ധ്രുവാന്തരങ്ങൾ

ജീവിതത്തിന്റെ പൊരുൾ തേടി നാം അലഞ്ഞുകൊണ്ടേയിരിക്കുന്നു. നിരന്തരം അതാണോ സത്യം? ഇതാണോ സത്യം? ഇതാണോ ശരി? ഈ അന്വേഷണങ്ങൾക്കിടയിൽ ക്ഷമ കെട്ട്‌ പലപ്പോഴും നമ്മൾ തളർന്നുപോകുന്നു. നിലവിലുള്ളതോ തത്‌കാലം കയ്യിൽ കിട്ടിയതോ, ആയ അർദ്ധസത്യങ്ങളുമായി അറിയാതെ പൊരുത്തപ്പെട്ടുപോകുന്നു. ഗതി വിട്ട്‌, ഓരോ ധ്രുവങ്ങളിൽ വീണുപോകുന്നു. അതേ, ധ്രുവങ്ങൾ, വാസയോഗ്യമല്ലത്ത തണുത്തുറഞ്ഞ ധ്രുവങ്ങൾ. ഒന്നിലും തളർന്നു വീഴരുത്‌. അതുമല്ല ശരി; ഇതുമല്ല ശരി. “നേതി നേതി”! സത്യം കണ്ടെത്തും വരെ യാത്ര തുടരണം. “നിങ്ങൾ സത്യം കണ്ടെത്തും ആ സത്യം നിങ്ങളെ സ്വതന്ത്രരാകും.”

ചിലർ പറയുന്നു ആയുർവേദമാണു ശരിയെന്ന്‌ ചിലരാകട്ടെ ഇംഗ്ലീഷ്‌ മരുന്നുകളാണെന്നും. മറ്റു ചിലർ ഹോമിയോ എന്നും യുനാനിയെന്നും രേഖിയെന്നും. ഇതെല്ലാം ചികിൽസയുടെ ധ്രുവങ്ങളാണ്‌. അപകടങ്ങളും, പെട്ടെന്നുള്ള അസുഖങ്ങളും വരുമ്പോൾ നമ്മൾ പൊതുവെ ഇംഗ്ലീഷ്‌ ചികിത്സയെ ആശ്രയിക്കുന്നു. എന്നാലോ അസ്‌തമ വിട്ടു മാറാത്ത ജലദോഷം, വാതം തുടങ്ങിയ രോഗങ്ങൾക്ക്‌ ആയുർവേദചികിൽസയാണത്രെ അഭികാമ്യം. കുട്ടികൾക്ക്‌ ഹോമിയോ വളരെ ഫലപ്രദമാണെന്നും കേൾക്കുന്നു. എല്ലാം നല്ലതു തന്നെ. ശരിയായതു തിരഞ്ഞെടുക്കലാണു പ്രധാനം. ഏതെങ്കിലും ഒന്നാണു ശരി എന്നു ശഠിക്കുമ്പോൾ നാം ധ്രുവീകരിക്കപ്പെടുന്നു. സത്യം നമുക്കു നഷ്‌ടമാകുന്നു.

കമ്മ്യൂണിസം മനുഷ്യന്റെ സാമൂഹ്യപ്രശ്‌നങ്ങളുടെ പരിഹാരമാണെന്നു ആത്‌മാർതഥമായി വിശ്വസിക്കുന്ന അനേകം മനുഷ്യരുണ്ട്‌. ഫ്യൂഡലിസവും കടുത്ത സാമ്പത്തിക അസന്തുലിതാവസ്‌ഥയും സൃഷ്‌ടിക്കുന്ന സാമൂഹ്യ ഉച്ചനീചത്വങ്ങൾ സമീകരിക്കുവാൻ കമ്യൂണിസം അതുല്യമായൊരു സംവിധാനമെന്ന നിലയിൽ ഇന്നും പ്രസക്തമാണ്‌. പക്ഷെ ഒരു ദശാബ്‌ദം താണ്ടുമ്പൊഴേക്കും ഉരുക്കുമുഷ്‌ടികളിലോ ആലസ്യത്തിലോ പെട്ട്‌ കമ്മ്യൂണിസം മുരടിച്ചുപോകുന്നു. വേറെ ചിലർ ക്യാപ്പറ്റലിസമാണു സർവസുഖദായകമായ സ്വർഗരാജ്യമെന്നു വിശ്വസിക്കുന്നു. ഉത്സാഹികളും കഠിനധ്വാനം ചെയ്യുന്നവരും കൂടുതൽ പ്രതിഫലവും ഉയർച്ചയും അർഹിക്കുന്നു എന്നതാണ്‌. ക്യാപറ്റിലസത്തിന്റെ തത്വശാസ്‌ത്രം അതു തികച്ചും ശരിയാണുതാനും. പക്ഷെ ചുരുങ്ങിയ കാലം കൊണ്ട്‌ നിയന്ത്രണമില്ലാത്ത ഈ വ്യവസ്‌ഥ ദുരാഗ്രഹികളുടെയും ചൂഷകരുടെയും കൈപ്പിടിയിലമരുന്നു. എല്ലാവരെയും ഈ വ്യവസ്‌ഥ അത്യാഗ്രഹികളാക്കി തീർക്കുന്നു. മാനുഷിക മൂല്യങ്ങളും സമാധാനവും സമൂഹത്തിന്‌ അന്യമാകുന്നു. തലമുറകൾക്ക്‌ അവകാശപ്പെട്ട പ്രകൃതി സമ്പത്തിനെ ക്യാപ്പറ്റലിസം ആർത്തിയോടെ തിന്നൊടുക്കുന്നു. ഭൂമിയും ജലവും വായുവും അശുദ്ധമാക്കുന്നു. ആഗോള താപനം വിളിച്ചുവരുത്തുന്നു. മഞ്ഞുപാളികളെ ഉരുക്കി ഭൂമിയെ വെള്ളത്തിലാഴ്‌ത്തുന്നു. കർഷകരെയും തൊഴിലാളികളെയും അധകൃതരാക്കുന്നു. വിദ്യാഭ്യാസവും ചികിൽസയും നിത്യോപയോക സാധനങ്ങളും ഭൂരിഭാഗം വരുന്ന അടിസ്‌ഥാനമനുഷ്യന്‌ അപ്രാപ്യമാക്കുന്നു. ഇന്ന്‌ ഭൂമിയിലും 35% ഇന്ധനവും ചിലവഴിച്ചിട്ടും പോരാതെ നിരന്തരം ലോകത്തെ ഊർജ്ജമേഖലകൾ ചൂഷണം ചെയ്യാനുള്ള കുതന്ത്രങ്ങൾ പടച്ചുകൊണ്ടിരിക്കുന്ന ആ ഗോളജനസഖ്യയുടെ കേവലം 7 ശതമാനം വരുന്ന സ്വാർത്ഥ സമൂഹമായി അധഃപതിച്ചുകഴിഞ്ഞിരിക്കുകയാണ്‌ ക്യാപ്പറ്റലിസ്‌റ്റുകൾ. ക്രമേണ തകർച്ചയുടെ വക്കിലും ഏതാണു ശരി? ഏതെങ്കിലും ഒന്നാണു ശരി? എന്നു കരുതി സ്വയം പച്ചകുത്തിയാൽ നാം ധ്രുവീകരിക്കപ്പെട്ടുപോകുന്നു. സത്യം ധ്രുവങ്ങൾക്കിടയിൽ കൈവിട്ടുപോകുന്നു. സാഹചര്യങ്ങൾക്കനുകൂലമായി വേണ്ടതിനെ സ്വീകരിക്കുകയും വേണ്ടാത്തതിനെ തിരസ്‌കരിക്കുകയും ചെയ്യുന്ന നൈര്യന്തര്യമാണ്‌ നാം ആർജ്ജിക്കേണ്ടത്‌. കൃഷി ചെയ്‌തും. ജോലി ചെയ്‌തും ജീവിക്കാനുള്ള സ്വാതന്ത്ര്യവും സുരക്ഷിതത്വവുമായിരിക്കണം നമ്മുടെ ലക്ഷ്യം. കൂടാതെ, പിറന്നുവീഴുന്ന ഓരോ കുഞ്ഞിനും ഭക്ഷണവും വിദ്യാഭ്യാസവും വൈദ്യസംരക്ഷയും ഭാവിയിൽ തൊഴിലവസരവും ലഭിക്കുന്നു എന്നുറപ്പുവരുത്തലും.!

കുഞ്ഞുങ്ങളാണ്‌ നാളെകളെ രൂപപ്പെടുത്തുന്നത്‌. അവരെ എന്തു പഠിപ്പിക്കണം എങ്ങനെ പഠിപ്പിക്കണം എന്നതു നമ്മുടെ ഉത്തരവാദിത്വമാണ്‌. ചിലർ പറയുന്നു നാളത്തെ കുട്ടികൾ അന്താരാഷ്‌ട്രനിലവാരത്തിൽ ജോലിചെയ്യേണ്ടവരും ജീവിക്കേണ്ടവരുമാണ്‌. അവരെ എല്ലാം ഇംഗ്ലീഷിലാണു പഠിപ്പിക്കേണ്ടതെന്ന്‌ ചിലരാകട്ടെ തലമുറകളായി പിൻതുടരുന്ന മാതൃഭാഷയിലാണു പഠിപ്പിക്കേണ്ടതെന്ന്‌. എഞ്ചിനീറിങ്ങും മെഡിസിനും, മറ്റു നൂതന വിഷയങ്ങളും മലയാളത്തിൽ പഠിപ്പിക്കുക അസാധ്യമാണ്‌. അതേ സമയം നമ്മുടെ സംസ്‌കാരത്തിന്റെ തന്നെ അടിത്തറയായ ചരിത്രവും ജീവിതരീതികളും മൂല്യബോധവും കഥകളും കവിതകളും പഠിപ്പിക്കാൻ ഇംഗ്ലീഷ്‌ അനുയോജ്യമല്ലതാനും. എവിടെയാണൊരു പരിഹാരം? ഭാഷകളുടെ സംതുലിതാവസ്‌തഥയാണ്‌ നമുക്കാവശ്യം. രണ്ടോ മൂന്നോ ഭാഷകൾ നന്നായി പഠിക്കുവാൻ അനായാസമായി കുട്ടികൾക്കു സാധിക്കും. മാത്രമല്ല അത്‌ അവർക്കു കൂടുതൽ ഉൾക്കാഴ്‌ചയും വിശാലമായ ജീവിതവീക്ഷണവും സ്വായത്തമാക്കുവാൻ സഹായകമാകുന്നു. അതുകൊണ്ട്‌ ഓരോ വിഷയങ്ങളും അനുയോജ്യമായ ഭാഷയിൽ പഠിക്കുന്നതാണ്‌ നല്ലത്‌. സംസാരഭാഷയാണ്‌ മറ്റൊരു പ്രശ്‌നം. കാമ്പസുകളിൽ മാതൃഭാഷ നിരോധിക്കൽ ഒരു സാംക്രമിക രോഗമായി ഇന്നു പടർന്നു പിടിച്ചുകൊണ്ടിരിക്കുകയാണ്‌. ഇതു തികച്ചും അപഹാസ്യമാണെന്നു മാത്രമല്ല, ഒരു പക്ഷെ ഭരണഘടനാ വിരുദ്ധവുമാണ്‌. സ്വതന്ത്രമായി ആശയവിനിമയം ചെയ്യാനും അവരുടെ ലോകത്തെ കൗതുകങ്ങൾ പങ്കുവയ്‌ക്കാനുമുള്ള കുട്ടികളുടെ സ്വാതന്ത്ര്യമാണ്‌ ഇവിടെ നിഷേധിക്കപ്പെടുന്നത്‌. എന്തിനാണിത്ര വാശി? കുട്ടികൾ ഉച്ചവരെ മലയാളവും ഉച്ചകഴിഞ്ഞു ഇംഗ്ലീഷും സംസാരിക്കട്ടെ. അല്ലെങ്കിൽ വേണ്ട, ആഴ്‌ചയിൽ മൂന്നു ദിവസം ഇംഗ്ലീഷും, ഒരു ദിവസം മലയാളവും, ഒരു ദിവസം അവർക്കിഷ്‌ടമുള്ള ഭാഷയും സംസാരിക്കട്ടെ. ഒരു കേന്ദ്രീകൃത മാർഗരേഖ നടപ്പിലാക്കിയാൽ നമുക്ക്‌ ഇംഗ്ലീഷ്‌ മീഡിയം മലയാളം മീഡിയം തുടങ്ങിയ തരംതിരിവുകൾ സമൂഹത്തിൽ നിന്നും ഉന്മൂലനം ചെയ്യാം. സ്‌കൂൾ ബാഗിന്റെ ഭാരമാണ്‌ എത്രയും വേഗം പരിഹരിക്കേണ്ട മറ്റൊരു പ്രശ്‌നം. കുട്ടികൾക്ക്‌ രണ്ട്‌ സെറ്റ്‌ പുസ്‌തകങ്ങൾ കൊടുക്കുകയും ഒരു സെറ്റ്‌ സ്‌കൂളിൽ തന്നെ സൂക്ഷിക്കുകയും ചെയ്‌താൽ, ഈ പ്രശ്‌നം പരിഹരിക്കാം

മനുഷ്യരക്‌തത്തിൽ ഏറ്റവും രൂഢമൂലമായി സമൂഹത്തെ അത്യന്തം ധ്രുവീകരിക്കുന്ന വെല്ലുവിളിയായി വളർന്നുകൊണ്ടിരിക്കുകയാണ്‌. വീണ്ടും മതതീവ്രതകൾ. ചരിത്രത്തിൽ എന്നും നിലനിന്നിരുന്ന പ്രതിഭാസം തന്നെയാണെങ്കിലും ആധുനിക സമൂഹത്തിൽ ഇതൊരു വിരോധാഭാസമാണ്‌. ആത്മീയതയെ വർഗ്ഗീയതയും മതാചാരങ്ങളുമായി തെറ്റിധരിക്കുന്ന ഒരു സമൂഹമാണ്‌ ഇന്നു വളർന്നു വരുന്നത്‌. ഇതിനു കാരണക്കാരാകട്ടെ കുറെയൊക്കെ നേതാക്കളും മഹത്തായ ഉപനിഷദ്‌ സംസ്‌കാരത്തെ ചാതുർവർണ്ണ്യത്തിന്റെ ചേരികളിലെത്തിച്ചവരുടെ പുതിയ അവതാരങ്ങൾ ക്രിസ്‌തുവിനെ ക്രൂശിക്കാനേൽപ്പിച്ച അതേ വർഗ്ഗത്തിൽപ്പെട്ടവർ. “ഒരുതവണ നിങ്ങളുടെ മതത്തിൽ ചേർക്കാൻ നിങ്ങൾ കടലും കരയും ചുറ്റിസഞ്ചരിക്കുന്നു. ചേർന്നുകഴിയുമ്പോൾ നിങ്ങൾ അവനെ നിങ്ങളുടെ ഇരട്ടി നരകസന്തതിയാക്കിതീർക്കുന്നു.” എന്നു ക്രിസ്‌തുവിനാൽ ആക്ഷേപിക്കപ്പെട്ടവർ. നടന്നതെല്ലാം നടക്കേണ്ടിയിരുന്നതുതന്നെ ആയിരിക്കാം. മറ്റു കാരണങ്ങളൊന്നുമില്ലെങ്കിൽ ജനിച്ചതും ശീലിച്ചതുമായിരിക്കട്ടെ നമ്മുടെ മതം. പഠിക്കുന്ന സ്‌കൂൾപോലെ. ഏതെങ്കിലും സ്‌കൂളിൽ ചേർന്നാലല്ലേ പഠിക്കാൻ പറ്റു. എവിടെ പഠിച്ചാലും, യൂണിഫോം ഏതായാലും പഠിക്കുന്നതെല്ലാം ഒന്നുതന്നെ. മതഭേദമില്ലാതെ എക്കാലവും ആത്മീയത മനുഷ്യന്റെ അടിസ്‌ഥാന സ്വഭാവമാണ്‌. സാഹചര്യങ്ങളെ അതിജീവിച്ച്‌ അത്‌ നിലനിൽക്കുന്നു. ആത്മീയത വെടിയുന്ന മനുഷ്യർ കേവലം ബുദ്ധിയുള്ള മൃഗങ്ങളായി ജീവിച്ചു മരിക്കുന്നു. ആത്മീയതയോ മനുഷ്യനെ ജീവിതസാഫല്യത്തിലെത്തിക്കുന്നു. എന്നാൽ സ്വാർത്ഥമതികളായ മതനേതാക്കള ആത്മീയതയെ ആചാരാനുഷ്‌ഠാനങ്ങളുടെ യൂണിഫോമുകൾ ധരിപ്പിക്കുന്നു. ഈ ബാഹ്യവൈവിദ്ധ്യങ്ങൾ ഊതിപ്പെരുപ്പിച്ച്‌ മനുഷ്യരെ തമ്മിലടിപ്പിക്കുന്നു. ധ്രുവീകരിക്കുന്നു. ഒരുകൂട്ടർ പഠിപ്പിക്കുന്നു ഈശ്വരൻ സ്വർഗ്ഗത്തിലാണെന്ന്‌. ഒരു കൂട്ടർ പറയുന്നു സ്വർഗ്ഗം ഇവിടെയാണെന്ന്‌. ഒരു കൂട്ടർ പറയുന്നു ഈശ്വരനു രൂപമില്ല, അതുകൊണ്ടു രൂപങ്ങളെ ആരാധിക്കാൻ പാടില്ലെന്ന്‌. മറ്റൊരു കൂട്ടർ പറയുന്നു ഈശ്വരൻ എല്ലാ രൂപത്തിലുമുണ്ട്‌. അതുകൊണ്ടു ഏതുരൂപത്തിലും ഈശ്വരനെ ആരാധിക്കാമെന്ന്‌. ഒരു കുട്ടർ പറയുന്നു ഇതു മാത്രമാണു സ്വർഗ്‌ഗത്തിലേക്കുള്ള വഴിയെന്ന്‌. ചിലർ ആഭരണങ്ങൾ വെടിയുന്നു. ചിലരാകട്ടെ വസ്‌ത്രം അമ്പേ വെടിയുന്നു. ചിലരാകട്ടേ കൊടും വിയർപ്പിലും മൂടിക്കെട്ടി നടക്കുന്നു. ചിലർ മാംസാഹാരങ്ങൾ വെടിയുന്നു. മറ്റുചിലർ വിവാഹം വെടിയുന്നു. ചിലരോ ശരീരസുഖങ്ങളെല്ലാം വെടിയുന്നു. എന്നിട്ടും എല്ലാവരും ഒരുപോലെ ക്ലേശിച്ചു ജീവിക്കുന്നു….. ജിർണ്ണിച്ചു മരിക്കുന്നു. പ്രജനനവും അനുസ്യൂതം തുടർന്നുകൊണ്ടിരിക്കുന്നു. പുനരഭി ജനനി ജഢരേ ശയനം….

ആത്മീയത മനുഷ്യരെ ഒന്നാക്കുന്നു. എന്തെന്നാൽ ഈശ്വരൻ ഒന്നാകുന്നു. ഒന്നായിരിക്കുമ്പോൾതന്നെ ഈശ്വരൻ എല്ലാമാകുന്നു. ഏകമായി സർവ്വത്തിലും സർവ്വമായി ഏകത്തിലും വസിക്കുന്നു. ഇഷ്‌ടമുള്ള രൂപത്തിലും രൂപമില്ലായ്‌മയിലും ഒരുപോലെ വസിക്കുന്നു. ഈശ്വരൻ വസിക്കുന്നതെവിടെയോ അതാണു സ്വർഗ്ഗം. എപ്രകാരം പുറത്ത്‌ വസിക്കുന്നുവോ അപ്രകാരം തന്നെ മനുഷ്യന്റെ ഉള്ളിലും ഈശ്വരൻ വസിക്കുന്നു. മനുഷ്യൻ പുറത്താക്കും വരെ. “തത്വമസി” അഥവാ “അതു നീ ആകുന്നു.” 5 എന്നു ഉപനിഷത്തുകൾ പഠിപ്പിക്കുന്നു. “ദൈവരാജ്യം നിങ്ങൾക്കുള്ളിൽ തന്നെ” 6 എന്നു ക്രിസ്‌തു പഠിപ്പിക്കുന്നു. ഈശ്വരനെ പ്രാപിക്കുവാനുള്ള മാർഗ്ഗങ്ങളാണു നിഷ്‌കാമകർമവും ത്യാഗവും; ചുറ്റുപാടുകളിൽ ബദ്ധമായ കർമ്മം പ്രതിഫലത്തിൽ കണ്ണുവയ്‌ക്കാതെ അനുഷ്‌ടിക്കുക, സഹജീവികളുടെ ആവശ്യങ്ങളെ ഈശ്വരൻ തന്ന അവസരമായി കണ്ട ത്യാഗമനോഭാവതോടെ നിറവേറ്റുക. കേവലം വസ്‌ത്രധാരണവും ഭക്ഷണരീതികളും ആചാരങ്ങളും ആത്മീയജീവിതവുമായി മനുഷ്യനെ ബന്ധിപ്പിക്കുകയോ വിഘടിപ്പിക്കുകയോ ചെയ്യുന്നില്ല. കാലാവസ്‌ഥയും ലഭ്യതയും സംസ്‌കാരവും ജീവിതരീതകളുമായി ഇണങ്ങുന്ന ഇഷ്‌ടമുള്ള വസ്‌ത്രവും ഭക്ഷണവും സ്വീകരിക്കുക. ഭക്ഷണത്തിനുവേണ്ടി കഴിവതും ഒരു പ്രാണനെപ്പോലും ഹിംസിക്കാതിരിക്കുക. സ്വന്തം സുഖം മറ്റൊരുവന്റെ ക്ലേശത്തിന്റെ ഫലമല്ല എന്നുറപ്പുവരുത്തുക; സൗകര്യങ്ങൾ സമൂഹത്തെയും പരിസ്‌ഥിതിയെയും എത്രയും വേദനിപ്പിക്കുന്നില്ലെന്നും.

നമുക്ക്‌ യാത്ര തടുരാം. ധ്രുവങ്ങളിൽ സ്വയം നഷ്‌ടപ്പെടാതെ, പച്ചക്കുത്താതെ, നിരന്തരം ചുറ്റുപാടുകളോട്‌ ക്രിയാത്മകമായി ഇടപെട്ടും പ്രതികരിച്ചും അനുദിനം തെളിഞ്ഞുകൊണ്ടിരിക്കുന്ന കർമ്മപഥങ്ങളിലൂടെ!

കുറിപ്പുകൾ ഃ 1) ബൃഹദാരണ്യക ഉപനിഷദ്‌ 2) യോഹന്നാൻ 8ഃ23 3) മത്തായി 23ഃ15 4) ശ്രീശങ്കരാചാര്യർ 5) ഛാഠോഗ്യ ഉപനിഷദ്‌ 6) ലൂക്കാ 17ഃ21.

Generated from archived content: essay1_may15_09.html Author: mathewskuriyakose

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English