പോട്‌ലക്‌

അന്നും പോട്‌ലക്‌ മാത്തുക്കുട്ടി-സൂസി ദമ്പതിമാരുടെ വീട്ടിലായിരുന്നു.

സൂസിയുടെ വീടെന്ന്‌ പറയുന്നതാകും കൂടുതൽ ശരി. ആ ടൗൺ ഹൗസ്‌ കണ്ടെത്തിയതും വർഷങ്ങൾ കൊണ്ട്‌ മുഴുവൻ ഗഡുകളടച്ച്‌ സ്വന്തമാക്കിയതും സൂസിയാണ്‌. പാലായിലും കെട്ടിയിട്ടുണ്ട്‌ സൂസി ഒരു വീട്‌. അതിനകത്ത്‌ കറുത്ത ഗ്രാനൈറ്റ്‌ തറയിൽ തെന്നി വീഴുമെന്ന്‌ പേടിച്ച്‌ കുഞ്ഞിപിളളാരെ പോലെ തത്തകം പിത്തകം വെച്ച്‌ കൊണ്ട്‌ പഴയ തോമായുമുണ്ട്‌. തറയുടെ വെട്ടിത്തിളക്കത്തിലേക്ക്‌ മിഴിഞ്ഞ്‌ നോക്കി “എന്തുവാടി തറേലപ്പിടി വെളളമെന്ന്‌‘ പണിക്കാരിപ്പെണ്ണിനെ പ്രാകുന്നുമുണ്ട്‌ തോമ.

കിഴവൻ തോമാക്കിപ്പോഴും റബർ പാലിന്റെ പച്ച വാസനയാണ്‌. ബാത്തിങ്ങ്‌ ഫോമായും, ബോഡി ലോഷനായും, ഫെഫ്യൂമായും എന്തെല്ലാം നറുമണങ്ങൾ സൂസി അപ്പച്ചനിലേക്ക്‌ വീശിയെറിഞ്ഞു!

എന്നിട്ടും തോമ റബർപാലിന്റെ മണം വമിപ്പിച്ചുക്കൊണ്ടിരിക്കുന്നു. പണ്ട്‌ ടാപ്പിങ്ങും കഴിഞ്ഞ്‌ കുഞ്ചറിയാ മുതലാളിയുടെ തോട്ടത്തിൽ നിന്നും വീട്ടിൽ വന്നു കയറുമ്പോൾ വിളിക്കാറുളളത്‌ പോലെ ”സൂസമ്മോ…“ എന്ന്‌ തന്നെയാണ്‌ തോമ ഇപ്പോഴും സൂസിയെ വിളിക്കുന്നത്‌.

”സൂസമ്മ മരിച്ച്‌ പോയി…“ എന്ന്‌ സൂസി പല്ലും ചുണ്ടും കടിക്കും.

വർഷങ്ങൾക്ക്‌ മുമ്പ്‌ തോമായുടെ മകൾ സൂസമ്മ പകുതി ഗതികേട്‌ കൊണ്ടും മറുപകുതി ആഗ്രഹം കൊണ്ടും പുറപെട്ടതാണ്‌ കാനഡയിലേക്ക്‌.

പരീക്ഷ എഴുതി ജയിച്ച്‌ ടൊറന്റോയിലൊരു ആശുപത്രിയിൽ നഴ്‌സായി നിയമനം കിട്ടിയതോടെ സൂസമ്മ സൂസിയായി. പിന്നെ ഒരു നെട്ടോട്ടമായിരുന്നു. ജീവിക്കാനും… ജീവിതം മറക്കാനും.

സൂസിയുടെ കൈപിടിച്ച്‌ കാനഡയിൽ പ്രവേശിച്ചതിൽ പിന്നെ മാത്തുക്കുട്ടിക്ക്‌ ഒരു സ്‌ഥിരം ജോലിയോ വരുമാനമോ ഉണ്ടായിട്ടില്ല.

കാലാവസ്ഥ പ്രവചനം മാതിരിയായിരുന്നു മാത്തുക്കുട്ടിയുടെ കാര്യങ്ങൾ-ജോലിയുണ്ടാകാനും ഉണ്ടാകാതിരിക്കാനും സാധ്യതയുണ്ട്‌. രണ്ട്‌ സാധ്യതകളിലൂടെ മാത്തുക്കുട്ടി ഒരു ഞാണിന്മേൽ കളി കളിച്ചുകൊണ്ടിരുന്നു.

സ്വന്തം കുട്ടികൾക്ക്‌ ബേബി-സിറ്ററായും അവർക്ക്‌ പ്രിയപ്പെട്ട സ്‌പെഗറ്റിയും ടർക്കി സാന്വിച്ചും പാകപ്പെടുത്തിയും സൂസിയുടെ യൂണിഫോം തേച്ച്‌ മടക്കിയും മാത്തുക്കുട്ടിയുടെ നല്ല പ്രായം കടന്ന്‌ പോയി.

അങ്ങനെയിരിക്കെ പെട്ടെന്നൊരു ദിവസം മാത്തുക്കുട്ടി കയറിയങ്ങ്‌ മാന്യനായി. കാനഡയിലെ അനവധി മലയാളി സമാജങ്ങളൊന്നിന്റെ പ്രസിഡന്റായി അവരോധിക്കപ്പെട്ടതോടെ മാത്തുക്കുട്ടി എല്ലാവരുടെയും കണ്ണിലുണ്ണിയായി.

”മാത്തച്ചായനില്ല്യോ“, ”മാത്തച്ചായന്‌ കൊടുക്കുവോ“ എന്നിങ്ങനെയുളള ഫോൺ വിളികൾ കൊണ്ട്‌ ഓണം, വിഷു, ക്രിസ്‌തുമസ്‌, ന്യൂ ഇയർ, കാലങ്ങളിൽ സൂസിക്ക്‌ ചെവിതല കേൾക്കാതായി.

എങ്കിലും മാത്തുക്കുട്ടിയുടെ പുതിയ ”ഇമേജ്‌“ സൂസിക്ക്‌ വല്ലാതെ ഇഷ്‌ടപ്പെട്ടു. കാനഡയിൽ വന്ന നാൾ മുതൽ സൂസി ആഞ്ഞ്‌ ശ്രമിക്കുന്നതാണ്‌ മാത്തുക്കുട്ടിയെ ഒരു അടിപൊളി മാത്യു ആക്കിയെടുക്കാൻ. മാത്തുക്കുട്ടി പിടികൊടുക്കാതെ വരാലിനെ പോലെ വഴുക്കി നടന്നു.

മാത്യുവായില്ലെങ്കിലെന്ത്‌.. അൽപം വൈകിയാണെങ്കിലും ഒരു ജനകീയ മാത്തച്ചനായില്ലെ!

മക്കളെയൊക്കെ ചെറുപ്രായത്തിലെ കൊത്തിയാട്ടി വിട്ടു സൂസി. മീശയും താടിയും വെച്ച്‌ തോക്കന്മാരായാലും മക്കളെ നെഞ്ചോട്‌ ചേർത്ത്‌ പിടിച്ച്‌, മരുമക്കളോട്‌ സമരം ചെയ്‌തും പേരക്കിടാങ്ങളുടെ നാപ്പി മാറ്റിയും അവസാന തുളളി രക്‌തവും ഡോളറും ശ്വാസവും പാഴാക്കുന്ന നാടൻ സമ്പ്രദായം നമുക്ക്‌ വേണ്ടേ വേണ്ട എന്ന്‌ സൂസി പണ്ടേ മാത്തുക്കുട്ടിയോട്‌ പറഞ്ഞിട്ടുളളതാണ്‌.

പക്ഷെ ജോലിയിൽ നിന്നും വിരമിച്ചതോടെ സൂസിയുടെ ജീവിതത്തിന്‌ പഴയ ദ്രുതതാളം നഷ്‌ടപ്പെട്ടു. ആൽബേർട്ടയിലും ക്യൂബയിലും കഴിയുന്ന മക്കളും മരുമക്കളും പേരക്കിടാങ്ങളുമൊക്കെ ഉറക്കത്തിൽ വന്നുനിന്ന്‌ വെറുതെ ചിരിച്ചു. മുഖം കൊണ്ട്‌ ഗോഷ്‌ഠികൾ കാണിച്ചു.

ജനാലയിലൂടെ പുറത്തേക്ക്‌ നോക്കുമ്പോഴൊക്കെ സൂസിക്ക്‌ വിറളി പിടിച്ചു. എങ്ങോട്ട്‌ നോക്കിയാലും ഒരേമട്ടിൽ വാർത്ത്‌ വെച്ച വീടുകൾ. ഒരേ മരഗോവണികൾ. കസേരയും മേശയും ബാർബിക്യൂ അടുപ്പുകളും പൂച്ചട്ടികളുമുളള വേനൽ ബാൽക്കണികൾ. മഞ്ഞ്‌ വെളള പൂശിയ ക്രിസ്‌തുമസ്‌ മരങ്ങൾ ഉളള വെളുത്ത ഹിമകാല ബാൽക്കണികൾ.

അപ്പോൾ തുടങ്ങിയതാണ്‌ സൂസിയും മാത്തുക്കുട്ടിയും ’പോട്‌ലക്‌‘ മാമാങ്കം.

മക്കളോ മരുമക്കളോ ഉദ്യോഗക്കയറ്റം നേടിയപ്പോൾ, കൊച്ചുമകന്റെ സോക്കർ ടീം മാച്ച്‌ ജയിച്ചപ്പോൾ, പിറന്നാളുകൾ, വിവാഹ വാർഷികങ്ങൾ എന്നുവേണ്ട വാൾമാർട്ടിൽ നിന്നും കാണാൻ അഴകുളെളാരു ക്രിസ്‌റ്റൽ പൂപ്പാത്രം വാങ്ങി സ്വീകരണമുറിയിൽ സ്ഥാപിച്ചാൽ വരെ സൂസി-മാത്തുക്കുട്ടി ദമ്പതികൾ ആളുകളെ വിളിച്ച്‌ കൂട്ടി.

അത്‌ തുടങ്ങുക ഇങ്ങനെയായിരിക്കും.

”ഹലോ.. മേഴ്‌സി… ഇന്ന്‌ ഓഫായിരുന്നോ“ അല്ലെങ്കിൽ ”റാംമോഹൻ.. വസുമതി എത്തിയോ…?“

”സാറ്റർഡേ വൈകീട്ട്‌ നമ്മടവിടെ കൂടാട്ടൊ…“

”ഓ… അതിനെന്താ കൂടാല്ലോ.. വേറെന്നതാ ചേച്ച്യേ വർത്തമാനം?“

”ഓ… എന്തോന്ന്‌ പറയാനാ…. ബിപി ഹൈയ്യാ… കൈ കഴപ്പിനും ഒരു ആശ്വാസോമില്ല്യ“

”അയ്യയ്യൊ.. പിന്നെ എന്നാത്തിനാ… ഓടിക്കിതച്ചതിനൊക്കെ പോന്നേ. ഞങ്ങളെന്താ കൊണ്ടു വരണ്ടന്ന്‌ പറഞ്ഞാ മതി..“

അങ്ങനെ പലവിധ വിഭവങ്ങൾ സൂസിയുടെ വീട്ടിലേക്ക്‌ മാർച്ച്‌ ചെയ്‌തു. പിന്നെ പിന്നെ സൂസിയുടെ വീട്ടിൽ വിരുന്ന്‌ എന്നാൽ അത്‌ ”പോട്‌ലക്‌“ ആയിരിക്കുമെന്നത്‌ ഒരു അലിഖിത നിയമമായി പാലിക്കപ്പെട്ടു.

തണുപ്പുകാലത്ത്‌ വീടിനകത്തെ ഇളംചൂടിൽ കപ്പയും മീൻ വറ്റിച്ചതും അപ്പവും സ്‌റ്റൂവും തുടങ്ങിയ നാടൻ വിഭവങ്ങൾ തിന്നും തീറ്റിച്ചും വേനലിലും വസന്തത്തിലും പുറത്തെ ബാർബിക്യൂ അടുപ്പുകളിൽ മാംസം ചുട്ടെടുത്തും സൂസിയുടെ വിരുന്നു സംഘം അടിച്ചുപൊളിച്ചു.

എന്നും പതിവുകാർ. കൂട്ടത്തിൽ പോട്‌ലക്കിന്‌ എരിവ്‌ കൂട്ടാൻ മാത്തച്ചായന്റെ സ്വാധീന വലയിൽ വീണ ഒരു ”സ്‌പെഷൽ ഗസ്‌റ്റ്‌.“

മണ്ണിലമർന്ന സ്വർണ്ണ മേപ്പിൾ ഇലകളിലേക്ക്‌ വെളുത്ത മഞ്ഞിൻത്തുമ്പികൾ പാറിയിറങ്ങുമ്പോൾ സൂസി സ്വീകരണ മുറിയിലെ പരവതാനി ”വേക്ക്വം“ ചെയ്‌തു. വാഷ്‌-റൂമിനെ മിനുക്കിയെടുത്തു. കാലിൽ രോമപാദുകം അണിഞ്ഞത്‌ പോലെ പൂടയുമായി നില്‌ക്കുന്ന കരുത്തൻ കുതിരയുടെ പുറത്തിരുന്ന്‌ മന്ദഹസിക്കുന്ന ക്യൂബക്കിലെ കൊച്ചുമകന്റെ ഫോട്ടൊ പൊടി തുടച്ച്‌ വെച്ചു. ചോറും രസവും വെച്ചു.

നാട്ടിൽ പോയപ്പോൾ വാങ്ങിക്കൊണ്ടു വന്ന കയ്യില്ലാത്ത, നിറയെ ചിത്രപ്പണികളുളള കടും ചുമപ്പു കമ്മീസും സൽവാറും അണിഞ്ഞു.

അടുക്കള ജനാലയുടെ ബ്ലൈണ്ട്‌ നീക്കി നോക്കിയപ്പോൾ മഞ്ഞിലൂടെ നടന്നു വരുന്ന മേഴ്‌സി ചാക്കോയെ കണ്ടു. ഇതുപോലുളള വിരുന്നുകൾക്ക്‌ ഒറ്റപ്പെട്ട്‌ കഴിയുന്ന അവിവാഹിതരാണല്ലോ ആദ്യം എത്തിചേരുക.

സൂസി ജോലി ചെയ്‌തിരുന്ന ആശുപത്രിയിൽ ആതുരസേവനം നടത്തിക്കൊണ്ടിരിക്കുകയാണ്‌ തൃശൂർക്കാരി മേഴ്‌സി ചാക്കോ.

സൂസിയെപോലെ അത്ര കഷ്‌ടപ്പാടിൽ നിന്നല്ല മേഴ്‌സി ചാക്കോ വരുന്നത്‌. കനത്ത കിംബളം പറ്റുന്ന ഒരു പോലീസുകാരനാണ്‌ അപ്പൻ. അമ്മ ഗവൺമെന്റ്‌ ആശുപത്രിയിൽ ഹെഡ്‌ നേഴ്‌സും. മൂന്ന്‌ പെൺമക്കളും നഴ്‌സിങ്ങിന്‌ വിട്ടു. മൂത്ത രണ്ടിന്റെയും മിന്നുകെട്ട്‌ ബലേഭേഷായി നടന്നു. ഒരാൾ യൂകെയിൽ. മറ്റേയാൾ ജർമനിയിൽ.

”നാട്ടിലൊരു പോലിസിനെന്തോന്ന്‌ കിട്ടും മാത്യൂസ്‌..?“ മേഴ്‌സിയെ പരിചയപ്പെട്ട കാലത്ത്‌ നഖം കടിച്ചും തല ചൊറിഞ്ഞും സൂസിയീ ചോദ്യം പലവട്ടം ചോദിച്ചു.

ടെലിവിഷനിലെ ”എല്ലാരും ഇഷ്‌ടപ്പെടുന്ന റെയ്‌മണ്ടി’ന്‌ പിന്നാലെ പാഞ്ഞുകൊണ്ടിരുന്ന മാത്തുക്കുട്ടി ആ ചോദ്യത്തെ പാടെ അവഗണിച്ചു.

നഴ്‌സിങ്ങിൽ ഡോക്‌ടറേറ്റെടുത്തിട്ട്‌ മതി കല്ല്യാണമെന്ന ഉഗ്ര ശപഥത്തിലാണ്‌ മേഴ്‌സി. കല്യാണം കഴിക്കുന്നതൊ ചേച്ചിമാരുടെ ഭർത്താക്കൻമാരെ പോലെ ഒരു മണങ്ങൂസനാകരുത്‌, ഒന്നാന്തരം സോഫ്‌റ്റ്‌ വെയർ എഞ്ചിനീയറായിരിക്കണമെന്നും മേഴ്‌സിക്ക്‌ നിർബന്ധമുണ്ട്‌. ഇത്ര കൂടെ കേട്ടപ്പോൾ സൂസിക്ക്‌ കരച്ചിൽ വന്നു. മേഴ്‌സിയെ തനിക്കൊരിക്കലും സ്‌നേഹിക്കാനാകില്ലെന്ന്‌ സൂസിക്ക്‌ തോന്നി.

“വെൽകം ഡിയർ” എന്നു കൊഞ്ചിക്കൊണ്ട്‌ സൂസി മേഴ്‌സി ചാക്കോയെ ആലിംഗനം ചെയ്‌തു. അവളുടെ നീണ്ട രോമക്കുപ്പായമഴിച്ചെടുത്ത്‌ ക്ലോസെറ്റിൽ തൂക്കി.

“മേഴ്‌സി ഒരു കാർ വാങ്ങണം. ഈ മഞ്ഞത്തിങ്ങനെ റ്റി റ്റിസിയെ ആശ്രയിച്ച്‌.. മെനക്കേടാ.”

മേഴ്‌സിക്ക്‌ ജി-റ്റു ഡ്രൈവിങ്ങ്‌ ലൈസെൻസ്‌ പോലുമില്ലെന്നും മൂന്ന്‌ തവണ ടെസ്‌റ്റിന്‌ പോയി തോറ്റ്‌ തുന്നം പാടിയിരിക്കുകയാണെന്നും അറിഞ്ഞ്‌ കൊണ്ട്‌ തന്നെ സൂസി പറഞ്ഞു.

“നന്നായോന്നറിയില്ല” എന്ന മുഖവുരയോടെ മേഴ്‌സി ഒരു ചെറിയ പ്ലാസ്‌റ്റിക്‌ പാത്രം തുറന്നു.

“കാബേജ്‌ തോരൻ വെച്ചതാ.”

മേഴ്‌സി അടുക്കളയിൽ ഒരു പിച്ചവെപ്പുക്കാരിയാണെന്നോർത്തപ്പോൾ സൂസിക്ക്‌ സന്തോഷം സഹിക്കവയ്യാതെയായി.

മേഴ്‌സിയുടെ കാബേജ്‌ തോരന്‌ ഉപ്പ്‌ കൂടുതലാണെന്ന്‌ കണ്ടുപിടിച്ചതോടെ സൂസിക്ക്‌ ചിരിക്കണമെന്നും തോന്നി.

“ഓ നന്നായിട്ടുണ്ട്‌” എന്ന്‌ സൂസി മേഴ്‌സിയെ കെട്ടിപ്പിടിച്ച്‌ ചിരിച്ചു.

“സൂസിയാന്റി സഹായമെന്തെങ്കിലും വേണോ” എന്ന പതിവ്‌ ചോദ്യത്തോടെ നിർമ്മൽ മേനോൻ വന്നു.

നിർമ്മലിന്‌ സൂസിയുടെ മകന്റെ പ്രായമേയുളളു. എങ്കിലും കാണാൻ കൊളളാവുന്നൊരു ചെറുക്കൻ മുഖത്ത്‌ നോക്കി ആന്റിയെന്ന്‌ വിളിക്കുന്നത്‌ ക്ഷീണം തന്നെയാണ്‌.

“സൂസിയാന്റി… വൗവ്‌.. യൂ ലുക്‌ ഗോർജ്യസ്‌ ഇൻ റെഡ്‌” എന്നു നിർമ്മൽ ചിരിച്ചപ്പോൾ കൈച്ചിട്ടിറക്കാനും വയ്യ മധുരിച്ചിട്ട്‌ തുപ്പാനും വയ്യ എന്നൊരു ഓളത്തിൽ സൂസി നിന്നു.

“തുടങ്ങി ചാർമർ ബോയ്‌” മാത്തച്ചായൻ പിറുപിറുത്തു.

നിർമ്മൽ പാകപ്പെടുത്തി കൊണ്ട്‌ വന്ന മോരുകൂട്ടാനും ഫിഷ്‌-ഫില്ലെറ്റുകൾ പൊരിച്ചതുമായി അടുക്കളയിലേക്കു നടന്നു. അമ്മയുടെ ചിറകിൻ കീഴിൽ നിന്നും പോരുമ്പോൾ ഒരു ചായ തിളപ്പിക്കാനുളള വിദ്യപോലും കൈവശമുണ്ടായിരുന്നില്ല. പുറത്ത്‌ നിന്ന്‌ ബർഗറും പീസയും കഴിച്ച്‌ മടുത്തപ്പോൾ അരയും തലയും മുറുക്കി അടുക്കളയിൽ കയറി.

നിർമ്മലിനെ കണ്ടതും അടുക്കളയിൽ നിന്ന മേഴ്‌സി ആകെ ചുമന്നു.

“എന്തൂട്ടാത്‌…?” എന്നു പാത്രങ്ങളൊക്കെ തുറന്ന്‌ നോക്കി കൗണ്ടർ ടോപ്പിൽ വെച്ചു.

“തന്നെ കല്യാണം കഴിക്കാൻ പോകുന്ന പെങ്കുട്ടി ശരിക്കും ലക്കിയാട്ടൊ.”

മേഴ്‌സിയുടെ പൊട്ടിത്തരിക്കൽ സൂസി കണ്ടു.

“എന്തായി നാട്ടിലെ കല്ല്യാണാലോചന..?” മേഴ്‌സി കേൾക്കാൻ വേണ്ടി സൂസി അന്വേഷിച്ചു.

നിർമ്മലിന്‌ ജാതകത്തിൽ ചൊവ്വയാണ്‌. കാനഡയിലാണെങ്കിലും ചൊവ്വയെ അവഗണിക്കാൻ വയ്യ. എന്നാൽ ജാതകം മാത്രം ചേർന്നാൽ പോരല്ലോ! പെണ്ണ്‌ സുന്ദരിയായിരിക്കണമെന്ന്‌ അമ്മ.

കാനഡയിൽ കൊണ്ട്‌ വന്നാൽ പത്ത്‌ ഡോളർ സമ്പാദിക്കാനുതകുന്ന വിദ്യാഭ്യാസം വേണമെന്ന്‌ നിർമ്മൽ. സോഫ്‌റ്റ്‌വെയറിൽ തന്നെയായാൽ “ഹാപ്പി”. മറ്റെന്തായാലും തരക്കേടില്ല. നഴ്‌സു വേണ്ടേ വേണ്ട എന്ന്‌ നിർമ്മലും അമ്മയും ഒറ്റക്കെട്ട്‌.

“എല്ലാം ഒത്ത്‌ വരണ്ടേ ആന്റീ. ചേച്ചീടെ ഇന്നലത്തെ മേലിലും ഉണ്ടായിരുന്നു രണ്ട്‌ ഫോട്ടോസ്‌. ഒന്നും കാണാൻ പോര..”

സൂസി മേഴ്‌സിയുടെ വലിയ ചന്തമൊന്നുമില്ലാത്ത മുഖത്തേക്ക്‌ ഒളികണ്ണിട്ട്‌ നോക്കി.

നിർമ്മൽ സ്വീകരണമുറിയിലെ പതുപതുത്ത സോഫയിൽ മാത്തച്ചായന്‌ അരികിലായി ചടഞ്ഞുകൂടി.

നിർമ്മലിന്റെ സാന്നിദ്ധ്യം പലപ്പോഴും മാത്തച്ചായനെ അസ്വസ്‌ഥനാക്കി. കാനഡയിലെത്തി മാത്തച്ചായന്റെ കൈകളിലേക്ക്‌ വീഴുമ്പോൾ നിർമ്മൽ വെറുമൊരു ശിശു. പിച്ചവെക്കാൻ അവനൊന്ന്‌ കൈപിടിച്ച്‌ കൊടുത്തു.

മാത്തച്ചായൻ പിടിച്ചില്ലെങ്കിലും അവൻ നടക്കുമെന്നറിയാം. എന്നാലും മാത്തച്ചായനാണ്‌ തന്നെ നടത്തുന്നത്‌ എന്നു അവനെയൊന്നു തെറ്റിദ്ധരിപ്പിക്കാൻ നോക്കി.

അവൻ നടക്കുകയല്ല. ഓടുകയായിരുന്നു.

മുപ്പത്‌ വർഷങ്ങൾ കൊണ്ട്‌ മാത്തച്ചായൻ താണ്ടാത്ത ദൂരങ്ങളത്രയും അവൻ മൂന്നു വർഷം കൊണ്ടോടി. എക്‌സൻച്ചറിൽ സോഫ്‌റ്റ്‌വെയർ കൺസൾട്ടന്റ്‌. മണിക്കൂറിൽ അറുപത്‌ ഡോളർ ശമ്പളം. ആർഭാട ജീവിതം. ആഡംബരക്കാറ്‌. സ്വന്തം വില്ല. സ്വന്തം ഭൂമി. സ്വന്തം ആകാശം.

നിർമ്മലും മറ്റനേകം സോഫ്‌റ്റ്‌വെയർ കുട്ടിച്ചാത്തന്മാരും കൂടി തന്നെ പച്ചയോടെ ഭക്ഷിക്കുന്നതായി മാത്തച്ചായൻ രാത്രികളിൽ ദുഃസ്വപ്‌നം കണ്ടുതുടങ്ങി.

അതിൽ പിന്നെ നിർമ്മൽ അരികിൽ വരുമ്പോഴൊക്കെ അയാളുടെ തൊണ്ടക്കുഴിയിലേക്ക്‌ തലച്ചോറിൽ നിന്നൊരു കയ്‌പുരസം ഇറങ്ങി വന്നു.

ഇപ്പോൾ വീണ്ടുമാ കയ്‌പ്‌ കിനിഞ്ഞിറങ്ങിയപ്പോൾ മാത്തച്ചായൻ വെടിപ്പടക്കങ്ങൾ എറിഞ്ഞ്‌ നിർമ്മലിനെ ഞെട്ടിക്കാൻ തുടങ്ങി.

“അടുത്ത്‌ തന്നെ.. ആൽബത്തിന്റെ പണി തുടങ്ങും.. ഏത്‌ ഡിവൈൻ ആൽബേ… എത്ര പണം വേണമെങ്കിലുമെറിയാം. സംഗതി ക്ലാസ്സായിരിക്കണമെന്ന്‌ ഞാൻ പറഞ്ഞിട്ടുണ്ട്‌. ആലപ്പുഴയിലാ ഷൂട്ടിങ്ങ്‌. ചിത്രയാ പാടുന്നേ. വലിയ തെരക്കാ.. എന്നാലും ഞാൻ പറഞ്ഞാ ചിത്രക്ക്‌ തളളാനൊക്കുകേലാ..”

“ജ്യോഷി ഇന്നലേം വിളിച്ചിരുന്നു. അടുത്ത പടം പ്രൊഡ്യൂസ്‌ ചെയ്യണം പോലും. കാശല്ല പ്രശ്‌നം. വലിയ മെനക്കേടാ. ഫീൽഡിലോട്ടെറങ്ങിയാലേ…”

നിർമ്മൽ മാത്തച്ചായൻ പറഞ്ഞത്‌ മുക്കാലും കേട്ടില്ല. അയാളുടെ കണ്ണുകൾ ആകാംക്ഷയോടെ എൻട്രൻസിലേക്ക്‌ ഓടിച്ചെന്നു കൊണ്ടിരുന്നു.

സൂസി ഡൈനിങ്ങ്‌ ടേബിളിൽ കൈകുത്തിയിരുന്ന്‌ മാത്തുക്കുട്ടിയുടെ ഭാവനാ തീവ്രതയോർത്ത്‌ നെടുവീർപ്പിട്ടു.

“ഇന്നാരാ.. സ്‌പെഷൽ ഗെസ്‌റ്റ്‌?” മേഴ്‌സി ചോദിച്ചു.

കഴിഞ്ഞ തവണ നാട്ടിൽ നിന്നും നായർ സമാജക്കാർ എന്തൊ പരിപാടിക്കു കൊണ്ടുവന്ന കവിയായിരുന്നു. കവിക്ക്‌ അസ്തിത്വ ദുഃഖം! ധാരാളം മദ്യപിച്ചു. ധാരാളം കവിത ചൊല്ലി. റാംമോഹൻ മാത്രം ശ്രദ്ധയോടെ കേട്ടിരുന്നു. പെണ്ണുങ്ങൾ പതുക്കെ തെന്നി മാറി പരദൂഷണ കച്ചേരി തുടങ്ങി.

നിർമ്മലും ആരിഫും ഉറക്കം തൂങ്ങി. മാത്തച്ചായൻ ചില പളളിപ്പാട്ടുകൾ പാടാൻ ശ്രമിച്ചു.

അതിലും മൂന്ന്‌ സീരിയലിലൊക്കെ മുഖം കാണിച്ചിട്ടുളള ഒരു ചെറുപ്പക്കാരൻ. ആഹാരപ്രിയൻ. പെണ്ണുങ്ങൾക്ക്‌ ഉത്‌സാഹമായി. അവർ മത്‌സരിച്ച്‌ ഓരോരോ വിഭവങ്ങൾ അയാളുടെ പാത്രത്തിലേക്ക്‌ വിളമ്പി.

മേഴ്‌സിക്ക്‌ ഉത്തരം കിട്ടും മുമ്പ്‌ ആരിഫും കുടുംബവും കയറി വന്നു. കുറെക്കാലം കുവൈറ്റിലായിരുന്നു ആരിഫ്‌.

“മിഡിൽ ഈസ്‌റ്റിൽ” ജോലി ചെയ്യുന്ന മലയാളികളെക്കുറിച്ച്‌ മാത്തച്ചായന്‌ വലിയ മതിപ്പില്ല.

“പണം മാത്രം പോരല്ലൊ.. ലൈഫ്‌ സ്‌റ്റൈൽ… വെളളക്കാരനെ കണ്ട്‌ പഠിക്കണം.”

റസിയ കൊണ്ടുവന്ന പാത്രങ്ങളിലായിരുന്നു സൂസിയുടെയും മേഴ്‌സിയുടെയും കണ്ണ്‌. വായിലിട്ടാൽ വെണ്ണ പോലലിയുന്ന പത്തിരി. മട്ടൻ സ്‌റ്റൂ. പാചകത്തിൽ റസിയയെ കഴിഞ്ഞുളളൂ ആരും.

“റസിയക്ക്‌ സുഖല്ലെ… ജോലിക്കൊന്നും പോകാതെ പിളളാരേം നോക്കി വീട്ടിൽ വെറുതെയിരിക്കല്ലേ…അപ്പോൾ എന്തും ഉണ്ടാക്കാം. നമ്മുടെ ജീവിതം ഇതു വല്ലതുമാണോ? എന്നാണ്‌ വസുമതി പറയുക.

അത്‌ കേൾക്കുമ്പോൾ റസിയക്ക്‌ താൻ ഒരു കടുകുമണിയോളം ചെറുതായതായി തോന്നും. ”എളേ മോൻ സ്‌ക്കൂളിലായിട്ട്‌ വേണം എന്തെങ്കിലുമൊന്ന്‌ നോക്കാൻ“ എന്ന്‌ കുറ്റവാളിയെ പോലെ റസിയ വിളറി നിൽക്കും.

ആരിഫിന്റേയും റസിയയുടേയും മൂന്ന്‌ കുട്ടിക്കുറുമ്പന്മാർ ഒച്ചയും ബഹളവുമെടുത്ത്‌ ഓടി നടന്നു.

ആരിഫിന്റേയും റസിയയുടെയും മൂന്ന്‌ കുട്ടിക്കുറുമ്പന്മാർ ഒച്ചയും ബഹളവുമെടുത്ത്‌ ഓടി നടന്നു.

കുട്ടിച്ചാത്തന്മാരൊക്കെ കൂടി തന്റെ ചില്ലു പൂപ്പാത്രങ്ങളോ ഫ്രൈം ചെയ്‌ത കുടുംബ ചിത്രങ്ങളോ തട്ടിയുടക്കുമോയെന്ന്‌ സൂസിയുടെ കണ്ണുകൾ ആവലാതിയിൽ പാച്ചിൽ നടത്തി. കുട്ടികളുടെ കളിചിരികൾക്ക്‌ മീതെ മാത്തച്ചായന്റെ ദയനീയ നാദമുയർന്നു.

”ഗാഗുത്സ്താ മലയിൽ നിന്നും വിലാപത്തിൻ മറ്റൊലി കേട്ടു.“

”മാത്യൂസ്‌… പണ്ട്‌ ചർച്ച്‌ ക്വയറിലൊക്കെ പാടാറുണ്ട്‌..“ എപ്പോഴത്തെയും പോലെ സൂസി യാന്ത്രികമായി അത്‌ പറഞ്ഞ്‌ ഒരു കോട്ടുവായിലേക്ക്‌ നീണ്ടു.

നിർമ്മലും ആരിഫും കണ്ണുകൾ പരസ്‌പരം കോർത്ത്‌ ചിരിച്ചു.

മാത്തച്ചായൻ ഇനിയുമെന്താണ്‌ മറ്റൊരു പാട്ടു പഠിക്കാത്തതെന്ന്‌ മേഴ്‌സി റസിയയോടു അത്ഭുതത്തോടെ ചോദിച്ചു.

”വസിമതിക്കു ഇന്നും വർക്കിങ്ങായിരുന്നു…“ റാംമോഹൻ ചാര നിറത്തിലുളള കോട്ട്‌ അരിച്ച്‌ വസുമതിയെ ഏൽപ്പിച്ചു.

മാത്തച്ചായൻ റാംമോഹനെ ആലിംഗനം ചെയ്‌തു അതിഥി മുറിയിലേക്കാനയിച്ചു.

കുട്ടികളുടെയും റാംമോഹന്റെയും മേൽക്കുപ്പായങ്ങളും രോമതൊപ്പികളും ഭദ്രമായി ക്ലോസെറ്റിൽ നിക്ഷേപിച്ച്‌ വസുമതി ഒരു കിടക്ക തന്നാൽ ഇപ്പോൾ തന്നെ ഉറങ്ങാമെന്ന മട്ടിൽ പെണ്ണുങ്ങൾക്കിടയിലേക്ക്‌ കയറിപ്പോയി.

”റാംമോഹന്‌ ഇനിയും നല്ല ഒരു ഓപനിങ്ങായില്ല… അല്ലെ“. സൂസി സഹതാപം കൊണ്ടൊരു കടൽ തീർത്ത്‌ അതിൽ വസുമതിയെ മുക്കിയെടുത്തു. എന്നിട്ട്‌ വസുമതി കൊണ്ട്‌ വന്ന പാത്രത്തിലേക്ക്‌ മൂക്ക്‌ ചേർത്ത്‌ മണം പിടിച്ചു.

”ചെമ്മീൻ തീയ്യലോ… ഇതെപ്പൊ കുക്ക്‌ ചെയ്‌തു?“

നാട്ടിൽ ഇലക്‌ട്രിസിറ്റി ബോർഡിൽ എഞ്ചിനീയറായിരുന്നു റാംമോഹൻ. പിൻബലത്തിന്‌ കുറച്ച്‌ ഭൂസ്വത്തും.

വയസ്സായ അച്‌ഛനും ഭാര്യയും രണ്ട്‌ പെൺമക്കളുമായി ആടിപ്പാടി കഴിയുമ്പോൾ ഉണ്ടിരിക്കുന്ന നായർക്കൊരു വിളി തോന്നി. രാംമോഹന്റെ മക്കൾ എന്തിന്‌ നാട്ടിൻപുറത്തെ തല്ലിപ്പൊളി ”സെൻട്രൽ സ്‌കൂളി“ൽ പഠിച്ച്‌ ജീവിതം പാഴാക്കണം? റാംമോഹന്റെ പെൺമക്കൾ എന്തിനു ഒരു മൂന്നാം ലോക രാജ്യത്തടിഞ്ഞ്‌ കിടന്ന്‌ നാലാംകിട സ്വപ്‌നങ്ങൾ കാണണം?

പ്രഷർ-ഷുഗർ-കൊളസ്‌ട്രോൾ എന്നിങ്ങനെ മൂന്നു വമ്പന്മാരുടെ കയ്യിൽ അച്‌ഛനെ ഏൽപ്പിച്ച്‌ റാംമോഹനും കുടുംബവും ഭാണ്ഡം മുറുക്കി പുറപ്പെട്ടു.

എന്നും കുളിച്ച്‌ കളഭം തൊട്ട്‌ അമ്പലത്തിൽ തൊഴാൻ പോയിരുന്ന, വൈകുന്നേരത്തെ ചായക്ക്‌ മൊരുമൊരുപ്പായി പഴം പൊരിച്ചിരുന്ന പഴയ വസുമതിയെവിടെ എന്നു റാംമോഹൻ അന്ധാളിച്ചു. പഴയ വസുമതി ഒരു ശീതക്കാറ്റിൽപ്പെട്ട്‌ എങ്ങോട്ടോ പറന്നുപോയി എന്നു തന്നെ വസുമതി വിശ്വസിച്ചു.

പുതിയ വസുമതി പാന്റും ഷർട്ടും തുകൽ കുപ്പായവും കയ്യുറകളുമണിഞ്ഞ്‌ പ്രഭാതങ്ങളിൽ റ്റിംഹോർറ്റൻസിലേക്ക്‌ കാപ്പി കൂട്ടാനായി പോയി.

സന്ധ്യക്ക്‌ നോഫ്രിത്സിൽ നിന്നും മഞ്ഞ പ്ലാസ്‌റ്റിക്‌ കൂടുകളിൽ കൊഴുപ്പു നീക്കിയ പാലും, ഗോതമ്പു റൊട്ടിയും, തവിട്ടു നിറമുളള മുട്ടകളും വാങ്ങി മടങ്ങി.

വസുമതിയുടെ പെൺമക്കൾ ഇരുട്ട്‌ കനത്ത ബേസ്‌മെന്റിൽ കൈവിട്ട്‌ പോയ കാറ്റും വെളിച്ചവും സ്വപ്‌നം കണ്ടുറങ്ങി.

സൂസി ശ്രീലങ്കൻ കടയിൽ നിന്നും വാങ്ങിയ, നല്ല പെരുഞ്ചീരകം ചേർത്ത്‌ വറുത്ത പരിപ്പുവടകൾ പാത്രത്തിൽ നിരത്തി.

‘ലേയ്‌സി’ന്റെ കൂടു തുറന്ന്‌ ഉരിളക്കിഴങ്ങ്‌ ചിപ്‌സ്‌ ഒരു ബൗളിലേക്ക്‌ കുടഞ്ഞിട്ടു. മാത്തുക്കുട്ടി ആണുങ്ങൾക്കു ‘സ്‌ലീമാനും’ ആരിഫിനും പെണ്ണുങ്ങൾ​‍ും ‘കോക്കും’ വിളമ്പി.

നിർമ്മൽ നുരയുന്ന ബിയർ ചുണ്ടോട്‌ ചേർക്കുമ്പോൾ ”അല്ലാ.. പരിപാടിയൊക്കെ നേരത്തെ തുടങ്ങിയോ..“ എന്ന പൊട്ടിച്ചിരിയുടെ തൊങ്ങൽ പിടിപ്പിച്ച ചോദ്യവുമായി സുരേഷ്‌ ബാബു കയറി വന്നു.

”ആൾവേയ്‌സ്‌ ലേറ്റ്‌“ റാംമോഹൻ ഒരു തമാശ പറയാൻ ശ്രമിച്ചു.

”തന്നെ പോലാണോ! മിനിറ്റിന്‌ ഡോളറുകൾ വിലയുളള മനുഷ്യനാ… ഗ്രേറ്റ്‌ എട്രപ്രിനർ. കനേഡിയൻ മലയാളികളുടെ മുഴുവനും അഭിമാനം..“

മാത്തച്ചായന്റെ നിർഗള പ്രശംസയിൽ സുരേഷിന്റെ മുഖം പ്രകാശമാനമായി. എന്നാൽ അടുത്ത നിമിഷം സുരേഷ്‌ നിഷ്‌പ്രഭനായി.

”ഇളമാവിൻ തൈ തളിർത്ത പോലെ.. വയനാടൻ വാകത്തൈ പൂത്ത പോലെ“ ഉത്തര ഒതുക്കുകൾ കയറി വന്നതോടെ എല്ലാ കണ്ണുകളും അങ്ങോട്ട്‌ നീണ്ടു.

നിർമ്മലിന്റെ ഹൃദയമിടിപ്പ്‌ ഒന്നു പിഴച്ചു.

ഉത്തര ആനക്കൊമ്പിന്റെ നിറമുളള രോമകുപ്പായമഴിച്ചു. ചുവന്ന വീഞ്ഞ്‌ പരന്നൊഴുകുന്നത്‌ പോലെ സിൽക്ക്‌ സാരി. മുട്ടോളം നീളുന്ന അഴിച്ച്‌ വിടർത്തിയിട്ട തലമുടി. നെറ്റിയിൽ സിന്ദൂര വൃത്തം.

ഉത്തര കൊണ്ട്‌ വന്ന വലിയ കോണിങ്ങ്‌ വെയർ പാത്രം സൂസി തുറന്നു.

”പായസോ?“

”പാലട പ്രഥമൻ“ ഉത്തര വളരെ പിശുക്കി ചിരിച്ചു.

വിരുന്ന്‌ സൽക്കാരം കഴിയുമ്പോൾ ബാക്കി വരുന്ന പായസം താൻ കൊണ്ട്‌ പോകുമെന്നും അത്‌ ഫ്രിഡ്‌ജിൽ വെച്ച്‌ അൽപാല്പമായി കുടിച്ച്‌ തീർക്കുമെന്നും നിർമ്മൽ തീരുമാനിച്ചു.

നിർമ്മലിന്‌ ഉത്തരയോട്‌ അനുരാഗമാണ്‌. കാനനത്തിന്റെ നിഗൂഡ ഭംഗിയുളെളാരു പെണ്ണ്‌. താൻ വിതറിയിടുന്ന തമാശകളുടെ ഓളത്തിൽ മറ്റ്‌ പെണ്ണുങ്ങളെ പോലെ വീണുരുണ്ട്‌ ചിരിക്കാതെ.. ഒന്ന്‌ ശ്രദ്ധിക്കുകപോലും ചെയ്യാതെ ജനാലക്കൽ പുറത്തെ മഞ്ഞിലേക്ക്‌ നോക്കിയിരുന്ന്‌ മദ്യപിച്ചാൽ ഏത്‌ പുരുഷനും അസ്വസ്‌ഥത തോന്നും.

ആ അസ്വസ്‌ഥത അവിടെ കൂടിയിരിക്കുന്ന എല്ലാ പുരുഷൻമാർക്കും ഉണ്ട്‌. പക്ഷെ നിർമ്മൽ അതിനെ ”പ്ലാറ്റോണിക്‌ ലൗ“ എന്നൊക്കെ വിളിച്ച്‌ ഉദാത്തവത്‌കരിച്ച്‌ കളയും. ചെറുപ്പമല്ലേ!

ഉത്തരയുടെ ഒരു രാത്രി കട്ടെടുക്കാൻ ആരിഫ്‌ ആഗ്രഹിച്ചു. ഒരു വൺ നൈറ്റ്‌ സ്‌റ്റാൻഡ്‌ കൗതുകം!

”കാണാൻ സുന്ദരികളായ പെണ്ണുങ്ങൾ എന്താണെപ്പോഴും കറുത്തവരും കുറിയവരുമായ പണക്കാരെ ഭർത്താക്കൻമാരായി കണ്ടെത്തുന്നതെന്ന്‌ മാത്തച്ചായൻ സുരേഷ്‌ ബാബുവിന്റെ തോളിലേക്ക്‌ മറിഞ്ഞ്‌ വീണു കിടന്ന്‌ കൊണ്ട്‌ ചിന്തിച്ചു.

വസുമതിയുടെ പെൺകുട്ടികൾ റസിയയുടെ കുട്ടികളോട്‌ കൂടി ഒളിച്ച്‌ കളിക്കാൻ തുടങ്ങി.

നിർമ്മൽ സംഭാഷണങ്ങളിൽ നിന്നും ഉൾവലിഞ്ഞ്‌ ടെലിവിഷനിലെ “ഡോഗ്‌ വാക്കർ‘ സിനിമയിലേക്ക്‌ നോക്കിയിരുന്നു.

ഡോഗ്‌ വാക്കർ പട്ടികളെ സ്‌നേഹിച്ചു. അതിലേറെ സുന്ദരിയായ ടെലിവിഷൻ നടിയെ സ്‌നേഹിച്ചു. നടിയുടെ ഓമനയായ പട്ടികുട്ടിയെ നടക്കാൻ കൊണ്ട്‌ പോകാനാഗ്രഹിച്ചു. നടിക്കുമുണ്ടായിരുന്നു അരസികനും മണ്ടനുമായ ഒരു ബോയ്‌ഫ്രൻഡ്‌.

നിർമ്മലിന്റെ കണ്ണുകൾ അറിയാതെ ഉത്തരയിലേക്ക്‌ നീണ്ടു.

”ഐ കോട്‌ യൂ…“ ഒളിച്ചുകളിക്കിടയിൽ റസിയയുടെ മൂത്ത മകൻ വിളിച്ച്‌ കൂവി.

വസുമതി റസിയയോട്‌ റാംമോഹന്റെ അച്‌ഛനെക്കുറിച്ച്‌ തന്നെ പറഞ്ഞുകൊണ്ടിരുന്നു.

വസുമതിക്ക്‌ അച്‌ഛനില്ല. റാംമോഹന്റെ അച്‌ഛന്‌ മകളുമില്ല. അച്‌ഛൻ സിനിമാക്കമ്പക്കാരനാണ്‌. വീടിന്റെ തൊട്ടുളള പഴയ സിനിമാ തീയറ്ററിലേക്ക്‌ വസുമതി അച്‌ഛന്റെ കൈപിടിച്ച്‌ വെളളിയാഴ്‌ചകളിൽ മാറ്റിനി കാണാൻ പോകുമായിരുന്നു.

ഇപ്പോഴും വെളളിയാഴ്‌ചകളും മാറ്റിനികളുമുണ്ട്‌. അച്‌ഛൻ സിനിമാകോട്ടയിൽ നിന്നും പറന്നു വരുന്ന സംഭാഷണ ശകലങ്ങൾ പുതച്ച്‌ ഇറയത്തെ ചൂരൽ കസേരയിൽ ചുരുണ്ടിരിക്കുന്നു. വസുമതി ഉറക്കത്തിൽ നിന്നും തേങ്ങൽ തേട്ടിയുണരുന്നു.

ഉത്തര പാലക്കാട്ടെ തറവാട്ട്‌ വീട്ടിലുളള മകളെ കുറിച്ചോർത്തു.

”അമ്മ വരുമ്പോൾ കുറച്ച്‌ മഞ്ഞ്‌ കൊണ്ടുവരുമോ?“ എന്ന്‌ അവൾ ഫോണിൽ ചോദിച്ചിരുന്നു. സ്‌കൂളിലെ കൂട്ടുകാരികളെ കാണിക്കാനാണത്രെ.

”ഉത്തര ഇനിയെന്നാ നാട്ടിലേക്ക്‌?“ സൂസി ചോദിച്ചു.

കാടാറു മാസം നാടാറു മാസം എന്ന മട്ടിലാണ്‌ ഉത്തരയുടെ ജീവിതം.

ചിലപ്പോൾ ഉത്തര പാലക്കാട്ടെ വീട്ടിൽ അമ്മയോടൊപ്പം കർക്കിടകമഴയുടെ താളത്തിൽ രാമായണം വായിക്കുകയോ പാട വരമ്പത്തെ സന്ധ്യ ചുമപ്പിലൂടെ നടക്കുകയൊ മകളോടൊത്ത്‌ തൊടിയിലെ തൊട്ടാവാടികളെ തൊട്ട്‌ പിണക്കുകയോ ആയിരിക്കും.

മറ്റ്‌ ചിലപ്പോൾ കാനഡയിൽ മിസ്‌ മാർഗ്രെറ്റിന്റെ കീഴിൽ പിയാനോ അഭ്യസിക്കുകയോ, മഞ്ഞുകാലത്തിന്റെ ഏകാന്തസൗന്ദര്യം മുഴുവനും ഒരു വീഞ്ഞ്‌ ഗ്ലാസ്സിലാക്കി കുടിച്ച്‌ തീർക്കുകയോ, സുരേഷ്‌ബാബുവിനെ അമ്പരപ്പിക്കുന്ന തരം വാചകങ്ങൾ പറയുകയോ ആയിരിക്കും.

സുരേഷ്‌ബാബു-ഉത്തര ദമ്പതികളുടെ മകൾ പാലക്കാട്ടെ സ്‌കൂളിൽ പഠിക്കുകയാണെന്ന്‌ വസുമതി പറഞ്ഞ്‌ കേട്ടപ്പോൾ റാംമോഹന്‌ ആ ”വിഡ്‌ഢിത്തം“ സഹിക്കാൻ കഴിഞ്ഞില്ല.

”ഒക്കെ ഉത്തരയുടെ ഓരോ വാശികൾ“ എന്നാണ്‌ സുരേഷ്‌ബാബുവിന്‌ അതേക്കുറിച്ച്‌ പറയാനുളളത്‌.

ഇങ്ങനെ ഓരോരോ ശാഠ്യങ്ങൾ കാണിക്കുവാൻ വേണ്ടി മാത്രമാണോ ഉത്തര തന്റെ ഭാര്യയായത്‌ എന്നുപോലും സുരേഷ്‌ ബാബുവിന്‌ സംശയമുണ്ടായിരുന്നു.

ഇതേക്കുറിച്ച്‌ ഉത്തരയോട്‌ നേരിട്ടാരാഞ്ഞാലോ ”മുറ്റത്തെ മാവും പ്ലാവും പേരയും നെല്ലിയുമൊക്കെ കായ്‌ക്കണത്‌ പിന്നെ ആർക്കു വേണ്ടിയാണ്‌?“

”അമ്മമ്മേടെ മടിക്കുത്തിലെ മുത്തശ്ശിക്കഥകളൊക്കെ മറ്റാർക്ക്‌ വേണ്ടിയാണ്‌?“ എന്നൊക്കെ മറുചോദ്യങ്ങളെറിയും ഉത്തര.

”ശുദ്ധ ഭ്രാന്ത്‌“ സൂസി വസുമതിയുടെ ചെവി കടിച്ചു തിന്നും. ഉത്തര പറയുന്നതത്രയും കവിതയാണെന്ന്‌ നിർമ്മലിന്‌ മാത്രം തോന്നും.

മാത്തുക്കുട്ടി അക്ഷമനായി ഫോണെടുത്ത്‌ കറക്കിക്കൊണ്ടിരുന്നു.

നാട്ടിൽ നിന്നും വാങ്ങിയ പുതിയ സ്വർണ ചോക്കർ സൂസി പെണ്ണുങ്ങളെ കാണിച്ചു. വൈറ്റ്‌ ഗോൾഡിന്റെ ഒരു മാല താൻ വാങ്ങിയിട്ടുണ്ടെന്ന്‌ റസിയ പറഞ്ഞു.

”ചീഫ്‌ ഗസ്‌റ്റ്‌ വന്നില്ലല്ലൊ..“ മേഴ്‌സി വീണ്ടും അത്‌ തന്നെ ചിന്തിച്ചു.

വസുമതിയുടെ ഇളയ മകൾ ഒളിക്കാനുളള ഓട്ടത്തിൽ സൂസിയുടെ കുതിരപ്പുറത്തിരുന്ന ചെറുമകനെ തട്ടി മറിച്ചിട്ടു.

സൂസിയുടെ കൂട്ടിമുട്ടിയ പുരികങ്ങൾക്കു മുന്നിൽ പെൺകുട്ടി വെറുങ്ങലിച്ചു നിന്നു.

”ഇറ്റിസ്‌ ഓക്കെ“ എന്ന്‌ സൂസി മൊരുമൊരുത്ത ശബ്‌ദത്തിൽ പറഞ്ഞുവെങ്കിലും വസുമതിക്ക്‌ കരച്ചിൽ വന്നു.

മാത്തച്ചായന്‌ ഒടുവിൽ ചിത്രകാരിയെ ഫോണിൽ കിട്ടി.

”നമുക്ക്‌ തുടങ്ങാം. അവരെത്താൻ വൈകുമത്രെ“ മാത്തച്ചായൻ ഫോൺ ഡിസ്‌കണക്‌ട്‌ ചെയ്‌തു.

”ആരാ..“ വിശന്നു പൊരിഞ്ഞിരിക്കുന്ന ആരിഫ്‌ സന്തോഷത്തോടെ ചോദിച്ചു.

”ചിത്രകാരി. ഒരു ഫ്രെഞ്ച്‌ ലേഡി“.

”ചിത്രകാരിയോ“ മേഴ്‌സി ഹതാശയായി.

ഡോഗ്‌ വാക്കറിന്റെ കൈയ്യബദ്ധത്തിൽ നടിയുടെ ഓമന പട്ടി ചത്തു. നടിയുടെ സ്‌നേഹവലയത്തിൽ നിന്നും ഡോഗ്‌ വാക്കർ പരിപൂർണ്ണമായും ബഹിഷ്‌കൃതനായി. മണ്ടനായ ബോയ്‌ഫ്രെൻഡിനെ അടിച്ചൊതുക്കി നടിയെ സ്വന്തമാക്കുന്ന ഡോഗ്‌ വാക്കറെയാണ്‌ നിർമ്മൽ ആഗ്രഹിച്ചത്‌. നിർമ്മലിന്‌ അരിശം തോന്നി. അയാൾ എഴുന്നേറ്റ്‌ പ്ലേറ്റിലേക്ക്‌ ചോറും കറികളും വിളമ്പി അരിശത്തോടെ വാരിവലിച്ച്‌ തിന്നു.

”നിർമ്മലിന്റെ ഫിഷ്‌ ഫ്രൈ റിയലി ഗ്രേറ്റ്‌“ എന്ന്‌ മേഴ്‌സി പറഞ്ഞു.

കാബേജ്‌ തോരനിൽ ഉപ്പ്‌ കൂടിപ്പോയെന്ന്‌ എല്ലാവരും പറഞ്ഞു.

പോട്‌ലക്‌ സംഘം ഉത്തരയുടെ പാലട പ്രഥമൻ നൊട്ടി നുണച്ചിറക്കുമ്പോളാണ്‌ ചിത്രകാരി കയറി വന്നത്‌.

വിളറി വെളുത്ത്‌ കാറ്റ്‌ പോലൊരു ഫ്രെഞ്ചുകാരി.

മാത്തുക്കുട്ടി ആവേശത്തോടെ ചിത്രകാരിയെ അതിഥികൾക്ക്‌ പരിചയപ്പെടുത്തി. സൂസി ഭക്ഷണം കഴിക്കാൻ ക്ഷണിച്ചു.

പോകാൻ തിരക്കുണ്ടെന്നും ഒന്നും കഴിക്കുന്നില്ലെന്നും ചിത്രകാരി ക്ഷമാപണ സ്വരത്തിൽ പറഞ്ഞു.

എന്നാൽ അൽപം പായസമാകാമെന്ന്‌ റസിയ അഭിപ്രായപ്പെട്ടു.

പായസമെന്താണെന്ന്‌ ചിത്രകാരി ആശ്‌ചര്യത്തോടെ ആരാഞ്ഞു.

സുരേഷ്‌ സന്തോഷത്തോടെ പാലടപ്പായസത്തെ കുറിച്ച്‌ ലഘുവിവരണം നൽകി.

ചിത്രകലയെ കുറിച്ച്‌ കാണാതെ പഠിച്ച്‌ വെച്ച വലിയ വാചകങ്ങൾ എപ്പോഴാണ്‌ പ്രയോഗിക്കേണ്ടതെന്ന്‌ മാത്തുക്കുട്ടിക്ക്‌ വെപ്രാളമായി.

ചിത്രകാരി ഭംഗിയായി പൊതിഞ്ഞൊരു ചിത്രം ആതിഥേയന്‌ സമ്മാനിച്ചു.

മാത്തുക്കുട്ടിച്ചായൻ ചിത്രം അനാവരണം ചെയ്യുന്നത്‌ എല്ലാവരും ആകാംക്ഷയോടെ നോക്കിനിന്നു.

നരച്ച മെറൂൺ വരകൾ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കുന്നു. എല്ലാം കൂട്ടി വായിച്ചാൽ അതൊരു പെൺ ദേഹമായിരിക്കുമെന്ന്‌ നിർമ്മലിന്‌ തോന്നി. മറ്റാർക്കും ഒന്നും തോന്നുകയോ തിരിച്ചറിയുകയോ ചെയ്‌തില്ല. എങ്കിലും ചിത്രകാരിക്ക്‌ നേരെ അവർ ”വൗ! ഫാബുലസ്‌… ഗ്രേറ്റ്‌.. വണ്ടർഫുൾ“ എന്നിങ്ങനെയുളള പദങ്ങൾ യാതൊരു പിശുക്കും കൂടാതെ എറിഞ്ഞു കൊടുത്തു.

താൻ രക്തം കൊണ്ടാണ്‌ ചിത്രം വരക്കുന്നതെന്ന്‌ ചിത്രകാരി പറഞ്ഞു.

”രക്തം കൊണ്ടോ?“ പെണ്ണുങ്ങൾ അമ്പരന്നു.

രക്തം കൊണ്ട്‌ ചിത്രം വരയ്‌ക്കുക… ആത്മാവ്‌ കൊണ്ട്‌ കവിതയെഴുതുക.. ഇതൊക്കെ കലാകാരൻമാർ ഉപയോഗിക്കുന്ന ക്ലീഷേകളാണെന്ന്‌ സുരേഷ്‌ബാബു നിർമ്മലിനോട്‌ സ്വകാര്യം പറഞ്ഞു.

”അതെ, ആർത്തവരക്‌തം കൊണ്ടാണ്‌ ഈ ചിത്രം വരച്ചിരിക്കുന്നത്‌“. തടുക്കാനാകാത്ത കാറ്റിന്റെ ഇരമ്പൽ പോലെ ചിത്രകാരി പറഞ്ഞു.

പൊടുന്നനെ പ്രപഞ്ചമാകെയുളള മുഴുവൻ നിശ്ശബ്‌ദതയും മാത്തുക്കുട്ടി- സൂസിമാരുടെ അതിഥിമുറിയിലേക്ക്‌ ഓടിക്കയറി വന്ന്‌ തിങ്ങി വിങ്ങി നിന്നു.

മാത്തുക്കുട്ടിയുടെ കയ്യിലിരുന്ന്‌ ചിത്രം വിറച്ചു.

അത്‌ സോഫയിലേക്ക്‌ പിടഞ്ഞു വീണു.

ആണുങ്ങൾ ഭയന്ന കണ്ണുകൾ കൊണ്ട്‌ ഉണങ്ങി നരച്ച ചുമപ്പിന്റെ നിഗൂഡതയിലേക്ക്‌ ഒളിച്ച്‌ നോക്കി.

പെണ്ണുങ്ങൾ നടുറോഡിൽ വെച്ച്‌ തുണിയുരിക്കപ്പെട്ടത്‌ പോലെ ചുളുങ്ങി ചുരുണ്ട്‌ അവനവനിലേക്ക്‌ തന്നെ ഇടിച്ച്‌ കയറി ഒളിക്കാൻ നോക്കി.

അത്‌ വരെ ജനാലക്കൽ, മുഖത്ത്‌ നിസ്സംഗത പുരട്ടി വെച്ചിരുന്നിരുന്ന ഉത്തര, താത്‌പര്യത്തോടെ എഴുന്നേറ്റ്‌ വന്നു.

”ഇത്‌ ഒറിജിനൽ ആണോ?“

”അല്ല… ഫോട്ടോ കോപ്പി“ ചിത്രകാരി പറഞ്ഞു.

നിശ്ശബ്‌ദതക്കിളക്കം വന്നു. മുറുമുറുക്കലും കുശുകുശുക്കലും ”അയ്യേ“ ”ആവൂ“ വിളികളും ഉയർന്നു.

സൂസി ഒറ്റ നോട്ടം കൊണ്ട്‌ മാത്തുക്കുട്ടിച്ചായന്റെ രക്തം മുഴുവനും വലിച്ചെടുത്ത്‌ കളഞ്ഞു. ’എനിക്കറിയില്ലായിരുന്നു‘… ’എനിക്കറിയില്ലായിരുന്നു‘ എന്നിങ്ങനെ മാത്തുക്കുട്ടി രണ്ട്‌ മൂന്ന്‌ തവണ തളർച്ചയോടെ പുലമ്പി.

”എന്താണ്‌ നിങ്ങൾ ചായത്തിന്‌ പകരം ആർത്തവ രക്തം ഉപയോഗിക്കുന്നത്‌?“

ഉത്തര അന്വേഷിച്ചു.

”ഇതെനിക്ക്‌ വല്ലാത്ത സ്വാതന്ത്ര്യം തരുന്നു. കടയിൽ നിന്നും വാങ്ങുന്ന കൃത്രിമച്ചായക്കൂട്ടുകൾ പോലെയല്ല. ഇത്‌ പ്രകൃതിയാണ്‌. സൃഷ്‌ടിയാണ്‌. നിറമുളള കണ്ണീരാണ്‌.“ ചിത്രകാരി ആവേശം കൊണ്ടു.

”റെഡ്‌“ എന്ന പേരിൽ സ്വന്തം രക്തം കൊണ്ട്‌ ചിത്രം വരയ്‌ക്കുന്ന ചിത്രകാരികളുടെ കൂട്ടായ്‌മയിലേക്കു ഉത്തരയെ ക്ഷണിച്ച്‌ കൊണ്ട്‌ അവർ വിസിറ്റിങ്ങ്‌ കാർഡ്‌ നീട്ടി.

ഉത്തരയുടെ തുടുവിരൽത്തുമ്പുകൾ ഉണങ്ങി നരച്ച വരകളിലൂടെ ഒഴുകിയിറങ്ങി. ”ഈ ചിത്രം ഞാനെടുക്കട്ടെ മാത്തുക്കുട്ടിച്ചായാ…“

സുരേഷ്‌ബാബുവിന്‌ ദേഹമാസകലം തളർന്നു. നിർമ്മലിന്‌ ഇപ്പോൾ ശരിക്കും കരച്ചിൽ വന്നു. സൂസി വാഷ്‌റൂമിലേക്കോടി. കഴിഞ്ഞു പോന്ന പോട്‌ലക്കുകളും… വരാനിരിക്കുന്ന പോട്‌ലക്കുകളും സൂസിയുടെ കുടൽമാലകളിലൂടെ ഉരുണ്ട്‌ കയറി വായിലൂടെ പുറത്തേക്ക്‌ ചാടി.

Generated from archived content: story1_june12_08.html Author: maya_banaerji

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here