“ഒരു നല്ല മരം ദുഷിച്ച ഫലത്തെ നല്‍കുകയില്ല. അതുപോലെ ഒരു ചീത്ത മരം നല്ല ഫലത്തെയും തരുന്നില്ല. ഓരോ മരവും അത് നല്‍കുന്ന ഫലത്തിന്റെ പേരിലറിയപ്പെടുന്നു. ആരും മുള്ളുകളില്‍ നിന്ന് അത്തിപ്പഴങ്ങള്‍ ശേഖരിക്കുന്നില്ല. ഞെരിഞ്ഞിലില്‍ നിന്ന് മുന്തിരിയും.” – ലൂക്കോ : 6.43 – 44
വിന്‍ഡോ ഗ്ലാസിലൂടെ അരിച്ചെത്തിയ തണുത്ത കാറ്റേറ്റ് മരിയ അല്പം നിവര്‍ന്നിരുന്നു. ശരീരം നുറുങ്ങുന്ന വേദന!! സന്ധികളെല്ലാം വലിഞ്ഞ് പൊട്ടും പോലെ!!
പുറത്ത് നല്ല മഞ്ഞ് വീഴ്ചയുണ്ട്. കടന്ന് പോകുന്ന വീഥികളില്‍ മുഴുവന്‍ പല നിറത്തിലും വലിപ്പത്തിലും ഉള്ള നക്ഷത്രവിളക്കുകള്‍ കണ്മിഴിച്ചുനില്‍ക്കുന്നു. അകലെ മഞ്ഞുമാതാവിന്റെ തിരുനാമത്തിലുള്ള പള്ളിയില്‍ നിന്നും പാതിരാകുര്‍ബാനയുടെ നേര്‍ത്ത അലയൊലികള്‍ കാതുകളില്‍ പതിച്ചു. പള്ളിയുടെ മിനാരത്തില്‍ ദൈവപുത്രന്റെ വരവറിയിച്ച്; വെള്ളിവെളിച്ചം പരത്തി ഒരു വാല്‍നക്ഷത്രം. വാദ്യമേളങ്ങളുടെ അകമ്പടിയോടെ കരോള്‍ സംഘങ്ങള്‍ നിരത്തുകള്‍ കീഴടക്കി തുടങ്ങി. റോഡോരത്തെ തുറന്നിരിക്കുന്നതും അടഞ്ഞുകിടക്കുന്നതുമായ ഷോപ്പുകള്‍ സീരിയല്‍ ലൈറ്റിന്റെ പ്രഭയില്‍ സ്വര്‍ണ്ണാഭരണ വിഭൂഷിതയായ ഒരു മണവാട്ടിയെ ഓര്‍മ്മിപ്പിച്ചു. ലഹരിയുടെ മാസ്കരികതയില്‍ ആര്‍ത്തുവിളിച്ചുകൊണ്ട് ബൈക്കുകളില്‍ തലങ്ങും വിലങ്ങും പായുന്ന ചെറുപ്പക്കാര്‍. വിദേശമദ്യഷാപ്പിനടുത്തുള്ള തട്ടുകടയില്‍ നിന്നാവാം; മുട്ട ബജിയുടെയും ഓംലൈറ്റിന്റെയും മനം മയക്കുന്ന ഗന്ധം. ചെറിപ്പഴവും മുന്തിരിയും അണ്ടിപ്പരിപ്പും ചേര്‍ത്ത് ബേക്ക് ചെയ്യുന്ന കേക്കിന്റെ മണം മൂക്കിലേക്ക് അടിച്ചുകയറി. നന്നായി വിശക്കുന്നുണ്ട്. ചുണ്ടുകള്‍ വരളുന്നു. മഞ്ഞിന്റെയാവും. മരിയ നാവ് കൊണ്ട് ചുണ്ട് നനച്ചു. നാവില്‍ ചെറിയ ഉപ്പുരസം. കൈ കൊണ്ട് ചുണ്ടുകള്‍ തുടച്ചപ്പോള്‍ ചോരയുടെ നേര്‍ത്ത അംശം. കീഴ്ചുണ്ട് ചെറുതായി തടിച്ചിട്ടുമുണ്ട്. നാശം!! എന്തൊരു വന്യമായ ആക്രമണമായിരുന്നു. എന്തോ പ്രതികാരം തീര്‍ക്കും പോലെയായിരുന്നു അവരുടെ പരാക്രമങ്ങള്‍!! മൂന്നുപേരും നല്ലപോലെ മദ്യപിച്ചിട്ടുണ്ടായിരുന്നെന്ന് തോന്നുന്നു. ഒന്നും ഓര്‍ക്കാന്‍ തോന്നുന്നില്ല. അല്ലെങ്കിലും ഓര്‍മ്മിക്കുവാന്‍ മാത്രം സുഖദമായ എന്ത് ഓര്‍മ്മകളാണ് മരിയ റേച്ചല്‍ ബെഞ്ചമിന്‍ എന്ന ഈ കാള്‍ ഗേളിന്റെ ജീവിതത്തില്‍ ബാക്കി. കാള്‍ ഗേള്‍!! ഇംഗ്ലീഷില്‍ പറഞ്ഞുകേള്‍ക്കുമ്പോള്‍ ഒരു സുഖം. ശരിയല്ലേ. വേശ്യ എന്ന വിളിയേക്കാളും വശ്യതയില്ലേ ഈ കാള്‍ഗേളിന്. കണ്ണുകള്‍ നിറഞ്ഞുവരുന്നു. സ്വന്തം പിതാവിനാല്‍ വ്യഭിചാരിയായ മകള്‍!! വേണ്ട.. നാശം പിടിച്ച ഓര്‍മ്മകള്‍ വേണ്ട. കണ്ണുകള്‍ ഇറുകെ പൂട്ടി കാറിന്റെ സീറ്റിലേക്ക് മെല്ലെ ചാരികിടന്നു.
നിരത്തുവക്കുകളിലെ വീടുകളിലെല്ലാം ക്രിസ്തുമസിന്റെ അലയൊലികള്‍ കാണാം. തോരണങ്ങളും സുവര്‍ണ്ണ ഗോളങ്ങളും നക്ഷത്ര വിളക്കുകളും കൊണ്ട് അലങ്കരിക്കപ്പെട്ട ക്രിസ്തുമസ്സ് ട്രീകള്‍. സീരിയല്‍ ബള്‍ബുകള്‍ പ്രഭചൊരിയുന്ന മനോഹരമായ പുല്‍ക്കൂടുകള്‍. പുല്‍ക്കൂടിനുള്ളില്‍ തിരുപ്പിറവി. ദൈവപുത്രനെ ദര്‍ശിക്കാന്‍ സമ്മാനങ്ങളുമായി ആഗതരായ ജ്ഞാനികളുടെയും ഇടയ സമൂഹത്തിന്റെയും മൃഗങ്ങളുടേയുമെല്ലാം രൂപങ്ങള്‍. എന്തൊരുത്സാഹമായിരുന്നു കുട്ടിക്കാലത്തെ ക്രിസ്തുമസ് ദിനങ്ങള്‍. ഹോ, മരിയ നെടുവീര്‍പ്പിട്ടു. കണ്ണുകള്‍ അടഞ്ഞുപോകുന്നു. നല്ല തണുപ്പ്. വിന്‍ഡോ ഗ്ലാസ് കയറ്റിയിട്ട് സീറ്റിലേക്ക് ചാരികിടന്നു. തനിക്കെതിരെ പിന്നോട്ടോടുന്ന കാഴ്ചകള്‍ കണ്ടു മടുത്തു. അവ എന്നും സമ്മാനിക്കുന്നത് നഷ്ടങ്ങളുടെ നൊമ്പരമാണ്. നഷ്ടപ്പെട്ട, കുട്ടിക്കാലത്തിന്റെ… അമ്മയുടെ… കന്യകാത്വത്തിന്റെ… ചാരിത്രത്തിന്റെ… നരച്ച ഓര്‍മ്മകള്‍! കണ്ണുകള്‍ ഇറുകെ പൂട്ടി.
എന്തോ അപകടം പറ്റിയപോലെ കാര്‍ ബ്രേക്കിട്ടു നിന്നു. പരിഭ്രമത്തോടെയാണ് കണ്ണുകള്‍ തുറന്നത്. ജെമന്തിപ്പൂക്കളുടെ സുഗന്ധം! വിടരാന്‍ തുടങ്ങുന്ന മുല്ലമൊട്ടുകളുടെ പരിമളം!! ചെമ്പനീര്‍ പുഷ്പവും മണക്കുന്നുണ്ടോ? വിയര്‍പ്പില്‍ പൊതിഞ്ഞാലേ ഇവയുടെ ഗന്ധങ്ങളൊക്കെ തന്നെപ്പോലുള്ളവര്‍ക്ക് വേര്‍തിരിച്ചറിയാന്‍ കഴിയൂ. ചാരിത്രത്തോടൊപ്പം ചതഞ്ഞരയുന്ന പാഴ്‌ജീവിതങ്ങളല്ലേ ഈ പൂക്കളൊക്കെ എന്ന് പലവട്ടം വിചാരിച്ചിട്ടുണ്ട്. ഇതിപ്പോള്‍ എവിടെ നിന്നാണ് ഈ പൂക്കളുടെ ഗന്ധം വരുന്നത്!
“ചാവാനിറങ്ങിയിരിക്കയാണോടാ” – ഡ്രൈവര്‍ ആരോടോ വല്ലാതെ കയര്‍ക്കുന്നു.
ഹോ, പൂക്കച്ചവടക്കാരായ തമിഴന്മാരാണ്. പണ്ട് അപ്പന്‍ എത്രയോ വട്ടം ഇവരില്‍ നിന്നും മുല്ലപ്പൂ വാങ്ങി തന്റെ മുടിയില്‍ ചാര്‍ത്തി തന്നിരിക്കുന്നു. ക്രമേണ അപ്പനോടുള്ള അമര്‍ഷം മുല്ലപ്പൂക്കളോടായിരുന്നു തീര്‍ത്തിരുന്നത്.
“അമ്മാ.. കാപ്പാത്തമ്മാ..”
നാശം. ഇവര്‍ തെണ്ടിത്തിന്നുന്നത് ഇത് വരെ കണ്ടിട്ടില്ലല്ലോ. ഇതിപ്പോള്‍..
ഒരു സ്ത്രീയുടെ അമര്‍ത്തിപ്പിടിച്ചുള്ള കരച്ചില്‍ കാതുകളില്‍ വന്നലച്ചു. എന്തൊക്കെയോ മുക്കലും മൂളലും ഞരക്കങ്ങളും. പ്രായം ചെന്ന സ്ത്രീകള്‍ അവളെ ചുറ്റിവളഞ്ഞ് നില്‍പ്പുണ്ട്. കൂട്ടത്തിലുള്ള കുട്ടികളുടെ കണ്ണുകളിലെ പകപ്പ് കാറിന്റെ ഹെഡ്‌ലൈറ്റ് വെളിച്ചത്തില്‍ ശരിക്കും മനസ്സിലാവും. രണ്ട് പുരുഷന്മാര്‍ കടന്നു വരുന്ന വാഹനങ്ങളിലേക്ക് സഹായാഭ്യര്‍ത്ഥനയുമായി കൈകള്‍ നീട്ടുന്നു. അവരിലൊരാളാണ് കാറിന്റെ മുന്‍പിലേക്ക് ചാടി ഡ്രൈവറെ ക്ഷുഭിതനാക്കിയത്. ഏതോ കരോള്‍ സംഘം വാദ്യമേളങ്ങള്‍ നിറുത്തി എന്തോ അത്ഭുതകാഴ്ച കാണാന്‍ എന്ന പോലെ വിസ്മയത്തോടെ അവിടെ ചുറ്റിപ്പറ്റി നില്‍ക്കുന്നു. ഡ്രൈവര്‍ വീണ്ടും ഒച്ചവെച്ചുകൊണ്ട് വണ്ടി മുന്നോട്ടെടുത്തു.
“ഹാ….” സ്ത്രീയുടെ കരച്ചില്‍ ഉച്ഛസ്ഥായിയിലെത്തി. പൂക്കളുടെ ഗന്ധത്തോടൊപ്പം മറ്റെന്തോ മണം കൂടെ ചേര്‍ന്ന് ആകെ വല്ലാത്ത അസ്വസ്ഥത. മനംപുരട്ടുന്ന പോലെ.
“വണ്ടി നിര്‍ത്തൂ. എന്തോ പ്രശ്നമുണ്ട്.”
“അത്. പൊല്ലാപ്പ് കേസാ മാഡം. ഇടപ്പെട്ടാല്‍ പിന്നെ നമുക്ക് കുരിശാവും. നാടോടികളാ”
വീണ്ടും പുറത്തേക്ക് നോക്കി. സ്ത്രീകളുടെ ഇടയിലൂടെ ഒരു മിന്നായം പോലെ കരച്ചിലിന്റെ ഉറവിടത്തെ കണ്ടു. ചോരപുരണ്ട വസ്ത്രവുമായി ഒരു യുവതി! യുവതിയുടെ അരികിലായി ചോരയില്‍ കുതിര്‍ന്ന, മാംസപിണ്ഢം പോലെ ഒരു കുഞ്ഞ്!! ഇപ്പോള്‍ പ്രസവം കഴിഞ്ഞതാണെന്ന് തോന്നുന്നു!!! മറുപിള്ള പോലും നീക്കം ചെയ്യപ്പെട്ടിട്ടില്ല. ആകെ ചോരമയം. ചോര പുരണ്ട വലിയ ഒരു കത്തി അരികില്‍ കിടപ്പുണ്ട്. കാര്‍ നിറുത്തി പുറത്തിറങ്ങി. തമിഴ് നാടോടികള്‍ എന്തൊക്കെയോ പുലമ്പുന്നുണ്ട്. തമിഴുമല്ല മലയാളവുമല്ലാത്ത വികൃതമായ ഒരു തരം ഭാഷ. പക്ഷെ, ലോറിത്തെരിവിലേയും മറ്റും നാടന്‍ തമിഴന്മാരുമായി ആദ്യകാലത്തൊക്കെ ഇടപെട്ട് ശീലമുണ്ടായിരുന്നത് കൊണ്ട് അവരുടെ വാമൊഴി പെട്ടന്ന് തന്നെ ഗ്രഹിക്കാന്‍ കഴിഞ്ഞു. ജീവിതത്തില്‍ ആദ്യമായി അപ്പനോട് ഇഷ്ടം തോന്നിയ നിമിഷം.
കുറേ നേരമായി യുവതി അസഹനീയമായ വേദനയുമായി കിടന്നു ഞരങ്ങുന്നു. പ്രസവം നടന്നു കഴിഞ്ഞപ്പോള്‍ നാടോടികളുടെ പതിവ് രീതിയെന്ന പോലെ തന്നെ ഇത്തവണയും പ്രയമേറിയ സ്ത്രീ കത്തികൊണ്ട് പൊക്കിള്‍ക്കൊടി മുറിച്ച് കുട്ടിയേയും തള്ളയേയും വേര്‍പെടുത്തി! മറുപിള്ള നീക്കം ചെയ്യാന്‍ തുടങ്ങിയപ്പോഴേക്കും യുവതിക്ക് ഭയങ്കരമായ രക്തസ്രാവം!! കടുത്ത വേദന കൊണ്ട് അവള്‍ പുളയുകയായിരുന്നു. വേദനയുടെ കാഠിന്യത്തിലാവാം വിസ്സര്‍ജ്ജ്യം വരെ സംഭവിച്ചിട്ടുണ്ടെന്ന് തോന്നുന്നു. നേരത്തെ വന്ന മനംപുരട്ടുന്ന മണം വിസ്സര്‍ജ്ജ്യത്തിന്റെയും രക്തത്തിന്റെയും വിയര്‍പ്പിന്റെയും എല്ലാം കൂടെയുള്ള ഒരു സമ്മിശ്രമായിരുന്നു. നാടോടിക്കൂട്ടം ആകെ ഭയന്ന് പോയി. ആശുപത്രിയില്‍ എത്തിക്കുവാന്‍ വേണ്ടി ഒരു സഹായത്തിനായി കൈകാട്ടിയ വാഹനങ്ങളൊന്നും നിറുത്താതെ കടന്നു പോയി. ടാക്സിക്കാരും മുന്‍സിപ്പാലിറ്റിയുടെ മാലിന്യവണ്ടിയും വരെ അവഗണിച്ചു എന്നൊക്കെ അവിടെ ഉണ്ടായിരുന്നവരില്‍ നിന്നും അറിഞ്ഞു. വല്ലാത്ത അമര്‍ഷം തോന്നി. ഒപ്പം അവിടെ കൂടി നില്‍ക്കുന്നവരോട് പുച്ഛവും. സാന്താക്ലോസും കൂട്ടരും മെല്ലെ അവിടെ നിന്നും പിന്‍വലിയാന്‍ തുടങ്ങി. യുവതി ഇപ്പോഴും വെപ്രാളപ്പെട്ട് പുളയുകയാണ്.
ഡ്രൈവറുടെ മുഖത്ത് അസ്വസ്ഥതയും അക്ഷമയും നിഴലിക്കുന്നു. രക്തത്തിന്റെയും വിസ്സര്‍ജ്ജ്യത്തിന്റെയും കൂടിച്ചേര്‍ന്ന മണം മനംപുരട്ടല്‍ ഉണ്ടാക്കുന്നു. ആ യുവതി വേദനകൊണ്ട് ഞരങ്ങുന്നുണ്ട്. എന്തു ചെയ്യണമെന്ന് ഒരു രൂപവും കിട്ടുന്നില്ല. പള്ളിയില്‍ നിന്നും തിരുപ്പിറവിയെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ക്വയര്‍ കേള്‍ക്കാം. കിഴക്കേ ആകാശത്ത് ആരുടേയോ വരവറിയിച്ചു കൊണ്ട് ഒരു നക്ഷത്രത്തെയല്ലേ കാണുന്നത്!! കുന്തിരിക്കത്തിന്റെയും മീറയുടെയും ഗന്ധം!! ഈ ഗന്ധമാവുമോ നേരത്തെ മനംപുരട്ടല്‍ ഉണ്ടാക്കിയത്. അല്ലെങ്കില്‍.. അല്ലെങ്കില്‍ മനംപുരട്ടല്‍ ഉണ്ടാക്കിയ ഗന്ധം ഇത്ര പെട്ടന്ന് എങ്ങിനെ കുന്തിരിക്കത്തിന്റെയും മീറയുടെയുമായി മാറി!!
അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്തുതി!
ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം!!
നക്ഷത്രക്കണ്ണുകളുമായി മാലാഖമാര്‍ വിണ്ണില്‍ എന്തിനോ വേണ്ടി വീര്‍പ്പടക്കി പിടിച്ചു നില്‍ക്കുന്നതായി തോന്നി. തേജസ്സാര്‍ന്ന ഒരു നക്ഷത്രം വെളിച്ചം വിതറിക്കൊണ്ട് മുന്നോട്ട് നീങ്ങുന്നുണ്ടോ! അനുഗമിക്കാനായി അത് മാടിവിളിക്കുന്നുണ്ടോ?
“സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പുജിതമാകണമേ. അങ്ങയുടെ രാജ്യം വരേണമേ. അങ്ങയുടെ ഹിതം സ്വര്‍ഗ്ഗത്തിലെന്ന പോലെ ഭൂമിയിലുമാകണമേ. അന്നന്നു വേണ്ട ആഹാരം ഇന്ന് ഞങ്ങള്‍ക്ക് നല്‍കേണമേ. ഞങ്ങളുടെ കടക്കാരോട് ഞങ്ങള്‍ ക്ഷമിച്ചപോലെ ഞങ്ങളുടെ കടങ്ങള്‍ ഞങ്ങളോടും ക്ഷമിക്കേണമേ. ഞങ്ങളെ പ്രലോഭനത്തില്‍ പെടുത്തരുതേ. തിന്മയില്‍ നിന്നും ഞങ്ങളെ രക്ഷിക്കേണമേ…… ആമേന്‍!!”
പള്ളിയില്‍ നിന്നും വിശുദ്ധ പ്രാര്‍ത്ഥന കാതുകളില്‍ വന്നലച്ചു. ദൈവപുത്രന്റെ വരവറിയിച്ചു കൊണ്ടുള്ള കൂട്ടമണിയല്ലേ മുഴങ്ങുന്നത്.
ചിന്തിച്ചു നില്‍ക്കാന്‍ സമയമില്ല. ചോരയില്‍ കുളിച്ചു കിടക്കുന്ന ആ കുഞ്ഞിനെ ചുരിദാറിന്റെ ദുപ്പട്ട കൊണ്ട് തുടച്ചെടുക്കുമ്പോള്‍ മരിയക്ക് താന്‍ പരിചയസമ്പന്നയായ ഒരു വയറ്റാട്ടിയാണൊ എന്ന് തോന്നി പോയി. ഡ്രൈവറുടെ മുഖത്തെ വിമ്മിഷ്ടത്തെ അവഗണിച്ച് കൊണ്ട് സ്ത്രീയെ കാറിലേക്ക് എടുത്ത് കയറ്റാന്‍ പറയുമ്പോളും ഇനി എങ്ങോട്ട്, എന്ത് എന്നൊന്നും മരിയ ചിന്തിച്ചിരുന്നില്ല. കര്‍ത്താവിന്റെ കരുണക്കായി പ്രാര്‍ത്ഥിച്ച് കൊണ്ട് മരിയ ആകാശത്തേക്ക് മിഴികള്‍ ഉയര്‍ത്തി.
മാതാവേ!! എന്തൊരു കാഴ്ചയാണിത്. സ്വര്‍ഗ്ഗസ്ഥരായ മാലാഖമാര്‍ വിണ്ണില്‍ നിരന്നു നില്‍ക്കുന്നു. ദിവ്യമായ വെളിച്ചം ചൊരിഞ്ഞുകൊണ്ട് അരൂപികള്‍. വെള്ളക്കുതിരകളും മാനുകളും വലിക്കുന്ന സുവര്‍ണ്ണ രഥത്തിലേറി സാന്താക്ലോസ് ആകാശത്ത് പ്രത്യക്ഷനായിരിക്കുന്നു. ദേ, തമ്പുരാന്റെ അമ്മ!! വ്യാകുലമാതാവല്ലേ അത്.. എന്തൊക്കെയാ താന്‍ കാണുന്നത്… ഹോ.. കണ്ണുകള്‍ മഞ്ഞളിക്കുന്നു. തേജസ്സ് ചൊരിഞ്ഞുകൊണ്ട് വാല്‍നക്ഷത്രം മുന്നോട്ട് സഞ്ചരിച്ചു തുടങ്ങി. മരിയയുടെ കൈയിലിരിക്കുന്ന ആ പിഞ്ചുപൈതലിന്റെ രോമം കിളിര്‍ത്തുതുടങ്ങിയ തലയില്‍ ഒലിവിന്റെ കൊമ്പില്‍ തീര്‍ത്ത കിരീടം!! കുഞ്ഞിന്റെ അമ്മയായ യുവതിയുടെ തലക്ക് ചുറ്റും പ്രകാശവലയം!!! മരിയ ഒരു നിമിഷം കൈകൂപ്പിപ്പോയി.
ഗാഗുല്‍ത്താ കുന്നുകള്‍ ഇപ്പോള്‍ കണ്മുന്നില്‍ തെളിഞ്ഞുകാണാം.. ക്രൂശിത രൂപത്തിന്റെ മുറിവുകളില്‍ നിന്നും രക്തത്തിനു പകരം ചന്ദനതൈലം ഒഴുകുന്നു. മരിയയുടെ കണ്ണില്‍ നിന്നും രണ്ടു തുള്ളി കണ്ണുനീര്‍ ആ കുഞ്ഞിന്റെ കാലുകളില്‍ പതിച്ചു. തിരുപാദപൂജ!! ഇതെല്ലാം സ്വപ്നമോ യാഥാര്‍ത്ഥ്യമോ!!
“ചാവാനിറങ്ങിയിരിക്കയാണോടാ” – ഡ്രൈവര്‍ ആരോടോ ഒച്ചവെക്കുന്നത് കേട്ട് മരിയ സ്വപ്നത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു.
ജെമന്തിപ്പൂക്കളുടെ സുഗന്ധം! വിടരാന്‍ തുടങ്ങുന്ന മുല്ലമൊട്ടുകളുടെ പരിമളം!! ചെമ്പനീര്‍ പുഷ്പവും മണക്കുന്നുണ്ടോ?
“വണ്ടി നിറുത്തൂ… വണ്ടി നിറുത്തൂ…” – എന്തൊക്കെയോ തിരിച്ചറിഞ്ഞ പോലെ മരിയ പുലമ്പിക്കൊണ്ടിരുന്നു.
Generated from archived content: story1_sep5_11.html Author: manoraj