1
ചിലത് അങ്ങിനെയാണ്
ചില വാക്കുകള്‍ അങ്ങനെയാണ്
എത്ര തലോടിലും മെരുങ്ങാതെ
എത്ര കുടഞ്ഞാലും വീഴാതെ
എത്ര ഞെരിച്ചാലും ചാവാതെ
വിരല്‍ത്തുമ്പില്‍ തന്നെ കെട്ടി നില്‍ക്കും
കഴപ്പും വേദനയും കണ്ട് ഊറിച്ചിരിക്കും
ചില ആംഗ്യങ്ങള്‍ അങ്ങനെയാണ്
ആരു വിളിച്ചാലും നോക്കാതെ
ആരോടൊപ്പവും പോവാതെ
തന്നോടു പോലും മിണ്ടാതെ
കൈകളില്‍ തന്നെ തങ്ങി നില്‍ക്കും
മറ്റാരും കാണാതെ കണ്ണീരൊഴുക്കും
ചില പുഞ്ചിരികള്‍ അങ്ങനെയാണ്
ഒരു പകലിലും വിരിയാതെ
ഒരു രാവിലും കൊഴിയാതെ
ഒരു പൂവിനോടും കൂടാതെ
ഹൃദയത്തില്‍ തന്നെ കൂടൊരുക്കും
ചുണ്ടുകളിലേക്ക് ഒരു നോട്ടമെറിയും
ചില വേദനകള്‍ അങ്ങനെയാണ്
ആരും കാണാത്ത മുറിവുകളുമായി
ആരും കാണാത്ത സ്വപ്നങ്ങളുമായി
ആരും നടക്കാത്ത വഴികളിലൂടെ
ആരോടും പരിഭവിക്കാതെ
വെറുതെ നടന്നു പോകും
ചിലത്… അങ്ങനെയാണ്
2
ചാക്രികം
മഞ്ഞയില്‍ വെളുത്ത പൊട്ടുള്ള
കുഞ്ഞുകുപ്പായം
തനിക്കൊപ്പം വളരാത്തതായിരുന്നു
അന്നവന്റെ ദു:ഖം
പല കാലങ്ങളില്‍
പല നിറങ്ങളില്‍
പല വലിപ്പങ്ങളില്‍
പിന്നീട്
എത്രയോ കുപ്പായങ്ങള്‍ മാറി
ഇന്ന്
കുപ്പായമില്ലാതിരിക്കുമ്പോള്‍
അമ്മയുടെ മരപ്പെട്ടിയിലുറങ്ങുന്ന
ആ പഴയ കുപ്പായം നിവര്‍ത്തി
ദേഹത്തു ചേര്‍ത്തു വച്ചു
അത്
അവന്
പാകമായിരിക്കുന്നു
Generated from archived content: poem1_oct19_13.html Author: martin_plathottom