“ഇന്നെന്തേ നീ വൈകിപ്പോയ്യി
മേലേടത്തെ മണിക്കുട്ടീ
ചോറു വേകാൻ താമസിച്ചോ
ആറു കടക്കാനന്തിച്ചോ?
”കാലേ കള്ളുകുടിക്കുന്നോർ
പാലും തേനും പറയണ്ടാ
പള്ളിക്കൂടം പോകുമ്പോൾ
കള്ളു കുടിക്കാൻ കൂടണ്ടാ“
”അങ്ങനെയങ്ങു പിണങ്ങ്യാലോ
മേലേടത്തെ മണിക്കുട്ടീ
എന്തായാലും ഷാപ്പുവരെ
കുഞ്ഞിപ്പെണ്ണിനു കൂട്ടുവരാം.“
”ഓതിപ്പാതി മയക്കണ്ട;
പൊതുവഴിയല്ലെ, നടന്നോളൂ,
വയസ്സൻമ്മാരുടെ കിന്നാരം
വയ്യാ കേൾക്കാൻ കുഞ്ഞയ്യാ“
”ഇന്നലെ ഞങ്ങൾ പോയല്ലോ!
മേലേടത്തെ മണിക്കുട്ടീ
അണ്ണാങ്കുന്നിൽ കുഞ്ഞിക്കുട്ടനു
പെണ്ണും കണ്ടു മടങ്ങീലോ“.
”കണ്ടിട്ടെങ്ങനെ പെൺകുട്ടി,
മരുമോളാകാൻ കൊള്ളാമോ?
കുട്ടനു കെട്ടാൻ പറ്റിയതാരും
നമ്മുടെ നാട്ടിൽ കുറവാന്നോ?“
”നമ്മുടെ നാട്ടിലുമുണ്ടല്ലൊ
മേലേടത്തെ മണിക്കുട്ടീ
ഒന്നേയുള്ളു തിരഞ്ഞിട്ടും
ചന്തക്കാരിപ്പെൺകുട്ടി“
”എന്നിട്ടെന്തേ കുന്നും കേറി
അണ്ണാങ്കുന്നിൽ പോയല്ലോ?
നമ്മുടെ നാട്ടിലെ സുന്ദരിയെ
കുഞ്ഞിക്കുട്ടനു പോരായൊ?“
”അയ്യോ! സുന്ദരിയാണേലും,
മേലേടത്തെ മണിക്കുട്ടീ,
കെട്ടാറായില്ലവളിന്നും,
പള്ളിക്കൂടം പോകുന്നോൾ“
”വേണ്ടാ വേണ്ടാ കുഞ്ഞയ്യാ,
മിണ്ടാതിനിയും കിന്നാരം
കൊണ്ടു നടക്കാതെത്തില്ല,
വീണ്ടും വൈകാതത്തറ്റം!“
Generated from archived content: poem1_dec28_09.html Author: mathewskuriyakose