വേണ്ട നമുക്കിനി വേനലുകൾ

കാലമേറെ വേരു പാകി നിൽക്കുമെന്റെയോർമ്മയിൽ

നീലമേഘമാർദ്രമായ്‌ പൊഴിഞ്ഞ മഞ്ഞതുള്ളിയാൽ

വേനലിൻ മരങ്ങളിൽ തളിരുകൾ തഴയ്‌ക്കവേ

വാനിലും മനസ്സിലും തണലുകൾ പരക്കവേ

ഇല്ലിനി നടക്കുവാൻ, കളിച്ചലഞ്ഞ പാതകൾ

തെല്ലുമേ തരാതെ കാലമെന്നുമുണ്ടു പിന്നിലായ്‌

ആറ്റിറമ്പിലോമനിച്ച ചോലകൾ പൊലിഞ്ഞുപോയ്‌

കാറ്റിലെൻ കിനാവുകൾ തകർന്നുപോയ്‌ ചുരങ്ങളിൽ

പൂഴിയിൽ കുഴഞ്ഞു ഞാൻ മരിക്കവേ മനോഹരീ

ആഴികൾ കടന്നു നീ മിടുക്കിയായ്‌ ചിരിക്കയോ

ഓടയിൽ പുഴുക്കളായളിഞ്ഞു ഞാൻ നശിക്കവേ

മേടയിൽ നിലാവുമായ്‌ രമിക്കയാണു നീ സഖീ

ഇല്ലെനിക്കു സങ്കടം, ഇതെന്റെയുള്ളിൽ മാത്രമായ്‌

കല്ലുപോലുറഞ്ഞുപോയനന്തകാലചേതന,

എങ്കിലും പറയുവാൻ കഴിയുമൊ നിനക്കിനി,

ചങ്കിലെ പിടപ്പുനീയറിഞ്ഞതില്ലെന്നോമലേ

വേണ്ടിനി കണക്കുകൾ, കരുക്കളില്ല നീക്കുവാൻ

വേണ്ടുവോളമുള്ളതൊ, നിരർഥമാം നിനവുകൾ,

തെളിവിനായ്‌ നിരത്തുവാൻ വാനിലുണ്ടകാലമായ്‌

തെളിഞ്ഞ സ്വർണ്ണ താരകം മാത്രമെന്റെ രാത്രിയിൽ

വീണ്ടുമിന്നു വേനലിൽ, കൊന്നകൾ ചിരിക്കവേ,

ഇല്ലിയിൽ കുശുമ്പുമായ്‌ കാറ്റു സല്ലപിക്കവേ,

എന്തിനോ മരങ്ങളിൽ പക്ഷികൾ ചിലക്കവേ

വാകകൾ വഴികളിൽ പട്ടുമെത്ത തീർക്കവേ

കാലമായ്‌ നടന്നു ഞാൻ, വേനലിൽ ചിറകുകൾ

താളമായ്‌ പറന്നകന്ന നിന്റെയോർമ്മ മാത്രമായ്‌,

വേണ്ടെനിക്കു വേനലും, വിദൂര ചക്രവാളവും,

വിണ്ടുണങ്ങീ ചുണ്ടുകൾ അന്ത്യ ചുംബനം തരൂ.

Generated from archived content: poem3_may6_11.html Author: mathewskuriyakose

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here