വേവുകയാണ്‌ എല്ലാം

നിസ്സാമുദ്ദീൻ സ്വരം മാസികയുടെ കോപ്പിയുമായി ഇരിക്കുമ്പോഴാണ്‌ വാർത്താവിതരണപത്രം അതിന്റെ വില്പനയടവുകളെ മറികടന്ന്‌ അവർക്കു മുന്നിലേക്ക്‌ ഫ്രണ്ട്‌ പേജായി നിവർന്നത്‌.

“ഈ വാർത്തയെക്കുറിച്ച്‌ താനെന്നാ പറയുന്നു.”

ചോദ്യം ചാക്കോന്റേതായിരുന്നെങ്കിലും ഉത്തരം പറയേണ്ടത്‌ ഓരോരുത്തരായിട്ടാണ്‌.

“അത്‌ ഞാൻ കോടതീടെ കൂടെയാ…”

“നാപ്പത്തൊന്ന്‌ ദിവസം ഒരു പെണ്ണിന്‌ രക്ഷപ്പെടാൻ അവസരമൊന്നും കിട്ടിയില്ല എന്നൊക്കെ പറയുന്നത്‌.”

അന്നത്തെ പത്രവായന അവസാനിച്ചത്‌ കോടതിയോട്‌ സഹകരിച്ചുകൊണ്ടായിരുന്നു. സഹകരണത്തിന്റെ ഈ സന്ധ്യയുണ്ടാവുന്ന അന്ന്‌ എം.എക്സ്‌.വർഗ്ഗീസ്‌ മാതൃഭൂമിയിൽ എഴുതിയിരുന്നില്ല. അനിലാജോർജ്ജ്‌ മാധ്യമത്തിൽ എഴുതിയിരുന്നില്ല.

‘കോടതി പ്രതി’ എന്ന ആഴ്‌ചപതിപ്പിലെ കവർ പേജ്‌ വന്നതോടെ വായനക്കൂട്ടം അതിനെ നോക്കാതെ പേജ്‌ മറിക്കാനാവില്ല എന്ന അങ്കലാപ്പിലാവുകയായിരുന്നു. പാലസ്‌ ഹോട്ടലിലേക്ക്‌ അവർ പോവുകയും കടുഞ്ചായ കുടിക്കുകയും ചെയ്‌തുകൊണ്ടായിരുന്നു അന്നത്തെ കൺക്ലൂഷന്റെ തുടക്കം.

“അതീ… എ.എക്സ്‌. വർഗ്ഗീസ്‌ എന്ന്‌ പറയുന്നയാള്‌ പണ്ട്‌ രാജമന്നാനേം കൊണ്ട്‌ കേരളം മൊത്തം കറങ്ങിയ ആളല്ലേ, പണ്ട്‌ കെ.വേണുവും മറ്റും പാർട്ടിയുണ്ടാക്കി നടന്നപ്പോൾ ട്രേഡ്‌ യൂണിയൻ നേതാവായി നടന്നയാളല്ലേ.”

കടുഞ്ചായ ഉളളിൽ ചെന്നപ്പോൾ ഹൈറേഞ്ചിന്റെ ഒളിച്ചുവെച്ച മനസ്സ്‌ പുറത്തിറങ്ങി നടക്കാൻ തുടങ്ങി. അതിലേക്കു നോക്കാൻ കെല്പില്ലാത്തവനായി ഡസ്‌ക്‌ തൂക്കുന്ന പയ്യൻ ദൂരെ മാറിയിരുന്നു.

“പിന്നെയീ അനിലാജോർജ്‌ അവളാണല്ലോ കോട്ടയത്ത്‌ന്ന്‌ വിധി വാങ്ങിക്കൊട്‌ത്തവരിൽ ഒര്‌ത്തി.”

ഇത്രയും സംസാരമെത്തിയപ്പോൾ മംഗളത്തിൽ കെ.എം.റോയിയുടെ ലേഖനം അച്ചടിച്ചുവന്നിരുന്നില്ല. അങ്ങിനെ ആ വായനക്കൂട്ടം ചരിത്രത്തിലൊരിക്കൽ കൂടി അസ്വസ്ഥരായി ശയിക്കാനായി അവരവരുടെ ബസ്സുകളിൽ പ്രവേശിച്ചു.

ബസ്സുകൾ അങ്ങിനെ ചരിത്രത്തിലിടം നേടുകയായിരുന്നു. ബസ്സുകളുടെ ടയറുകൾ പിറകോട്ട്‌ കറങ്ങിക്കൊണ്ടിരുന്നു.

ആ കറക്കത്തിന്റെ ഏതോ ഒരു തുടക്കത്തിൽ ഒരു പെൺകുട്ടി ആൺകുട്ടിയെ വിശ്വസിക്കാമെന്ന്‌ സമ്മതിച്ചു. അവൾ ചൂളയിൽ പണിയുന്നവളായിരുന്നു. അടുക്കളയിൽ പണിയുന്നവൾ. ബൂത്തിൽ നിൽക്കുന്നവൾ. തുണിക്കടയിൽ കണ്ടവൾ. ഫോട്ടോസ്‌റ്റാറ്റ്‌ എടുത്തുതന്നവൾ. ഡി.റ്റി.പി സെന്ററിലിരുന്നവൾ. ഹോംനഴ്‌സായി ഒരു വൃദ്ധയുടെയടുത്ത്‌ ശയിച്ചവൾ.

എന്നാൽ അതേസമയത്ത്‌ ആൺകുട്ടിയുടെയുളളിൽ പാത്തിരുന്ന്‌ പെൺമേല്‌ കാണുന്ന, പെൺകാല്‌, പെൺകയ്യ്‌, പെൺവയറ്‌, പെണ്ണധരം, പെണ്ണിറച്ചി ആർത്തിപൂണ്ട ഒരുകൂട്ടമാളുകൾ വളർച്ചയെത്തിയിരുന്നു. കട്ടപ്പനച്ചന്തയായി, അടിമാലി ലോഡ്‌ജായി, മൂന്നാറ്‌ ഉച്ചിഷ്‌ടമായി, കമ്പം കേറ്റം അടിച്ച്‌ നടത്തിക്കുന്ന തുണിയുരിഞ്ഞ തേക്കടി ഫോറിൻമാടായി അവന്റെ സംഘം ചേരൽ ബലപ്പെട്ടുകൊണ്ടിരുന്നു.

സ്‌കൂളിലേക്ക്‌ പോകുംവഴി ഒരു പെൺകുട്ടി ഇറച്ചിപ്പാറയിൽ ബസ്സിറങ്ങി. നാക്കിറങ്ങിയ ദേവികുളമായിരുന്നു അവൾക്ക്‌ വഴി. ചായ കുടിച്ചോണ്ടിരുന്നവരും, വെളളമെടുക്കാനിറങ്ങിയവരും, പണിക്ക്‌ പോയവരും, എതിരെവന്ന വണ്ടികളും കൂടിച്ചേർന്ന്‌ ഇഴഞ്ഞ്‌ റോഡ്‌ കടക്കുന്ന ഒരു ജന്തുവിന്റെ മുതുകിൽ കയറി ചതയ്‌ക്കുമ്പോൾ അനുഭവിക്കുന്ന ആനന്ദത്തോടെ അവളെ കടന്നുപോയി.

താലൂക്കാഫീസ്‌ കെട്ടിടത്തിൽ ഒരു ഫയൽ മറ്റൊരു സെക്ഷനിൽ കൊടുക്കുന്നതിനിടയിൽ ഒരു പത്രത്താള്‌ നീട്ടിയിട്ടിട്ട്‌ കാറ്റ്‌ നോക്കിനിന്നു. പ്രസവത്തിനുശേഷം മരിച്ചുപോയ ഒരു പെൺകുട്ടിയുടെ ചിത്രമുണ്ടായിരുന്നു അതിൽ. അവൾക്ക്‌ മരിക്കാൻ കഴിഞ്ഞു. രോഗാണുക്കൾ അവളുടെ കഴുത്തിനെ തളർത്തിക്കളഞ്ഞിരുന്നു. ബോധം മറച്ചു കളഞ്ഞിരുന്നു. അവൾക്കും അച്‌ഛനും അമ്മയുമുണ്ടായിരുന്നു. അവൾക്കൊരു കുഞ്ഞു പിറന്നിരുന്നു. അവൾക്ക്‌ നൃത്തം അറിയാമായിരുന്നു. ആ വീട്ടിൽ അവർക്കഭിമുഖമായി നിൽക്കുന്ന ഭിത്തി ഈ വാർത്തകളൊന്നും കാണാൻ ത്രാണിയില്ലാത്തതായി നിന്നിരുന്നു.

കാഴ്‌ചക്കാരായി ഇരിക്കുക എന്നത്‌ മഹത്തായ പ്രത്യേകതയാണെന്ന്‌ എന്റെ കേരളം സ്‌കെച്ചുകൾ മനസ്സിലാക്കിത്തന്നിരുന്നല്ലോ. ഞാൻ പ്രതി എന്നൊരു ബോർഡ്‌ സ്വന്തം നെഞ്ചിൽ തൂക്കി ഞെളിഞ്ഞു കിടക്കുന്ന ഒരു ചെളിമടയെ ഇവിടുത്തെ തെങ്ങുകൾ കണ്ടു. സുനാമി എത്ര മനോഹരമായ പേര്‌. വായനക്കൂട്ടം പി.മോഹന്റെ കാർട്ടൂണിലേക്കും നോക്കി ഏറെ നേരമിരുന്നു.

പ്രതികളായവരെ നിങ്ങൾക്ക്‌ കുറഞ്ഞപക്ഷം ഒരു കുറ്റബോധമെങ്കിലും ഉണ്ടാകാതിരുന്നതെന്ത്‌. വാദിച്ച സീനിയർ വക്കീലന്മാർക്ക്‌ നിങ്ങൾ അവസാനമായി കൊടുത്ത വാഗ്‌ദാനവും ഇങ്ങനെയായിരുന്നല്ലോ. ഞങ്ങൾ പുറത്തിറങ്ങിയാൽ ഇതിലും രസ്യൻ സാധനം കൊണ്ടു കാഴ്‌ചവെക്കാം. നിങ്ങളുടെ ജൂനിയർ എൽ.എൽ.എം.കാർ അതുകൊണ്ടുതന്നെ ഉറക്കമിളച്ച്‌ നിയമം പഠിക്കുകയായിരുന്നല്ലോ. അതിലൊരു എൽ.എൽ.എംകാരനോട്‌ ഞാൻ എണങ്ങതിന്റെ കഥ പറഞ്ഞു കൊടുത്തു.

“കഞ്ഞി കുടിച്ചിട്ട്‌ ഒരീസമായി. ഞാൻ ചേമ്പ്‌ താളായിപ്പോയി. തമ്പ്‌രാട്ടി ഒണ്ടേല്‌ ച്ചിരി കഞ്ഞിംമ്പെളേളാം കിട്ടും. ഞാൻ മനേന്റെ അരക്കല്ല്‌മ്മ കല്ലിന്റെട്‌ത്ത്‌ ചെന്ന്‌ അട്‌ക്കളേന്റെ ആത്തേക്ക്‌ നോക്കി വിളിച്ചു. തമ്പിരാട്ട്‌ട്ടിയേയോ.”

“ഓളിവിടില്ല. നെനക്കെന്നാ വാട്ടം. കഞ്ഞിബേണേ കുടിച്ചേച്ച്‌ പോടീ.”

ഞാനത്‌ കേട്ട്‌. നോക്കുമ്പോ കിണ്ണത്തിലൊഴിച്ച്‌ പര്യമ്പറത്ത്‌ വെച്ചിട്ട്‌ എണങ്ങത്‌ തൊടീലേക്കെറങ്ങി. രണ്ട്‌ പിടീം വെളേളാം ന്റെ വയറ്റിപ്പോയി. കിണ്ണം കഴ്‌കി കമത്തിവെച്ചിട്ടെണീക്കാൻ നോക്കീതും പറ്റാണ്ടായി. എണങ്ങ്‌ന്ന്‌ എന്നെ കൂട്ടിയടക്കിപ്പൊക്കി. ഞാമ്പെടച്ച്‌. ഞാമ്പെരക്കകം കണ്ട്‌. നെറയെ ഇര്‌ട്ട്‌. എന്നെ എങ്ങടങ്കിലുമിടൂന്ന്‌ പേടിച്ച്‌ ഞാമ്പറഞ്ഞ്‌ എന്റെണങ്ങതെ, എന്റെ പൊന്നെണങ്ങതെ, എന്നെ കൊല്ലല്ലെണങ്ങതെ, എന്റെ നടുവൊടിക്കല്ലെണങ്ങതെ, ഞാനീടെ കെടന്നോളാണെങ്ങതെ…“

എൽ.എൽ.എം.കാരൻ പറഞ്ഞൊഴിഞ്ഞു. ”അത്തപ്പാടിക്കേസാണെങ്കി ഇപ്പറഞ്ഞത്‌ ശെരിയാ. ഒക്കേത്തിനേം അഴിയെണ്ണിക്കാമ്പറ്റം.“

ജാനുവിന്റെ മുഞ്ഞി അന്ന്‌ വീർത്തതിന്റെ ചിത്രങ്ങൾ പത്രക്കാർ പുറത്തുവിട്ടിരുന്നില്ല. വായനക്കൂട്ടത്തിലൊരാൾ തപ്പിപ്പെറുക്കിയെടുത്ത്‌ ഇങ്ങനെയൊരു ഭാഗം വായിച്ചു. ”അവൾ ഓടിപ്പോകാനും എതിർക്കാനും പ്രതികളങ്ങ്‌ എളുപ്പത്തിൽ സമ്മതിക്കുമെന്ന്‌ കോടതി ഓർത്തോ? കൂട്ടത്തിന്‌ ഉറങ്ങാനാവാത്തതായിരുന്നു രാത്രികൾ. എന്നാൽ മലകളുറങ്ങി.

പളളിക്കൂടം കുട്ടികൾ കണ്ടു. ജീവാ സോപ്പിനുളളിൽ റോസാപ്പൂത്തൊലിയുളളവൾ ഉടുതുണിയൂരി കുളിക്കാനിറങ്ങുന്നു. കവിളിൽ കെട്ടിയോൻ പിച്ചാത്തി കുത്തിയിറക്കിയിരിക്കുന്നു. മീരാജാസ്‌മിൻ കരഞ്ഞോണ്ട്‌ നിക്കുന്നു. വീരപ്പന്റെ ഭാര്യ ചങ്കത്തലയ്‌ക്കുന്നു. കടകളിൽ മാസികകളും വാരികകളുമായി അവൾ തൂങ്ങിയാടിക്കൊണ്ടിരുന്നു.

സുഹൃത്തേ ഈ വേനലിൽ ഇവിടുത്തെ കാടുകളെല്ലാം എരിയുകയാണല്ലോ. പാലകന്മാർ ഓഫീസിൽ തന്നെയിരുപ്പാണ്‌. കത്തിത്തീരാത്ത ഒരു പത്രക്കടലാസിൽ കണ്ടു. ചുരിദാറിന്റെ ഷാള്‌ കഴുത്തിൽ പിന്നിൽ നിന്ന്‌ മുറുകി ഒരു പെൺകുട്ടി കമിഴ്‌ന്ന്‌ മരിച്ച്‌ വീടിനുളളിൽ കിടന്നിരുന്നു. അവള്‌ കാശൊണ്ടാക്കാൻ നോക്കിയെന്ന്‌. ഫോണിൽ ആൺ മേലുകളോട്‌ സംസാരിച്ചെന്ന്‌. ആൺമേലുകൾ വിളിച്ചടുത്തേക്ക്‌ ചെന്നെന്ന്‌. ആൺമേലുകളെ അവളുടെ ഇരിപ്പിടത്തിലേക്ക്‌ വരുത്താനവൾക്ക്‌ സമയം കൊടുത്തില്ല കാലം.

ഒരമ്മയുടെ കുറിപ്പുകൾ വായനക്കൂട്ടം ശ്രദ്ധിച്ചു.

“അവിടം ടൂറിസ്‌റ്റ്‌ സ്ഥലം ആയിക്കൊണ്ടിരിക്കുകയാണ്‌. ആൾക്കാര്‌ കടന്നുപോകുമ്പോൾ സൂക്ഷിച്ചു നോക്കുന്നു. അയാള്‌ ജനപ്രതിനിധിയായിത്തീർന്നിരിക്കുകയാണല്ലോ. ഇനി ഒരു സുപ്രീം പ്രതി കൂടിയുണ്ടാകുമായിരിക്കും. അതിനുമുമ്പ്‌ ഒരു കാര്യം. തീപിടിക്കും. ഇവിടമെല്ലാം തീപിടിക്കും. നിങ്ങൾക്ക്‌ കത്തിനശിച്ച വഴികളെ ഇനി കാണാൻ കഴിയൂ. വെന്ത മുട്ടകളെ അവശേഷിക്കൂ. പൊട്ടിത്തളിർക്കില്ല മഴയത്ത്‌ മണ്ണ്‌.” മുഴുമിക്കാൻ അവർക്കായില്ല. അവർ സ്വയം തറഞ്ഞ ശൂലങ്ങളിൽ സഹ്യന്റെ ഉടലുകളിൽ ഞാന്നു. രാത്രി കൊടുംശൈത്യമായും പകൽ കൊടുംവേനലായും മാറിയിരുന്നു അവിടം.

Generated from archived content: story1_july12_05.html Author: mb_manoj

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here