ആഗ്ര ഫോര്‍ട്ട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒരു വിളിപ്പാടകലെ സ്ഥിതി ചെയ്യുന്ന സെക്ടര്‍ 81 പ്രത്യേക സിബിഐ കോടതിയും പരിസരവും അസാധാരണമായ തിരക്കില്‍ വീര്‍പ്പുമുട്ടിയ ദിവസമായിരുന്നു അത്.
എല്ലാം മുന്‍കൂട്ടി കണ്ട് മേഖലയില്‍ നേരത്തെ തന്നെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നെങ്കിലും ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട രാജ്ഘട്ട് അഴിമതി കേസിന്റെ സാക്ഷി വിസ്താരത്തിന്റെ അവസാന ദിവസമായ അന്ന് കോടതിയിലെ ഓരോ സംഭവവികാസങ്ങളും തല്‍സമയം ജനങ്ങളിലെത്തിക്കാന്‍ വാര്‍ത്താചാനലുകളും മറ്റ് മുഖ്യധാരാമാധ്യമങ്ങളും മല്‍സരിച്ചപ്പോള്‍ എല്ലാവരെയും നിയന്ത്രിക്കാന്‍ പ്രത്യേക സേന നന്നേ പാടുപെട്ടു.
മാസങ്ങളായി ദേശീയ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്ന കേസ് പെട്ടെന്ന് അന്താരാഷ്ട്ര തലത്തിലേക്ക് വളര്‍ന്നത് ഒരു സാക്ഷിയുടെ വരവോടെയാണ്. അയാളുടെ അപ്രതീക്ഷിതമായ വരവ് എല്ലാവരിലും ഞെട്ടലും അമ്പരപ്പുമുളവാക്കി. . അസംഭവ്യം എന്നു പറഞ്ഞ് ചിലര്‍ വാര്‍ത്ത ചിരിച്ചു തള്ളിയപ്പോള്‍ മറ്റു ചിലര്‍ എല്ലാം കണ്ട് മനസ്സാ സന്തോഷിച്ചു. അയാള്‍ എന്താണ് പറയാന്‍ പോകുന്നതെന്ന് രാഷ്ട്രീയ മാധ്യമ വിദഗ്ധര്‍ ദിവസങ്ങളോളം ചാനല്‍ മുറികളില്‍ മെനക്കെട്ടിരുന്ന് ചര്‍ച്ച ചെയ്തു.
രാജ്യം മുഴുവന്‍ ആകാംക്ഷയുടെ മുള്‍മുനയില്‍ നിന്ന ആ ദിവസം പക്ഷേ അയാള്‍ പതിവ് പോലെ ശാന്തനായാണ് കാണപ്പെട്ടത്.
അടച്ചിട്ട കോടതി മുറിയിലെ തിങ്ങി നിറഞ്ഞ കസേരകളെയും നിയമ വിദഗ്ധരെയും പോലീസ് മേധാവികളെയും ജഡ്ജിക്ക് പിന്നിലുള്ള പതിവ് ചുവര്‍ ചിത്രത്തെയും സാക്ഷി നിര്‍ത്തി ആ വൃദ്ധന്‍ കൂട്ടില്‍ കയറി.
കാലമേറെ കഴിഞ്ഞെങ്കിലും കണ്ണുകളിലെ തിളക്കവും ചലനങ്ങളിലെ ഊര്‍ജസ്വലതയും അയാളില്‍ അപ്പോഴും ബാക്കിയാണെന്ന് കേസിന്റെ വിധിയെഴുതാന്‍ വിധിക്കപ്പെട്ട ജഡ്ജ് ഷക്കീല്‍ അഹമ്മദിന് തോന്നി.
പതിവ് സത്യ വാചകത്തിന് ശേഷം പബ്ലിക് പ്രോസിക്യൂട്ടര്‍ ബാലഗോപാല്‍ അയാളുടെ അടുത്തേക്ക് ചെന്നു.
എന്താ നിങ്ങളുടെ പേര് ? : പഴയ പാലക്കാടന്‍ കമ്മ്യൂണിസ്റ്റ് കേളുണ്ണി നായരുടെ സീമന്ത പുത്രന്റെ ചോദ്യം കേട്ട് വൃദ്ധന്‍ അറിയാതെ ചിരിച്ചു.
അതിന്റെ ഉത്തരം മാലോകര്‍ക്കെല്ലാം അറിയാമല്ലോ എന്ന ഭാവത്തില്‍ ചേംബറില്‍ തൂങ്ങുന്ന ചുവര്‍ചിത്രത്തിനെ ഒന്നു നോക്കിക്കൊണ്ട് സാക്ഷി പറഞ്ഞു:
മോഹന്‍ ദാസ്…………… ഗാന്ധി എന്നെല്ലാവരും വിളിക്കും………………….. : മൃദുവും എന്നാല്‍ ഇടറിയതുമായ ആ ശബ്ദം പക്ഷേ ആ നാല് ചുവരുകള്‍ക്കുള്ളില്‍ ഒരു പ്രകമ്പനം തന്നെയുണ്ടാക്കി. അവിശ്വസനീയമായ എന്തോ കണ്ടത് പോലെ പലരും അയാളെ തുറിച്ചു നോക്കി.
മധ്യപ്രദേശിലെ അശോക് നഗറിലും ഉത്തര്‍പ്രദേശിലെ ലളിത് പൂരിലുമായി പരന്നു കിടക്കുന്ന രാജ്ഘട്ട് ഡാമാണ് കേസിന്റെ കേന്ദ്ര ബിന്ദു. ഡാമിന്റെ പശ്ചാത്തലത്തില്‍ ഇരു സംസ്ഥാനങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു അതിവേഗ പാത നിര്‍മ്മിക്കാന്‍ ഏതാനും വര്‍ഷം മുമ്പ് സംസ്ഥാന സര്‍കരുകള്‍ ചേര്‍ന്നെടുത്ത തീരുമാനം തുടര്‍ന്നുള്ള വിവാദ രാജ്ഘട്ട് അഴിമതി കേസിനും കൊലപാതക പരമ്പരകള്‍ക്കുമാണ് വഴി വച്ചത്.
രണ്ടു സംസ്ഥാനങ്ങളിലെയും പ്രമുഖ നേതാക്കളും മന്ത്രിമാരും ബിനാമികളായ കെആര്‍കെ ഗ്രൂപ്പിനാണ് പദ്ധതിയുടെ കരാര്‍ ലഭിച്ചത്. പിഡബ്ല്യുഡി എഞ്ചിനിയര്‍ രാം ചരണിനെ സംശയാസ്പദമായ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്ത നിലയില് കണ്ടെത്തിയതാണ് സംഭവത്തെ ദേശീയ ശ്രദ്ധയില് കൊണ്ടു വന്നത്. റോഡ് പണിയുടെ മേല്നോട്ടം വഹിച്ചിരുന്ന അദ്ദേഹം കുടുംബ പ്രശ്നങ്ങള്‍ മൂലം ഡാമില്‍ ചാടി മരിച്ചു എന്നാണ് തുടക്കത്തില്‍ പ്രചരിപ്പിക്കപ്പെട്ടതെങ്കിലും സത്യം അങ്ങനെയല്ലെന്ന് താമസിയാതെ വ്യക്തമായി. കമ്പനി നിലവാരം കുറഞ്ഞ സാധന സാമഗ്രികള്‍ ഉപയോഗിച്ചതും വ്യാജ ബില്ലുകള്‍ നല്കി പണം തട്ടാന്‍ ശ്രമിച്ചതുമാണ് നിഷ്ഠൂര കൊലപാതകത്തിന് കാരണമായതെന്ന് രാം ചരണിന്റെ തന്നെ ഡയറിക്കുറിപ്പുകള്‍ ലോകത്തോട് വിളിച്ചു പറഞ്ഞു.
കുറ്റകൃത്യം തെളിയിക്കാന്‍ മുന്നിട്ടിറങ്ങിയ രാമിന്റെ സുഹൃത്ത് കൂടിയായ എസ്പി കിഷന് ലാലിനും വിവരാവകാശ പ്രവര്‍ത്തക ശോഭ തിവാരിക്കും ഏറെ പ്രതിബന്ധങ്ങള്‍ നേരിടേണ്ടി വന്നു. കടലാസില്‍ മാത്രം നിലവിലുള്ള കമ്പനികളുടെ പേരില്‍ പ്രമുഖ നേതാക്കള്‍ വന്‍ തുക കോഴ പറ്റിയിട്ടുണ്ടെന്ന വാര്‍ത്ത ഇരു സംസ്ഥാനങ്ങളിലും കോളിളക്കമുണ്ടാക്കി. എന്നാല്‍ അധികം താമസിയാതെ വിവരം പുറത്തു കൊണ്ടു വന്ന ശോഭ കൊല്ലപ്പെടുകയും കിഷന്‍ ലാല്‍ ഒരു കൈക്കൂലി കേസില്‍ സസ്പെന്‍ഷനിലാവുകയും ചെയ്തതോടെ മാഫിയ ലോബിയുടെ സംസ്ഥാനത്തെ അപ്രമാദിത്വം ഒരിക്കല്‍ കൂടി വ്യക്തമായി.
കേസില്‍ ഇടപ്പെട്ട ലക്നൗ ഹൈക്കോടതി തുടര്‍ന്നു സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. ഒട്ടനവധി വിവാദങ്ങള്‍ക്ക് ശേഷം പ്രത്യേക സിബിഐ സംഘം മുന്‍ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ലോക്പാല്‍ ശര്‍മ, കെആര്‍കെ ഗ്രൂപ് മേധാവി കിരണ്‍ റാവു ത്രിപാഠി, മധ്യ പ്രദേശ് മുന്‍ മന്ത്രിയും രാജ്യസഭ എംപിയുമായ അര്‍ഷദ് ഖാന്‍, നിരവധി സര്‍ക്കര്‍ ഉദ്യോഗസ്ഥര്‍, മറ്റ് നേതാക്കള്‍ എന്നിവര്‍ ഉള്‍പ്പെട്ട കുറ്റപത്രം സമര്‍പ്പിച്ചു.
ഒബ്ജെക്ഷന്‍ യുവര്‍ ഓണര്‍…………… : പ്രതിഭാഗം അഭിഭാഷകന്‍ രാജേഷ് ചൗഹാന്റെ വാക്കുകള്‍ ഒരു നിമിഷം സകലരെയും ഞെട്ടിച്ചു.
മഹാത്മജി എന്ന് നമ്മളെല്ലാവരും വിളിക്കുന്ന ബഹുമാന്യനായ രാഷ്ട്രപിതാവ് 1948 ജനുവരി 31നു കൊല്ലപ്പെട്ട കാര്യം ലോകത്തിന് മുഴുവന്‍ അറിയാം. ഇത് എന്റെ കക്ഷികളെ മനപൂര്‍വ്വം കുടുക്കാന്‍ ഗാന്ധി വേഷം കിട്ടി വന്ന ഏതോ ഫ്രോഡാണ്. അതിനാല്‍ ഈ സാക്ഷി വിസ്താരം അനുവദിക്കരുത്. മുടിയെല്ലാം ഏറെക്കുറെ നരച്ച എന്നാല്‍ ചായം പൂശി അനുദിനം ചെറുപ്പക്കാരനാകാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന, ഉത്തരേന്ത്യന്‍ ഭയ്യമാരുടെ കണ്ണിലുണ്ണി കൂടിയായ ആ ക്രിമിനല്‍ ലോയര്‍ വാദിച്ചു.
മിസ്റ്റര്‍ ഡിഫന്‍സ് ലോയര്‍, ബഹുമാന്യനായ രാഷ്ട്രപിതാവ് തന്റെ ഡിഎന്‍എ റിപ്പോര്‍ട്ടും ബഹുമാനപ്പെട്ട സുപ്രീം കോടതി നിഷ്കര്‍ച്ചിട്ടുള്ള വിവിധ ശാസ്ത്രീയ റിപ്പോര്‍ട്ടുകളും ഇവിടെ സമര്‍പ്പിച്ചിട്ടുണ്ട്. അതിനുശേഷമാണ് ഈ സാക്ഷി വിസ്താരത്തിന് കോടതി അനുമതി നല്കിയതെന്ന കാര്യം വിസ്മരിക്കരുത്: ബാലഗോപാല്‍ സ്വല്പം പരുഷമായി തന്നെ എതിര്‍ ഭാഗത്തെ ഓര്‍മിപ്പിച്ചു.
ഒബ്ജക്ഷന്‍ ഓവര്‍ റൂള്‍ഡ് : കോടതിയുടെ വാക്കുകള്‍ ചൗഹാനെ പുറകോട്ടു വലിച്ചു.
താങ്ക്സ് മൈ ലോര്‍ഡ് : കോടതിക്ക് നന്ദി പറഞ്ഞ് ബാലഗോപാല്‍ സാക്ഷിക്കൂടിന് നേരെ നടന്നു.
മരണപ്പെട്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം താങ്കള്‍ ഇപ്പോള്‍ മടങ്ങി വരാനുള്ള കാരണം? താഴേക്കു ഊര്‍ന്നിറങ്ങാന്‍ തുടങ്ങിയ തന്റെ കണ്ണാടി നേരെയാക്കുന്നതിനിടയില്‍ വൃദ്ധന്‍ കോടതിമുറിയിലുള്ള എല്ലാവരെയും ഒന്നു നോക്കി.
എന്റെ നാട് കൊടിയ അഴിമതികളുടെയും കുറ്റകൃത്യങ്ങളുടെയും വിളനിലമാകുന്നത് കണ്ട്…………. ഒരു കേസിലെങ്കിലും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്ന ആഗ്രഹം കൊണ്ടാണ് ഞാന്‍ ഇപ്പോള്‍ വന്നത്……….. : അദ്ദേഹത്തിന്റെ ശബ്ദം ഇടറി. പക്ഷേ അപ്പോഴും തന്റെ ഊന്നുവടി അദ്ദേഹം മുറുകെ പിടിച്ചിരുന്നു. അമ്പരപ്പോ ഭയമോ എന്നു വേര്‍തിരിച്ചു പറയാനാവാത്ത വികാരത്തോടെ പ്രതികള്‍ എതിര്‍വശത്തെ കൂട്ടിലും പുറത്തുമായി അദ്ദേഹത്തെ തന്നെ നോക്കി നിന്നു.
പക്ഷേ ഇതിലും വലിയ അഴിമതികള്‍ ഈ നാട്ടില്‍ ഉണ്ടായിട്ടില്ലെ ? അതിനൊന്നും ഇല്ലാത്ത എന്ത് പ്രത്യേകതയാണ് ഈ കേസിനുള്ളത് ? : ഫാനിന്റെ കടകട ശബ്ദത്തോട് മത്സരിച്ചുകൊണ്ട് തന്റെ പതിഞ്ഞതും എന്നാല്‍ ദൃഡവുമായ ശബ്ദത്തില്‍ ബാലഗോപാല്‍ ചോദിച്ചപ്പോള്‍ കോടതി മുറിയിലെങ്ങും നിശബ്ദത പരന്നു. എല്ലാവരും ആ മറുപടിക്കായി കാതോര്‍ത്തു.
കേസിലെ വാദികള്‍ക്കും ഇരകളുടെ വേണ്ടപ്പെട്ടവര്‍ക്കും ആ സത്യാന്വേഷണ പരീക്ഷകന്റെ സാന്നിധ്യം ആശ്വാസമായപ്പോള്‍ കുറ്റവാളികള്‍ക്ക് അദ്ദേഹം എന്താണ് പറയാന്‍ പോകുന്നതെന്ന ആകാംക്ഷയാണ് ഉണ്ടായത്. മുന്നിലും പിന്നിലും ഗാന്ധിയുടെ സാന്നിധ്യം അനുഭവപ്പെട്ട ഷക്കീല്‍ അഹമ്മദിന് ആധുനിക ഡമോക്ലിസിന്റെ വാള്‍ തന്റെ തലക്ക് മുകളിലാണ് തൂങ്ങുന്നതെന്ന് തോന്നി.
കാരണം ഈ കേസിലെ ഏക സാക്ഷി ഞാനാണ്. കോടികളുടെ കോഴപ്പണം കൈമാറിയതിന് പച്ച നോട്ടുകളിലെ ഗാന്ധിത്തല മാത്രമാണ് സാക്ഷി. കള്ള പണത്തെയും വിദേശങ്ങളിലെ ബിനാമി അക്കൗണ്ടുകളെയും നേരിടുന്ന കാര്യത്തില്‍ നമ്മുടെ നിയമം ഇപ്പോഴും പരാജയമാണ്. എന്നാല്‍ ഈ കേസില്‍ പലപ്പോഴായി കൈമാറിയ കോടികള്‍ എവിടെയുണ്ടെന്നും അവയുടെ സീരിയല്‍ നമ്പര്‍ ഏതൊക്കെയാണെന്നും ഞാന്‍ പറയാം. കാണ്‍പൂരിലെയും ഗാങ്ടോക്കിലെയും നേപ്പാളിലെയും ഹവാലക്കാരുടെ പെട്ടികളില്‍ ഇത്ര നാള്‍ ഞാന്‍ വീര്‍പ്പുമുട്ടി കഴിയുകയായിരുന്നു. ഇനി വയ്യ. പച്ച നോട്ടുകള്‍ക്കും ജീവനുണ്ടെന്ന് ഇതുപോലുള്ള ദേശദ്രോഹികള്‍ ഇനിയെങ്കിലും മനസിലാക്കട്ടെ………………….. : കണ്ണുകള്‍ നിറഞ്ഞപ്പോള്‍ അദ്ദേഹം മുഖം കുനിച്ചു. വീഴാതിരിക്കാന്‍ കൂടിന്റെ അഴികളില്‍ ബലമായി പിടിച്ചു.
ഇത് ഒരു കേസിന്റെ സാക്ഷി വിസ്താരമല്ല, മറിച്ച് ഒരു ദേശത്തെ മുഴുവന്‍ പ്രതിക്കൂട്ടിലാക്കുന്ന സത്യ വിചാരണയാണെന്ന് അഡ്വ. ബാലഗോപാലിന് തോന്നി. ഓര്‍മ വച്ച നാള്‍ മുതല്‍ മുറിയില്‍ ശബ്ദ മലിനീകരണം ഉണ്ടാക്കിക്കൊണ്ടിരുന്ന ഫാന്‍ ശാന്തമായി ചലിച്ചു തുടങ്ങുന്നത് അയാള്‍ കണ്ടു.
അവിടെ സന്നിഹിതരായവരില്‍ നീതിന്ന്യായങ്ങളില്‍ വിശ്വാസമുള്ളവരെല്ലാം ആദരവോടെയും ക്രമേണ ആരാധനയോടെയും വൃദ്ധനെ നോക്കി. എതിര്‍ വിസ്താരം നടത്താതെ ചൗഹാന്‍ പിന്മാറിയപ്പോള്‍ വിധിന്യായമെഴുതാന്‍ ഷക്കീല്‍ അഹമ്മദ് തന്റെ പേന കയ്യിലെടുത്തു.
സത്യത്തിന്റെയും നീതിയുടെയും വെളിച്ചം എല്ലാവര്‍ക്കും പകര്‍ന്നു നല്കിക്കൊണ്ട് അടച്ചിട്ട വാതിലുകള്‍ മലര്‍ക്കെ തുറന്നപ്പോള്‍ എല്ലാവരെയും വണങ്ങിക്കൊണ്ട് വൃദ്ധന്‍ പുറത്തേക്ക് നടന്നു. കാലം ചെറിയ മാറ്റങ്ങള്‍ വരുത്തിയെങ്കിലും അയാളുടെ ചടുല ചലനത്തിനൊപ്പമെത്താന്‍ പലരും നന്നേ വിഷമിച്ചു. ചുറ്റും കൂടിയവരുടെ പ്രശംസാവചനങ്ങള്‍ അയാള്‍ കേട്ട ഭാവം കാണിച്ചില്ല.
പുറത്തെത്തിയപ്പോള്‍ കണ്ട ചാനല്‍ ക്യാമറകളുടെ പ്രളയവും മണല്‍ത്തരികളെക്കാള്‍ ഏറെയുള്ള സൈനികരുടെ എണ്ണവുമാണ് അയാളില്‍ അല്പമെങ്കിലും പകപ്പുണ്ടാക്കിയത്. ആ തക്കത്തിന് മാധ്യമ പ്രവര്‍ത്തകരുടെ അസംഖ്യം മൈക്കുകള്‍ അയാളെ വളഞ്ഞു. പ്രാസംഗികരുടെ പതിവ് പൊള്ളത്തരങ്ങളും ആക്രോശങ്ങളും കണ്ടു മടുത്ത ക്യാമറകള്‍ ഒരു അന്യഗ്രഹ ജീവിയെയെന്ന പോലെ അയാളെ തുറിച്ചു നോക്കി. ഒരുപാട് പരിശ്രമങ്ങള്‍ക്ക് ശേഷമാണ് സുരക്ഷാ സൈനികര്‍ക്ക് മഹാത്മാവിനെ പുറത്തെത്തിക്കാന്‍ കഴിഞ്ഞത്.
സ്ഥലത്തെ പോലീസ് സംഘത്തെ നിയന്ത്രിക്കാന്‍ ചുമതലപ്പെട്ട ഡിസിപി ഹരിപ്രസാദ് ശര്‍മ്മ എതിരെ വരുന്നത് കണ്ടപ്പോള്‍ ഗാന്ധിജി ഒരു സര്വജ്ഞനെ പോലെ ചിരിച്ചു.
ആപ് നേ ബഹുത് അച്ഛാ കാം കിയാ…………. ഉന് ലോഗോം കോ ജെയില്‍ മേം കം സെ കം ജീവന്‍ ഭര്‍ രഹ്നാ പടേഗാ……………. : അയാള്‍ അദ്ദേഹത്തിന് മുന്നില്‍ തലകുനിച്ചുകൊണ്ട് ഭയ ഭക്തി ബഹുമാനത്തോടെ പറഞ്ഞു. കോടതി നടപടിക്രമങ്ങള്‍ അവസാനിപ്പിച്ചുകൊണ്ട് പ്രതികളെ വടക്കേ ഗേറ്റിന് സമീപത്തുനിന്ന് പ്രത്യേക വാഹനത്തില്‍ കയറ്റുന്നത് അവിടെ നിന്നാല്‍ അവ്യക്തമായി കാണാം. ഒരു നിമിഷം.
ടേക്ക് മൈ ഹമ്പില്‍ ഗിഫ്റ്റ് ഫോര്‍ ദിസ്………….. : അത്രയും പറഞ്ഞ് ശര്‍മ്മ തന്റെ അരയില്‍ നിന്ന് തോക്ക് വലിച്ചൂരി മഹാത്മാവിന് നേരെ രണ്ടു വട്ടം നിറയൊഴിച്ചു. സൈനികര്‍ ഞൊടിയിടയില്‍ അയാളെ വട്ടം പിടിച്ചെങ്കിലും ജനറല്‍ ഡയറിന്റെ നാട്ടില്‍ ജനിച്ച ആ അത്യാധുനിക ആയുധം അപ്പോഴേക്കും ആ വയോവൃദ്ധന്റെ ശരീരത്തില്‍ ചോരക്കളങ്ങള്‍ കൊണ്ട് ചിത്രങ്ങള്‍ വരച്ചു തുടങ്ങിയിരുന്നു. പഴകി ദ്രവിച്ച ഹേറാം വിളി മാത്രം ശരീരത്തിന്റെ നേര്‍ത്ത പിടച്ചിലുകള്‍ക്കിടയില്‍ പശ്ചാത്തലത്തില്‍ മുഴങ്ങി.
ഹേ ഭൂട്ടാ, മേം ലോക്പാല്‍ ശര്‍മാ കാ ഭായി ഹും. അബ് സംച്ഛാ ? : പട്ടാളക്കാരുടെ പിടിയില്‍ നിന്ന് കുതറി മാറാന്‍ ശ്രമിക്കുമ്പോള്‍ ശര്‍മ ആക്രോശിച്ചു.
Generated from archived content: story3_may13_15.html Author: manoj_vb