നഞ്ചുപുരണ്ട നിഴലുകൾ

 

 

അധീശവർഗ്ഗം അതിന്റെ ലോക
വീക്ഷണം അടിച്ചേല്പിക്കുന്നത്‌ ഭാഷയുടെ ജഡത്വം നിലനിറുത്തുന്നതിലൂടെയാണ്‌. എന്നാൽ പ്രതിസന്ധികളുടെ കാലത്ത്‌ ഭാഷയുടെയും സാഹിത്യത്തിന്റെയും ജഡത്വം തകർന്നു പോവുന്നു..

വോൾ സോയിങ്ക

 

 

 

ഈ വരികൾ അക്ഷരാർത്ഥത്തിൽ പലപ്പോഴും ശരിയെന്ന്‌ തോന്നാറുണ്ട്‌, ഇന്ത്യൻ സാഹിത്യ പശ്ചാത്തലത്തിലും. ദളിതനല്ലാത്ത ഒരാൾക്ക്‌ ഒരുപക്ഷേ വെറുപ്പിന്റേതോ, സഹതാപത്തിന്റേതോ, എതിർപ്പിന്റെയോ ഒക്കെ ഭാവങ്ങളാണ്‌ ദളിത്‌ സാഹിത്യത്തിൽനിന്ന്‌ ലഭിക്കുക. ഇത്‌ ഒറ്റനോട്ടത്തിന്റെ മാത്രം മാനസികാവസ്ഥയാണ്‌. ഇന്ത്യൻ മാനദണ്‌ഡം അങ്ങനെയാണ്‌ ചിട്ടപ്പെടു- ത്തിയിരിക്കുന്നത്‌. സർഗാത്മകതയുടെ കേവല സൗന്ദര്യമനോവ്യാപാരം മാത്രമല്ല സാഹിത്യത്തിനുളളത്‌. അല്ലെങ്കിൽ സാഹിത്യത്തിനുളളത്‌ അംഗീകരിക്കുക എന്നാൽ അധികാരങ്ങൾ പങ്കുവയ്‌ക്കുക എന്ന ഒരു കടമ നിർവ്വഹിക്കാൻ ഈ രചനാബോധം പലപ്പോഴും നിർദ്ദേശിക്കാറുണ്ട്‌. ചിലപ്പോൾ സൗമ്യമായി, ചിലപ്പോൾ ക്രൗര്യത്തോടെ. അതുകൊണ്ടുതന്നെ മുളയിലെ നുളളപ്പെടുന്ന വിദ്യാർത്ഥികളായി ദളിത്‌ രചനകൾ ചിത്രീകരിക്കപ്പെടും. പെണ്ണെഴുത്തിനുമുണ്ട്‌ ഈ ഗതികേട്‌. ഒരു മാസ്‌റ്റർ ആവുകയെന്നാൽ ഭാഷയുടെ ജഡത്വം പേറുന്ന എന്നോ നിലവിലുളള വ്യവഹാരത്തിന്‌ കുമ്പിടുക എന്നോ മറ്റോ വായിക്കേണ്ടിവന്നാൽ തെറ്റുപറയാൻ കഴിയില്ല.

വർഗ്ഗീയവും, വംശീയവും, ജാതീയവും ഒക്കെയായ പല മാനങ്ങളിലൂടെ കൊണ്ടും കൊടുത്തുമാണ്‌ ഈ സാഹിത്യം മുന്നോട്ടുപോകുവാൻ ശ്രമിക്കുന്നത്‌. ദളിതരെ സംബന്ധിച്ചിടത്തോളം ഒരു സുവർണ്ണകാലമുണ്ടെങ്കിൽ അത്‌ ആദിവാസികളായി ജീവിച്ചപ്പോൾ ലഭിച്ചതുമാത്രമായിരിക്കും. അതിനുശേഷം സ്വന്തം ഗോത്രങ്ങളിലെ തന്നെ തലവന്മാരുടെയും, പിന്നെ ദേവന്മാരുടെയും, ജന്മികളുടെയും, നാട്ടുരാജാക്കന്മാരുടെയും, ജനകീയ മന്ത്രിമാരുടെയും ഒക്കെ വലിയ പ്രതലങ്ങൾക്ക്‌ കീഴിൽ മറയ്‌ക്കപ്പെട്ട ഒരു ചരിത്രം അവശേഷിക്കുന്നവരാണ്‌ ദളിതുകൾ.

എന്നാൽ ദളിതരുടെ തലമുറകളിലൊന്നിലും ഒരു സുവർണ്ണ കാലത്തിന്റെ മഹത്വം പറയാനും കണ്ടുപിടിക്കാനും കഴിയുന്നില്ല എന്നത്‌ ചരിത്രത്തിന്റെ ക്രൂരതയായിരിക്കണം. മഹാബലിക്കു മുന്നിൽ വാമനനായും, ഏകലവ്യനുമുന്നിൽ അർജ്ജുനനായും ശംബുകനു (ആവശ്യമെങ്കിൽ) മുമ്പിൽ രാമനായും രാവണനായും ഇത്രമാത്രം കീറിമുറിക്കപ്പെട്ടവർ ലോകത്തു കുറവാണ്‌. അങ്ങേയറ്റം പീഡനമേറ്റ യഹൂദന്മാർക്കുപോലും തിരികെ പണം കൊടുത്തുവാങ്ങിക്കാൻ സ്വന്തം മണ്ണ്‌ കിടന്നിരുന്നു എങ്കിൽ ഇവർക്ക്‌ ചുറ്റുപാടിൽ ഒപ്പം ജനിച്ചവർ ശത്രുക്കളാകുന്നിടത്ത്‌ ഏതു ഭൂമിയിലേക്കാണ്‌ പോകുവാൻ കഴിയുക. അതുകൊണ്ട്‌ ഇവർ ബുദ്ധനിൽ ആശ്രയം കണ്ടെത്താൻ പലപ്പോഴും ശ്രമിച്ചു പരാജയപ്പെട്ടിട്ടുണ്ട്‌. കബീറും, നാനാക്കും, തുക്കാറാമും, ബസവണ്ണയും, തിരുവളളുവരും തങ്ങൾക്കുകൂടി വാദിച്ചവരാണെന്ന്‌ പറയാൻ ശ്രമിക്കുകയും ചെയ്യാറുണ്ട്‌.

എങ്ങനെയൊക്കെയായാലും ദളിതനുഭവത്തിന്‌ പീഡനത്തിന്റെ ഒരു മുഴുനീളയാത്ര എന്നതിനപ്പുറത്തു പോകാനെ കഴിയുന്നില്ല. പലപ്പോഴും നിയമങ്ങൾ കുരുക്കുകളാണെന്ന്‌ തോന്നുന്നതു തന്നെ മരണത്തിനുശേഷമായിരിക്കും. മനുസ്‌മൃതിയിലായാലും അതിനുശേഷം വരുന്ന സ്‌മൃതികളിലായാലും ദളിതനുഭവത്തിന്‌ പലപ്പോഴും കലഹം മാത്രമായിരിക്കും ബാക്കിവസ്‌തു. സൗന്ദര്യസങ്കല്പങ്ങളും ഇവർക്ക്‌ ഭേദിക്കാനാവാത്ത നിയമങ്ങളായിത്തീരാറുണ്ട്‌. ശൃംഗാരത്തിനോ (രസരാജൻ), ഹാസ്യത്തിനോ, കരുണത്തിനോ തങ്ങൾ എങ്ങനെയാണ്‌ പാത്രങ്ങളാവുകയെന്ന്‌, തങ്ങൾക്ക്‌ ഈ ചട്ടക്കൂടിനുളളിൽ തന്നെയാണോ ഇടം എന്ന്‌ മാറിയും തിരിഞ്ഞും ചോദ്യങ്ങൾ ചോദിക്കുന്നവരാണ്‌ ഇവർ.

ഒരു രചനയുടെയും പാരമ്പര്യം ഇല്ലാത്തവരായ ദളിതർക്ക്‌ ആരെ മാതൃകയാക്കണം എന്നതും ശ്രമകരമായ ദൗത്യമാകാറുണ്ട്‌. പലപ്പോഴും ദളിത്‌ രചനകൾ പൂർവ്വകാല സ്‌മൃതികളിൽ നിന്ന്‌ മാറി സഞ്ചരിക്കാനാഗ്രഹിക്കുന്നു. അല്ലെങ്കിൽ പൂർവ്വകാല സ്‌മൃതികളെ വർത്തമാനകാല ജീവിതത്തിന്റെ പൊളിച്ചെഴുത്തിന്‌ ഊർജ്ജകേന്ദ്രങ്ങളാക്കാൻ ശ്രമിക്കുന്നു. മിത്തുകൾ, കെട്ടുകഥകൾ, പുരാണങ്ങൾ, ഐതിഹ്യങ്ങൾ തുടങ്ങിയവ രചനകളിൽ ഉപയോഗിക്കപ്പെടുന്നില്ല എന്നാണ്‌ കാണാൻ കഴിയുക. പറയിപെറ്റ പന്തിരുകുലം, ഓണം, ശിവവിഷ്‌ണു അവതാരങ്ങൾ തുടങ്ങി പലതും ഇവർക്ക്‌ സ്വന്തം സംസ്‌കൃതിയെ ഉയർത്തിപ്പിടിക്കുന്നതിന്‌ ഗുണകരമാവുന്നതല്ല. മാത്രമല്ല ഒളിഞ്ഞും തെളിഞ്ഞും വർത്തമാനകാല സാഹിത്യത്തിലും നിർണ്ണായകസ്ഥാനം കയ്യടക്കിയിരിക്കുന്ന ഇത്തരം ബിംബങ്ങളെ തങ്ങളുടെ രക്ഷയ്‌ക്കായി ഉപയോഗിക്കാൻ ഇവർ ഇഷ്‌ടപ്പെടുന്നുമില്ല. തീർച്ചയായും ദളിത്‌ രചന വർത്തമാന പ്രതിസന്ധിയിൽ നിന്നു രൂപം കൊളളുന്ന നിലനില്‌പിന്റെ ശബ്‌ദങ്ങളാണ്‌ എന്ന്‌ പറയാം.

രചനകളുടെ സമീപനങ്ങൾ, ഘടനകൾ, ആസ്വാദന ബോധങ്ങൾ, വിശകലനങ്ങൾ, വിമർശനപദ്ധതികൾ, സൗന്ദര്യസങ്കല്പങ്ങൾ തുടങ്ങി നാനാവിധത്തിലുളള അഴിച്ചുപണിക്കുളള ദൗത്യം ഏറ്റെടുക്കുന്നതു കൂടിയാണ്‌ ദളിത്‌ രചനകൾ. വിഭാഗീയമെന്ന്‌ ഇതിനെ വിളിക്കാൻ ശ്രമിക്കുമ്പോഴൊക്കെ വളരെപ്പെട്ടെന്ന്‌ ഇതും പൊതുരചനയുടെ ഭാഗമാണെന്ന്‌ അംഗീകരിക്കേണ്ടിവരുന്നു. അതിന്റെ മൂല്യബോധവും, ലക്ഷ്യവും, ആസ്വാദനവും ഒക്കെ കണ്ടെടുക്കുന്ന വഴികളെക്കൂടി പരിഗണിക്കാൻ നാം തയ്യാറാകേണ്ടിവരുന്നു.

വിശാലമായ സാമൂഹ്യ രാഷ്‌ട്രീയ സാംസ്‌കാരിക മുന്നേറ്റങ്ങളിൽ നിന്നാണ്‌ ദളിതെഴുത്തും രൂപം കൊളളുന്നത്‌. മഹാരാഷ്‌ട്രയിലെ നവബുദ്ധിസ്‌റ്റ്‌ പ്രസ്ഥാനമാണ്‌ ഇന്ത്യയിൽ ഇത്തരത്തിൽ വേറിട്ട ഒരുവഴി ഉയർത്തിക്കൊണ്ടുവന്നത്‌ ജ്യോതിറാവുഫൂലെയുടെയും, അംബേദ്‌കറിന്റെയും ശ്രമങ്ങളാണ്‌ ഇതിനു പിന്നിലുളളത്‌. വിദ്യാസമ്പന്നരായിത്തീർന്ന മഹാരാഷ്‌ട്രയിലെ ദളിതുകളുടെ ബ്ലാക്‌പാന്തേഴ്‌സ്‌ പ്രസ്ഥാനമാണ്‌ ഇതിന്റെ ആദ്യരൂപം. ദളിത്‌പാന്തർ പ്രസ്ഥാനങ്ങളായി വികസിച്ച ഇവർക്ക്‌ ആഫ്രോ അമേരിക്കൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ സാഹിത്യവുമായുളള ബന്ധത്തിൽ നിന്നാണ്‌ എഴുത്തിന്റേതായ രൂപരേഖ ആരംഭിച്ചത്‌.

ബാക്തിൻ പറയുന്നത്‌ ദളിത്‌ സാഹിത്യകാർക്ക്‌ ചരിത്രത്തെ പുരാണവൽക്കരിക്കാൻ കഴിവില്ല എന്നാണ്‌. കാരണം ഭൂതകാലം അവരോടൊപ്പമുണ്ട്‌. ലോകത്തെ അവർ സ്ഥലപരമായി ഉൾക്കൊളളുന്നു. അതിനാൽ ചരിത്രത്തെ വർത്തമാന സംജ്ഞകളിൽ കാണുന്നു. ദളിത്‌ കവിതകൾ ബഹുകേന്ദ്രീകൃതവുമാണ്‌. ഈ എഴുത്തുകാരുടെ ആത്മകഥാംശമുളള രചനകളിൽ ഭൂരിപക്ഷവും സാധാരണക്കാരുടെ കഠിന ദുഃഖങ്ങളാണ്‌ ആവിഷ്‌ക്കരിക്കപ്പെടുന്നത്‌. ഇത്‌ മഹത്വവൽക്കരിക്കപ്പെട്ട മനുഷ്യബന്ധങ്ങളുടെ വാർപ്പുമാതൃകകളെ തിരിച്ചറിയാൻ സഹായകമായിത്തീരുന്നു. ദളിത്‌ രചനകളിൽ ഏറെ പ്രത്യേകതകളുളള ആത്മകഥകൾ സാമൂഹ്യബന്ധങ്ങളുടെ വിശാലമായ പ്രശ്‌നമണ്ഡലത്തെ സ്‌പർശിക്കുന്നു. കുടുംബങ്ങൾ, ഗ്രാമങ്ങൾ, ജാതികൾ, കൂട്ടായ്‌മകൾ, ഫാക്‌ടറികൾ, നഗരങ്ങൾ, ചേരികൾ തുടങ്ങി ഓരോ ഇടങ്ങളും ഈ സാമൂഹ്യബന്ധത്തിന്റെ മണ്‌ഡലങ്ങളാണ്‌.

മർദിതരോടൊപ്പം മർദകരുടെയും നാടകീയമായ കൂടിക്കാഴ്‌ചയുടെ സംവാദാത്മകതയാണ്‌ ദളിത്‌ കവിതയിലെ ബഹുസ്വരത. ഭാവഗീതങ്ങളെ ഒരു രൂപമെന്ന നിലയിൽ ദളിത്‌ കവികൾ സ്വീകരിക്കാൻ തൽപരരല്ല. ദളിത്‌ കവിതകൾ വ്യക്തിയുടെ സ്വരമാകുമ്പോഴും സാമൂഹ്യ സങ്കല്പനങ്ങളെ പ്രതിഫലിപ്പിക്കാനാണ്‌ ശ്രമിക്കുന്നത്‌. നിശബ്‌ദമായിപ്പോയ ഇരയുടെ പക്ഷത്തുനിന്നുകൊണ്ട്‌, ഇരയായിക്കൊണ്ട്‌, ഏകമാനമായ മുഖ്യധാരാസാഹിത്യ വീക്ഷണത്തിൽനിന്ന്‌ സ്വതന്ത്രമായി സംസ്‌കാരത്തെയും അതിന്റെ ഘടകങ്ങളെയും മനസ്സിലാക്കാൻ ഈ രചനകൾ ശ്രമിക്കുന്നു.

സ്വന്തം അസ്‌തിത്വത്തെക്കുറിച്ചുളള ലിംബാലെയുടെ അന്വേഷണം ശാരീരിക സൗന്ദര്യവുമായി കെട്ടുപിണഞ്ഞ ഒരുതരം മാനസിക അടിമത്തത്തെയും അതിന്റെ പ്രതിസന്ധിയെയും പുറത്തുകൊണ്ടുവരുന്നതാണ്‌. ‘അഴക്‌’ ഒരു ദളിത്‌ സ്‌ത്രീക്ക്‌ ശാപമാണ്‌. അഴകുണ്ടെങ്കിൽ അവൾ മറ്റൊരാളുടെ ഭാര്യയാവും. എന്റേതാവണമെങ്കിൽ വിരൂപയാവണം! ഇത്‌ ദളിത്‌ സൗന്ദര്യബോധത്തിന്റെ മുഖ്യ ചിന്താവിഷയമാണ്‌. ശരീരവടിവിൽ, ആകാരരൂപങ്ങളിൽ, വെളുത്ത നിറത്തിൽ ഒക്കെ സൗന്ദര്യം കണ്ടെത്താൻ ശ്രമിക്കുകയും, കമ്പോളം ഇത്‌ ആവുംവിധം വിറ്റെടുക്കുകയും ചെയ്യുമ്പോൾ, ഇതര സാഹിത്യ സാംസ്‌കാരിക മാധ്യമങ്ങളിൽ ഈ ബോധം മൃഗീയാധിപത്യം ഉറപ്പിക്കുമ്പോൾ ഇവർ കുഴങ്ങിപ്പോവുന്നു. ഇത്തരം അനുഭൂതി സൗന്ദര്യ സങ്കല്പങ്ങൾക്കുമുമ്പിൽ തങ്ങൾ വിരൂപികളായിത്തീരുന്നു. കാലിയായ കീശകൾ കൂടിയാവുമ്പോൾ ഇത്‌ പൂർണ്ണമാവുന്നു.

നിലവിലിരിക്കുന്ന സൗന്ദര്യസങ്കല്പങ്ങളെ മറികടന്നുകൊണ്ടു മാത്രമേ ഇത്തരം അവസ്ഥയെ മറിക്കാനാവൂ എന്ന്‌ ബോധ്യമാവുമ്പോഴും അവ രചനകളിലൂടെ എത്രമാത്രം മുന്നോട്ടുകൊണ്ടുപോകാനാവും എന്ന്‌ ചോദ്യമായി മുന്നിൽ നിൽക്കുന്നുണ്ടാവും. തന്നെത്തന്നെ തളളിപ്പറയാതെയും സ്വയം പുച്ഛത്തിലേക്കും എത്തിച്ചേരാതിരിക്കാൻ ഒരു ദളിതൻ അനുഭവിക്കുന്ന ആത്മസംഘർഷം പലപ്പോഴും ഈ എഴുത്തിനെ വംശീയമോ, ജാതീയമോ ആയ ഒരു മാനത്തിലേക്ക്‌ കൊണ്ടുപോകുന്നതായി ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നു.

എന്നാൽ കമ്പോള സൗന്ദര്യത്തിന്റെ വക്താക്കളാകട്ടെ ദളിതരെയും, ദരിദ്രരെയും, മൂന്നാംലോക ജനതയെയും ഒന്നിച്ചു കൊളളയടിക്കുന്നു. ശരീരവും മനസ്സും ജീവിതവും തനിമയും കൊളളയടിക്കപ്പെടുന്നതാണ്‌ ശരാശരി ദളിത്‌ അവസ്ഥ. ശൂന്യമാക്കപ്പെട്ട, മാംസപിണ്‌ഡങ്ങൾ. പരിഗണിക്കപ്പെടാത്ത വ്യക്തിത്വങ്ങൾ. ഒഴിവാക്കപ്പെടുന്ന കൂട്ടുകെട്ടുകൾ. ശൂന്യമാവാൻ വിധിക്കപ്പെട്ട ജന്മങ്ങൾ പരിഹാസപാത്രങ്ങൾ അങ്ങിനെ പലതുമാണ്‌ ദളിത്‌ അവസ്ഥകൾ. ഇതിനിടയിൽ മാനുഷിക മൂല്യങ്ങൾ എന്നത്‌ ദളിതു മൂല്യങ്ങളും, അതിജീവനം എന്നത്‌ പ്രതിരോധമായും തീരുന്നു.

തീരെ പ്രകാശമില്ലാത്ത, തീരെ വൃത്തിയില്ലാത്ത, അടുക്കും ചിട്ടയുമൊന്നുമില്ലാത്ത, നിഘണ്ടുവിൽ പ്രവേശിക്കാൻ അവസരം കിട്ടാത്ത പ്രാസവും വൃത്തവും അർത്ഥാന്തരന്യാസവും ഒപ്പിച്ചെടുക്കാൻ മിനക്കെടാത്ത രസവും ധ്വനികളും, ഉക്തികളുമൊക്കെ നിർവചിക്കുന്നതിനുമപ്പുറത്തു നിൽക്കുന്ന രചനകളായിരിക്കും ഇവ. പലപ്പോഴും പലതും വിളിച്ചു പറയുകയായിരിക്കും. ഉളളിൽ കൊണ്ടുനടക്കുന്നത്‌ അങ്ങിനെതന്നെയിരുന്ന്‌ വിങ്ങിപ്പൊട്ടുന്നതായിരിക്കും. തകർന്ന കണ്ണാടിയിൽ പ്രതിഫലിക്കപ്പെടുന്ന ഒരേ കാഴ്‌ചയുടെ തന്നെ പല രൂപങ്ങളായിരിക്കും. ഈ രചനകൾക്ക്‌ പരസ്‌പരം പങ്കുവയ്‌ക്കാൻ ഒരു പൊതു സൗന്ദര്യതലമുണ്ട്‌ എന്നത്‌ ഈ രചനകളെ ജീവസ്സുറ്റതാക്കുന്നു.

ഞങ്ങളെഴുതുന്നത്‌ നിങ്ങൾക്ക്‌ വേണ്ടിയല്ല. നിങ്ങളുടെ വിമർശനങ്ങളും, നിരൂപണങ്ങളും ഞങ്ങൾക്കാവശ്യമില്ല എന്ന്‌ കർക്കശമായി പറയുന്നിടത്തുനിന്നും, ഈ രചനകൾ അതിന്റേതായ ഇടം നേടിയെടുക്കുകയും, സാഹിത്യമണ്‌ഡലത്തിന്റെ ഭാഗം തന്നെയാണ്‌ തങ്ങളുടെ രചനകളും എന്ന്‌ പറയിപ്പിക്കുകയും ചെയ്യുന്നിടത്ത്‌ ഒരു ജനതയുടെ ആത്മബോധം ഒരു നെല്ലിടകൂടി വളരുന്നതായി അനുഭവപ്പെടുകയും ചെയ്യുന്നു.

പഞ്ചാബ്‌

സാമൂഹിക രൂപീകരണത്തിന്‌ തെട്ടേ ഇന്ത്യയിൽ ഭക്തിപ്രസ്ഥാനം ശ്രമിച്ചതുപോലെ പഞ്ചാബിലെ ജനതയുടെ ഏകീകരണത്തിന്‌ സിക്ക്‌ മൂവ്‌മെന്റ്‌ ഒരു നല്ല പങ്കുവഹിച്ചു. ഷെയ്‌ക്ക്‌ ഫരീദിന്റെയും, ബുളെളഷായുടെയും നേതൃത്വത്തിലുളള ‘സൂഫി’ പ്രസ്ഥാനമാണ്‌ മറ്റൊരു പങ്കുവഹിച്ചത്‌. സിക്ക്‌ സഭാ ലഹരിയും, ആര്യസമാജവും ആദ്യകാലങ്ങളിൽ വികാസം നേടി​‍. ഗദ്ദാർപാർട്ടിയും, ബാബ്ബർ അകാലി മൂവ്‌മെന്റും, ഭഗത്സിംഗ്‌ മൂവ്‌മെന്റും ഇരുപതാം നൂറ്റാണ്ടിൽ സാമൂഹ്യ പ്രശ്‌നങ്ങളിൽ ഇടപെടുകയും ചെയ്‌തു. ഇതിന്റെയൊക്കെ വെളിച്ചത്തിലാണ്‌ ജാതിവിരുദ്ധ പ്രസ്ഥാനങ്ങൾ രൂപം കൊണ്ടത്‌.

താഴ്‌ന്ന ജാതിക്കാർക്ക്‌ നിത്യവൃത്തിക്ക്‌ ഉയർന്ന ജാതിക്കാരുടെ ഇടങ്ങളിൽ പണിയെടുക്കേണ്ടി വന്നിരുന്നു. പഞ്ചാബിൽ ദളിത്‌ സാഹിത്യം വികസിക്കുന്നത്‌, ദേശീയമായ ഉയർത്തെഴുന്നേൽപ്പിന്റെ ഭാഗമായാണ്‌. ചില നിരൂപകരുടെ അഭിപ്രായത്തിൽ ‘ഗുരു ഗ്രന്ഥ സാഹിബ്‌’, ‘ആദിഗ്രന്ഥ’ തുടങ്ങിയ സിക്ക്‌ മതഗ്രന്ഥങ്ങളിലാണ്‌ ആദ്യകാലത്തെ താഴ്‌ന്ന ജാതിക്കാരെ പ്രതിപാദിക്കുന്ന രചനകൾ കണ്ടെത്താനാവുന്നത്‌ എന്നാണ്‌. ആധുനിക ഇന്ത്യൻ സാഹിത്യത്തിന്റെ വെളിച്ചത്തിലാണ്‌ ദളിത്‌ സാഹിത്യം വായിക്കപ്പെടുന്നത്‌. മറാത്തി ദളിത്‌ രചനകൾ ഇവർക്ക്‌ പ്രചോദനമായിത്തീർന്നു.

പഞ്ചാബിലെ ദളിത്‌ സാഹിത്യം പൊതുവെ കഥാരചനയിലൂടെയാണ്‌ ആരംഭിക്കുന്നത്‌. പ്രിൻസിപ്പൽ സുജൻസിംഗ്‌ ആണ്‌ ഇതിന്റെ തുടക്കക്കാരൻ. അദ്ദേഹത്തിന്റെ കൃതികൾ ഇന്ന്‌ പഞ്ചാബി സാഹിത്യത്തിന്റെ ഭാഗമായിത്തീർന്നിട്ടുണ്ട്‌. ‘ബതാലുചമാർ’ എന്ന പ്രശസ്‌ത കഥയുടെ ശില്‌പി അത്താർജിത്ത്‌, പ്രേം ഗോർക്കി, ബൂരാസിംഗ്‌ കാലേർ, സന്തോഹ്‌സിംഗ്‌ ദഹിർ, ഗുർധിയർ സിംഗ്‌ തുടങ്ങിയവരും പ്രശസ്‌ത കഥാകൃത്തുക്കളാണ്‌.

വെറും എഴുത്തുകാർ എന്നതിനുമപ്പുറത്ത്‌ സമരങ്ങളിലൂടെയും സാമൂഹിക പ്രശ്‌നങ്ങളിൽ ഇടപെട്ടുകൊണ്ടുമാണ്‌ ഇവർ എഴുതിത്തുടങ്ങുന്നത്‌. നക്‌സലൈറ്റ്‌ പ്രസ്ഥാനങ്ങളിലും അടിയന്തിരാവസ്ഥ ഘട്ടങ്ങളിലും, തൊണ്ണൂറുകളിലെ ദളിത്‌ രാഷ്‌ട്രീയമുന്നേറ്റത്തിലുമൊക്കെ ഇവരുടെ പങ്ക്‌ നിർണ്ണായകമാണ്‌. ജനങ്ങളുടെ പ്രശ്‌നത്തിൽ ഇടപെടാത്ത ദളിത്‌ എഴുത്തുകാരെ പഞ്ചാബിൽ കണ്ടുമുട്ടാനാവില്ല.

പൊതുവെ പഞ്ചാബി രചനക്ക്‌ ഒരു വഴിത്തിരിവായിത്തീർന്നത്‌ ജഗ്‌സീറിന്റെ ‘മർഹിദദിവ’ എന്ന നോവലാണ്‌. ആദ്യത്തെ പഞ്ചാബി ദളിത്‌ ആത്മകഥ പ്രേം-ഗോർക്കിയുടെ ‘ഇല്ലാതെപോയ വ്യക്തിത്വം’ എന്ന കൃതിയാണ്‌. പഞ്ചാബിലെ പ്രസിദ്ധ നാടകപ്രവർത്തകരാണ്‌ ഹരിചന്ദ്രൻ സിംഗ്‌, ഡി.ഡി. സിദ്ധു, അജമിർ ഔലഖ്‌ തുടങ്ങിയവർ. കവികളുടെ കാര്യത്തിൽ ദളിതരല്ലാത്തവരും ദളിതുകളുടെ ഒപ്പം ഉണ്ട്‌ എന്നത്‌ ഒരു പ്രത്യേകതയാണ്‌. മഞ്ഞ്‌ജിത്‌ ക്യൂധാർ, ഗുരുദാസ്‌ രാമൻ ആലം തുടങ്ങിയവർ പ്രസിദ്ധരാണ്‌. ഔദ്യോഗിക ബുദ്ധിജീവികളാലും, നിരൂപകന്മാരാലും അവഗണിക്കപ്പെടുന്നവരാണ്‌ ഇപ്പോഴും പഞ്ചാബി ദളിത്‌ എഴുത്തുകാർ എന്നത്‌ ഒരു വിരോധഭാസം എന്നതിനപ്പുറം ഒരു യാഥാർത്ഥ്യമാണ്‌.

ഗുജറാത്ത്‌

ആദ്യകാല ഗുജറാത്തി സാഹിത്യപ്രവർത്തകർ ഉമാശങ്കർ ജോഷിയെപ്പോലെയുളള ഗാന്ധിയൻ പരിഷ്‌കർത്താക്കളായിരുന്നു. സുരേഷ്‌ ജോഷി, സീതാംശയശച്ഛന്ദ, ലാദ്‌ ശങ്കർഠാക്കൂർ തുടങ്ങിയവരും ആധുനിക ഗുജറാത്തി എഴുത്തുകാരുടെ പട്ടികയിൽ ഉൾപ്പെടുന്നവരാണ്‌. എന്നാൽ ഗുജറാത്തി കവിതയിലെ ആത്മശൂന്യതയ്‌ക്കെതിരേ ആദ്യമായി കലാപമുയർത്തിയത്‌ ദളിത്‌ സാഹിത്യ പ്രസ്ഥാനമാണ്‌. 1971-ൽ ഒരു സംഘം പ്രവർത്തകർ ‘ഹൂ’ (ഞാൻ) എന്ന പ്രസ്ഥാനം രൂപീകരിച്ചതോടെയാണ്‌ അതിന്റെ തുടക്കം.

പാരമ്പര്യങ്ങളിൽ നിന്ന്‌ മുന്നോട്ട്‌ പോകുവാനുളള ഒരു ശ്രമമായിരുന്നു ഇത്‌. ‘ആക്രോശ്‌’, ‘ഥോട്‌ഫോട്‌’(തകർക്കൽ), ‘കാളോസൂരജ്‌’(കറുത്ത സൂര്യൻ) തുടങ്ങി പ്രസിദ്ധീകരണങ്ങളുടെ ഒരു നീണ്ടനിരയും ഇക്കാലത്ത്‌ രൂപംകൊണ്ടു. കവിയരങ്ങ്‌, നാടകങ്ങൾ തുടങ്ങിയവയും ഇതിന്റെ ഭാഗമായിരുന്നു. മംഗൾ റാഠോഡ്‌, യശ്വന്ത്‌ പഘേലാ, കിസൻ സോസ, യോസഫ്‌ മക്വാൻ, ദൾപത്‌ ചൗഹാൻ, നീരവ്‌പട്ടേൽ, നരസിങ്ങ്‌ പരമാർ, പ്രവീൺ ഗോഡി, രാജുസോളജി തുടങ്ങിയ കവികൾ ഇക്കാലത്ത്‌ ഉയർന്നുവന്ന ദളിത്‌ കവികളാണ്‌.

പ്രാദേശിക ഭാഷയുടെ ഫലപ്രദമായ പ്രയോഗം, നാടോടിപ്പാട്ടുകളുടെ രചനാരീതി, ഗസൽ, മുക്തകം തുടങ്ങിയ പഴയ കാവ്യ രൂപങ്ങളുടെ അഴിച്ചുപണി, ഒക്കെ നടന്നതും ഇക്കാലത്താണ്‌. ക്ലാസിക്കൽ ഹിന്ദു പുരാണങ്ങൾക്കും, മിത്തുകൾക്കും പകരം കീഴാള ദളിത്‌ മിത്തുകളോ, പുരാണങ്ങളിലൂടെ പുനഃപ്രതിഷ്‌ഠയോ നടന്നു. രാമനു പകരം രാവണൻ, അർജ്ജുനനുപകരം ഏകലവ്യൻ, കൃഷ്‌ണന്റെ സുദർശന ചക്രം ബുദ്ധന്റെ ശാന്തത തുടങ്ങി പലതും. മഗധയിലും, അയോദ്ധ്യയിലും സ്വന്തം ചരിത്രം അന്വേഷിക്കുന്നതിനുപകരം മോഹൻ ജദാരോവിലും, ഹാരപ്പയിലും, ഭിംബാക്ക്‌യിലെ ഗുഹാചിത്രങ്ങളിലും പുതിയ ഇടങ്ങൾ തേടാൻ ശ്രമിച്ചു.

അതേസമയം തന്നെ ദളിത്‌ രാഷ്‌ട്രീയം അവ്യക്തമായ ഒരു അവസ്ഥയിലായിരുന്നു ഗുജറാത്തിൽ. ജാതിയെ ജാതികൊണ്ട്‌ നേരിടുക, ബഹുജനപ്രതിരോധമുണ്ടാക്കുക തുടങ്ങിയ പല വീക്ഷണങ്ങളും ഉയർന്നുവന്നു. ‘ബഹുജൻ സാഹിത്യ സുന്ദർ’ എന്ന സാഹിത്യ പ്രസ്ഥാനം കുറച്ചുകൂടി വികസിതമായ ഒരു സാഹിത്യ ബോധത്തിന്റേതായിരുന്നു. യശ്വന്ത്‌ പഘേലയുടെ ‘ഞങ്ങൾ ഇരുട്ടിൽ മുളച്ച നിഴലുകൾ’ എന്ന ലേഖനത്തിൽ ആദ്യകാല അവബോധങ്ങളെ സ്വയം വിമർശനത്തിനെടുക്കുന്നതായി കാണാം. അതേസമയം പരസ്‌പരവിരുദ്ധമായ പല അഭിപ്രായങ്ങളിലൂടെയാണ്‌ ഗുജറാത്തി ദളിത്‌ സാഹിത്യം മുന്നോട്ടു യാത്ര ചെയ്യുന്നത്‌ എന്നുകാണാം.

മഹാരാഷ്‌ട്ര

ബാബാസാഹേബ്‌ അംബേദ്‌കർ, ജ്യോതിറാവു ഫൂലെ, ഛത്രപതി സാഹു അടങ്ങുന്ന ആധുനികരിലെ നവോത്ഥാന രാഷ്‌ട്രീയ ശില്‌പികളും ബുദ്ധൻ, കബീർ തുടങ്ങിയവരുടെ ദർശനങ്ങളുമാണ്‌ മഹാരാഷ്‌ട്രയിലെ ദളിതെഴുത്തിന്‌ അടിത്തറയിട്ടത്‌. എഴുപതുകളിലെ ബ്ലാക്‌പാന്തർ പ്രസ്ഥാനവുമായുളള അടുപ്പം ഇന്ത്യയിൽ പ്രത്യേകിച്ച്‌ മഹാരാഷ്‌ട്രയിൽ ദളിത്‌ പാന്തർ പ്രസ്ഥാനത്തിന്‌ തുടക്കമിടുകയും അത്‌ സാംസ്‌കാരികമായ നവധാര ഉയർത്തുകയുമാണ്‌ ചെയ്‌തത്‌. ബ്രാഹ്‌മണ പണ്‌ഡിതന്മാരുടെ ക്ലാസിക്കൽ ഭാഷാ പ്രയോഗ രചനാപദ്ധതികളെ വളരെ ആഴത്തിൽ ചോദ്യം ചെയ്തിരുന്നതിനാൽ എഴുത്തിന്റെ വഴിമാറിയുള്ള വളർച്ചക്ക് കൂടുതൽ സാധ്യമായ ഇടമായി മഹാരാഷ്‌ട്ര.

പാരമ്പര്യം, സൗന്ദര്യസങ്കല്പം, ഭാഷ, നിലവിൽ സൂക്ഷിക്കുന്ന ചിന്താപദ്ധതികൾ തുടങ്ങി ഓരോന്നിനെയും ചോദ്യം ചെയ്‌തുകൊണ്ടാണ്‌ ദളിതെഴുത്ത്‌ തുടക്കമിട്ടിരുന്നത്‌. ജാതിവിരുദ്ധവും സ്വന്തം സംസ്‌ക്കാരത്തെ നിർമ്മിക്കുന്നതുമായ ഒരു കണ്ടെത്തൽ എഴുത്തിൽ കൊണ്ടുവരപ്പെട്ടു. അംഗുലീമാല, ഏകലവ്യൻ, ശംബുകൻ, രാവണൻ, ശൂർപ്പണഖ തുടങ്ങിയ പ്രതിരൂപങ്ങൾ ഇക്കാലത്തെ എഴുത്തിൽ ഉപയോഗിക്കപ്പെടുന്നത്‌ കാണാം. അർജ്ജുൻ ഡാങ്ക്‌ളേയുടെ രചനകളായിരുന്നു ശക്തവും നവീനവുമായ എഴുത്തിന്‌ തുടക്കമിട്ടത്‌.

ആഫ്രോ-അമേരിക്കൻ സാഹിത്യവുമായും, മാർക്‌സിസവുമായുളള അതിന്റെ അടുപ്പം ‘നെഗ്രിറ്റ്യൂസ്‌’ എന്ന്‌ ആഫ്രിക്കൻ എഴുത്തുകാർ തങ്ങളുടെ എഴുത്തിനെ സംബോധന ചെയ്‌തതുപോലെ ‘ദളിത്‌’ എന്ന ഒരു ജാതി വിരുദ്ധജനാധിപത്യ ചിന്താപദ്ധതി രൂപപ്പെടുത്തുകയായിരുന്നു മഹാരാഷ്‌ട്രയിൽ. നിരൂപണത്തിലും വിമർശനത്തിലും ഉന്നതജാതി എഴുത്തുകാർ ഇത്തരം കൃതികളുടെ രാഷ്‌ട്രീയത്തെയും സൗന്ദര്യത്തെയും പിന്നോട്ടടുപ്പിക്കുന്നു എന്ന നിരീക്ഷണത്തിലൂടെ ശക്തമായ ഒരു നിരൂപക നിരയെ വാർത്തെടുക്കാൻ തുടർന്ന്‌ ശ്രമിക്കുന്നത്‌ കാണാം.

അംബേദ്‌കറുടെ ‘മുകനായക്‌’, ‘മഹാനിർവ്വാൺ’, ‘പ്രബുദ്ധ്‌ ഭാരത്‌’ എന്നിങ്ങനെയുളള പ്രസിദ്ധീകരണങ്ങൾ എഴുത്തിന്‌ സ്വാധീനിച്ച ആദിരൂപങ്ങളാണ്‌. ബന്ധുമാധവ്‌, ഷങ്കശോകരാജ്‌, അന്നബാഹൂസാതേ, എൻ.ആർ.ഷിൻഡേ തുടങ്ങിയവരുടെ കൃതികൾ അംബേദ്‌കർ കൃതികൾക്ക്‌ തൊട്ടുചേർന്ന്‌ പ്രസിദ്ധീകരിക്കപ്പെട്ടു വന്നിരുന്നു.

അംബേദ്‌കർ നിർമ്മിച്ച സിദ്ധാർത്ഥ കോളേജിലെയും, മിലിങ്ങ്‌ കോളജിലെയും വിദ്യാർത്ഥികൾ ശക്തമായ തിരിച്ചറിവുമായി ഉപരിപഠനങ്ങൾക്ക്‌ പുറപ്പെടുകയാണുണ്ടായത്‌. ഈ കോളേജുകളിലെ വാർഷിക പ്രസിദ്ധീകരണങ്ങളിൽ വന്ന എഴുത്തുകൾ ശക്തമായ ഒരു തിരിച്ചറിവിലേക്ക്‌ നയിക്കുന്നതായിരുന്നു. 1958 മാർച്ച്‌ 2-ന്‌ ദാദറിലെ ബംഗാളി ഹൈസ്‌കൂളിൽ ചേർന്ന ആദ്യ മീറ്റിങ്ങ്‌ ആയിരുന്നു സാംസ്‌കാരികമായ ഏകീകരണത്തിനും നവീകരണത്തിനും ഇടപെടലിനും തുടക്കം കുറിച്ച ആദ്യസംരംഭം. അംബേദ്‌കറുടെ നിര്യാണത്തോടെ ദളിത്‌ നേതൃത്വങ്ങൾ പരസ്‌പരം ഭിന്നിക്കപ്പെട്ടിരുന്ന സാഹചര്യമായിരുന്നു അത്‌.

സ്വാതന്ത്ര്യത്തിനുമുമ്പുളള മഹാരാഷ്‌ട്രയിലെ ദളിതെഴുത്തിന്റെ കാലഘട്ടത്തെ കേശവസ്‌തുമുതൽ മർധേർകർ വരെയുളളവരുടെ കാലം എന്നു വിളിക്കാം. രാജധിലെ, നാമദേവ്‌ ധസൽ തുടങ്ങിയവരുടെ പ്രസിദ്ധീകരണ പ്രവർത്തനങ്ങൾ എഴുത്തിനെ കൂടുതൽ സ്വാധീനിച്ചിരുന്നു, സ്വാതന്ത്ര്യത്തിനുശേഷം.

വ്യക്തികളുടേത്‌ എന്നതിനപ്പുറത്ത്‌ കൂട്ടായ്‌മയുടേത്‌ എന്നു വിളിക്കാവുന്ന ഒരു ബോധമായിരുന്നു ഈ എഴുത്തുകൾ പ്രതിനിധീകരിച്ചിരുന്നത്‌. അംബേദ്‌കറിന്റെ അതിവിപുലമായ ജ്ഞാനദർശനങ്ങളെ എഴുത്തിന്റെ ഊർജ്ജമായി സ്വീകരിച്ചും, ബുദ്ധന്റെ ചിന്തകളെ സ്വാംശീകരിക്കുകയും ചെയ്യുന്ന ഈ ധാര അംബേദ്‌കർ സാഹിത്യപ്രവർത്തന പദ്ധതിക്ക്‌ തുടക്കം കുറിക്കപ്പെട്ടിരുന്നു.

‘ദളിത്‌ സാഹിത്യ സമാലോചൻ’, ജനത, അംഗനികയ്‌, ജാതക്‌, കൊണ്ടി, അസ്‌മിതാദർഗ്‌, സമാജ്‌, പ്രമേയ, സമുചിത്‌ തുടങ്ങിയവ ദളിത്‌ സാഹിത്യ പ്രസിദ്ധീകരണങ്ങളാണ്‌. ദളിത്‌ സാഹിത്യ പ്രകാശ്‌ യാത്ര (1980), അംബേദ്‌കറും ദളിത്‌ സാഹിത്യവും (1989) എന്നീ പുസ്‌തകങ്ങൾ ബാൽചന്ദ്ര ബട്‌കെ പ്രസിദ്ധീകരിച്ചു. നിലനിൽക്കുന്ന സാഹിത്യ പ്രസ്ഥാനങ്ങളുമായി ഏറെ പൊരുതിയും നവീകരിച്ചും വികാസം നേടുന്ന ഒരു ചരിത്രമാണ്‌ മഹാരാഷ്‌ട്രയിലെ ദളിതെഴുത്തിനുളളത്‌. അത്‌ ആദിവാസി, ദളിതർ, അലഞ്ഞുതിരിയുന്നവർ, വേശ്യകൾ, ഇതര സാധു ജനവിഭാഗങ്ങൾ തുടങ്ങിയ മുഴുവൻ സമൂഹത്തിന്റെയും പ്രതിനിധാനങ്ങളാണെന്ന്‌ കാണാം. കോളനിഘട്ടത്തിന്റെ സാമൂഹ്യഘടനയിലും ജാതിബദ്ധ സാമ്പത്തിക സാമൂഹ്യ ക്രമത്തിന്റെ പീഡനങ്ങൾ തങ്ങളെ വലച്ചിരുന്നു എന്ന്‌ തിരിച്ചറിയുന്ന ദളിത്‌ സാഹിത്യം എല്ലാ മനുഷ്യർക്കും വേണ്ടിയുളള നീതിക്കും, ജനാധിപത്യത്തിനും വേണ്ടി നിലനില്‌ക്കുന്നു.

സോം കാമ്പൽ, നാരായണൻ സുർവേ, വാമനൻ ഖർധാക്ക്‌, പ്രഹ്‌ളാദ വെന്ദ്‌വങ്‌കർ, അർജുൻ കാംബ്ലേ, ജെ.വി.പവാർ, ഭീംസെൻ ദത്ത്‌, നാമദേവ്‌ ധസൽ, അർജുൻ ഡാംങ്ക്‌ളേ, ജ്യോതിമൻ ജീവർ തുടങ്ങി കവികളും, ബന്ധൂമാധവ്‌, വാമൻ ഹോവൽ, ബാബുറാവൂ ബാഗുൾ, അവിനേഷ്‌ ദൊസൽ കഥാരചയിതാക്കളും ലക്ഷ്‌മണൻ ഗയിക്‌വാദ്‌, ശരൺകുമാർ ലിംബാലെ അടക്കമുളള വിമർശകരും, നിരൂപകരും അടക്കം ശക്തവും സൗന്ദര്യപരവും നവീനവുമാണ്‌ മറാത്തി ദലിത്‌ സാഹിത്യം.

തമിഴ്‌നാട്‌

വ്യക്തിത്വം എന്ന ഒന്നിന്‌ ഇടം കിട്ടാത്ത ഒരു വിഭാഗമാണ്‌ ദളിതുകൾ. അതുകൊണ്ടുതന്നെ ദളിതുകളുടെ ബോധാവബോധങ്ങൾക്ക്‌ പലപ്പോഴും മത്സരങ്ങളിലൂടെ മാത്രമാണ്‌, പൊതുസമൂഹം എന്ന വ്യാഖ്യാനിക്കപ്പെടുന്ന സംഘടിത അധികാര സംസ്‌കൃതിയോട്‌ പൊരുത്തപ്പെട്ടു നിൽക്കാൻ കഴിയുക. തമിഴ്‌ ദളിത്‌ രചനകളുടെ ആദ്യാംശങ്ങൾ എട്ടാം നൂറ്റാണ്ടിലെ ശിവസ്‌തുതികളിൽ കണ്ടെത്താവുന്നതാണെന്ന്‌ നിരൂപകർ അഭിപ്രായപ്പെടുന്നു. തമിഴ്‌നാട്ടിലെ വളരെ പ്രശസ്‌തമായ നന്ദൻകഥകളിൽ ദളിത്‌ ബോധത്തിന്റെ പ്രതീകങ്ങൾ ദർശിക്കാവുന്നതാണ്‌.

ഭക്തി പ്രസ്ഥാനത്തിന്റെ സ്വാധീനം പലപ്പോഴും ദളിത്‌ വിഭാഗങ്ങളെയും പൊതുസമൂഹം സ്വീകരിക്കണമെന്ന ബോധത്തിന്‌ കാരണമാക്കിയിട്ടുളളതായി കാണാം. എട്ടാം നൂറ്റാണ്ടിലെ സുന്ദരമൂർത്തിയുടെ ‘തിരുത്തൊണ്ടതൊകൈ’, പത്താം നൂറ്റാണ്ടിലെ ‘തിരുത്തൊണ്ടാർ തിരുവന്ദദി’, പന്ത്രണ്ടാം നൂറ്റാണ്ടിലെ പെരിയ പുരാണവും ഒക്കെ ദളിത്‌ പ്രശ്‌നങ്ങൾ അവതരിപ്പിച്ചിരുന്നു എന്ന്‌ വാദിക്കാമെനകിലും അവയൊക്കെ ഇന്ന്‌ വിലയിരുത്തപ്പെടുന്ന ദളിത്‌ അവബോധത്തിന്റേതായിരുന്നുവോ എന്ന്‌ ഇനിയും അന്വേഷിക്കേണ്ടിയിരിക്കുന്നു.

ഗോപാലകൃഷ്‌ണ ഭാരതീയാരുടെ ‘നന്ദൻകഥ’ എന്ന തെരുകൂത്തിന്‌ (നാടകം) വളരെയധികം ചലനങ്ങൾ സൃഷ്‌ടിക്കാൻ കഴിഞ്ഞു എന്നത്‌ മറ്റൊരു പ്രത്യേകതയാണ്‌. പുതിയ വായനയിൽ നന്ദൻകഥക്ക്‌ പ്രാധാന്യം ഏറുകയായിരുന്നു. ‘ആറിൽ ഒരു പങ്ക്‌’ എന്ന പേരിൽ സുബ്രഹ്‌മണ്യഭാരതി എഴുതിയ കഥ തമിഴ്‌നാട്ടിൽ ആറിൽ ഒരു ഭാഗമുളള ദളിതുകളുടെ പ്രശ്‌നങ്ങൾ ചർച്ചചെയ്യുന്നതായിരുന്നു.

ഗാന്ധിപ്രസ്ഥാനത്തിന്റെ കാലഘട്ടത്തിൽ തമിഴ്‌നാട്ടിൽ ഉത്ഭവം കൊണ്ട തൊട്ടുകൂടായ്‌മയ്‌ക്കും, തീണ്ടലിനും എതിരെ എഴുതേണ്ടി വന്നിരുന്നു. രാജഗോപാലൻ. കു.പ, ചെല്ലപ്പ.സി.എസ്‌, പുതുമൈചിത്തൻ, പിച്ചമൂർത്തി അങ്ങിനെ പലരും ഇതിലുൾപ്പെടുന്നു. ഇവർ ഉയർന്ന ജാതിയിൽപ്പെട്ടവരോ ബ്രാഹ്‌മണരോ ഒക്കെയായിരുന്നു എന്നുളളതാണ്‌ മറ്റൊരു പ്രത്യേകത. ഈ രചനകൾക്കെല്ലാം അതിന്റേതായ പരിമിതിയുമുണ്ടെന്ന്‌ വിലയിരുത്തപ്പെട്ടു. പുറത്തുനിന്നു കാണുന്ന ഒരു അവസ്ഥയ്‌ക്കുമപ്പുറത്താണ്‌ ദളിത്‌ പ്രശ്‌നങ്ങൾ എന്ന സത്യം വളരെ പതുക്കെയാണെങ്കിലും അംഗീകരിക്കപ്പെട്ടു.

വിവാഹം, കുടുംബബന്ധങ്ങൾ, ഭക്ഷണം പങ്കുവയ്‌ക്കൽ തുടങ്ങി ജീവിതത്തിന്റെ മേഖലകളിൽ എല്ലാം അനൈക്യം പാലിക്കപ്പെട്ട തമിഴ്‌ജാതി മേൽക്കോയ്‌മകൾ, ചെറുതും വലുതുമായ പല മത്സരങ്ങൾക്കും വഴക്കുകൾക്കും നിരവധി സംഘടനകൾക്കും ഇടം കൊടുക്കുകയാണുണ്ടായത്‌. ഇത്‌ തമിഴ്‌ജനതയുടെ ഉളളിലുളള ജന്മി-അടിയാള മത്സരങ്ങൾക്ക്‌ ആക്കം കൂട്ടുകയും പലപ്പോഴും രക്തച്ചൊരിച്ചിലുകൾ ഉണ്ടാക്കുകയും ചെയ്‌തു.

പുതുമൈപിത്തന്റെ കാലഘട്ടത്തിൽ ‘പുതിയ നന്ദൻ’ എന്ന പേരിൽ ഒരു കഥയും മാറ്റത്തിന്റെ ചില ശ്രമങ്ങളും ഉണ്ടായി. ക്രിസ്‌തുമതത്തിലേക്ക്‌ ദളിതുകളുടെ പരിവർത്തനമടക്കം പുതിയ പല പ്രശ്‌നങ്ങളും, വീക്ഷണങ്ങളും കടന്നുവരുന്നതായിരുന്നു അതിനുശേഷമുളള രചനകൾ. മണ്‌ഡൽ കമ്മീഷന്റെ കാലഘട്ടത്തിൽ ദളിത്‌ രചനകൾക്ക്‌ ഒരു സംഘടിത സ്വഭാവം രൂപം കൊളളുന്നതായി കാണാം. കോടങ്കി, കലം, നിറപ്പിരികൈ, കസ്സാക്ക്‌ തുടങ്ങിയ പല പേരുകളിൽ മാസികകൾ ഇറങ്ങിയതും ഈ ഘട്ടത്തിലാണ്‌.

‘പഞ്ചമൻ’ എന്ന പേരിൽ മാസിക ഇറങ്ങിയത്‌ ഇത്തരം ശ്രമങ്ങളുടെ മുന്നോടിയായി കാണാവുന്നതാണ്‌. പെരിയാർ ഇ.വി.രാമസ്വാമിയുടെ സ്വാധീനവും ദളിത്‌ മുന്നേറ്റങ്ങൾക്ക്‌ പിന്തുണ കിട്ടുന്നതായിരുന്നു. 1960-ൽ കീഴ്‌വെൺമണിയിൽ ഉയർന്ന ജാതിക്കാർ ദളിതുകളെ കൂട്ടക്കൊലചെയ്‌ത സംഭവത്തിന്റെ വെളിച്ചത്തിൽ ജ്ഞാനക്കൂത്തൻ എഴുതിയ കവിതകളും, ഇന്ദിരാപാർത്ഥസാരഥിയുടെ ‘കുരുതിപ്പുനൽ’ (രക്തപ്പുഴ) എന്ന നോവലും ഫലത്തിൽ ദളിതുകൾക്ക്‌ പ്രതിരോധത്തിന്റെ പുതിയ ഒരിടം തുറന്നു കൊടുക്കുന്നതായിരുന്നു.

ജാതിപ്പോരുകൾ, ദളിതുകളുടെ ദൈവസങ്കല്പങ്ങൾ, ജന്മി കുടിയാൻ ബന്ധങ്ങൾ, ലൈംഗികമായി ദളിതു സ്‌ത്രീകൾ ഉപയോഗിക്കപ്പെടുന്നത്‌- അങ്ങിനെ പലതും ചർച്ചചെയ്യപ്പെടുന്നത്‌ ഈ ഘട്ടത്തിലായിരുന്നു. പൂമണിയുടെ ‘പിറകു’ (ശേഷം) എന്ന നോവലായിരിക്കണം ദളിത്‌ രചനയുടെ പട്ടികയിൽ ഉൾപ്പെടുത്തപ്പെടുന്ന ആദ്യരചന.

ആദ്യഘട്ടങ്ങളിൽ ഉയർന്ന ജാതിക്കാർക്കും, അവരുടെ പീഡനങ്ങൾക്കും, ഹിന്ദുമതത്തിനും എതിരെ നിലയുറപ്പിച്ചിരുന്ന തമിഴ്‌ ദളിത്‌ സാഹിത്യം ഏറെ താമസിയാതെ ഒരു പ്രസ്ഥാനം എന്ന നിലയിൽ അതിന്റെ സൗന്ദര്യം സങ്കല്പങ്ങളെ അന്വേഷിച്ചു തുടങ്ങുന്നതായി കാണാം. ശിവകാമിയെപ്പോലുളളവർ ദളിത്‌ വിമർശനത്തിന്‌ നോവലിൽ ശ്രമിക്കുന്നു. ഇമയം അടക്കമുളളവർ കടുത്ത വിമർശത്തിനാണ്‌ ശ്രമിക്കാറ്‌. അറിവഴകനടക്കമുളളവർ മറ്റൊരിടമാണ്‌ അന്വേഷിക്കുന്നത്‌. ശ്രീലങ്കൻ തമിഴ്‌ ദളിത്‌ നോവലിസ്‌റ്റ്‌ ദാനിയേൽ, മാർക്‌സിയൻ ചിന്താധാരകളുടെ അടിത്തറയിലാണ്‌ എഴുതുന്നത്‌.

തോട്ടി വിഭാഗത്തിൽപ്പെടുന്നയാളാണ്‌ ഇടയവേടൻ. ക്രിസ്‌തുമതം സ്വീകരിച്ച ദളിതെഴുത്തുകാരിയാണ്‌ ഭാമ. ദ്രാവിഡമുന്നേറ്റ കഴകങ്ങളും, കമ്മ്യൂണിസ്‌റ്റ്‌ പാർട്ടികളും എങ്ങിനെയാണ്‌ ദളിതുകളെ ഒറ്റപ്പെടുത്തുന്നത്‌ എന്ന ബോധത്തിൽ നിന്നാണ്‌ സമകാലിക രചനകൾ പലതും രൂപം കൊളളുന്നത്‌. പെരുമാൾ മുരുഗൻ, കരികാലൻ, ബാലമലൈ മുതലായവർ ദളിതരല്ലെങ്കിലും ദളിതരുടെ ഏകാന്തതയും, നൊമ്പരവും, മനുഷ്യബോധവുമൊക്കെ എഴുതുകയും ചർച്ചചെയ്യുകയും ചെയ്യുന്നു. അഭിമാനി, ഉജ്ജയിരാജൻ, ഭാമ, പൂമാണി, ശിവകാമി, ഇടയവേടൻ, ദാനിയേൽ തുടങ്ങി പലരും പ്രശസ്‌തരായ ദളിതെഴുത്തുകാരാണ്‌. എൻ.ഡി.രാജ്‌കുമാർ, മതിവണ്ണൻ, കന്ത സ്വാമി, സ്‌റ്റാലിൻ രാജാന്ദം, ഉഞ്ചൈദാസൻ തുടങ്ങിയവർ പ്രശസ്‌തരായ ദളിതെഴുത്തുകാരിൽ ചിലരാണ്‌.

 

 

 

Generated from archived content: essay1_july20_05.html Author: mb_manoj

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English