രൂപാന്തരം

അയാള്‍ ഒരാഴ്ചയായി ഏറെക്കുറെ മൗനത്തിലാണ് . ഒരു വാര്‍ഷികപ്പതിപ്പിലേക്ക് കഥ കൊടുക്കാമെന്നു ഏറ്റിട്ടുണ്ട്. ഇതറിയാവുന്ന ഭാര്യ അയാളെ ശല്യപ്പെടുത്തിയിട്ടില്ല. പക്ഷെ മകന്‍ അയാള്‍ കേള്‍ക്കുമാറുച്ചത്തില്‍ പണത്തിന്റെ ആവശ്യം അമ്മയുടെ മുന്നില് ബോധിപ്പിക്കുകയാണ് . തൊഴില്‍ തന്നെ തേടി വരുമെന്ന് കാത്തിരിക്കുന്ന മകനെ കുറിച്ചോര്‍ത്തപ്പോള്‍ അയാളുടെ മുന്നില്‍ തെളിഞ്ഞു വന്നത് നാട്ടില്‍ പണിയെടുക്കുന്ന ബംഗാളികളെയാണ് . ഇനിയും സ്വയം രൂപപ്പെടാന്‍ കഴിയാത്ത മകനെപ്പറ്റി അയാള്‍ ദുഖിതനായി.

അയാളുടെ ചിന്തകള്‍ കാടിറങ്ങി വന്നു. കൂടെ ഒരു കള്ളനുമുണ്ടായിരുന്നു. എല്ലാവരാലും സ്നേഹിക്കപ്പെടുന്ന ഒരു കള്ളന്‍. അക്ഷരങ്ങളിലൂടെ അയാള്‍ കള്ളനെ കടലാസിലേക്കാവഹിച്ചു. കള്ളന് തൊഴിലിനോടൊപ്പം പ്രണയമുണ്ടായിരുന്നു. കൂടെ വാലായി ഒരു കൂട്ടുകാരനും.

ഒരിക്കല്‍ അയാള്‍ ശിക്ഷിക്കപ്പെട്ടു. ആരുടെയോ സമയം അപഹരിച്ചതിന്. സത്യം അറിഞ്ഞു വന്ന കൂട്ടുകാരന്‍ കണ്ടത് തനിക്കു കിട്ടിയ ശിക്ഷയില്‍ സന്തോഷിക്കുന്ന കള്ളനെയാണ്‌. ആ കഥക്ക് ഒരവസാനം കണ്ടെത്താന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. ബാധ്യതകള്‍ അയാളുടെ ചിന്തകളെ അലസോരപെടുത്തി. അവയെ ഒരു കഥ കൊണ്ടൊന്നും പരിഹരിക്കപ്പെടാന്‍ കഴിയില്ല. ഭാര്യയും മകനും അയാളുടെ പ്രശ്നത്തില്‍ ഇടപെട്ടു. കഥ പൂര്‍ണമാക്കണം. പ്രതിഫലവും വാങ്ങണം. പക്ഷെ അയാള്‍ക്ക് ഒട്ടും മുന്നോട്ടു പോകാന്‍ കഴിഞ്ഞില്ല. അയാള്‍ കഥ ഉപേക്ഷിച്ചു.

ഒരു മധ്യാഹ്നം. മകന്‍ അയാളുടെ അയാളുടെ മുന്നില്‍ അഭിമാനത്തോടെ പ്രത്യക്ഷപ്പെട്ടു. കൈയിലുണ്ടായിരുന്ന വാര്‍ഷികപ്പതിപ്പ് അയാളുടെ നേരെ നീട്ടി. ഒരു വ്യസനത്തോടെ അയാള്‍ അതിന്റെ ഉള്ളടക്കത്തിലേക്ക് കടന്നു. ഒരിടത്തായി മകന്റെ പേര് അച്ചടിച്ചിരിക്കുന്നിടത്ത് അയാളുടെ മിഴികളുടക്കി.

ഒരു കവിത മകന്റെ പേരില്‍. അകത്തെ പേജുകളിലേക്ക് അയാള്‍ അതിനെ തേടിച്ചെന്നു. അവിടെ താനുപേക്ഷിച്ച കഥ കവിതയുടെ രൂപത്തില്‍.

അയാളുടെ മനസ് പറഞ്ഞു. ഒരു കള്ളന്‍ രൂപപെട്ടിരിക്കുന്നു. അല്ല കവിത രൂപപെട്ടിരിക്കുന്നു.

Generated from archived content: story1_oct19_13.html Author: manojkumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here