രണ്ടുകവിതകൾ

പാഠം ഒന്ന്‌ – കിളി

(1)

കിളിയെ തനിച്ചാക്കി പറന്നുപോയ

കുഞ്ഞിച്ചിറകുകൾ തന്നെ

ഉറക്കം നടിക്കുന്ന ചിത്രങ്ങളെന്നും

അവ

കിളിയുടെ നൊമ്പരങ്ങളെന്നും,

സാഫല്യമെന്നും

കിളിമുട്ട.

(2)

വെയിൽ നനച്ച കൈത്തലങ്ങൾ നീട്ടുന്ന

വൃക്ഷങ്ങളും,

മഴയുടെ കരൾപിളർന്ന്‌ പിറന്ന

നീലിച്ച തടാകങ്ങളും,

കരിങ്കൽ പ്രതിമകളുടെ

വിയർപ്പുതുളളികളിലെ

നിരർത്ഥക യാചനകളും

താനെന്ന്‌

ചിത്രം.

(3)

ചിത്രങ്ങളുടെ

അഴിച്ചിട്ട ഉടയാടകൾക്ക്‌

നിറങ്ങളുടെ

മനം പിരട്ടുന്ന ഗന്ധമായിരുന്നെന്ന്‌

കിളി ചിലക്കുന്നു.

(4)

നഗരനിശ്വാസങ്ങളിൽ

അടവയ്‌ക്കുവാൻ

കിളിതന്ന മുട്ടകൾ,

സ്വയം,

പ്രാണനെ എറിഞ്ഞുടച്ച്‌,

ഇലക്കുമ്പിൾ നിറയാത്ത

പ്രളയമായ്‌ മാറുന്നു.

(5)

പേരറിയാത്ത മഹാവൃക്ഷത്തിന്റെ

ഇളം കൊമ്പുകളിൽ

പൈതൃകങ്ങളുടെ

ചുളളിക്കമ്പുകൾ ചേർത്ത്‌

കിളിതീർത്ത ഈറ്റില്ലങ്ങളിൽ,

നോവുകൾ,

നിർവൃതികളാവുമെന്ന്‌

കിളിമുട്ട.

പ്രണയം

ഗ്രാമങ്ങളോടു പിണങ്ങിയ

പെൺകുട്ടിയോട്‌

തനിക്ക്‌

പ്രണയമാണെന്ന്‌

ചുവന്ന നിറമുളള തുമ്പി.

പ്രണയത്തിന്റെ നിറം

പരിണമിച്ച്‌

ചുവപ്പല്ലാതായെന്ന്‌

പെൺകുട്ടി.

നഗരങ്ങളോടു പിണങ്ങിയ

പെൺകുട്ടിയോട്‌

തനിക്ക്‌

പ്രണയമാണെന്ന്‌

വെളുത്ത നിറമുളള തുമ്പി.

പ്രണയത്തിന്റെ നിറം

പരിണമിച്ച്‌

വെളുപ്പല്ലാതായെന്ന്‌

പെൺകുട്ടി.

Generated from archived content: poem_randukavitha.html Author: martin_joseph

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here