ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമം: സാധുതയും സാധ്യതയും.

ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമം തിരുത്തിക്കുറിച്ചിട്ട് കാല്‍ നൂറ്റാണ്ടില്‍ അധികമായെങ്കിലും സ്ത്രീവിവേചനം ഇന്നും കേരളത്തില്‍ കുടുംബത്തിലും പുറത്തും വളരെ ശക്തമാണ്. 1984 – ല്‍ ആരംഭിച്ച് 1986 – ല്‍ സുപ്രീം കോടതിയുടെ അനുകൂല വിധി ലഭിച്ച് ചരിത്രം തിരുത്തിക്കുറിച്ച ‘’ മേരി റോയ് Vs കേരള സ്റ്റേറ്റ്’‘ ആണ് ആണ്മക്കള്‍ക്കും പെണ്മക്കള്‍ക്കും പിതൃസ്വത്തില്‍ തുല്യാവകാശം ഉറപ്പു വരുത്തിയത്. എന്നാല്‍ ക്രിസ്തീയ കുടുംബങ്ങളില്‍ സ്വന്തം പിതാവ് പെണ്‍മക്കള്‍ക്ക് സ്വത്തവകാശം നിഷേധിക്കുന്നത് ഇന്നും വളരെ സാധാരണം. ഇന്ത്യന്‍ ഭരണഘടന സ്ത്രീ- പുരുഷ സമത്വം ഉറപ്പു വരുത്തുന്നുണ്ടെങ്കിലും സമൂഹത്തിന്റെ മനം മാറ്റാന്‍ ഈ നിയമങ്ങള്‍ക്ക് കഴിയുന്നില്ല. മനുഷ്യാവകാശ സംഘടനകളുടേയും സ്ത്രീ സംഘടനകളുടേയും കഠിനപ്രയത്നത്തിന്റെ ഫലമായി സ്ത്രീ ജീവിതം പഴയതില്‍ നിന്ന് ഏറെ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും സ്ത്രീ- പുരുഷ സമത്വം പൂര്‍ണ്ണമായി കൈവരിക്കുവാന്‍ സാക്ഷര കേരളത്തിന് ഇനിയും കഴിഞ്ഞിട്ടില്ല.

കുടുംബത്തില്‍ സഹോദരനില്‍ നിന്ന് , പിതാവില്‍ നിന്ന്, ഭര്‍ത്താവില്‍ നിന്ന് വിവേചനവും പീഢനവും അനുഭവിക്കുന്ന സ്ത്രീകളെ പറ്റി നാം വാര്‍ത്താ മാധ്യമങ്ങളിലൂടെ അറിയുന്നുണ്ട്. സ്ത്രീ തന്നേപ്പോലെ തന്നെ വ്യക്തിത്വമുള്ളവളാണെന്നും അടിച്ചമര്‍ത്തപ്പെടേണ്ടവളല്ലെന്നുമുള്ള മനോഭാവത്തിലേക്ക് പുരുഷന്‍ മാറേണ്ടിയിരിക്കുന്നു. സംസ്ക്കാര സമ്പന്നമായ ഒരു സമൂഹം കെട്ടിപ്പടുക്കുവാന്‍ ആവശ്യമായ ശിലയുടെ അവിഭാജ്യഘടകങ്ങളാണ് സ്ത്രീയും പുരുഷനും എന്ന വസ്തുതയോര്‍ത്താല്‍ സ്ത്രീ സ്വാതന്ത്ര്യവും സമത്വവും പുരുഷന്‍ ഒരു ഭീഷണിയായി കാണേണ്ടതില്ല. സ്വന്തം സഹോദരിയെ ഭാര്യയെ, അമ്മയെ, മകളെ സമസൃഷ്ടിയായി കാണാന്‍ കേരളത്തിലെ വിദ്യാസമ്പന്നന്നായ പുരുഷന് ഇനിയും എത്ര കാലം വേണ്ടി വരും.

വിവാഹിതരാകുന്ന പെണ്മക്കള്‍ക്ക് ഇന്നും കേരളത്തിലെ ബഹുഭൂരിപക്ഷം കുടുംബങ്ങളില്‍ നിന്നും സ്വത്തവകാശം ലഭിക്കാറില്ല. ലോകവനിതാ ദിനം ഈ വര്‍ഷം നൂറാം ജന്മദിനം ആഘോഷിച്ചു എങ്കിലും ‘’സ്ത്രീ പുരുഷ സമത്വം ‘’ എന്നത് ഇന്നും ഒരു നൂതന സങ്കല്‍പ്പമായിത്തന്നെ തുടരുകയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആ‍ദ്യദശകം പിന്നിട്ട ഈ വേളയിലും പിതൃസ്വത്തവകാശം പുരുഷന് മാത്രം സ്വന്തം! ഈ ലേഖികയുടെ അനുഭവവും മേല്‍ വിവരിച്ചതില്‍ നിന്ന് ഒട്ടും ഭിന്നമല്ല. കുടുംബത്തിന്റയും സമൂഹത്തിന്റേയും കാര്‍ക്കശ്യ ചട്ടക്കൂടില്‍ വളര്‍ന്ന് മാതാപിതാക്കളുടെ നിര്‍ദ്ദേശപ്രകാരം വിവാഹിതയായ ഈ മകള്‍ക്കും സ്വന്തം പിതാവ് സ്വത്തവകാശം നിഷേധിക്കുന്നു. തന്നോടൊപ്പം വളര്‍ന്ന സഹോദരന്‍ മാതാപിതാക്കളുടെ എതിര്‍പ്പുകളെ തൃണവല്‍ക്കരിച്ച് , കീഴ്വഴക്കങ്ങളെല്ലാം ലംഘിച്ച് വിവാഹിതനായ സഹോദരന്‍, ‘’ മകന്‍’‘ എന്നുള്ള ഒരേ ഒരു കാരണത്താല്‍ തന്റെ സ്വത്ത് മുഴുവനും കൊടുക്കാന്‍ പിതാവിന് സമ്മതം!

വര്‍ഷങ്ങളോളം പ്രിയ മാതാപിതാക്കള്‍ക്ക് ആഗ്രഹങ്ങളിലും ആവശ്യങ്ങളിലും കൈത്താങ്ങായി , അവരിരുവരുടേയും രോഗശയ്യയില്‍ ശുശ്രൂഷിക്കാനെത്തിയ ഈ മകളെ ‘’ പെണ്ണ്’ ‘’ എന്നുള്ള കാരണം പറഞ്ഞ് ഒരു രണ്ടാം തരം പൗരനായി പിന്‍നിരയിലേക്ക് തള്ളാന്‍ പോലും അവര്‍ക്ക് കഴിഞ്ഞു!

ഇതു സാക്ഷരകേരളത്തിലെ ലക്ഷക്കണക്കിനു പെണ്മക്കളുടെ കഥ! സ്വഭവനങ്ങളില്‍ നിന്ന് വിവേചനത്തിന്റെ കയ്പ്പ് രുചിച്ച് ആത്മവിശ്വാസത്തിനും ആത്മാഭിമാനത്തിനും മുറിവേറ്റ പെണ്മക്കളുടെ കഥ!

അമേരിക്കന്‍ ഐക്യനാടുകളില്‍ ഏറെ വിമര്‍ശിക്കപ്പെടുന്ന വര്‍ഗ്ഗവിവേചനത്തേയും ലജ്ജിപ്പിക്കും സ്വന്തം പിതാവിന്റെ ആണ്‍ – പെണ്‍ വിവേചനം . മക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാനും അവരുടെ നന്മയ്ക്കും ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കാനും കടപ്പെട്ട പിതാവിന്റെ മനോഭാവം ഇങ്ങനെയെങ്കില്‍ സമൂഹത്തില്‍ നിന്ന് ഒരു സ്ത്രീക്ക് എങ്ങനെ നീതി ലഭിക്കും? 1961 – ല്‍ കേരള സര്‍ക്കാര്‍ സ്ത്രീധനം നിയമം മൂലം നിരോധിച്ചു. കുടുംബമഹിമയുടേയും ഉയര്‍ന്ന ഉദ്യോഗത്തിന്റേയും പേരു പറഞ്ഞ് സ്വന്തം മകന് വിലപേശുന്ന മാതാപിതാക്കള്‍ക്ക് ഒരു കനത്ത തിരിച്ചടിയായി അത്. എന്നാല്‍ സ്ത്രീധനം സര്‍ക്കാരും സ്വത്തവകാശം സ്വപിതാവും നിഷേധിക്കുമ്പോള്‍ സ്ത്രീയുടെ അവകാശസംരക്ഷണത്തിന്റെ അവസ്ഥ എന്ത്?

ഒരു പരിധി വരെ സ്ത്രീകളുടെ ഉന്നമനത്തിനും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വിഘ്നമായി നില്‍ക്കുന്നത് സ്ത്രീകള്‍ തന്നെ എന്നുള്ളതാണ് ദു:ഖകരമായ ഒരു വസ്തുത. ആണ്മക്കളേയും പെണ്മക്കളേയും വിവേചനമില്ലാതെ കാണുകയും സ്വന്തം മകനെ അങ്ങനെ പരിശീലിപ്പിക്കുകയും ചെയ്യേണ്ടത് ഏതൊരു മാതാവിന്റേയും ധാര്‍മ്മിക ചുമതലയാണ്. മകന്റെ ജന്മദിനം വര്‍ഷാവര്‍ഷങ്ങളായി കൊണ്ടാടുകയും എന്നാല്‍ പെണ്മക്കളുടെ ജനനദിവസം ഓര്‍ക്കാതിരിക്കുകയും ചെയ്യുന്ന ഒരമ്മ. അറിഞ്ഞോ അറിയാതെയോ അനീതിയുടേയും അസമത്വത്തിന്റേയും ആദ്യപാഠങ്ങള്‍ മകനെ പഠിപ്പിക്കുന്നു. ഈ അമ്മ സ്വന്തം സ്ത്രീത്വത്തോട് പോലും നീതി കാണിക്കുന്നില്ല. ഇത്തരം ഗൃഹാന്തരീക്ഷത്തില്‍ വളരുന്ന മകന്‍ തന്റെ സഹോദരിയേക്കാള്‍ മികച്ച സൃഷ്ടിയാ‍ണ് താനെന്നു ചിന്തിച്ചില്ലെങ്കിലേ അതിശയമുള്ളു. കുടുംബത്തില്‍ ഈ മകനോടൊപ്പം വളര്‍ന്ന പെണ്മക്കള്‍ അനീതിക്കെതിരെ പോരാടാന്‍ തുനിഞ്ഞാല്‍ അവരെ പഴിചാരാന്‍ ആര്‍ക്കു കഴിയും? സ്വന്തം മകനെയും മകളേയും സമസൃഷ്ടിയായി കാണുന്ന എത്ര മാതാപിതാക്കള്‍ കേരളത്തിലുണ്ട്? അങ്ങനെയുള്ളവര്‍ തീര്‍ച്ചയായും അത്യാദരണീയരാണ്.

താന്‍ വളര്‍ത്തി വലുതാക്കപ്പെടുന്ന മകന്‍ ഒരു സ്ത്രീയേയും വേദനിപ്പിച്ചു കൂടായെന്നു ഓരോ അമ്മയും ആഗ്രഹിക്കുകയും അതിനനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്താല്‍ നൂറ്റാണ്ടുകളായി തുടര്‍ന്നു വരുന്ന സ്ത്രീപീഢനത്തിനും സ്ത്രീ വിവേചനത്തിനും അറുതി വരുത്തുവാന്‍ കഴിയുമെന്നുള്ളതിനു യാതൊരു സംശയവുമില്ല. സ്വന്തം മകനെ മൂന്നുവയസ്സുമുതല്‍ സഹോദരിയേയും മറ്റുള്ള പെണ്‍കുട്ടികളേയും ആദരിക്കുവാനും അംഗീകരിക്കുവാനും പരിശീലിപ്പിക്കുന്ന ഒരമ്മയാണ് ഈ ലേഖിക. മരുമകളെ പീഢിപ്പിക്കുകയും മകനെ അതിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന സ്ത്രീകള്‍ ഇന്നും കേരളത്തില്‍ ഉണ്ടെന്നുള്ളത് ഒരു യാഥാര്‍ത്യമാണ്. സ്ത്രീ തന്നെ സ്ത്രീയെ ബോധവല്‍ക്കരിക്കേണ്ടതിന്റെ ആവശ്യകത ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. സമൂഹത്തില്‍ ഉന്നത സ്ഥാനം വഹിക്കുന്നവരും സ്വാധീനശക്തിയുള്ളവരുമായ മതനേതാക്കന്മാര്‍ക്ക് സ്ത്രീ സ്വതന്ത്ര്യ സംരക്ഷണം ഉറപ്പാക്കുന്നതില്‍ ഒരു വലിയ പങ്ക് വഹിക്കുവാന്‍ കഴിയും. എന്നാല്‍ 1986 – ല്‍ മേരി റോയ് കേസിന്റെ വിധി പ്രഖ്യാപനത്തെ തുടര്‍ന്ന് പരമോന്നത നീതി പീഠത്തിന്റെ അഭിപ്രായത്തെ മാനിക്കുന്നുവെന്നും പുരുഷനു സ്ത്രീക്കും പിതൃസ്വത്തില്‍ തുല്യാവകാശമുണ്ടെന്നും കാണിച്ചു വിജ്ഞാപനം പുറപ്പെടുവിക്കുവാന്‍ സഭാനേതൃത്വം തയ്യാറായില്ല. അതിനു പകരം സഭാംഗങ്ങളായ എം. എല്‍. എ മാരുടെ നേതൃത്വത്തില്‍ പഴയ പിന്തുടര്‍ച്ചാവകാശ നിയമം ഏതാണ്ട് അതേ രൂപത്തില്‍ നിയമസഭ പാസാക്കി പ്രസിഡന്റിന്റെ അനുമതിക്കായി സമര്‍പ്പിച്ചു. സമൂഹത്തിന്റെ നന്മയ്ക്കുതകുന്ന ബോധവല്‍ക്കരണം മതപ്രസംഗങ്ങളിലൂടെ നല്‍കുകയും അതുവഴി സ്ത്രീ – പുരുഷ സഹകരണവും സമത്വസംരക്ഷണവും ഉറപ്പുവരുത്തുവാന്‍ ശ്രമിക്കുകയും ചെയ്യേണ്ടത് മതനേതാക്കന്മാരുടെ കര്‍ത്തവ്യങ്ങളില്‍ ഒന്നു മാത്രം. എന്നാല്‍ പുരുഷമേധാവിത്വമുള്ള മതനേതൃത്വം ഇക്കാര്യത്തില്‍ മുന്‍ കൈ എടുത്തു പ്രവര്‍ത്തിക്കാന്‍ തുനിയുമോ?

കേരളത്തിലെ പല ക്രിസ്തീയ സഭകളും ഇന്നു സഭാനേതൃത്വത്തിലേക്ക് സ്ത്രീകളേയും പരിഗണിക്കുന്നുണ്ട് എന്നുള്ളത് തികച്ചും സ്വാഗതാര്‍ഹമായ മാറ്റം തന്നെ . തന്റെ കാലുകള്‍ കഴുകി തുടച്ചു പരിമളതൈലം പൂശിയ സ്ത്രീയെ വിമര്‍ശിച്ച ശിഷ്യന്മാരോട് ‘’ അവളെ വിടുക, അവള്‍ നല്ല പ്രവര്‍ത്തിയല്ലോ ചെയ്തത്’‘ എന്നു പ്രതികരിച്ച യേശുക്രിസ്തുവിനു വേല ചെയ്യുവാന്‍ ഒരു സ്ത്രീ ആഗ്രഹിച്ചാല്‍ അവളെ എന്തിനു തടയണം? സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും വക്താവായ ഈ യേശുക്രിസ്തുവിനെയാണ് പള്ളിയങ്കണങ്ങളില്‍ പ്രഘോഷിക്കപ്പെടുതെങ്കില്‍ തീര്‍ച്ചയായും ഞാനുള്‍പ്പെട്ട സ്ത്രീ സമൂഹത്തിന് പ്രത്യാശക്ക് വകയുണ്ട്.

കടപ്പാട് – ബിലാത്തി മലയാളി

Generated from archived content: essay1_dec31_11.html Author: mariya_abraham

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here