ഒരു രാജ്യത്തിന്റെ സുരക്ഷയുടെ കാര്യം വരുമ്പോൾ സാധ്യമായ എല്ലാ ഭീഷണികളും പരിഗണിക്കേണ്ടതുണ്ട്. വളരെ നിസ്സാരമെന്നു തോന്നാവുന്ന സാധ്യതകൾ പോലും തള്ളിക്കളയരുത്. സ്വപ്നത്തിൽപ്പോലും ചിന്തിക്കാത്ത സംഭവങ്ങൾ ചുറ്റിലും അരങ്ങേറുമ്പോൾ കാടുകയറുന്ന ചിന്തകൾക്കു പോലും ഇടം കൊടുത്തേ പറ്റു. ഉല്ലാസയാത്രക്കു പോകുന്ന ലാഘവത്തോടെ അറബിക്കടലിലൂടെ ബോട്ടോടിച്ചുവന്ന് ഖസബും കൂട്ടരും ഇടിത്തീ പോലെ ഇന്ത്യയുടെ വാണിജ്യഹൃദയം കിടിലം കൊള്ളിച്ചതു മാത്രം മതി വിദൂരസാദ്ധ്യതകളെ എത്രമാത്രം ഗൗരവമായി കാണെണ്ടതാണെന്ന പാഠം പഠിപ്പിക്കാൻ. എന്താണ് നമ്മെ കൂടുതൽ ഭയപ്പെടുത്തിയത്. ആക്രമണത്തിന്റെ ഭീതിയോ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചുള്ള ആകുലതയോ?
ഭീകരവാദം ലോകത്തിന്റെ ഒന്നാമത്തെ ശത്രുവാണെന്ന് എല്ലാ ലോകനേതാക്കളും അംഗീകരിച്ചു കഴിഞ്ഞു. ഇനി അതു തുടച്ചു മാറ്റുകയേ വേണ്ടു. ബുഷിന്റെ ടിഷ്യൂ കൊണ്ടു തുടച്ചു മാറ്റാൻ നോക്കിയപ്പോൾ വ്രണമെല്ലാം ആകെ പൊട്ടിയൊലിച്ചു. ഒബാമയാകട്ടെ, എല്ലാം പ്രകൃതിചികിത്സയ്‌ക്ക് വിട്ടുകൊണ്ട് സ്ഥലം കാലിയാക്കുവാൻ തുടങ്ങി. ഇനി, പാകിസ്ഥാനിൽ സ്വൈരവിഹരം നടത്തുന്ന കുറെ താലിബാൻ-അൽഖ്വൈദ ഭീകരവാദികളെ അമേരിക്ക കൊടുത്ത കാശുപയോഗിച്ച് പാക്-പട്ടാളം പുകച്ചുചാടിക്കുമ്പോൾ അവർ വീണ്ടും അഫ്‌ഘാനിസ്ഥാനിൽ കയറിപ്പറ്റാതെ തോക്കുമായി മാളത്തിന്റെ മറുവശത്ത്‌കാവൽ നിൽക്കുക എന്നൊരു കർമ്മമേ അമേരിക്കയ്‌ക്ക് ബാക്കിയുള്ളുവത്രെ. തുരത്തുന്നവരേയും തുരത്തപ്പെടുന്നവരെയും വേർതിരിച്ചറിയാനാകാത്ത ഈ കാലത്ത് ആർ ആരെ തുരത്തുമെന്ന് കണ്ടറിയണം. ഇറാൻ ഷോയ്‌ക്ക് തത്‌കാലം സുല്ല്. മാന്ദ്യത്തിന്റെ വെടിയേറ്റ് ഒരു കാലിൽ പരുക്കേറ്റ അമേരിക്ക ചെറിയൊരു ശസ്ര്തക്രിയയും വിശ്രമവും തീർച്ചയായും അർഹിക്കുന്നു! പക്ഷേ സൂക്ഷിക്കണം. ശക്തി കുറഞ്ഞ് കിടപ്പിലാകുമ്പോഴാണ് ബുദ്ധി കൂടുതൽ പ്രവർത്തിക്കുക. പോരാഞ്ഞ് ശക്തിയേക്കാൾ ബുദ്ധിയിൽ വിശ്വസിക്കുന്ന ഭരണവും അമേരിക്കയിൽ നിലവിൽ വന്നിരിക്കുന്നു.
ഇറാഖിൽ ആളിപ്പടർന്ന നൃശംസതയുടെ നിഴലുകൾ അസ്തമയം പോലെ കിഴക്കോട്ടു നീളുകയാണ്. അഫ്‌ഖാനിസ്ഥാനും ഇറാനും താണ്ടി ആ നിഴലുകൾ പാകിസ്ഥാൻ വരെ എത്തിക്കഴിഞ്ഞു. കരിഞ്ഞ മാംസത്തിന്റെ മണം ഇന്ത്യയിലേക്കും വീശിത്തുടങ്ങി. പക്ഷേ ഇവിടെയെല്ലാരും അതൊന്നുമറിയാതെ എ സി മുറികളിൽ സേൻസെക്സ്‌സ്‌ക്രീനിൽ കണ്ണും നട്ടിരിക്കുന്നു. പ്രതിപക്ഷമാണെങ്കിൽ അമേരിക്കക്കെതിരെ ‘കമാ’ എന്നുപോലും വാ തുറക്കാത്തവർ. കമ്യൂണിസ്റ്റുകാരാണെങ്കിൽ പട്ടാപ്പകൽ റാന്തലുമായി സത്യം വിളിച്ചുപറയാൻ ജനങ്ങളെ അന്വേഷിച്ചു നടക്കുന്നു. എന്തു ചെയ്യാം!, ബംഗാളും കേരളവും വിട്ടാൽ, ഇന്നും ഒരു മുഖ്യമന്ത്രി മരിച്ചാൽ അറുപതുപേർ ജീവൻ പൊലിക്കുന്ന ഇന്ത്യയിലെ നിഷ്‌കളങ്കസമൂഹത്തിന് കമ്യൂണിസത്തിന്റെ ഭാഷ മനസിലാകാതെ പോകുന്നു.
ഭീകരരും കാലത്തിനൊപ്പം വേഷപ്പകർച്ചയിലാണ്. സമ്മേളനങ്ങളിലും ജാഥകളിലും അണികൾക്കു പകരം കൂലിക്കാർ നിറയുന്നതുപോലെ ഭീകരപ്രവർത്തനങ്ങളിൽ കുറ്റവാളികളുടെയും തീവ്രവാദികളുടെയും സ്ഥാനങ്ങളിൽ ഇന്ന് യുവാക്കളെ പരിശീലിപ്പിച്ചെടുത്തുകൊണ്ടിരിക്കുകയാണ്. ഭീകരപ്രവർത്തനങ്ങൾക്കായി റിക്രൂട്ട് ചെയ്യപ്പെടുന്നവർക്ക് അവരുടെ ജോലിക്കനുസരിച്ച്ന് ഇരുപതിനായിരം മുതൽ ലക്ഷം രൂപ വരെയാണത്രെ മാസശമ്പളം. അതിനുപുറമേ, ചാവേറുകൾക്കും കമാൻഡോകൾക്കും പ്രത്യേക ഓപ്പറേഷനുകൾക്കായി മുൻകൂർ അട്ടിപ്പേറും. എന്നത്തേക്കാളുമധികം യുവാക്കൾ ഇന്ന് ഭീകരപ്രസ്ഥാനങ്ങളിലേക്ക് ഇറങ്ങിത്തിരിക്കുന്നു. ഹനിക്കപ്പെട്ട ആത്മാഭിമാനവും, ഉറ്റവരെ കണ്മുൻപിൽ പീഡിപ്പിച്ചു കൊന്നവരോടുള്ള പ്രതികാരവും, മനുഷ്യത്വം തെരുവിൽ പിച്ചിചീന്തപ്പെടുമ്പോഴുണ്ടാകുന്ന ആത്മരോഷവും, തീവ്രചിന്താധാരകളിലൂടെ വഴിപിഴച്ചു പോകുന്ന അടക്കാനാവാത്ത ക്രിയാത്മകതയും, ദാരിദ്ര്യവും, തൊഴിലില്ലായ്മ സൃഷ്‌ടിക്കുന്ന നിരാശയുമൊക്കെ പീഡിപ്പിക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ യുവതലമുറയെ അപക്വമായ തീരുമാനങ്ങളിലെത്തിക്കുന്നു. അവരെ സമർത്ഥമായി മുതലാക്കുവാൻ അവസരം കാത്തിരിക്കുന്ന ആട്ടിൻതോലിട്ട ദ്രവ്യാഗ്രഹികളാണ് ചുറ്റിലും. പേരുപോലും വെളിപ്പെടുത്താതെ, പണം കൊടുത്താൽ എവിടെയും ഏതുതരം ബോംബും വയ്‌ക്കുന്നവരായി മാറിക്കൊണ്ടിരിക്കുകയാണ് ഇന്നത്തെ ഭീകരർ. മാന്ദ്യം അവസരമാക്കി ആരും സാമ്പത്തീക ശക്തികളായി വളരാതിരിക്കാനും, സ്വതന്ത്രരാജ്യങ്ങളെ സ്വന്തം ചേരിയിൽ കൊണ്ടുവരാനുമായി പേരുപോലും വെളിപ്പെടുത്താതെ ആരു പണം കൊടുത്താലും അവർ എവിടെയും, വേണമെങ്കിൽ മുംബൈയിലും ബോംബു വയ്‌ക്കും. ഇതിനർഥം അൽ-ഖ്വൈദ പോലുള്ള ഭീകരർ നിലവിലില്ലെന്നല്ല; മറിച്ച്, നിലവിലുള്ള ഭീകരപ്രസ്ഥാനങ്ങളുടെ അകത്തും പുറത്തും വലിയൊരു വിഭാഗം എന്നത്തേക്കാളും ‘പ്രോഫഷണൽ’ ആയി മാറിക്കൊണ്ടിരിക്കുകയാണ് എന്നു മാത്രമാണ്. പണത്തിനു വേണ്ടി ജീവിക്കാൻ വേണ്ടി.
ഈ സാഹചര്യത്തിലാണ് മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യയുടെ നയങ്ങളെ നോക്കി കാണേണ്ടത്. സി.ടി.ബി.ടി യും എൻ.പി.ടി യും എതിർത്ത നമ്മുടെ രാജ്യം, തത്വത്തിലും ഫലത്തിലും സമാനമായതും പരോക്ഷമായി അമേരിക്കയോടു വിധേയത്ത്വം പുലർത്തുന്നതുമായ 1.2.3 കരാർ ഒപ്പിട്ടതും മാറിയ ഇറാൻ നിലപാടും നമ്മുടെ വിദേശനയംമാറ്റത്തിന്റെ വ്യക്തമായ നാഴികക്കല്ലുകളാണ്. ചേരിചേരാ നയങ്ങളിൽ അഭിമാനം കൊണ്ടിരുന്ന കാലം നമുക്കു പഴങ്കഥയായിക്കൊണ്ടിരിക്കുകയാണ്. അതോടൊപ്പംതന്നെ ചേരിചേരാരാജ്യങ്ങൾ ആഗോള സംതുലിതാവസ്ഥയ്‌ക്കു കൊടുത്തിരുന്ന താങ്ങും ദ്രവിക്കുകയാണ്. അതിന്റെ പിൻതുടർച്ചയായി കണേണ്ട മറ്റൊരു കാര്യമാണ് ഇപ്പോൾ അരങ്ങേറുന്നത്. “ഈയിടെ വന്ന അമേരിക്കൻ റിപ്പോർട്ട് ശരിയാണെങ്കിൽ ‘ഇന്ത്യ ആദ്യം ആണവായുധം ഉപയോഗിക്കില്ല’ എന്ന നയം പുന;പരിശോധിക്കേണ്ടി വരും” എന്നു ഇന്ത്യയുടെ കരസേനാമേധാവി പറയുമ്പോൾ ഇന്ത്യയിലേയും പാകിസ്താനിലേയും സമാധാന സ്നേഹികളായ സാധാരണക്കാരന്റെ ചിന്തകൾക്കു തീ പിടിക്കുന്നു. എന്തിനാണിപ്പോൾ തൊണ്ണൂറോളം ആണവായുധങ്ങൾ പാക്കിസ്ഥാന്റെ കയ്യിലുണ്ട് എന്ന് അമേരിക്കക്കാരൻ വിളിച്ചുകൂകുന്നത്? ഇതു ശരിയാണോ? ആർക്കുവേണ്ടിയാണീ അമേരിക്കൻ ശാസ്ര്തജ്ഞന്മാർ റിപ്പോർട്ടിറക്കുന്നത്? ആയുധങ്ങൾ ഉണ്ടെന്നു പറഞ്ഞ് ഇറാഖിനെ തച്ചുടച്ച അമേരിക്കയ്‌ക്ക് ആയുധത്തിന്റെ പൊടി പോലും അവിടെ കണ്ടെത്താൻ കഴിഞ്ഞില്ലല്ലോ. പിന്നെ എങ്ങനെ പാകിസ്ഥാനിൽ ഇത്രയധികം ആണവായുധങ്ങളുണ്ടെന്ന പ്രചാരണം അമേരിക്കയുടെ കാര്യസാദ്ധ്യത്തിനുള്ള തന്ത്രമല്ല എന്നുറപ്പിക്കാം? അങ്ങനെ നീളുന്നു സംശയങ്ങൾ… ഇനി ആദ്യം പറഞ്ഞ വിദൂരസാധ്യതകളിലേക്കു പോകാം; കാടുകയറാം, വെറുതെ. മുഖവിലയ്‌ക്കുപോലുമെടുക്കേണ്ടതില്ല. മോഹൻലാൽ ഏതോ സിനിമയിൽ പറഞ്ഞതു പോലെ, “ചുമ്മാ!”. കഴിഞ്ഞ കുറച്ചു നാളുകളായി കലങ്ങി മറിഞ്ഞുകിടക്കുന്ന പാക്കിസ്ഥാനിൽ പ്രോഫഷണൽ ഭീകരർ നന്നായി മീൻ പിടിച്ചുകൊണ്ടിരിക്കുകയാണ്. ഒരു വെടിക്കുള്ള ആണവായുധം അവരുടെ കയ്യിൽ എത്തിച്ചേർന്നിട്ടുണ്ടെങ്കിൽ അത്ഭുതപ്പെടാനില്ല. അതുവച്ച് സി ഐ എ യുമായി അവർ വിലപേശി എന്നു കരുതുക. ആഹാ, ഇതുതന്നെ അവസരം! ആദ്യം ആണവായുധം ഉപയോഗിക്കില്ല എന്ന ഇന്ത്യയുടെയും, ആണവശക്‌തിയുള്ള രാജ്യത്തിന്റെ ആക്രമണമില്ലാതെ ആദ്യം ആണവായുധമുപയോഗിക്കില്ല എന്ന പാക്കിസ്ഥാന്റെയും തീരുമാനത്തിനിടയിൽ ഒരെണ്ണമങ്ങു പൊട്ടിച്ചു കൊടുത്താൽ ഒരു കളി കളിക്കാം. ഇന്ത്യയിൽ പൊട്ടിക്കുക അത്ര എളുപ്പമല്ല; പ്രൊഫഷണൽ ഭീകരർ കൂടുതൽ വിലപേശും. പാകിസ്ഥാനിലെ ഏതെങ്കിലും ആളൊഴിഞ്ഞ സ്ഥലത്താകും സൗകര്യം. പക്ഷേ അങ്ങനെ പൊട്ടിച്ചാലും ലോകരാജ്യങ്ങളെയും പാകിസ്ഥാൻ ഭരണകൂടത്തെയും എങ്ങനെ തെറ്റിധരിപ്പിക്കും അത് ഇന്ത്യയാണ് ചെയ്തതെന്ന്? അതിനു മുന്നോടിയായി ഇന്ത്യ “ആദ്യം ആണവായുധം ഉപയോഗിക്കില്ല” എന്ന തീരുമാനത്തിൽ നിന്നും പിൻമാറിയെന്നു പറയിക്കണം. അതിനായി ഇന്ത്യയെ പ്രേരിപ്പിക്കത്തക്ക വിധത്തിൽ ഇറക്കിയതായിക്കൂടെ മുകളിൽപ്പറഞ്ഞ അമേരിക്കയുടെ റിപ്പോർട്ട്? ഒറ്റയടിക്കു പാക്കിസ്ഥാൻ ശക്തമായ ആണവാക്രമണം നടത്തിയാൽ തിരിച്ചാക്രമിക്കാൻ ഇന്ത്യക്കവസരമുണ്ടാകില്ല – അതായത് ഇന്ത്യയിലാരും ബാക്കി കാണില്ല – എന്നാണു അമേരിക്കൻ സായിപ്പ് നമുക്കു പറഞ്ഞുതരുന്നത്! ഇതുകൊണ്ടേറ്റില്ലെങ്കിൽ വേണ്ടി വന്നാൽ കുറച്ചു കഴിഞ്ഞ് ഒരു ഇന്റലിജൻസ് റിപ്പോർട്ടും കൂടി അമേരിക്ക ഇറക്കിയെന്നു വരും; “പാകിസ്ഥാൻ ഇന്ത്യക്കെതിരേ ആണവായുധങ്ങൾ പ്രയോഗിക്കാൻ തയ്യാറെടുക്കുന്നതായി സംശയിക്കുന്നുവെന്ന് അമേരിക്കൻ ബഹിരാകാശ ശാസ്‌ത്രജ്ഞന്മാർ വെളിപ്പെടുത്തി”. കൊള്ളാം, ഇത്രയുമായാൽ ഇന്ത്യ താനേ വഴിക്കു വരും. അമേരിക്ക എന്തുപറഞ്ഞാലും വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യുന്നത്ര പ്രണയാതുരയായി നിൽക്കുകയാണല്ലോ കോൺഗ്രസ് ഭരണകൂടം… കാടുകയറ്റം അവസാനിപ്പിക്കാം; ശേഷം വെള്ളിത്തിരയിൽ!
ഇനി യാഥാർത്ഥ്യത്തിലേക്കു മടങ്ങി വരാം. ഇപ്പോൾ ഇന്ത്യ ചെയ്യേണ്ടത് എന്താണ്? ആദ്യം സേൻസെക്സിൽ നിന്നു കണ്ണെടുക്കണം. എന്നിട്ട് ഉത്തരവാദിത്വപ്പെട്ട, പാകിസ്ഥാനും കൂടി അൽപ്പം വിശ്വാസമുള്ള, പാകിസ്ഥാനിലെ ഭാഷ നന്നായി സംസാരിക്കാൻ അറിയാവുന്ന ഒരാളെ അങ്ങോട്ടുവിടണം. വിഭജനത്തിന്റെ പിന്നിലും കഴിഞ്ഞ ആറേഴു പതിറ്റാണ്ടുകളായി ഇന്ത്യയേയും പാകിസ്ഥാനെയും ഭിന്നിച്ചുനിർത്തിയതിന്റെ പിന്നിലും വെള്ളക്കാരന്റെ കുബുദ്ധിയാണെന്ന ചരിത്രം വായിച്ചെടുത്തിട്ടുള്ള ഒരാളായിരിക്കണം അത്. എന്നിട്ട്, രണ്ടു രാജ്യങ്ങളും പരസ്‌പ്പരം ആണവായുധം പ്രയോഗിക്കില്ലെന്നും, ഇന്ത്യയും പാകിസ്ഥാനും ഒരുമിച്ചു നിന്നാൽ നാം ലോകത്തെ ‘സൂപ്പർ പവർ“ ആണെന്നു തിരിച്ചറിയുന്നുവെന്നും, അതു തിരിച്ചറിഞ്ഞ ഇതര കക്ഷികൾ നമ്മെ ഭിന്നിപ്പിക്കാൻ നടത്തുന്ന എല്ല ശ്രമങ്ങളും പരാജയപ്പെടുത്തുമെന്നും ഒരു ധാരണ ഉണ്ടാക്കണം. ആ ദൗത്യം ഏറ്റെടുക്കാൻ പറ്റിയ പലരും ഇന്ത്യയിലുണ്ട്; കോൺഗ്രസിൽ ഒരുപക്ഷേ കുറവാണെങ്കിലും. ഉദാഹരണത്തിന്, ബി ജെ പി യിൽ നിന്നും പുറത്താക്കപ്പെട്ട ശ്രീ. ജസ്വന്ത് സിങ്ങിന് , ഒരു സ്ഥാനമാനങ്ങളുമില്ലാത്ത ഈ അവസ്ഥയിൽപ്പോലും അതിനു കഴിഞ്ഞേക്കും. എന്നിട്ട് സായിപ്പിനോട് നിവർന്നുനിന്നു പറയണം, ”എന്റെ പൊന്നു സായിപ്പേ, ഒരു സുപ്രഭാതത്തിൽ പാകിസ്ഥാൻ ഞങ്ങളെ മൊത്തത്തിലങ്ങു ചുട്ടുകരിച്ചാൽ ഞങ്ങളതങ്ങു സഹിച്ചു. പാകിസ്ഥാനിലെ സാധാരണ ജനങ്ങൾ മരിച്ചാലും ഇന്ത്യയിലെ സാധാരണ ജനങ്ങൾ മരിച്ചാലും ഞങ്ങൾക്കൊരുപോലെയാണ്. കാരണം, ഒരുദരത്തിൽ നിന്നും പിറന്നവരാണ് ഞങ്ങൾ“ എന്ന്. അതിനു കേവലം ബുദ്ധി മതിയാകില്ല; സായിപ്പിനെ കാണുമ്പോൾ വളയാത്ത നട്ടെല്ലും, വലിയൊരു ഹൃദയവും വേണം. ചാച്ചാജിയോടും സർദാർ പട്ടേൽജിയോടും ”ജിന്ന പ്രധാന മന്ത്രിയാകട്ടെ, നമുക്ക് ഇന്ത്യയെ കീറിമുറിക്കാതിരിക്കാം“ എന്നു പറയുവാൻ പോന്നത്ര വലിപ്പമുള്ള ഒരു ഹൃദയം!
Generated from archived content: essay1_sep23_09.html Author: mathewskuriyakose