അര്‍ജൂനന്‍

ഭാര്യ അടുക്കളയില്‍ തിരക്കിലാണ്‌. ഒരു വയസ്സുകാരി കിടക്കയിലൊരൂക്കിയ തലയണകോട്ടക്കുള്ളില്‍ സുരക്ഷിതയായി ഉറങ്ങുന്നു .ടെലിവിഷനില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ ചോര പൊടിഞ്ഞ ദേഹങ്ങള്‍ സംഗീതത്തിന്റെ അകമ്പടിയോടെ മാറിമറയുന്നു . ഫ്ളാടിലെ ജനാലക്കല്‍ നിന്നും റോഡിലേക്ക് നോക്കിയപ്പോള്‍ ട്രാഫിക് സിഗ്നലില്‍ കാത്തു നില്‍ക്കുന്ന വാഹനങ്ങള്‍ക്കിടയില്‍ സായാഹ്ന പത്രം വില്‍ക്കുന്ന പത്തു വയസ്സു തോന്നിക്കുന്ന പയ്യന്റെ ഘോഷണം.” നഗരത്തിലെ സ്കൂളില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ചവര്‍ പിടിയില്‍.” പത്രം കൂടുതല്‍ ചെലവായി. കമ്മീഷന്‍ കൂടുതല്‍ കിട്ടിയ സന്തോഷത്തില്‍ അവന്‍ അടുത്തുള്ള ചിക്കന്‍ സെന്ററിലേക്ക് വച്ചു പിടിച്ചു. ഒരു പക്ഷേ ആ വാര്‍ത്തക്ക്‌ നന്ദി പറഞ്ഞു കൊണ്ട്. രാത്രി സല്ലാപത്തിനിടയില്‍ ഫാക്ടറി ജോലി ഉപേക്ഷിക്കുന്ന കാര്യം സൂത്രത്തില്‍ ഭാര്യയോട് തട്ടി വിട്ടു. യുദ്ധസാമഗ്രഹികള്‍ നിര്‍മിച്ചു കയറ്റുമതി ചെയ്യുന്ന ഫാക്ടറിയിലെ ജോലിക്ക്‌ അര്‍ദ്ധ മനസ്സോടു കൂടിയാണ് പോകുന്നത്‌. മനുഷ്യരെ കൊല്ലാന്‍ കൂട്ട്‌ നിന്ന് പാപത്തിന്റെ ശമ്പളം പറ്റുന്നു എന്നൊരു തോന്നല്‍. അതു കേട്ടപ്പോള്‍ ഭാര്യ കൂടുതല്‍ പ്രയോഗികമതിയായി: “പടാക്കോപ്പുകള്‍ കയറ്റുമതി ചെയ്താലെന്താ മറ്റു ടെക്നോളജികള്‍ നമ്മള്‍ ഇറക്കുമതിചെയ്യുന്നുണ്ടല്ലൊ. കസ്റ്റമര്‍ ഒരു സാധനം വാങ്ങിയാല്‍ അതുപിന്നെ അവരുടെ സ്വന്തമാണ്. അതു എങ്ങനെ ഉപയോഗിക്കുന്നു എന്നു നമ്മള്‍ അറിയേണ്ട കാര്യമില്ല. അതു അവരുടെ ഉത്തരവാദിത്വമാണ്. നമ്മള്‍ നമ്മുടെ കര്‍മ്മം ചെയ്യുക. അത്ര തന്നെ..” ഒരു നിമിഷം അവളുടെ നെറ്റിയില്‍ ഒരു മയില്‍പ്പീലിതുണ്ടിന്റെ തിളക്കം മിന്നി മറയുന്നതുപോലെ തോന്നി.

Generated from archived content: story2_sep4_14.html Author: manojkumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here