‘മഴയായാലും വെയിലായാലും എപ്പോഴും അവൾ എന്നോടൊപ്പം ഉണ്ടാകുമായിരുന്നു. ഇന്നു രാവിലെയും ഞാൻ അവളെ നിർബന്ധിച്ച് കൂടെ കൂട്ടുകയായിരുന്നു. എന്നിട്ടും രാത്രിയിൽ വീട്ടിലേക്കുളള മടക്കയാത്രയിൽ ബോട്ടിൽ കയറുമ്പോൾ എന്റെ കൈവിട്ട് അവൾ കായലിലേക്ക് വീണപ്പോൾ ’പോയതുപോകട്ടെ‘ എന്നു പറഞ്ഞ് ഞാൻ ഒരാൾക്കുമാത്രം ടിക്കറ്റെടുക്കുകയാണ് ചെയ്‌തത്. കായലിൽ പായലുകൾക്കിടയിൽ അവൾ മുങ്ങിപൊങ്ങുന്നത് ഞാൻ കണ്ടതാണ്. പക്ഷെ, ആ വേലിയിറക്കത്തിൽ നീന്തലറിയാത്ത ഞാൻ എന്തു ചെയ്യുവാനാണ്?
വീട്ടിലേക്ക് തനിച്ചു ചെല്ലുമ്പോൾ പരിഭ്രമമായിരുന്നു. അമ്മയോട് വിവരം പറഞ്ഞപ്പോൾ എന്റെ പ്രതീക്ഷയ്‌ക്ക് വിപരീതമായി ഇരുനൂറ് രൂപയെടുത്ത് നീട്ടിക്കൊണ്ട് അമ്മ പറഞ്ഞു-
“നിനക്കൊന്നും പറ്റിയില്ലല്ലോ? ഒരു കുടയല്ലേ? നീ നാളെ പുതിയതൊരെണ്ണം വാങ്ങിക്കോ.”
പക്ഷെ, അവളൊരു കുട മാത്രമായിരുന്നില്ലെന്ന് അമ്മ അറിഞ്ഞില്ലല്ലോ?
Generated from archived content: story1_june3_08.html Author: manoj_mulavukkad