മനുഷ്യവർഗ്ഗം ഭൂമിയെ മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ്. പ്രകൃതിയുടെ സമസ്ത സംതുലിതാവസ്ഥകളും തകർത്ത് സ്വന്തം സുഖസൗകര്യങ്ങളുടെ സോപാനങ്ങൾ താണ്ടി മനുഷ്യൻ മുന്നോട്ടു കുതിക്കുകയാണ്. നെട്ടോട്ടം. ദിക്കും ദിശയുമില്ലാതെ… എങ്കിലും, പ്രതീക്ഷ കൈവെടിയാനാകുന്നില്ല. ഓരോ നിഴലുകളും കച്ചിത്തുമ്പുകളാണെന്നു തോന്നിപ്പോകുന്നു. വൈകിയാണെങ്കിലും, പ്രതീക്ഷയുടെ സൂര്യൻ പടിഞ്ഞാറും തെളിയുന്നതുപോലെ തോന്നുന്നു. അമേരിക്ക ശക്തമായി ആഗോള താപനത്തിനെതിരെ നിയമം കൊണ്ടുവരുന്നു! മൂന്നുനാലു ദശാബ്ദങ്ങളായി കമ്പോളലഹരിക്കും സാമ്പ്രതീകതന്ത്രങ്ങൾക്കും അടിമപ്പെട്ടുപൊയ പാശ്ച്‌ചാത്യ ജനത കുത്തകകളുടെ അഭീഷ്ടങ്ങൾക്കെതിരെ ഉയർത്തെഴുന്നേൽക്കുകയാണൊ? അതൊ, ഇതും എൻ പി റ്റി യും, സി റ്റി ബി റ്റി യും പോലെ, “ഞങ്ങൾ ശീലിച്ചുപോയി, ഇനി നിങ്ങൾകൂടി വികസിച്ചാൽ ആർക്കും നിലനിൽപ്പില്ല” എന്ന ഉടമ്പടിയുമായി മൂന്നാം രാജ്യങ്ങളെ ബന്ധിക്കാനുള്ള സാമ്രാജ്യത്വത്തിന്റെ മറ്റൊരു തന്ത്രമൊ? ഭരണത്തിലേറി ഇത്രവേഗം ഇറാക്കിലെ എല്ലാ നഗരങ്ങളിൽ നിന്നും യു എസ് സേനയെ മുഴുവൻ പിൻവലിച്ച, റഷ്യയുമായി ആണവായുധങ്ങൾ കൂറയ്‌ക്കുന്ന പദ്ധതികൾക്ക് നാന്ദികുറിച്ച ഒബാമയുടെ ഹൃദയം സി ഐ എ യുടെ ബുദ്ധിയെ അതിജീവിക്കുമെന്ന് ഏതൊരു മനുഷ്യസ്നേഹിയും വ്യാമോഹിച്ചുപോകും.
ആഗോളതാപനം മൂലം സമുദ്രത്തിലുണ്ടാകുന്ന ജലവികാസവും അലിഞ്ഞിറങ്ങുന്ന മഞ്ഞുപാളികളും ചേർന്ന് ദിനം തോറും കടൽ കരയെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒരു നുറ്റാണ്ടുകൊണ്ട് മുക്കാലടിയോളം ഉയർന്ന സമുദ്രനിരപ്പ് ഈ നൂറ്റാണ്ടിൽ മൂന്നടി കൂടി ഉയരുമെന്നാണ് ശാസ്ര്തപ്രവചനം. പ്രവചനത്തെ പിന്നിലാക്കുന്ന വേഗത്തിലാണത്രെ മനുഷ്യന്റെ പ്രയാണം. ധ്രുവങ്ങളുടെയും വേലിയേറ്റങ്ങളുടെയും കാലാവസ്ഥയുടെയും ഗണിച്ചെടുക്കാനാകാത്ത വ്യതിയാനങ്ങൾ കൂടി ചേർത്തുവായിച്ചാൽ, ദുരന്തങ്ങളുടെ ഊരാക്കുടുക്കുകളിലേക്കാണ് നാം യാത്ര ചെയ്യുന്നത്. ശാസ്ര്തജ്ഞരുടെ കണക്കനുസരിച്ചു നോക്കിയാൽപോലും ഇപ്പോഴത്തെ കുഞ്ഞുമക്കളിൽ ദീർഘായുസ്സുള്ളവർ കൊച്ചിയുടെയും കൊച്ചുകേരളത്തിന്റെയും കുറെഭാഗമെങ്കിലും കടൽ വിഴുങ്ങുന്നതു കാണേണ്ടിവരും. കിടപ്പാടം നഷ്ടപ്പെട്ട് തെരുവിലിറങ്ങേണ്ടി വരുന്ന ആ തലമുറയ്‌ക്ക് ഒരിക്കലും മറക്കാനാവാത്ത, മനുഷ്യ ചരിത്രത്തിൽ ഏറ്റവും സ്വാർഥരായ മുത്തച്ഛന്മാരുടെ ചിത്രങ്ങളായി കഴുത്തിൽ തൂക്കാനുള്ളതാണ് നമ്മുടെ മുഖങ്ങൾ!
വേണ്ട, നമുക്കിതൊന്നും വിശ്വസിക്കണ്ട, കാലാവസ്ഥാപ്രവചകരുടെ ജൽപനങ്ങളെ നമുക്കു തള്ളിക്കളയാം. പക്ഷെ, യാഥാർത്ഥ്യങ്ങൾക്കു നേരെ കണ്ണടയ്‌ക്കാൻ നമുക്കു കഴിയുമോ? നമ്മുടെ ചുറ്റിലും ആണ്ടുമുഴുവൻ ശുദ്ധജലം നിറഞ്ഞൊഴുകിയിരുന്ന പുഴകൾ ചുരുങ്ങിയ കാലം കൊണ്ട് വറ്റിത്തുടങ്ങി. പകരം തോടുകളിലും പുഴകളിലും ഒറ്റയൊഴുക്കിൽ തീരുന്ന പ്രളയങ്ങൾ മാത്രം. (നീന്തിക്കുളിക്കാൻ ഇനി വാട്ടർ പാർക്കുകൾ-തലയൊന്നിന് അഞ്ഞൂറു രൂപ!). കിണറുകളിലാകട്ടെ ഉറവ വറ്റിത്തുടങ്ങി. കുഴൽക്കിണറുകളുടെ ആഴം കൂട്ടിത്തന്നെ നമ്മൾ പാതാളത്തിലെത്തിയിരിക്കുന്നു. നോക്കൂ, നമ്മുടെ ദുരകൾ വളർന്ന് വികസനത്തിന്റെ ബീഭത്സ രൂപം പൂണ്ട് നീണ്ട ദംഷ്ര്ടകൾ ഭൂമിയുടെ മാറിലേക്ക് ആഴ്‌ന്നിറങ്ങുന്ന കാഴ്‌ച്ച!
ചിലർ ചോദിച്ചേക്കാം, വികസനം സ്വാഭാവികമായ മനുഷ്യന്റെ പുരോഗതിയല്ലെ? അതെങ്ങനെ തെറ്റാകും? നല്ല ചോദ്യം തന്നെ. പ്രകൃതിയിലേക്കൊന്നു നോക്കൂ, എല്ലാ ജീവികളും പൂർണ്ണമായും പ്രകൃതിക്കു വിധേയമായി ജീവിക്കുന്നു. ആരോടും പരിഭവമില്ലാതെ, അവയെല്ലാം സ്വന്തം ധർമ്മം നിറവേറ്റികൊണ്ടേയിരിക്കുന്നു. അത്രയ്‌ക്കൊന്നും വേണമെന്നല്ല, എങ്കിലും മനുഷ്യൻ മാത്രം സ്വധർമ്മം മറക്കുകയല്ലേ? അതും പ്രകൃതിയിലെ എല്ലാ ജീവികളുടെയും പരിപാലകൻ എന്നറിയപ്പെടുന്ന മൻഷ്യൻ! വിചിന്തനത്തിനുള്ള അവസാന സാധ്യതകളുടെ കാലഘട്ടമാണ് ഇത്. ജീവിതം സ്വധർമ്മമനുസരിച്ച് ജീവിച്ച് തീർക്കേണ്ടതാണെന്നു തിരിച്ചറിഞ്ഞാൽ നാം സുഖസൗകര്യങ്ങളുടെ ചെപ്പടിവിദ്യകളിൽ മയങ്ങിപ്പോകില്ല. താത്‌കാലികമായ സുഖസൗകര്യങ്ങൾ അത്രയ്‌ക്ക് വിഷയമാകുന്നില്ല. അതിനുവേണ്ടി മാത്രം കാട്ടിക്കൂട്ടുന്ന വികസനത്തിന്റെ പ്രലോഭനങ്ങളിൽ വീണുപോകുകയുമില്ല. അങ്ങനെ, പ്രകൃതിയുടെയും സമസ്തജീവജാലങ്ങളുടെയും സന്തോഷം നമ്മുടെ സന്തോഷമായി മാറണം. കാൽ കഴുകുമ്പോൾ പുഴ ഒന്നു കലങ്ങുന്നതുപോലും നമ്മെ വിഷമിപ്പിക്കണം. നമുക്കറിയാം, സ്വന്തം മാലിന്യങ്ങൾ ദിവസവും പ്ലാസ്റ്റിക് കൂടുകളിലാക്കി പ്രകൃതിയിലേക്ക് വലിച്ചെറിയുന്ന, വേണ്ടതിനും വേണ്ടാത്തതിനും യാത്രചെയ്ത് അന്തരീക്ഷത്തിലേക്ക് മാലിന്യവും ചൂടും വിസർജ്ജിക്കുന്ന ഈ അഭിനവ ജീവിത ശൈലി നമ്മൾ സ്വയം തിരഞ്ഞെടുത്തതല്ല. നമ്മൾ പെട്ടുപോയതാണ്. ആ തിരിച്ചറിവിൽ, ഈ കെണികളെ അതിജീവിക്കനുള്ള നൈസർഗ്ഗീകമായ വെമ്പൽ നാം പ്രായോഗിഗ ജീവിതത്തിന് അടിയറ വയ്‌ക്കരുത്. ബാൽകണിയിലെ മൺചട്ടിയിൽ ഒരു കൃഷ്ണതുളസിയായെങ്കിലും അതെന്നും നിലനിർത്തണം!
വരുന്ന 40 കൊല്ലത്തെ ഭൗമതാപനം 2 ഡിഗ്രിയായി മിതപ്പെടുത്താമെന്ന് ജി-8 ഉച്ചകോടിയിൽ തീരുമാനിച്ചത് ഒരു നല്ല തുടക്കമായി കാണാമെങ്കിലും അതുകൊണ്ട് കാര്യമായി മാറ്റങ്ങളൊന്നും സംഭവിക്കാൻ പോകുന്നില്ല. ലോകജനസംഖ്യയുടെ 15% വെറും 30 കൊല്ലം വികസിത ജീവിതം നയിച്ചതിന്റെ ആഘാതം ഇത്രവലുതാണെങ്കിൽ നമ്മളെല്ലാം കൂടി വികസിച്ചുകഴിഞ്ഞാൽ എന്തായിരിക്കും അവസ്ഥ? വികസനം വേണ്ടാ എന്നല്ല ഇതിനർഥം. വികസനം ശാസ്ര്തീയവും പരിസ്‌തിതിയെ സംരക്ഷിക്കുന്നതുമായിരിക്കണമെന്നു മാത്രം. ഇതൊരു കാഴ്‌ച്ചപ്പാടാണ്. മാറുന്ന സാഹചര്യങ്ങളിൽ വീണ്ടും വിണ്ടും നിർവചിക്കപ്പെടേണ്ട കാഴ്‌ച്ചപ്പാട്. എത്ര തലമുറകൾ നടന്നാലും വ്യതിചലിക്കാത്ത സനാതനദിശ. പരിസ്‌തിതി ഒരിക്കൽ നശിച്ചാൽ വീണ്ടെടുക്കാനാകില്ല. വികസനമാകട്ടെ എത്ര സാവകാശത്തിലും നടപ്പാക്കാം. പരിസ്‌തിതി മനുഷ്യന്റെ നിലനിൽപ്പുതന്നെയാണ്. വികസനമൊ, ഒട്ടുമുക്കാലും മനുഷ്യന്റെ സുഖസൗകര്യങ്ങൾക്കും അത്യാഗ്രഹങ്ങൾക്കും വേണ്ടി. അതുകൊണ്ട് നിലനിൽപ്പിന്റെയും സുഖസൗകര്യങ്ങളുടെയും അതിരുകൾ കൂട്ടിമുട്ടുമ്പൊൾ വികസനമാണ് പരിസ്‌തിതിക്കു വഴി മാറേണ്ടത്. ഭഗ്യവശാലോ നിർഭാഗ്യവശാലോ അങ്ങനെയൊരു ദശാസന്ധി തരണംചെയ്യാൻ നിയോഗം ലഭിച്ച തലമുറയാണ് നാം. ഈ പ്രതിസന്ധി തിരിച്ചറിഞ്ഞ വികസിതരാജ്യങ്ങൾ അതിശക്തമായി അവികസിത രാജ്യങ്ങൾക്ക് തടയിടാൻ പണിപ്പെടുന്ന കാലമാണ് ഇനി കാണാനിരിക്കുന്നത്. ഒരുപക്ഷേ ഇതു നല്ലതിനായിരിക്കാം. കിണറിലെ വെള്ളം ശുദ്ധമല്ലെന്നു പറഞ്ഞു കുപ്പിവെള്ളവുമായി പടിക്കൽ നിൽക്കുന്നവർക്കും, വായു നല്ലതല്ലെന്നു പറഞ്ഞു ഓക്സിജൻ സിലിണ്ടർ തോളത്തു കെട്ടിവെക്കാൻ മാർഗ്ഗങ്ങൾ തിരയുന്നവർക്കും അവരുടെ നേതൃരാജ്യങ്ങളിൽനിന്നുതന്നെ വിലക്ക്. ഭേഷ്!
വികസനത്തിന്റെ തത്വശാസ്ര്തം എന്തുതന്നെയായാലും അവനവൻ ഏറ്റെടുക്കേണ്ട ചെറിയ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനൊക്കുമൊ?. വൈദ്യുതി പാഴാക്കാതിരിക്കുക. അനാവശ്യ യാത്രകൾ ഒഴിവാക്കുക. ആവശ്യമില്ലാതെ ഒന്നും പ്രിന്റ് ചെയ്യാതിരിക്കുക. കടലാസിന്റെ ഇരുപുറവും ഉപയോഗിക്കുക. എ സി യുടെയും ഫ്രിഡ്‌ജിന്റെയും തണുപ്പു കുറച്ചുവയ്‌ക്കുക. പ്ലാസ്റ്റിക് ഉപയോഗം കുറക്കുക. വൈദ്യുതിയൊ ബാറ്ററിയൊ ഉപയൊഗിച്ചുള്ള വലിയ കളിപ്പാട്ടങ്ങൾ ഒഴിവാക്കുക. തരപ്പെടുമെങ്കിൽ പച്ചക്കറികൾ അടുക്കളത്തോട്ടത്തിൽ കൃഷി ചെയ്യുക. പാചകം ചെയ്യുമ്പൊൾ ഗ്യാസ് പുറത്തേക്ക് ആളാതെ ക്രമീകരിക്കുക. അമ്പലം വരെ നടന്നു പോകുക. സമീപത്തുനിന്ന് കല്യാണം കഴിക്കുക. വീടും ജോലിസ്ഥലവും അടുപ്പിക്കുവാൻ പരമാവധി ശ്രമിക്കുക. പരുത്തി വസ്‌ത്രങ്ങൾ ഉപയോഗിക്കുക. പല്ലുതേക്കുമ്പൊഴും പാത്രം കഴുകുമ്പൊഴും ടാപ് തുറന്നിടാതിരിക്കുക. ജനകോടികൾ പട്ടിണി കിടക്കുന്ന ഈ ലോകത്ത് പണമുണ്ടെന്നു കരുതി ആവശ്യത്തിലധികം ഭക്ഷണം വാങ്ങി കേടുവരുത്തി വലിച്ചെറിയാതിരിക്കുക. ഇങ്ങനെ ഓരൊ നിമിഷവും എത്രയെത്ര സാധ്യതകൾ നമുക്കു മുൻപിലുണ്ട്. കൊട്ടാരങ്ങളിൽ മുതൽ ചേരികളിൽ വരെ സാധ്യമായ കൊച്ചു കൊച്ചു കാര്യങ്ങൾ. പലതും വെറുതെ ഒന്നു മനസ്സുവച്ചാൽ മാത്രം ചെയ്യാവുന്ന, ലാഭം മാത്രമുള്ള കാര്യങ്ങൾ. ഒരു ചെറിയ കാര്യമെങ്കിലും ചെയ്താൽ അത്രയുമായി എന്നു കരുതണം. മാത്രമല്ല, ദുർമ്മേദസ്സു ചുമക്കാൻ തന്നെ പാടുപെടുന്ന നമുക്കു കുറ്റബോധത്തിന്റെ ഭാരം കുറച്ചാൽ നട്ടെല്ലു നിവർത്തി നിൽക്കാൻ കഴിഞ്ഞേക്കും. മറിച്ച്, “ഇതെല്ലം ചെയ്തതുകൊണ്ടെന്താകാൻ?” എന്നു കരുതി മടിപിടിച്ചാൽ നഷ്ടം നമുക്കു തന്നെ; ഒറ്റയ്‌ക്കും പറ്റയ്‌ക്കും. കർമ്മങ്ങൾക്ക് വിലയിടുന്നത് നമ്മളല്ലല്ലൊ. കൂചേലന്റെ പ്രഥുകം പോലെ, വിധവയുടെ ചില്ലിക്കാശുപോലെ, പൂർണ്ണ മനസോടെ ചെയ്യുന്ന ചെറിയ കർമ്മങ്ങളല്ല ഈ പ്രപഞ്ചത്തെ നിലനിർത്തുന്നതെന്നാരുകണ്ടു?
Generated from archived content: essay1_july31_09.html Author: mathewskuriyakose