മാവേലിക്കാലം ഒരു പ്രതീക്ഷയാണ്, നന്മയുടെ ഒരു ചെറുകണികയെങ്കിലും സൂക്ഷിക്കുന്നവർക്ക് ഹൃദയത്തിലെവിടെയോ ഇടയ്‌ക്കെങ്കിലും മിന്നുന്ന ഒരാഗ്രഹമാണ്. ആചാരത്തിനും വിശ്വാസത്തിനുമപ്പുറം ഒരു ദേശം തുറന്നുകാട്ടിയ വലിയൊരു ദർശനമാണ്.
അങ്ങിനെ പഴയ ഓർമ്മകൾ പൊടിതട്ടിയെടുക്കാൻ ഒരോണക്കാലം കൂടി വന്നിരിക്കുന്നു. മാവേലിവാണ നാടിന്റെ തിരുമുറ്റത്ത് ഇന്ന് തുമ്പപ്പൂക്കളങ്ങൾ അന്യം. കണ്ണാന്തളി പൂത്തുതളിർത്തതെവിടെയെന്ന് ആശ്ചര്യം. നാടുതെണ്ടിയെത്തുന്ന ഓണപ്പൊട്ടനും, ആർപ്പുവിളിയോടെ തൃക്കാക്കര അപ്പന് നേദിക്കുന്ന പൂവടയും ഇന്നപൂർവ്വം. കുമ്മിയും കുമ്മാട്ടിയും ഊഞ്ഞാലാട്ടവും എന്നോ മറഞ്ഞുപോയ ചിത്രങ്ങൾ പോലെ. എങ്കിലും കലണ്ടറിലെ അവധിച്ചുവപ്പിൽ ഓണം വന്നുവെന്ന് നാമറിയുന്നു.
ഓണമെന്നാൽ കമ്പോളമെന്ന് മനസ്സിൽ കുറിച്ചിട്ടുപോയ മലയാളിയുടെ ദുരവസ്ഥയിൽ മുൻപ് പറഞ്ഞതെല്ലാം നേര്. കാലത്തിന്റെ നെറികേടിനെ പഴിച്ചുകൊണ്ട് ചാനലിന്റെ ചതുരക്കുടുക്കിൽപെട്ട് ഓണമാഘോഷിക്കുന്നവർ ഒന്നു കണ്ണെടുത്ത് ഒരു ജനൽക്കാഴ്‌ചയെങ്കിലും അനുഭവിച്ചാൽ മതി. ചിങ്ങമെത്തിയെന്നറിയിക്കുന്ന പൊൻവെയിലിൽ തുടിക്കുന്ന തുമ്പക്കുടത്തെയും മുക്കൂറ്റിപ്പെണ്ണിനെയും കാണാം. വർണ്ണങ്ങളുടെ വിചിത്രാനുഭവങ്ങൾ തന്ന് ഓണത്തുമ്പികളും ശലഭങ്ങളും ഉത്സവമൊരുക്കുന്നത് കാണാം. ഫോൺ ഇൻ പ്രോഗ്രാമുകളിലൂടെ കേട്ടുമടുത്ത പാട്ടുകൾക്ക് പകരം മണ്ണാത്തിപ്പുളളും കാക്കക്കുയിലും മൈനയും പച്ചിലക്കുടുക്കയുമൊരുക്കുന്ന പ്രകൃതിയുടെ സിംഫണി കേൾക്കാം. ഓലേഞ്ഞാലിയുടെ ഊഞ്ഞാലാട്ടം കണ്ട് തളിർക്കാം. എന്തിന് നഗരത്തിരക്കിന്റെ പോലും ചില കോണുകളിലെങ്കിലും ഓണം വരുന്നത് ഇവരൊക്കെ അറിയുന്നുണ്ട്.
ഇതൊക്കെ അറിയാതെ പോകുന്നത് നമ്മളാണ്. നമ്മൾ തീർക്കുന്ന പുതുശീലങ്ങളാണ്. വൃദ്ധ സദനങ്ങളിലേക്ക് പറിച്ചു നടപ്പെടുന്ന മുത്തശ്ശനും മുത്തശ്ശിയും എങ്ങിനെയാണ് നമ്മുടെ കുഞ്ഞുങ്ങൾക്ക് ഓണപ്പാട്ടുകളും മാവേലിക്കഥയും ചൊല്ലിക്കൊടുക്കുക. വീട്ടകങ്ങളിൽ യന്ത്രസമാനരായി വളരുന്ന നമ്മുടെ എവിടെനിന്നാണ് മാവേലിവാണ കാലത്തിന്റെ നിർമ്മലത തിരിച്ചറിയുക. വലിയ വലിയ വ്യാമോഹങ്ങളുടെ മലവെളളപ്പാച്ചിലിൽ നാടും നാടിന്റെ ആത്മാവും മറന്ന് കുടുംബബന്ധങ്ങളിൽ പോലും ലാഭനഷ്‌ടക്കണക്കുകൂട്ടലുകൾ നടത്തി നാം സൃഷ്‌ടിക്കുന്ന തിക്കും തിരക്കും നമ്മിൽനിന്നും പറിച്ചു കളയുന്നത് ഒരു സുവർണമായ ഒരു സംസ്‌കാരത്തിന്റെ നാരായവേരാണ്. ഓണം ഒരു കമ്പോള ഉൽപ്പന്നമല്ലെന്നും, കഴിഞ്ഞുപോയ ഒരുകാലം നമുക്കു നല്‌കിയ വിശുദ്ധിയുടെ കൈനീട്ടമാണെന്നും തിരിച്ചറിയണം. വഴിതെറ്റിപ്പോകുന്ന മലയാളിജീവിതം അനുഭവിക്കുന്ന ഒട്ടേറെ മുറിവുകൾ നാം കാണുന്നുണ്ട്.
ഓരോ മലയാളിയും ചെറു കളങ്ങളിലേക്ക് ഒതുങ്ങുകയാണ്. അത് മതത്തിന്റെ, ജാതിയുടെ, രാഷ്‌ട്രീയത്തിന്റെ, സത്യത്തിന്റെയൊക്കെ കളങ്ങളിലേയ്‌ക്കാകാം. ഇത് കാലത്തോടൊപ്പമുളള യാത്രയല്ല. ഇതിലൂടെ പിന്നിട്ട വഴികളൊക്കെയും തിരിച്ചു താണ്ടിയാൽ മാത്രമേ മനുഷ്യരെല്ലാം ഒന്നെന്ന ഓണക്കാലം കണ്ടെത്താനാവൂ. ഓണം അവധി ദിവസത്തിലെ ദിവാസ്വപ്‌നങ്ങളിൽ ഒതുങ്ങേണ്ടതല്ല. മറിച്ച് അതൊരു ജീവിതരീതിയാണ്. ഞാനും നീയും ഒന്നെന്ന സ്വപ്‌നം സാക്ഷാത്‌ക്കരിക്കലാണ്. അതിന് നമ്മുടെയുളളിൽ ഓണം വേണം. നാം തന്നെ ഓണമാകണം.
Generated from archived content: essay5_aug31_06.html Author: mayadevi