ചരിത്രത്തിലേക്കുള്ള ഒരു മടക്കയാത്രയും ചരിത്ര സത്യങ്ങളുടെ വീണ്ടെടുപ്പുമാണ് കമല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത സെല്ലുലോയ്ഡ് . മലയാള സിനിമയുടെ പിതാവായ ജെ.സി. ഡാനിയേല്‍ പ്രഥമ ചിത്രം വിഗതകുമാരന്‍ നിര്‍മ്മിക്കുന്നതും അദ്ദേഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും പ്രതിസന്ധിയും ആദ്യം പടത്തിനും പിന്നീട് അദ്ദേഹത്തിനും സംഭവിച്ച ദുരന്തമാണ് സെല്ലുലോയ്ഡില്‍ പ്രതിപാദിക്കുന്നത്.
ജെ. സി ഡാനിയേലിന്റെ ജീവിതത്തില്‍ ഉടനീളം താങ്ങും തണലുമായി നില്‍ക്കുന്നത് ഭാര്യ ജാനറ്റ് ആണ്. ഭൂസ്വത്ത് വിറ്റുകൊണ്ട് സിനിമയ്ക്കു വേണ്ട മുതല്‍ മുടക്ക് സ്വരൂപിക്കാനുള്ള ഡാനിയേലിന്റെ തീരുമാനത്തിന് ജാനറ്റ് പിന്തുണയേകുന്നു . അങ്ങിനെ ജെ.സി ഡാനിയേലിന്റെ സ്വപ്ന സാഫല്യമാണ് വിഗതകുമാരന്‍ . 1928 – ല്‍ പൂര്‍ത്തീകരിച്ച മലയാള ഭാഷയിലെ ആദ്യത്തെ സിനിമ.
പിന്നീട് ചരിത്രം തിരുത്തപ്പെടുകയും തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്തുകൊണ്ട് ബാലന്‍ ( 1938) ആണ് ആദ്യമലയാള ചിത്രം എന്ന് സര്‍ക്കാര്‍ രേഖകളില്‍ എഴുതപ്പെടുകയും അതിന്റെ നിര്‍മ്മതാവ് ടി. ആര്‍ സുന്ദരവും സംവിധായകന്‍ എസ്. നൊട്ടോണിയും ആദ്യ അണിയറ ശില്‍പ്പികളായി പരിഗണിയ്ക്കപ്പെടുകയും ചെയ്തു. ജെ. സി ഡാനിയേല്‍ വിസ്മരിക്കപ്പെടുകയും വിഗതകുമാരന്‍ തമസ്ക്കരിക്കപ്പെടുകയും ചെയ്തതിനെതിരെ പടപൊരുതി ചരിത്ര സത്യം പു:നസ്ഥാപിച്ച പത്രപ്രവര്‍ത്തകനായിരുന്നു ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ . അദ്ദേഹമാണ് മലയാള സിനിമയുടെ പിതൃസ്ഥാനത്ത് തന്റെ ലേഖനങ്ങളുടെയും സര്‍ക്കാറുമാരുള്ള കത്തിടപാടുകളിലൂടെയും ജെ.സി ഡാനിയേലിനെ അവരോധിച്ചത്. സെല്ലുലോയ്ഡില്‍ ഈ സത്യം ശക്തമായി തന്നെ പകര്‍ത്തിയിരിക്കുന്നു.
വിഗതകുമാരന്‍ നിശ്ശബ്ദ ചിത്രമായിരുന്നുവെങ്കിലും അതിന്റെ കഥ നടക്കുന്നത് തിരുവനന്തപുരത്തും കഥാപാത്രങ്ങള്‍ മലയാളികളുമായിരുന്നതിനാല്‍ അത് മലയാള ചിത്രം തന്നെയെന്ന് ചേലങ്ങാടിന് സ്ഥാപിക്കാന്‍ കഴിഞ്ഞു. മാത്രവുമല്ല ചാര്‍ളി ചാപ്ലിന്‍ പോലുള്ള വിഖ്യാത സംവിധായകരുടെ ചിത്രങ്ങള്‍ നിശ്ശബ്ദചിത്രങ്ങളായിട്ടും ഇംഗ്ലീഷ് സിനിമയുടേയും ഹോളിവുഡിന്റെയും ഭാഗമായ കാര്യം അദ്ദേഹം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തി. അങ്ങിനെ ദീര്‍ഘനാളത്തെ സംഘര്‍ഷത്തിനു ശേഷമാണ് അതര്‍ഹിക്കുന്ന സ്ഥാനം സര്‍ക്കാര്‍ ജെ. സി ഡാനിയേലിനു നല്‍കിയത്. അപ്പോഴേക്കും അദ്ദേഹം കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിരുന്നു. ഇപ്പോള്‍ കേരള സര്‍ക്കാരിന്റെ സമുന്നതമായ ചലച്ചിത്ര പുരസ്ക്കാരം അറിയപ്പെടുന്നത് ജെ. സി ഡാനിയേലിന്റെ പേരിലാണ്. മലയാള സിനിമയുടെ പിതാമഹനയായ ജെ. സി ഡാനിയേലിന്റെ ജീവിതവും ചരിത്രത്തില്‍ അദ്ദേഹത്തിന് അര്‍ഹമായ ഇടം നല്‍കുവാന്‍ ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ നടത്തിയ സന്ധിയില്ലാ സമരവും സെല്ലുലോയ്ഡില്‍ തെളിയുന്നു. അനുഭവസമ്പന്നനായ സംവിധായകന്‍ കമല്‍ അതീവ ശ്രദ്ധയോടെ ഒരുക്കിയ സെല്ലുലോയ്ഡ് ചരിത്രവും കഥയും ഒന്നായി മാറുന്ന രചനയാണ്. മികവുറ്റ അവതരണത്തില്‍ കഥാപാത്രങ്ങള്‍ മിഴിവുറ്റവരായി മാറുന്നു. ജെ. സി ഡാനിയേലും ( പൃഥിരാജ്) ഭാര്യ ജാനറ്റ് ( മമത) ചേലങ്ങാട് ഗോപാലകൃഷ്ണന്‍ ( ശ്രീനിവാസന്‍) പുതുമുഖ നായിക റോസി ( ചാന്ദ് നി) തുടങ്ങിയ പ്രധാനകഥാപാത്രങ്ങള്‍ക്കൊപ്പം ചെറിയ ഭാഗങ്ങളില്‍ വരുന്നവരും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.
സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിച്ച് അത് പൂര്‍ത്തിയാക്കുന്നതു വരെ ഡാനിയേലിന്റെ ജീവിതം സംഘര്‍ഷഭരിതമായി മാറുന്നു. ബോബയില്‍ പോയി ഇന്ത്യന്‍ സിനിമയുടെ പിതാവ് ദാദാ സാഹിബ് ഫാല്‍ക്കേയില്‍ നിന്നാണ് ഡാനിയേല്‍ ക്യാമറ സംഘടിപ്പിക്കുന്നത്. കൂടാതെ അദ്ദേഹത്തിന്റെ സിനിമാ ചിത്രീകരണവും കാണുന്നതിനുള്ള അവസരവും ഡാനിയേലിനു ലഭിക്കുന്നു. വേഷം മാറി വിദ്യയഭ്യസിക്കാനെത്തിയ കര്‍ണ്ണന്റെ മടിയില്‍ തല ചായ്ച്ച ഗുരു പരശുരാമന്‍ ഉറങ്ങുന്നതും വണ്ട് വന്ന് തുടയില്‍ കുത്തി രക്തമൊഴുകിയിട്ടും കര്‍ണ്ണന്‍ അനങ്ങാതെ ഇരിക്കുന്നതുമായ സീന്‍ ഫാല്‍ക്കെ ചിത്രീകരിക്കുന്നത് വിദ്യാര്‍ത്ഥിയുടെ ജിജ്ഞാസയോടെ ഡാനിയേല്‍ കാണുന്നു.
വിഗതകുമാരനില്‍ നായകനായി ഡാനിയേല്‍ തന്നെ അഭിനയിക്കാന്‍ തീരുമാനിക്കുന്നു. അതുപോലെ തട്ടിക്കൊണ്ടു പോകുന്ന ബാലനായി അദ്ദേഹത്തിന്റെ മൂത്തപുത്രനെയും തെരെഞ്ഞെടുക്കുന്നു. എന്നാല്‍ നായികയെ കണ്ടെത്താനായിരുന്നു പ്രയാസം. ഫാല്‍ക്കെ അദ്ദേഹത്തിന്റെ ചിത്രത്തിലേക്കൊരു നായികയെ ലഭിക്കാതെ ബുദ്ധിമുട്ടിയതിന്റെ ആവര്‍ത്തനം തന്നെയാണ് ഡാനിയേലിന്റെ കാര്യത്തിലും സംഭവിക്കുന്നത്. ബോബയില്‍ നിന്ന് ഒരു നടിയെ വലിയ പാരിതോഷികം നല്‍കി കൊണ്ടുവരുന്നുണ്ടെങ്കിലും അവരുടെ അവസാനിക്കാത്ത ഡിമാന്റുകള്‍ കേട്ട് സഹിക്കാനാവാതെ ഡാനിയേല്‍ ആ നടിയേയും അമ്മയേയും ബോബയിലേക്കു തന്നെ തിരിച്ചയക്കുന്നു.
പിന്നീടാണ് സുഹൃത്ത് പറഞ്ഞതനുസരിച്ച് കാക്കാരത്തി നാടകം കളിക്കുന്ന യുവതിയെ കാണുവാന്‍ ഡാനിയേല്‍ പോകുന്നത്. അവളുടെ പ്രകടനം കണ്ട അദ്ദേഹം അവളെ തന്നെ നായികയാക്കുവാന്‍ തീരുമാനിക്കുന്നു. അങ്ങനെ കീഴ്ജാതിയില്‍ നിന്ന് ക്രിസ്തുമതത്തിലെത്തിയ റോസി മലയാളത്തിലെ ആദ്യ നായികയായി മാറുന്നു.
സവര്‍ണ്ണ നായികയായുള്ള ( നായര്‍ പെണ്‍കിടാവ്) റോസിയുടെ പ്രകടനം ഡാനിയേലിനേയും മറ്റ് യൂണിറ്റംഗങ്ങളേയും വിസ്മയിപ്പിക്കുന്നു. റോസിക്കുവേണ്ട ആടയാഭരണങ്ങള്‍ ജാനറ്റ് ആണ് നല്‍കുന്നത് . കൂടാതെ ചിത്രീകരണ സ്ഥലത്ത് ജാനറ്റിന്റെ സജീവ സാന്നിധ്യവുമുണ്ടായിരുന്നു.
ചിത്രീകരണം പൂര്‍ത്തിയായി പ്രതിഫലവും വാങ്ങി എല്ലാവരോടും യാത്ര പറഞ്ഞ് റോസി സ്റ്റുഡിയോയില്‍ നിന്ന്‍ പുറത്തു പോകുന്ന രംഗം ഏറെ വികാരനിര്‍ഭരമാണ്. പ്രദര്‍ശന വിവരം അറിയിക്കാമെന്നും അന്ന് വിഗതകുമാരന്‍ കാണാന്‍ നേരെത്തെ വരണമെന്നും നായികയോട് ഡാനിയേല്‍ പറയുന്നു. എന്നാല്‍ പ്രദര്‍ശന ദിവസം ആദ്യ ഷോ തന്നെ വന്‍ ദുരന്തത്തിലാണ് കലാശിച്ചത്. കൂട്ടുകാരിയുമൊത്ത് ആവേശത്തോടെ പടം കാണുവാന്‍ കൊട്ടകയിലെത്തിയ റോസിക്ക് ജാതിക്കോമരങ്ങളായ സവര്‍ണ്ണ പ്രമാണിമാരുടെ ഇടപെടല്‍ കാരണം പ്രവേശനം നിഷേധിക്കപ്പെടുന്നു. പടം തുടങ്ങിയതോടെ നായര്‍ പെണ്‍കൊടിയായി താണജാതിക്കാരിയായ റോസി അഭിനയിച്ചത് ചോദ്യം ചെയ്യപ്പെടുകയും പ്രദര്‍ശനം തടസ്സപ്പെടുകയും ചെയ്യുന്നു. തുടര്‍ന്ന് അവിടെ നിന്നിരുന്ന റോസി ഓടി രക്ഷപ്പെട്ടെങ്കിലും സവര്‍ണ്ണര്‍ സംഘമായി അവളുടെ വീട്ടിലെത്തി പിതാവിനെ മര്‍ദ്ദിക്കുകയും വീടിന് തീവയ്ക്കുകയുമാണ് . റോസി ഇരുളിന്റെ മറവില്‍ ഓടി രക്ഷപ്പെടുന്നു. മലയാളത്തിലെ ആദ്യ നായിക റോസിയ്ക്ക് പിന്നീട് എന്തു സംഭവിച്ചുവെന്ന് ആര്‍ക്കുമറിയില്ല
പ്രദര്‍ശനം അലങ്കോലപ്പെട്ടതോടെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടെ ഡാനിയേലും കുടുംബവും കടബാധ്യത താങ്ങാനാവാതെ തമിഴ്നാട്ടിലേക്ക് താമസം മാറ്റുകയും പിന്നീട് ദന്ത ഡോക്ടറായി പ്രാക്ടീസ് ആരംഭിച്ച് ജീവിതം പച്ചപിടിക്കുമ്പോഴാണ് വീണ്ടും സിനിമാ കമ്പം ഡാനിയേലിനെ ജീവിത ദുരന്തത്തിലേക്കു നയിക്കുന്നത്. ഇളയമകന്‍ ഹാരിസ് താന്‍ ചെറുപ്പത്തില്‍ വിഗതകുമാരന്റെ പ്രിന്റ് കത്തിച്ചു കളഞ്ഞ അപരാധം ഏറ്റു പറയുന്നിടത്താണ് സെല്ലുലോയ്ഡ് അവസാനിക്കുന്നത്.
Generated from archived content: essay2_mar23_13.html Author: mc_rajanarayanan