അറുപതുകളിലും എഴുപതുകളിലും മലയാളസിനിമയില്‍ മികവിന്റെ പൂക്കാലമായിരുന്നു. ഗൃഹാതുരത്വത്തോടെ മാത്രമേ ആസ്വാദകന് അക്കാലത്തെ കുറിച്ച് ഓര്‍ക്കാനാകൂ. ഔന്ന്യത്യത്തിന്റെ വീഥിയിലൂടെ മലയാള സിനിമ സഞ്ചരിച്ച ആ പതിറ്റാണ്ടുകള്‍ ജന്മം നല്‍കിയത് എക്കാലത്തെയും മികച്ച സൃഷ്ടികള്‍തന്നെയാണ്. സാഹിത്യവും സിനിമയും തമ്മിലുള്ള ദൃഢബന്ധവും അദാനപ്രദാനവുമാണ് അക്കാലത്ത് മികച്ച ചിത്രങ്ങള്‍ ജന്മം കൊള്ളുവാന്‍ കാരണമായത്.
ഒരു കാലത്ത് മലയാളത്തിലെ രീതി നല്ല സാഹിത്യകൃതികള്‍ കണ്ടെത്തി അവ സിനിമയാക്കുന്നതായിരുന്നു. കഥാപാത്രങ്ങള്‍ക്ക് അനുയോജ്യമായ അഭിനേതാക്കളെ പിന്നീട് തിരഞ്ഞെടുക്കുകയുമാണ് പതിവ്. അതില്‍ നിന്ന് ഭിന്നമായി താരങ്ങള്‍ക്കും സൂപ്പര്‍ താരങ്ങള്‍ക്കും വേണ്ടി മാത്രം തിരക്കഥകള്‍ തയ്യാറാക്കുന്ന സ്ഥിതി സംജാതമായതാണ് മലയാള സിനിമയുടെ അപജയത്തിനു കാരണം. ഉള്‍ക്കാമ്പില്ലാത്ത അര്‍ത്ഥരഹിതമായ തിരക്കഥകള്‍ താരങ്ങള്‍ക്കായി മാത്രം പടച്ചു വിടുന്ന അവസ്ഥ വന്നപ്പോള്‍ സിനിമ സാഹിത്യത്തില്‍ നിന്നകന്നതിന്റെ എല്ലാ ദോഷവും പ്രകടമാകുകയും ചെയ്തു. നല്ല സിനിമകള്‍ നിര്‍മിക്കുന്നതിനുള്ള ക്ഷമയും തയാറെടുപ്പുകളുമില്ലാതെ സിമിമാരംഗത്തെത്തിയ പുതിയ നിര്‍മ്മാതാക്കളും സിനിമയുടെ വീഴ്ചക്കു ആക്കം കൂട്ടിയതായി കാണാം. താരങ്ങളാണ് സര്‍വപ്രധാനമെന്ന് തെറ്റിദ്ധരിച്ചു ഇവര്‍ താരാരാധനയില്‍ കണ്ണ് മഞ്ഞളിച്ച് സത്വം അടിയറ വെച്ചപ്പോള്‍ മലയാള സിനിമ തെറ്റായ ദിശയില്‍ പ്രയാണമാരംഭിക്കുകയും ചെയ്തു.
ഏതുതരം സിനിമയായാലും പ്രധാനം സംവിധായകനാണെന്നും സിനിമയുടെ യഥാര്‍ത്ഥ കര്‍ത്താവ് – ക്യാപ്റ്റന്‍ സംവിധായകനാണെന്നുമുള്ള വസ്തുത വിസ്മരിച്ച് നിര്‍മാതാക്കള്‍ സംവിധായകനു മുകളിലാണ് സൂപ്പര്‍ താരങ്ങളെ പ്രതിഷ്ഠിച്ചത്. ഹിറ്റ് ചിത്രങ്ങളുടെ മുഴുവന്‍ ക്രഡിറ്റും താരങ്ങള്‍ക്കു നല്‍കുകയും ചെയ്തു. എന്നാല്‍ താരമൂല്യത്തിനും താരപ്പൊലിമക്കുമുപരി നല്ല തിരക്കഥയും മികച്ച സംവിധാനവുമാണ് ഹിറ്റ് ചിത്രങ്ങള്‍ രൂപപ്പെടുവാന്‍ കാരണമെന്ന സത്യം പല നിര്‍മ്മാതാക്കളും മറക്കുകയാണ് ചെയ്തത്.
മലയാള സിനിമക്ക് ഹിറ്റ് നിരകള്‍ തന്നെ നല്‍കിയ പ്രിയദര്‍ശന്‍ , കമല്‍ , ഐ വി, സത്യന്‍ അന്തിക്കാട്, സേതു മാധവന്‍, രജ്ജിത് ,ലോഹിതദാസ് തുടങ്ങിയവരുടെ രചനകള്‍ പരിശോധിക്കുമ്പോള്‍ ഇത് സ്പഷ്ടമാകും. ചിത്രീകരണ പാടവം കൊണ്ട് വിഷയത്തിന്റെ പരിമിതികള്‍ മറികടന്ന പടങ്ങളാണ് അവര്‍ പുറത്തിറക്കിയത്. ചിത്രവും, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റും മറ്റും അങ്ങനെ ബോക്സാഫീസില്‍ പുതിയ ചരിത്രം രചിച്ച പടങ്ങളാണ്. എന്നാല്‍ പുതിയ നൂറ്റാണ്ടില്‍ പുറത്തു വന്ന മലയാള ചിത്രങ്ങളില്‍ പലതും പ്രമേയമായ ദാരിദ്യം മാത്രമല്ല അവതരണത്തിലും പുതുമയില്ലാതെ വെറും കെട്ടുകാഴ്ചകളായി മാറിയതാണ് വിജയ ശതമാനം കുത്തനെ കുറയാനും പരാജയപ്പെടുന്ന ചിത്രങ്ങള്‍ സിനിമാ വ്യവസായത്തെ പ്രതിസന്ധിയിലാക്കിയതിനും കാരണം.
താരങ്ങളുടെ ഡേറ്റുകള്‍ വല്ലവിധേനെയും സംഘടിപ്പിച്ചെടുത്ത് പൂര്‍ണ്ണമായൊരു തിരക്കഥ പോലുമില്ലാതെ ചിത്രീകരണം ആരംഭിക്കുന്ന അവസ്ഥയും ഇടക്കാലത്ത് മലയാളത്തിലുണ്ടായത് പടങ്ങളുടെ മികവിനെ ബാധിച്ച കാര്യമാണ്. സൂപ്പര്‍ താരങ്ങള്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുകയും ഒരേ ചിത്രത്തിന്റെ പല പതിപ്പുകള്‍ വീണ്ടും വീണ്ടും ഇറങ്ങുവാന്‍ തുടങ്ങുകയും ചെയ്തത് കാണികളെ ഇത്തരം പടങ്ങളെ പൂര്‍ണ്ണമായും തഴയുന്നതിനു ഇടയാക്കുകയും ചെയ്തു.
ഈ സന്ദര്‍ഭത്തിലാണ് ന്യൂ ജനറേഷന്‍ സിനിമകള്‍ പുതിയ സംവിധായകരുടെ സാന്നിധ്യം അറിയിച്ചുകൊണ്ട് പ്രദര്‍ശന വിജയം നേടിയത്. ചാപ്പാ കുരിശ്, ട്രാഫിക്ക്, ഈ അടുത്തകാലത്ത്, സാള്‍ട്ട് ആന്റ് പെപ്പര്‍, തുടങ്ങിയ പടങ്ങള്‍ അവതരണത്തിലെ പുതുമ കൊണ്ട് ശ്രദ്ധ നേടുകയും സാമ്പത്തികമായി വിജയിക്കുകയും ചെയ്തവയാണ്. ആമേന്‍, നേരം തുടങ്ങിയവയിലെത്തി നില്‍ക്കുന്ന ന്യൂജനറേഷന്‍ പടങ്ങളുടെ സഞ്ചാരം തിയേറ്ററുകള്‍ വീണ്ടൂം സജീവമാകാന്‍ ഇടയാക്കിയത് മലയാള സിനിമയില്‍ പുതിയൊരു ഉണര് വിനു വഴിയൊരുക്കുന്നു. എന്നാല്‍ ന്യൂ ജനറേഷന്‍ സിനിമയായാലും ഓള്‍ഡ് ജനറേഷന്‍ സിനിമയായാലും സാഹിത്യ കൃതികള്‍ മൊഴിമാറ്റം ചെയ്ത് സിനിമയിലെത്തിക്കുന്നത് ഗുണകരമാണെന്ന് നിസ്സംശയം പറയാം. മധുപാല്‍ സംവിധാനം ചെയ്ത ഒഴിമുറി, കെ. ഗോപിനാഥന്റെ ഇത്രമാത്രം എന്നീ പടങ്ങള്‍ സീരിയസ്സ് ചിത്രങ്ങളായിട്ടു കൂടി വിജയം നേടിയവയാണ്.
സിനിമയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്നതിനായി മലയാള സാഹിത്യത്തില്‍ മൗലികതയുള്ള മികച്ച കൃതികള്‍ എത്രയോ ഉണ്ട്. അവ കണ്ടെത്തി സാധ്യതകള്‍ തിരിച്ചറിഞ്ഞ് മികച്ച അവതരണം കൈവരിക്കാനാകുന്നു. ആ വഴിക്കുള്ള പരിശ്രമങ്ങളാണ് സംവിധായകരില്‍ നിന്നുമുണ്ടാകേണ്ടത്. അത് മലയാള സിനിമക്ക് വളരെ ഉപകാര പ്രദമാകും.
കടപ്പാട് – മൂല്യശ്രുതി
Generated from archived content: essay1_oct4_13.html Author: mc_rajanarayanan