സീറ്റു കിട്ടാതെ
ബസ്സിൽ നിൽക്കുന്ന
ഗർഭിണിക്ക്
ഒരൊറ്റപ്പെണ്ണും
സീറ്റൊഴിഞ്ഞു കൊടുക്കില്ല.
ഒരു പെണ്ണും
മറ്റൊരു പെണ്ണിനെ
സഹായിക്കില്ലെന്ന്
ചില പെണ്ണുങ്ങളെങ്കിലും പറയാറുണ്ട്
വയറൊഴിഞ്ഞവളാണോ
ഒക്കത്തൊരു കുട്ടിയുണ്ടോ
എന്നതൊന്നും
പെണ്ണുങ്ങൾക്ക്
ചിന്തിക്കാനുള്ള
വിഷയമേ അല്ല
അതുകൊണ്ടാവണം
ബസ്സിൽ കയറുമ്പോൾ
കുഞ്ഞുങ്ങളെ
അച്ഛൻമാർ തന്നെ
ഒക്കത്തേറ്റുന്നത്.
അച്ഛനില്ലാത്ത
കുഞ്ഞുങ്ങളുമായാവണം
അമ്മമാർ
പിൻവാതിലിലൂടെ
ബസ്സിൽ കയറുന്നത്.
പിഞ്ചുകുട്ടികളോട്
അനുകമ്പയില്ലാത്ത
ആണൊരുത്തനും ഇതുവരെയില്ല.
എന്നിട്ടും
പെൺവാദികൾ തഴയ്ക്കുന്നത്
പെണ്ണിന് പെണ്ണിനോടുള്ളതോ
ആണിത് പെണ്ണിനോടുള്ളതോ
ആയ സ്നേഹം കൊണ്ടാവണമെന്നില്ല,
മറിച്ച്
ആണിനും പെണ്ണിനും
ആണിനോടുള്ള
അസൂയ കൊണ്ടായിരിക്കാം.
ഉമ്മിച്ചി മീശ വെച്ചാൽ
വാപ്പിച്ചിയാകില്ലെന്ന് ആരറിയുന്നു?
Generated from archived content: poem1_feb25_09.html Author: manoj_mulavukkadu