ഇനി മടങ്ങാം

നീ വച്ച
ആദ്യത്തെ കൊള്ളി
നീറിപ്പിടിച്ചു

ഇനി മടങ്ങാം

അഗ്നിക്ക്
തന്റെ വഴികളറിയാം

ഒരു താരാട്ട്
നിന്റെ കൈ പിടിക്കും
നില്‍ക്കേണ്ട
നേര്‍ത്തു നേര്‍ത്ത്
അത്
തനിയെ നിലച്ചുകൊള്ളും

വഴിയില്‍
ചില കാല്‍പ്പാടുകള്‍
നിന്നെ ഉറ്റുനോക്കും
ചവിട്ടേണ്ട;
മഴ വരും
അവ അതില്‍ മാഞ്ഞുകൊള്ളും

ചില പുകച്ചുരുളുകള്‍
മുന്നില്‍ നടന്നാല്‍
ശ്രദ്ധിക്കേണ്ട ;
കാറ്റു വരും
അവ
അതില്‍ ലയിച്ചുകൊള്ളും

പിന്നില്‍ നിന്നും
എന്തെങ്കിലും
പൊട്ടിത്തെറിച്ചാല്‍
തിരിഞ്ഞു നോക്കേണ്ട
ഹൃദയമാവാം
അല്ലെങ്കില്‍
തലച്ചോറ്

പരിചിതമയ ഒരു മണം
കുറച്ചു നേരത്തേക്ക്
ചുറ്റിലുമുണ്ടാവാം
ശ്വാസം പിടിച്ച്
വേഗം നടന്നുകൊള്ളുക.

Generated from archived content: poem2_nov30_12.html Author: martin_plathottom

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English