ശിലായുഗ സംസ്‌കാരത്തിന്റെ വ്യാപനത്തിന് ശേഷം ഇടുക്കിയുടെ മലഞ്ചെരിവുകളിൽ ചുവടുറപ്പിക്കപ്പെട്ട മറ്റൊരു സംസ്‌കൃതിയാണ് ഗോത്രവർഗ്ഗങ്ങളുടേത്. ശിലായുഗത്തിൽ നിലനിന്ന സാമൂഹികാംശങ്ങളിൽ പലതും ഇവിടുത്തെ ആദിവാസി സംസ്‌കാരത്തിൽ ദർശിക്കുവാൻ കഴിയുമെങ്കിലും അവർ തമ്മിൽ ഏതെങ്കിലും തരത്തിലുളള ബന്ധമുണ്ടായിരുന്നുവെന്ന് അതിനർത്ഥമില്ല. വ്യത്യസ്‌തമായ കാലഘട്ടങ്ങളെയാണ് ഇരുകൂട്ടരും പ്രതിനിധാനം ചെയ്യുന്നത്. ഇടുക്കിയിൽ ഇന്ന് അധിവസിക്കുന്ന ആദിവാസികൾ ഇവിടെത്തിച്ചേർന്നിട്ട് കുറച്ചു നൂറ്റാണ്ടുകളെ ആയിട്ടുളളൂ. അതിനും അനേക വർഷങ്ങൾക്ക് മുമ്പ് മലനിരകളിലെമ്പാടും വ്യാപിച്ചിരുന്ന ശിലായുഗ സംസ്‌കൃതിയുടെ വക്താക്കൾ പിന്നീട് എവിടെപ്പോയി എന്നതിനെക്കുറിച്ച് വ്യക്തമായ തെളിവുകളില്ല. ചരിത്രത്തിന്റെ ഏതെങ്കിലുമൊരു ചുഴിത്തിരിവിലകപ്പെട്ട് മൺമറഞ്ഞിരിക്കാം. അതല്ലെങ്കിൽ കാലാവസ്ഥയുടെയോ മറ്റേതെങ്കിലും തരത്തിലുളള ജീവിതസാഹചര്യങ്ങളുടെയോ അസഹനീയത നിമിത്തം മലയിറങ്ങി പോയിരിക്കാം. അതെന്തായാലും തമിഴ്‌നാടിന്റെയും കേരളത്തിന്റെയും പല ഭാഗങ്ങളിൽ വാസമുറപ്പിച്ചിരുന്ന ആദിവാസികൾ ഇടുക്കിയിലേക്ക് കുടിയേറിപ്പാർക്കുമ്പോൾ ശിലായുഗ സംസ്‌കൃതിയുടെ പ്രാചീന ശേഷിപ്പുകൾ മാത്രമെ ഇവിടെ ബാക്കിയുണ്ടായിരുന്നുളളു.
മന്നാൻ, മുതുവാൻ, പളിയൻ, ഊരാളി, മലയരയൻ, മലപ്പുലയൻ, ഉളളാടൻ എന്നീ ഗോത്രവർഗ്ഗങ്ങളാണ് ഇടുക്കിയിലുളളത്. 1991ലെ കണക്കെടുപ്പ് പ്രകാരം 50269 ആണ് ഇവരുടെ സംഖ്യ. ഇത് ഇടുക്കിയിലെ ആകെ ജനസംഖ്യയുടെ അഞ്ചു ശതമാനത്തോളം വരും. ആധുനിക നരവംശ ശാസ്‌ത്രജ്ഞരുടെ നിഗമനത്തിൽ ഇവിടുത്തെ ആദിവാസികൾ പ്രോട്ടോ-ആസ്‌ത്രലോയ്‌ഡ് വംശത്തിൽപ്പെടുന്നു. ഇടുക്കിയിലെ ഗോത്രവർഗ്ഗങ്ങൾ തമ്മിൽ പരസ്‌പര ധാരണയും സഹവാസവും കുറവാണെങ്കിലും ഇവരുടെയെല്ലാം ആചാരാനുഷ്‌ഠാനങ്ങൾക്ക് ചില പൊതുസ്വഭാവമുണ്ടെന്ന് കാണാം. ബോധപൂർവ്വം സംഭവിച്ച ഒന്നായി ഇതിനെ കാണാൻ കഴിയില്ല. ആദിവാസി ജീവിതത്തിന്റെ പല അംശങ്ങളും തങ്ങളുടെ സംസ്‌കാരത്തിലേക്ക് പകർത്തിയെടുത്ത പരിഷ്‌കൃത മനുഷ്യൻ കേവലമായ കൗതുകോപാധി എന്ന നിലയിൽ മാത്രമാണ് ഇന്നത്തെ ഗോത്രസംസ്‌കൃതിയെ വീക്ഷിക്കുന്നത്.
മന്നാൻ, മുതുവാൻ, മലപ്പുലയൻ, പളിയൻ എന്നീ ഗിരിവർഗ്ഗങ്ങളുടെ ജീവിതം തമിഴ് സംസ്‌കാരവുമായി ബന്ധപ്പെട്ടു നിൽക്കുന്നു. അവരുടെ ഭാഷയിലും ആചാരാനുഷ്‌ഠാനങ്ങളിലും കലാരൂപങ്ങളിലുമൊക്കെ ഈ സാന്നിധ്യം പ്രകടമായി കാണാം. ഇവയെ അടിസ്ഥാനമാക്കി നടന്നിട്ടുളള വിശകലനങ്ങളിൽ നിന്നും ഈ ഗോത്രവർഗ്ഗങ്ങളുടെ പൂർവ്വഭൂമി തമിഴ്‌നാടായിരുന്നുവെന്നും പിൽക്കാലത്ത് ഇടുക്കി മലകളിലേക്ക് അവർ കുടിയേറുകയായിരുന്നുവെന്നും വ്യക്തമാകുന്നുണ്ട്. കുടിയേറ്റം നടന്ന കാലഘട്ടത്തെക്കുറിച്ചോ കാരണത്തെക്കുറിച്ചോ മാത്രമെ കൂടുതൽ അറിയേണ്ടതുളളു. ഊരാളി, ഉളളാടൻ, മലയരയൻ എന്നീ ഗോത്രവിഭാഗങ്ങൾ കേരളത്തിന്റെ തന്നെ പല ഭാഗങ്ങളിൽ നിന്നും ഇവിടേക്ക് കുടിയേറിയവരാണ്. ഇടുക്കി, എറണാകുളം, തൃശൂർ, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഇപ്പോഴും അവർക്ക് വേരുകൾ ഉണ്ടെന്നതും ഇതിന് തെളിവായി ചൂണ്ടിക്കാണിക്കാം. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും സാംസ്‌കാരിക സ്വഭാവം വച്ചു പുലർത്തിയിരുന്ന വിവിധ ആദിവാസി വർഗ്ഗങ്ങൾ ഇടുക്കിയിൽ പാർപ്പാരംഭിച്ച കാലഘട്ടങ്ങൾ തമ്മിൽ വലിയ അന്തരമുണ്ടായിരിക്കാൻ സാധ്യതയില്ല. പുറംലോകവുമായി വേണ്ടത്ര ബന്ധമില്ലാതെ കാടിനുളളിൽ മാത്രമൊതുങ്ങി കഴിഞ്ഞിരുന്ന ഗിരിജനങ്ങളെപ്പറ്റി പരാമർശിക്കുന്ന പുരാലിഖിതങ്ങളോ ചരിത്രഗ്രന്ഥങ്ങളോ ലഭ്യമല്ലാത്തതിനാൽ ഇതേക്കുറിച്ച് ചില ഏകദേശ ധാരണകളിലേക്ക് എത്തുവാനേ കഴിയുകയുളളു. ഗോത്രസംസ്‌കൃതിയുമായി ബന്ധപ്പെട്ട വാമൊഴി രൂപങ്ങളെയും ആചാരാനുഷ്‌ഠാനങ്ങളെയും കലാരൂപങ്ങളെയും കുറിച്ച് പഠനം നടത്തിയിട്ടുളള വി.ബി.രാജന്റെ നിഗമനത്തിൽ ഇവിടുത്തെ ആദിവാസി ജീവിതം ആരംഭിക്കുന്നത് ക്രി.പി.13-15 നൂറ്റാണ്ടുകൾക്കിടയിലാണ്.
തമിഴ് സംസ്‌കാരവുമായി ബന്ധം പുലർത്തുന്ന ഗോത്രവർഗ്ഗങ്ങൾ ഇടുക്കിയിലേക്ക് എത്തിയത് ഇന്നത്തെ കോയമ്പത്തൂർ, മധുര, രാമനാഥപുരം ജില്ലകളിൽ നിന്നുമാണെന്ന് കരുതപ്പെടുന്നു. തമിഴ്‌നാട്ടിൽ നിന്നുമുളള പുറപ്പാടിനെക്കുറിച്ച് ഇവർക്കിടയിൽ പ്രചാരത്തിലിരിക്കുന്ന കഥകളെല്ലാം ഏറെക്കുറെ ഒന്നുതന്നെയാണ്. പാണ്‌ഡ്യ രാജവംശത്തെ സഹായിച്ചതിന് പ്രതിഫലമായി “വനാധിപതികൾ” എന്ന സ്ഥാനം തങ്ങൾക്ക് ലഭിക്കുകയായിരുന്നുവെന്ന് ഓരോ ഗോത്രവർഗ്ഗത്തിന്റെയും കഥകളിലുണ്ട്. കഥകളുടെയെല്ലാം സാഹചര്യങ്ങൾ മാത്രമെ വ്യത്യാസപ്പെടുന്നുളളു. മന്നാന്മാരും മലപ്പുലയരും പളിയരും മുതുവാന്മാരുമൊന്നും ഇക്കാര്യത്തിൽ വ്യത്യസ്‌തരല്ല. മറ്റൊരു കഥ ഇടുക്കി മലകളിൽ സമൃദ്ധമായുണ്ടായിരുന്ന വനവിഭവങ്ങളുടെ സംഭരണവുമായി ബന്ധപ്പെട്ടതാണ്. നാട്ടുരാജാക്കന്മാർക്കുവേണ്ടി വനോല്‌പന്നങ്ങൾ ശേഖരിക്കുവാൻ നിയുക്തരായവർ കാലക്രമത്തിൽ ഇവിടെ ജീവിതമുറപ്പിക്കുകയായിരുന്നുവെന്ന കണ്ടെത്തലാണ് ഈ കഥയിലുളളത്. മധുരയിൽ നിന്നും പൂഞ്ഞാർ രാജാക്കന്മാരെ അനുഗമിച്ചെത്തിയതാണെന്ന മറ്റൊരു ഐതിഹ്യവും പ്രചാരത്തിലുണ്ട്.
സഹ്യപർവ്വതത്തിന്റെ പടിഞ്ഞാറൻ താഴ്‌വരയിൽ നിന്നും മല കയറിയെത്തിയ മലയരയൻ, ഉളളാടൻ, ഊരാളി വിഭാഗങ്ങൾക്ക് പറയാനുളള കഥയും ഭിന്നമല്ല. രാജവംശത്തിന്റെയും രാജാക്കന്മാരുടെയും പേരുകൾക്ക് മാത്രമെ മാറ്റമുണ്ടാകുന്നുളളു. ഇവിടെയിത് പന്തളം, പൂഞ്ഞാർ, കാരിക്കോട് രാജവംശങ്ങളാണ്. കാരിക്കോട് ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന കീഴ്‌മലൈനാട് ഭരണാധികാരികളുടെ അനിഷ്‌ടം നിമിത്തം മലങ്കാടുകളിലേക്ക് തങ്ങൾ കുടിയേറുകയായിരുന്നു എന്നൊരു കഥ കൂടി മലയരയന്മാർ ഓർമ്മിച്ചെടുക്കുന്നു. ഈ നാടോടിക്കഥയ്‌ക്ക് പലായനത്തിന്റെ സ്വഭാവമുണ്ട്. കഥകളെന്തായാലും കൂടുതൽ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾ തേടി ഇവിടേക്ക് കുടിയേറി പാർത്തവർ ആയിരിക്കണം ഇടുക്കിയിൽ ഇന്ന് അധിവസിക്കുന്ന ആദിവാസികളുടെ പൂർവ്വിക ഗോത്രങ്ങൾ. മലയരയന്മാർക്കിടയിലെ പലായനദൃശ്യം ഒഴിച്ചുളള മറ്റെല്ലാ കഥകളും ഇതുതന്നെയാണ് സൂചിപ്പിക്കുന്നത്. കുടിയേറ്റത്തിന് വേണ്ടി വന്ന നിമിത്തം ഒരുപക്ഷെ ഏതെങ്കിലും തരത്തിലുളള പകർച്ചവ്യാധിയോ കടുത്ത ദാരിദ്ര്യമോ ഒക്കെയായിരിക്കാമെന്ന പിൽക്കാല നിഗമനവും ഇതോടൊപ്പം ചേർത്തു വായിക്കേണ്ടതാണ്.
കേരളദേശത്തിന്റെ പാരമ്പര്യം പുലർത്തുന്ന ഗോത്രവിഭാഗങ്ങൾ മലമുകളിലേക്ക് ചുരം കയറി വന്നത് കോലാഹലമേട്, മൂലമറ്റം, ഉടുമ്പന്നൂർ എന്നിവിടങ്ങളിലൂടെയായിരിക്കണം. തമിഴ്‌നാട്ടിൽ നിന്നും ഇടുക്കിയിലെ കാടുകളിലേക്ക് കടന്നു വന്നവർക്ക് കുറച്ചുകൂടി ദുഷ്‌കരമായിരുന്നു യാത്ര. അവരും കുടിയേറ്റത്തിന് വ്യത്യസ്‌ത മാർഗ്ഗങ്ങളാണ് അവലംബിച്ചിരുന്നതെന്ന് ഇടുക്കിയിലെ ആദിവാസി വർഗ്ഗങ്ങളുടെ വ്യാപന രീതിയിൽ നിന്നും മനസ്സിലാക്കാം. കൊടൈക്കനാൽ-കവിഞ്ചി-വട്ടവട, ഉടുമൽപ്പേട്ട-അമരാവതി-മറയൂർ എന്നിവിടങ്ങളിലൂടെ ആയിരിക്കാം മുതുവാന്മാരും മലപ്പുലയരും ഇവിടെത്തിയത്. ജില്ലയുടെ തെക്ക്-പടിഞ്ഞാറൻ ചെരിവുകളിൽ ഈ ഗോത്രജനതയുടെ കുടിയിരുപ്പുകൾ ഇല്ലാത്തതിന് കാരണമിതാണ്. മുതുവാക്കുടികളും മലപ്പുലയരുടെ ഗോത്രഗ്രാമങ്ങളും ദേവികുളം താലൂക്കിൽ മാത്രമെ കാണപ്പെടുന്നുളളു. ഇതിൽതന്നെ മലപ്പുലയരുടെ വാസസ്ഥാനങ്ങൾ അഞ്ചനാട് താഴ്‌വരയിൽപ്പെട്ട മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളിലെ 21 കുടികളിലായി ചുരുങ്ങുന്നു. മൂന്നാറിൽ നിന്നും 44 കി.മീ അകലെയുളള ഇടമലക്കുടി കേന്ദ്രീകരിച്ചാണ് മുതുവാന്മാരുടെ വ്യാപനം. ഇതേ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ മറ്റൊരു ഗോത്രവർഗ്ഗമായ പളിയർ ജില്ലയുടെ തെക്കൻ ചുരങ്ങൾ താണ്ടി എത്തിയവരാണെന്ന് വേണം കരുതാൻ. രാമക്കൽമേടിനും കുമളിക്കും ഇടയിലുളള ഏതെങ്കിലുമൊരു വഴിച്ചാലായിരിക്കാം അവർ തെരഞ്ഞെടുത്തത്. അതുകൊണ്ടുതന്നെ അവരുടെ ഗോത്രസംസ്‌കൃതിയിൽ അധികവും കേന്ദ്രീകരിച്ചിരിക്കുന്നത് കുമളി, ചക്കുപളളം, പുളിയന്മല, പത്താംമൈൽ, അണക്കര, അന്യാർതൊളു എന്നിവിടങ്ങളിലാണ്. പിൽക്കാലത്ത് ജില്ലാ ആസ്ഥാനമായ പൈനാവിലും ഒരു പളിയക്കുടി സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. മുതുവാന്മാരും മലപ്പുലയരും പളിയരുമൊക്കെ ചില പ്രത്യേക മേഖലയിൽ മാത്രം തങ്ങളുടെ സംസ്‌കാരം ഉറപ്പിച്ചിരുന്നവരാണെങ്കിൽ മന്നാൻ സമുദായം അങ്ങനെയായിരുന്നില്ല. ഇടനാടും മറയൂർ താഴ്‌വരയുമൊഴിച്ചുളള ജില്ലയുടെ ഒട്ടെല്ലാ ഭാഗങ്ങളിലും മന്നാക്കുടികൾ പരിചിതമാണ്. ഈ ഗോത്രവർഗ്ഗത്തിന് ആകെയുളള 46 കുടിയിരിപ്പുകളും ഇടുക്കിയുടെ പർവ്വതഛായകളിൽ പലയിടത്തായി സ്ഥിതി ചെയ്യുന്നു.
ഇവിടുത്തെ ഗോത്രവർഗ്ഗ ജീവിതത്തിന്റെ പ്രഥമദശയിൽ നാടോടി വംശങ്ങളുടെയും പ്രാചീന ശിലായുഗസംസ്‌കൃതിയുടെയും വേരോട്ടങ്ങൾ ദർശിക്കാം. മൃഗങ്ങളെ വേട്ടയാടിയും പഴവർഗ്ഗങ്ങൾ ശേഖരിച്ചും കഴിഞ്ഞിരുന്ന പൂർവ്വകാലം ഇതാണ് സൂചിപ്പിക്കുന്നത്. പുനംകൃഷിയും ഒരു കാലത്തെ ഗോത്രസംസ്‌കൃതിയുടെ ഭാഗമായിരുന്നു. ഒരു സ്ഥലത്ത് ഒന്നോ രണ്ടോ തവണ മാത്രം കൃഷിയിറക്കുകയും അതിന് ശേഷം കൃഷിസ്ഥലം തേടി പോവുകയും ചെയ്യുന്ന കൃഷിരീതിയാണ് പുനംകൃഷി. ഇത്തരം കൃഷി സമ്പ്രദായങ്ങൾ നിമിത്തം ഭൂമിയുടെ തനിമയോ വളക്കൂറോ ഒരിക്കലും നഷ്‌ടമായതുമില്ല. നെല്ലിനോടൊപ്പം കടുക്, തുവര, കിഴങ്ങുവർഗ്ഗങ്ങൾ, കോറ, തിന, റാഗി, മുത്താറി, പുനവെളളരി തുടങ്ങിയവയൊക്കെ കൃഷി ചെയ്തിരുന്നുവെന്നതും പുനംകൃഷിയുടെ സവിശേഷതയാണ്. ഇതിന്റെ ഭാഗമായി നിലനിന്നിരുന്ന പരിമിതമായ നാടോടി ജീവിതം ഇവിടുത്തെ ആദിവാസി സംസ്‌കാരത്തെ കുറച്ചൊന്നുമല്ല സ്വാധീനിച്ചിട്ടുണ്ടാവുക. അവരുടെ ആചാരാനുഷ്‌ഠാനങ്ങളിലും ജീവിതരീതികളിലുമൊക്കെ ഈ മാറ്റം കാണുവാൻ കഴിയുകയും ചെയ്യും.
തമിഴ്, കേരള സംസ്‌കാരങ്ങളുടെ പാരമ്പര്യം അനുഷ്‌ഠിക്കുന്ന ഇടുക്കിയിലെ ഗിരിവർഗ്ഗക്കാർക്കിടയിൽ വ്യത്യസ്‌തമായ രണ്ട് ആരാധനാരീതികളാണ് നിലവിലുളളത്. രണ്ടു കൂട്ടരുടെയും കുലദൈവങ്ങൾക്ക് തമ്മിലുളള അന്തരം മാത്രമെ ഇതുകൊണ്ട് അർത്ഥമാക്കുന്നുളളു. മധുര മീനാക്ഷി, മുരുകൻ, കാളിയമ്മൻ എന്നീ ആരാധനാമൂർത്തികളെക്കുറിച്ചുളള ദൈവസങ്കല്പം മുതുവാൻ, മലപ്പുലയൻ, പളിയൻ, മന്നാൻ വിഭാഗങ്ങൾക്കിടയിലെ പൊതുസ്വഭാവമാണ്. മലയരയൻ, ഉളളാടൻ, ഊരാളി വർഗ്ഗങ്ങൾ മലദൈവങ്ങളെയും ശിവൻ, വിഷ്‌ണു, ശാസ്‌താവ് തുടങ്ങിയവരെയും ആരാധിക്കുന്നു. കുറച്ചുകാലം മുൻപ് വരെ ഇവിടുത്തെ ആദിവാസികൾ പ്രകൃതി ശക്തികളെയും വൃക്ഷങ്ങളെയും പൂജിച്ചിരുന്നുവെന്നതിന് തെളിവുകളുണ്ട്. ആരാധിക്കപ്പെടേണ്ട സസ്യമായിട്ടാണ് നീലക്കുറിഞ്ഞിയെ മുതുവാന്മാൻ ഇപ്പോഴും സങ്കല്പിക്കുന്നത്.
ഓരോ ഗോത്ര ഗ്രാമത്തിലുമുളള കുടുംബങ്ങളുടെ എണ്ണം വർദ്ധിക്കുമ്പോൾ പുതിയൊരു കുടിയിരുപ്പ് സൃഷ്‌ടിക്കപ്പെടുന്നു. എല്ലാ ആദിവാസി വർഗ്ഗങ്ങളും ഇങ്ങനെ തന്നെ. ആദ്യകാലത്ത് ഉപയോഗിച്ചിരുന്ന വസ്‌ത്രങ്ങൾ അരയാഞ്ഞിലിത്തൊലി ചതച്ചുണ്ടാക്കുന്ന മരവുരിയാണ്. ഉപജീവനത്തിന് ആവശ്യമായ വനവിഭവങ്ങൾ മാത്രമെ ആദിവാസികൾ ശേഖരിച്ചിരുന്നുളളു. മൃഗത്തോൽ കൊണ്ടുണ്ടാക്കുന്ന പ്രാകൃത വാദ്യോപകരണങ്ങൾ ഇപ്പോഴും ഇവർക്കിടയിലുണ്ട്. ചെറുമൃഗങ്ങളെ വേട്ടയാടാനുപയോഗിച്ചിരുന്ന ആയുധങ്ങളുടെ കാര്യത്തിലും ഈ പ്രത്യേകത കാണാം. പിൽക്കാലത്തെ ചരിത്രവികാസത്തിൽ ആദിവാസികളുടെ സാമൂഹ്യസംവിധാനം അപ്പാടെ തകർന്നുവെങ്കിലും ഉണ്ടവില്ല്, കത്തിയം പോലെയുളള ആയുധങ്ങൾ തീർത്തും ഇല്ലാതായിട്ടില്ല. കാട്ടുനാരുകളും ഈറ്റപ്പൊളിയും ഉപയോഗിച്ച് ഗൃഹോപകരണങ്ങൾ നെയ്‌തെടുക്കാൻ ആദിവാസികൾക്കുളള കഴിവ് മറ്റുളളവർക്കില്ല. കാട്ടുമൃഗങ്ങളിൽ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടി മുളങ്കൂട്ടങ്ങൾക്ക് മീതെ അതിവിദഗ്‌ദ്ധമായുണ്ടാക്കുന്ന ഏറുമാടങ്ങൾ എല്ലാ ഗോത്രവർഗ്ഗ ഗ്രാമങ്ങളിലുമുണ്ട്. ഒട്ടെല്ലാ ആദിവാസി വിഭാഗങ്ങളിലും നിലനിൽക്കുന്ന ദായക്രമം മരുമക്കത്തായമാണ് (മലയരയന്മാർക്കിടയിൽ ഇത് മക്കത്തായമാണ്). മൃതദേഹം അടക്കം ചെയ്യുവാൻ കുടിയോട് ചേർന്ന് പ്രത്യേക ശ്മശാനങ്ങളുമുണ്ടായിരിക്കും. പരിഷ്‌കൃത ജനതയുടെ കുടിയേറ്റം, 1961 ലെ വനനിയമം, വൻതോതിലുണ്ടായ മതപരിവർത്തനം തുടങ്ങിയവയാണ് ഗോത്രസംസ്‌കൃതിയുടെ ചിട്ടവട്ടങ്ങളെ മാറ്റി മറിച്ചത്.
ചില പ്രാകൃത വിശ്വാസങ്ങളാണ് ഇവിടുത്തെ ആദിവാസി സംസ്‌കാരത്തിന്റെ നല്ലൊരു അംശവും രൂപപ്പെടുത്തിയെടുത്തതും വിന്യസിച്ചതും. പരേതാത്മാവിലും ഭൂതാവേശങ്ങളിലും വിശ്വസിക്കുന്ന ഗോത്രജനതയുടെ ജീവിതം മന്ത്രവാദ കർമ്മങ്ങളിൽ അധിഷ്‌ഠിതമായിരുന്നുവെന്ന് തന്നെ പറയാം. അവരുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട ചര്യകളിൽ മന്ത്രവിധികൾക്ക് അത്രത്തോളം സ്വാധീനം ഉണ്ട്. ഇക്കാര്യത്തിൽ മലയരയനെന്നോ ഉളളാടനെന്നോ മുതുവാനെന്നോ ഉളള ഭേദമില്ല. കുടിയിൽ ആർക്കെങ്കിലും രോഗമോ മരണമോ സംഭവിച്ചാൽ മന്ത്രവാദം നടത്തിയില്ലെങ്കിലേ എല്ലാവർക്കും ആശങ്കയുളളു. മരണമടയുന്നവരുടെ ആത്മാവ് ദുർശക്തിയായി ഗോത്രഗ്രാമത്തിന് മീതെ അലഞ്ഞു നടക്കുമെന്നാണ് ആദിവാസികളുടെ വിശ്വാസം. രോഗങ്ങളിൽ നിന്നും പരേതാത്മാക്കളിൽനിന്നും രക്ഷപ്പെടുന്നതിന് വേണ്ടി നടത്തുന്ന മന്ത്രവാദ കർമ്മങ്ങൾ അപൂർവ്വമല്ല. ഏത് ഗോത്രത്തിന്റേതായാലും ഓരോ കുടിയിലും മന്ത്രവാദികളുണ്ടാവും. മരണാനന്തര കർമ്മങ്ങളും രോഗചികിത്സയും നടത്തുക ഇവരാണ്. മലദൈവങ്ങളെ പ്രീതിപ്പെടുത്തുന്നതിനായി വിശേഷാവസരങ്ങളിൽ മൃഗബലിയും നടത്തി വന്നിരുന്നു.
സ്‌ത്രീകൾ ഋതുവാകുമ്പോഴും പ്രസവമടുക്കുമ്പോഴും ഓരോ കുടുംബത്തോട് അനുബന്ധിച്ചും പ്രത്യേകം തയ്യാറാക്കിയിട്ടുളള പുരയിൽ കുറച്ചൊരു കാലം കഴിയണമെന്നാണ് ഗോത്രവിധി. എല്ലാ ഗോത്രവിഭാഗങ്ങളും ഈ സമ്പ്രദായം അനുവർത്തിക്കുന്നുണ്ട്. വീടിനോട് അനുബന്ധിച്ചുളള പുരകളുടെ പേരിലും അവിടെ കഴിയേണ്ട ദിവസങ്ങളുടെ എണ്ണത്തിലും മാത്രമെ വ്യത്യാസമുളളു. മുതുവാന്മാർക്കിടയിൽ തിണ്ണവീടെന്നും മലയരയർക്കിടയിൽ ഈറ്റപ്പുരയെന്നും ഉളളാടർക്കിടയിൽ പളളമാടമെന്നും ഊരാളികൾക്കിടയിൽ പാട്ടുപുരയെന്നും മലപ്പുലയർക്കിടയിൽ ചപ്രാംതല എന്നുമാണ് ഇവ അറിയപ്പെടുക. ഇങ്ങനെയുളള ചടങ്ങുകളിലും മന്ത്രവാദിയുടെ നിർദ്ദേശവും സാന്നിധ്യവുമുണ്ട്. തീണ്ടാരിപ്പുരയിൽ പ്രവേശിക്കുന്ന സ്‌ത്രീകൾ ഋതുകാലം മുഴുവനും അവിടെ ഒറ്റയ്‌ക്ക് കഴിയണം. എല്ലാ ആദിവാസി വിഭാഗങ്ങൾക്കും ഈ ആചാരകാലം ഒരുപോലെയാണെങ്കിലും പ്രസവത്തോട് അനുബന്ധിച്ച കാര്യങ്ങളിൽ അങ്ങനെയല്ല. മുതുവാസ്‌ത്രീ പ്രസവശേഷം 30 ദിവസമാണ് തിണ്ണവീടിനുളളിൽ കഴിയേണ്ടതെങ്കിൽ പളിയസ്‌ത്രീക്ക് പ്രസവാനന്തരം 7 ദിവസം കഴിഞ്ഞാൽ കുടുംബത്തിൽ പ്രവേശിക്കാം. ഈ ദിവസങ്ങളിൽ പുരുഷന്മാരാരും പ്രസവപ്പുരയിൽ പ്രവേശിക്കുവാൻ പാടില്ല. ഊരാളി ഗോത്രത്തിലാണെങ്കിൽ പ്രസവമടുത്ത സ്‌ത്രീകൾ ഒറ്റയ്‌ക്കാണ് പാട്ടുപുരയിൽ കഴിയേണ്ടത്. ഗർഭകാലവും പ്രസവശ്രുശ്രൂഷയും മന്ത്രവിധികളിൽ അധിഷ്‌ഠിതമായി നിലനിൽക്കുന്നു.
കുടിയിരിപ്പുകളുടെ ചര്യയിലെമ്പാടും ഗോത്രാചാരത്തിന്റെ കെട്ടുപാടുകൾ ദർശിക്കാം. കുറ്റവാളിയാകുന്ന ഗോത്രവാസിയെ കാത്തിരിക്കുന്നത് പ്രാകൃതമായ ശിക്ഷാവിധികളാണ്. വർഗ്ഗഭേദമനുസരിച്ചുളള ചില മാറ്റങ്ങളും ഇല്ലാതില്ല. ആദിവാസിക്കുടികളിൽ പറഞ്ഞു കേൾക്കുന്ന പഴങ്കഥകൾ വിശ്വസിക്കാമെങ്കിൽ മലപ്പുലയർക്കിടയിൽ നടപ്പിലിരുന്ന ശിക്ഷാരീതികളാണ് ഏറ്റവും പ്രാകൃതം. വിചാരണ നടത്തുന്ന നാട്ടുക്കൂട്ടത്തിന് തെറ്റ് ബോധ്യപ്പെട്ടാൽ കൊലക്കുറ്റത്തിനും വേശ്യാവൃത്തിക്കും വധശിക്ഷവരെ ലഭിക്കാം. മറയൂർ താഴ്‌വരയിലെ അഞ്ചനാടൻ പാറ എന്ന സ്ഥലത്ത് വച്ചാണ് ശിക്ഷ നടപ്പാക്കുക. കുറ്റവാളിയെ ഗോത്ര അംഗങ്ങളെല്ലാവരും ചേർന്ന് കൊലപ്പെടുത്തിയതിന് ശേഷം പാറക്കെട്ടിലൂടെ താഴേക്കുരുട്ടും. ക്രൂരമായ വധശിക്ഷാ സമ്പ്രദായങ്ങൾ മന്നാന്മാർക്കിടയിലും നടപ്പിലുണ്ടായിരുന്നു. ആരോപണ വിധേയരാകുന്നവർ വിഷപ്പാമ്പുകളെ തൊട്ട് സത്യം ചെയ്യുക എന്നതാണ് ഇതിൽ പ്രധാനം. കുറ്റം ചെയ്യാത്തവരെ വിഷം തീണ്ടുകയില്ലെന്ന വിശ്വാസമായിരിക്കണം മന്നാൻ സമുദായത്തെ ഇത്തരം ശിക്ഷാവിധികളിലേക്ക് നയിച്ചത്.
മുതുവാൻ, ഊരാളി, ഉളളാടൻ, മലയരയൻ, പളിയൻ എന്നീ വിഭാഗങ്ങൾക്കിടയിൽ പരമാവധി ശിക്ഷയായി സാമൂഹികമായ ഒറ്റപ്പെടുത്തലേ ഉണ്ടായിരുന്നുളളു. ഗോത്രസംസ്‌കൃതിയിൽ ഏകാന്തവാസത്തിന് വിധിക്കപ്പെടുന്നവനുമായി നിശ്ചിതകാലത്തേക്ക് മറ്റുളളവർ സംസാരിക്കുവാനോ സഹകരിക്കുവാനോ പാടില്ല. അങ്ങനെ ചെയ്താൻ അവനും ശിക്ഷയ്‌ക്ക് അർഹനാകും. ചില ഗിരിവർഗ്ഗക്കാർക്കിടയിൽ ഇത്തരം ഒറ്റപ്പെടുത്തലുകൾ ഒരു പടികൂടി കടന്ന് ഊരുവിലക്കായി പ്രത്യക്ഷപ്പെടുന്നുണ്ട്. ഊരുവിലക്കിന് വിധിക്കപ്പെട്ടവരെ ആ ഗോത്രവിഭാഗത്തിന്റെ മുഴുവൻ കുടിയിരുപ്പുകളിൽ നിന്നും പുറന്തളളുന്ന രീതിയാണിത്. അങ്ങനെ ഒറ്റപ്പെടുന്നവർ കുറച്ചുകാലം കാട്ടിലൂടെ അലഞ്ഞു തിരിഞ്ഞതിന് ശേഷം ആത്മഹത്യ ചെയ്യുകയോ അനിവാര്യമായ വിധിക്ക് കീഴ്‌പ്പെടുകയോ ചെയ്യും. മുതുകിൽ കല്ലുവച്ചു കെട്ടുക, ഏത്തമിടുവിക്കുക, മുട്ടിന്മേൽ നിർത്തുക തുടങ്ങിയവയൊക്കെയാണ് സർവ്വ സാധാരണമായ മറ്റു ശിക്ഷാവിധികൾ. ഇതുപോലെയുളള പ്രാകൃത സ്വഭാവങ്ങളും ആചാരങ്ങളും ഇവർക്കിടയിലിന്ന് അപൂർവ്വമാണെങ്കിലും തീർത്തും അവസാനിച്ചുവെന്ന് പറയാറായിട്ടില്ല. ഇതിത് ഉദാഹരണമാണ് ഇടുക്കി വനത്തിലെ മേമാരിക്കുടിയിൽ അധിവസിക്കുന്ന “ചെമ്പകശ്ശേരിക്കാർ” എന്നറിയപ്പെടുന്ന ഊരാളി വിഭാഗത്തിന്റെ ജീവിതകർമ്മങ്ങൾ.
കൃഷിയുമായി ബന്ധപ്പെട്ട ഉത്സവാഘോഷങ്ങളും അനുഷ്‌ഠാനങ്ങളും ആദിവാസി സംസ്‌കാരത്തിൽ എത്ര വേണമെങ്കിലുമുണ്ട്. ദൈവപ്രീതിക്കായി നടത്തുന്ന ചടങ്ങുകളാണെങ്കിൽപോലും പശ്ചാത്തലത്തിൽ കാണുന്ന അടിയൊഴുക്ക് കാർഷിക സംസ്‌കൃതിയുടേതാണ്. എല്ലാ ഗോത്രസമൂഹങ്ങൾക്കും വിളവെടുപ്പുത്സവം ഒഴിച്ചു കൂടാനാവാത്ത ഒന്നായിത്തീരുന്നത് അതുകൊണ്ടായിരിക്കണം. മറ്റുവിധത്തിലുളള ഉത്സവങ്ങളൊന്നും ആദിവാസികൾ അനുഷ്‌ഠിക്കാറില്ലെന്ന് അതിനർത്ഥമില്ല. വിവാഹാവസരങ്ങളിലും വിഷു, ഓണക്കാലങ്ങളിലും കുടിയിൽ ഉത്സവാഛായയുണ്ടെങ്കിലും വിളവെടുപ്പുത്സവത്തിന് ശേഷമെ അവയ്‌ക്ക് സ്ഥാനമുളളു. ഒരാഴ്‌ച നീണ്ടുനിൽക്കുന്ന വിളവെടുപ്പാഘോഷത്തിൽ ഒട്ടുമിക്ക ഗോത്രകലകളും അവതരിപ്പിക്കപ്പെടുന്നു. ദൃശ്യവും ശ്രാവ്യവുമായ മുഴുവൻ കലകളും ഇതിൽ ഉൾപ്പെടും. നൃത്ത ഗാനരൂപങ്ങൾക്കെല്ലാം ഗോത്രാടിസ്ഥാനത്തിൽ പ്രകടനാത്മകമായ ചില മാറ്റങ്ങളുണ്ടെങ്കിലും അവയുടെയെല്ലാം പൊതുധാര ഒന്നു തന്നെയാണ്. കടന്നുപോയ കാർഷിക വർഷത്തിൽ മികച്ച വിളവുകൾ തന്ന് അനുഗ്രഹിച്ചതിന് മലദൈവങ്ങളോടുളള നന്ദിപ്രകടനമെന്ന നിലയിലാവാം വിളവെടുപ്പനുഷ്‌ഠാനങ്ങൾ രൂപപ്പെട്ടു വന്നത്. വരും വർഷങ്ങളിലും ഭൗമഘടനയുടെയും പ്രപഞ്ചത്തിന്റെയും താളക്രമങ്ങൾ തെറ്റാതിരിക്കണമെന്ന അർത്ഥനയും ഇതിലുണ്ട്.
ഇന്നിപ്പോൾ തന്റേതായ ആചാരാനുഷ്‌ഠാനങ്ങളും ജീവിതവ്യവസ്ഥയും ആദിവാസിക്ക് കൈമോശം വന്നിരിക്കുന്നു. കലാരൂപങ്ങൾ, വാദ്യോപകരണങ്ങൾ എന്നിവയുടെ കാര്യവും വ്യത്യസ്‌തമല്ല. ആദിവാസികളുടെ പുതിയ തലമുറയ്‌ക്ക് തങ്ങളുടെ ഗോത്രഭാഷ പോലും വശമില്ലെന്ന് പറയുമ്പോൾ അതൊരു സംസ്‌കാരത്തിന്റെ അപചയത്തെയാണ് സൂചിപ്പിക്കുന്നത്. ഇന്നു ജീവിച്ചിരിക്കുന്ന മുതിർന്ന തലമുറയുടെ കാലശേഷം തനതായ ഗോത്രഗാനങ്ങളും നൃത്തരൂപങ്ങളുമൊക്കെ അന്യമായേക്കാം. ചലച്ചിത്രങ്ങളിൽ കാണുന്ന നൃത്തരംഗങ്ങളെ അനുകരിക്കുവാൻ ഇഷ്‌ടപ്പെടുന്ന യുവതലമുറ ഗിരിവർഗ്ഗത്തിന്റെ ഇടയിലുമുണ്ട്. ഗോത്രോത്സവങ്ങളോട് അനുബന്ധിച്ച് നടക്കുന്ന ചുവടുവയ്പുകളിൽ ഈ സ്വാധീനം പ്രകടമായും കാണാം. ഉറുമി, മത്താളം, കിടിമുട്ടി, ചിക്കുവാദ്യം പോലെയുളള ഗോത്ര വാദ്യോപകരണങ്ങളിൽ പലതും ഇന്ന് നാമമാത്രമായെ അവശേഷിക്കുന്നുളളു. ജീവിതരീതികളിലും ഈ മാറ്റം ദർശിക്കുവാൻ കഴിയും.
Generated from archived content: essay2_june23.html Author: manoj_mathirapilly
Click this button or press Ctrl+G to toggle between Malayalam and English