്ചപ്പെടുത്തുകയോ ചെയ്യുന്നില്ല.

പ്രതിരോധിക്കുകയാണെങ്കിലും, പകുതി വെളളത്തിലമർന്നു പോയവർക്ക്‌ ജീവിതം അത്ര എളുപ്പമല്ല. ജീവിതത്തിലെ അവസാന പ്രതീക്ഷയും ഇറ്റിറ്റ്‌ പോയി വറ്റുകയും അമർന്ന്‌ പോവുകയും ചെയ്‌തവരുടെ, മരണത്തെയും നിഷ്‌കാസനത്തെയും കുറിച്ചുളള പതുക്കനെയുളള കഥ എങ്ങനെ എഴുതും? വിളകൾ എല്ലാം നശിപ്പിക്കപ്പെട്ടു. കായലുകളും അണക്കെട്ടിലെ അവക്ഷിപ്‌തമായി കൂടിക്കൂടി വരുന്ന ചളിയും മുതലകളുടെ ആവാസസ്ഥാനത്തെ ശല്യപ്പെടുത്തിയതിനാൽ നാലു ചെറുപ്പക്കാരാണ്‌ മുതല പിടിച്ചു മരിച്ചുപോയത്‌.

വയറിളക്കരോഗങ്ങളും ത്വക്ക്‌ രോഗങ്ങളും മലേറിയയും എല്ലാം വർദ്ധിച്ചുവരുന്നു. എന്നിട്ടും ആയിരക്കണക്കിന്‌ കുടുംബങ്ങൾ ഓടിപ്പോകാതെ, സ്വന്തം അവകാശത്തിനുവേണ്ടി പോരാടാൻ തീരുമാനിച്ചിരിക്കുന്നു. മാത്രമല്ല ആ പ്രകൃതി സ്രോതസ്സുകളെ ആശ്രയിച്ച്‌ ലളിത ജീവിതം നയിച്ചുവരുന്ന, ഇന്ന്‌ വികസനത്തിന്റെ ഇരകളാക്കപ്പെട്ട എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ.

വികസന വാദത്തിനും സ്വതന്ത്ര വിപണിക്കും എതിരെ പോരാടുന്ന നിത്യ പോരാട്ടക്കാരാണ്‌ അവർ-സത്യാഗ്രഹികൾ. അവർ ലാത്തികളും ജയിലുകളും ബുളളറ്റുകളും നേരിട്ടു. ഔദ്യോഗികമായി “ബാധിത”രല്ലാത്ത നൂറുകണക്കിനാളുകളുടെ ജീവിതം മായ്‌ച്ചു കളയുന്ന സത്യസന്ധമല്ലാത്ത റിപ്പോർട്ടുകളെ ഇവർ തുറന്നു കാട്ടി. കുടിയിറക്കപ്പെട്ട, പക്ഷേ പുനരധിവസിക്കപ്പെടാത്ത ആയിരങ്ങളുടെ സ്ഥിതിവിവരകണക്ക്‌ അവർ രംഗത്ത്‌ കൊണ്ടുവന്നു. സർക്കാരിന്റെ കളള അവകാശ പ്രസ്‌താവനകളെ ന്യായീകരിക്കാനുളള ഔദ്യോഗികമായ വ്യാജ പ്രസ്‌താവനകളും സ്വന്തം അപ്പനപ്പൂപ്പന്മാരുടെ ഭൂമിയിൽ നിന്ന്‌ ആദിവാസികളെ നിയമപരമായി വിടുവിക്കാനുളള ശ്രമങ്ങളും പ്രതിരോധിച്ചു. ഇതാണ്‌ ‘വികസനത്തിന്റെ രാഷ്‌ട്രീയം“-വികസനത്തിന്റെ പ്രത്യാഘാതങ്ങൾ അഭിമുഖീകരിക്കുന്നതാണ്‌ വികസനത്തിന്‌ വിലകൊടുക്കുന്നവർ നടത്തുന്ന വെല്ലുവിളി. അവരുടെ സംഖ്യ ചെറുതല്ല. സ്വാതന്ത്ര്യത്തിനുശേഷം അഞ്ചുലക്ഷം പേർ അണക്കെട്ടുകളുടെ ’ഇരകൾ‘ ആയിട്ടുണ്ട്‌. വ്യവസായിക കോംപ്ലക്‌സുകൾ, ദേശീയ പാതകൾ, മെഗാ നഗരങ്ങൾ, മെട്രോപൊളിറ്റൻ വികസനം, ടൂറിസവും പാർക്കുകളും, സംരക്ഷിത പ്രദേശങ്ങൾ (സാങ്ങ്‌ച്ചറി) പട്ടാള ആസ്ഥാനങ്ങൾ-ഇവക്കുവേണ്ടി വീടും ഭൂമിയും ത്യജിക്കേണ്ടി വന്നവരുടെ എണ്ണം ഭാവന ചെയ്യാവുന്നതിനുമപ്പുറമാണ്‌. സർദാർ സരോവർ ഒരു മികച്ച ഉദാഹരണമാണ്‌. ’പദ്ധതി ബാധിതർ‘ എന്നതിന്റെ നിർവചനം ഇടുങ്ങിയതും അണക്കെട്ടിനോട്‌ നേരിട്ട്‌ ബന്ധപ്പെട്ടതും മാത്രം ആക്കി അതുമൂലം വീടുംകുടിയും നഷ്‌ടപ്പെട്ടവരെ പദ്ധതികൊണ്ട്‌ ഉപജീവനമാർഗ്ഗം നഷ്‌ടമായവരെ ഒഴിവാക്കി മൊത്തത്തിലുളളവരുടെ പകുതി ആവശ്യമാക്കി.

ജനങ്ങളുടെ ഭൂമി, വെളളം, കാട്‌, മീൻ, ധാതുസമ്പത്ത്‌ എല്ലാം കാരുണ്യമെന്യേ ഉപയോഗിച്ചു. സ്വകാര്യ വിക്‌തികളുടെ കീശയും പൊതു ഖജനാവും നിറഞ്ഞു. കുറേ ഉൽപന്നങ്ങളാൽ വിപണി സമ്പന്നമായി എന്നത്‌ സത്യം തന്നെ. ശരിയായ നിക്ഷേപകരെ തെണ്ടികളാക്കും വിധമാണ്‌ കളിയുടെ നിയമങ്ങൾ വന്നത്‌. പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കാൻ വേണ്ടി ജീവൻ കളയുന്നവർ ഓഹരിയുളളവരോ അതിന്റെ ഗുണഭോക്താക്കൾ പോലുമോ ആയില്ല. അവർ പുരോഗതിക്ക്‌ ’വിഘാത‘ങ്ങളായാണ്‌ കണക്കാക്കപ്പെട്ടത്‌.

വിതരണാത്മക രീതി, തൊഴിൽ നൽകും വ്യവസായങ്ങൾ, ശാസ്‌ത്രീയമായ ആസുത്രണവും ഉചിതമായ സാങ്കേതികതയും-ഇതിനേക്കാളൊക്കെ പദ്ധതി കേന്ദ്രിത വികസനത്തിൽ എല്ലാവർക്കും വിശ്വാസം കൂടിക്കൂടി വരികയാണ്‌. വിലയും ഫലങ്ങളും ശരിയായ രീതിയിൽ രേഖപ്പെടുത്തിയ ഒരു പൂർണ്ണ വിലയിരുത്തൽ വലിയ പദ്ധതികളുടെ മൂല്യ നിർണ്ണയത്തിൽ ഉണ്ടാവുന്നേയില്ല. വസ്‌തുതകൾ ശരിയായി പഠിച്ച ഒരു വലിയ അണക്കെട്ട്‌ പദ്ധതി പോലുമില്ല.

വികസനത്തിന്റെ തെറ്റായ പരിപ്രേക്ഷ്യവും ജനങ്ങളിൽ നിന്നും അവരുടെ ആവശ്യങ്ങളിൽനിന്നും തുടങ്ങുന്നില്ല. അങ്ങനെ ആയിരുന്നുവെങ്കിൽ ജനാധിപത്യപരമായ ആസൂത്രണവും ഉചിതമായ സാങ്കേതികതയും കൊണ്ട്‌ ആവശ്യങ്ങൾ നിറവേറ്റുമായിരുന്ന ചെറുകിട പദ്ധതികൾക്ക്‌ മുൻതൂക്കം കിട്ടിയേനെ. പകരം-വെളളം, ഭക്ഷണം, വ്യവസായം, വിഭവ പരിപാലനം-എല്ലാം പെരുത്ത, മൂലധന സാന്ദ്രിതമായ വലിയ ലോബികളെ തൃപ്‌തിപ്പെടുത്തുന്ന പദ്ധതികളാണ്‌.

കൃത്രിമ മാറ്റങ്ങൾ ഉണ്ടാക്കിയാണ്‌ ഈ വികസന പരിപ്രേക്ഷ്യത്തെ ന്യായീകരിക്കുന്നത്‌. ഉണ്ടാക്കുന്ന വൈദ്യുതി ആവശ്യങ്ങൾക്ക്‌ പര്യാപ്‌തമല്ല എന്ന്‌ നമ്മോടു പറയുന്നു. 30% ഗ്രാമീണ വീടുകളിലും ഒരു ബൾബ്‌ പോലും ഇല്ലാതിരിക്കെ, നഗരങ്ങളും വ്യവസായങ്ങളും വൈദ്യുതി പാഴായി ഉപയോഗിക്കവേ വൈദ്യുതി പോര എന്നു പറയുന്നു. വേൾഡ്‌ ഹെൽത്ത്‌ ഓർഗനൈസേഷന്റെ കണക്കനുസരിച്ച്‌ ഒരാൾക്ക്‌ ഒരു ദിവസം 100 ലിറ്റർ വെളളം വേണം. അതില്ലാത്തതിനാൽ ജല പ്രതിസന്ധി അതേസമയം വ്യവസായത്തിലും പാഴായി ഉപയോഗിക്കുന്ന ജലസേചനത്തിനും ലക്ഷക്കണക്കിന്‌ ലിറ്റർ വെളളം പാഴാക്കുന്നു. ഗോഡൗണുകളിൽ 60 കോടി ടൺ ധാന്യങ്ങൾ നിറഞ്ഞിരിക്കുമ്പോഴും വിളവ്‌ പോരാ വിശപ്പ്‌ ബാക്കി എന്ന്‌ നമ്മോട്‌ പറയുന്നു. നിറയാ വയറുകൾ. മൂല്യ വർദ്ധിക കയറ്റുമതിയോടും ഫോറിൻ എക്‌സ്‌ചേഞ്ചിനോടും അവയെ എങ്ങനെ ബന്ധിപ്പിക്കാം?

എന്നിട്ടും നയം മാറ്റുകയല്ല, വീണ്ടും വീണ്ടും കൂടുതൽ വലിയ കൂടുതൽ വില കൂടിയ പദ്ധതികൾ തയ്യാറാക്കപ്പെടുകയാണ്‌!

മൊഴിമാറ്റം ഃ വി.എം.ഗിരിജ

(തെഹൽക്കയോട്‌ കടപ്പാട്‌)

Generated from archived content: essay1_apr10.html Author: medha_padkar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English