തൊണ്ണൂറുകളിലാണ് കഥ നടക്കുന്നത്. മഹാരാഷ്ട്ര മക്കളെല്ലാം കൂടി മസിലുപിടിച്ച് ബോംബേ മുംബയാക്കി മാറ്റിയ കാലം. കുറച്ച് ഉടായിപ്പ് പരിപടികളുമായി ഞാന്‍ മുംബയില്‍ സ്വച്ഛന്ദം വിഹരിക്കുന്ന കാലം. അന്നെന്റെ ബോസ് നീലാംബരന്‍ സാറാണ്. ‘ നീല കാണുമ്പോള്‍ അംബരക്കുന്നവന്‍’ എന്നാണ് സാറിന്റെ പേരിന് എന്റെ കൂടെത്തന്നെ ജോലി ചെയ്യുന്ന എറണാകുളംകാരി നിഷയുടെ വ്യാഖ്യാനം. സ്വന്തമായി ഒരു മൂലക്കുരു മാത്രമല്ലാതെ ഒരു നയാ പൈസയുടെ മൂലധനവും ഇല്ലാത്ത സാറിന് ഒരു പാട് കമ്പനികള്‍ ഉണ്ടാകി അതിന്റെയെല്ലാം എം. ഡി സ്ഥാനം അലങ്കരിക്കണമെന്ന് വലിയ വ്യാമോഹമായിരുന്നു.
ആഗ്രഹപൂര്‍ത്തീകരണത്തിനായി തുടങ്ങിയ എളിയ സംരംഭമായ അന്ധേരിയിലെ ചെറിയ ഓഫീസിലെ സ്റ്റാഫായാണ് ഞാനും നിഷയും ജോലി നോക്കുന്നത്. പൂനയിലെ വീട്ടില്‍ നിന്നും ദിവസവും 5 മണിക്കൂര്‍ യാത്ര ചെയ്താണ് സാര്‍ മുംബയില്‍ വന്നിരുന്നത്. ഒരു ദിവസം 26 വയസ്സ് തോന്നിക്കുന്ന ഒരു പയ്യനേയും കൂട്ടി സാര്‍ വരുന്നു. വരവ് കണ്ടപ്പോള്‍ തന്നെ നിഷ എന്നോടു ചോദിച്ചു.
‘’ഏതാടാ ഒരു കഷ്ടകാലക്കാരനെ ഇങ്ങേര്‍ അടിച്ചെടുത്തോണ്ട് വരുന്നത്?’‘എന്ന് കാരണം മൂന്ന് മാസമായി എനിക്കോ നിഷക്കോ ശമ്പളം തരാതെ നടക്കുന്ന ഒരു മനുഷ്യനാണ് ബോസ്. അപ്പോ ഇങ്ങേരുടെ കൂടെ ആരു വന്നാലും അത് ‘ ഗതികേടുകാരന്‍’ തന്നെ . ഞാനും വിധിയെഴുതി. സാറ് കേറി വന്നപാടെ നിഷയോടു പറഞ്ഞു
‘’ A C ഓണ്‍ ചെയ്യ് ഭയങ്കര ചൂട്….’‘
ഒരു പക്ഷെ കൂടെ വന്ന പയ്യന്റെ അടുത്ത് ഒന്ന് ഞെളിയാനായിരിക്കണം ബോസ് അങ്ങനെ പറഞ്ഞത്.
‘’സാറേ A C യുടെ ബാക്കി പൈസ കൊടുക്കാത്തതുകൊണ്ട് രാവിലെ അവന്മാര്‍ വന്ന് A C യും പൊക്കിക്കൊണ്ടുപോയി’‘… അവള്‍ പറഞ്ഞു.
ഒരാഴ്ച മുന്‍പാണ് ഒരു സെക്കന്റ് ഹാന്റ് വിന്‍ഡോ എ. സി ഒന്‍പതിനായിരം എന്നു പറഞ്ഞ് മേടിച്ച് ഭിത്തി വെട്ടിപ്പൊളിച്ച് വച്ചു പിടിപ്പിച്ചത്. എ. സി പോയ ഗ്യാപ്പിലൂടെ നോക്കിയ നീലാംബരന്‍ സാറിന്റെ കണ്ണ് പുറത്തേക്ക് തള്ളുന്നതു ഞാന്‍ കണ്ടു. തല്‍ഫലമായി കണ്ണട ഊര്‍ന്നിറങ്ങി മൂക്കിന്റെ തുമ്പത്ത് സ്ഥാനം പിടിച്ചു.
അപ്പോള്‍ ഒരു പണി ഞാനും വച്ചു കൊടുത്തു.
‘’ അത് ഫിറ്റ് ചെയ്യാനായി നമ്മള്‍ ഭിത്തിയിലിട്ട വിടവ് അടയ്ക്കണമെന്നും പറഞ്ഞ് ബില്‍ഡിംഗ് ഓണര്‍ ഇപ്പം വന്നിട്ടു പോയി. അല്ലെങ്കില്‍ പതിനായിരം രൂപ കൊടുത്താല്‍ മതി പുള്ളിതന്നെ അടച്ചോളാമെന്നും പറഞ്ഞു. ‘’….
ഒറ്റ ശ്വാസത്തില്‍ ഞാന്‍ പറഞ്ഞു നിര്‍ത്തി. ശവത്തില്‍ കുത്തുന്നത് എനിക്കൊരു ഹോബിയായിരുന്നു.
ബാര്‍ബര്‍ ഷോപ്പില്‍ കയറി മുടി പകുതി മൊട്ടയടിച്ചപ്പോള്‍ വെളിയില്‍ കല്ലുമഴ ഇടിവെട്ടി പെയ്യുന്നതു പോലെ തോന്നിക്കാണും. നീലാംബരന്‍ സാറിന് വന്ന പയ്യനാകട്ടെ ‘’ S” കത്തി വിഴുങ്ങിയ മാതിരി നില്‍ക്കുകയാണ്.
നീലാംബരന്‍ സാര്‍ ക്യാബിനില്‍ ഉപവിഷ്ടനായി അടുത്ത നിമിഷം എന്നെ വിളിച്ചു ഞാനകത്ത് ചെന്നപ്പോള്‍ എ സി വിഷയത്തില്‍ തള്ളിയ കണ്ണ് ഇപ്പോഴും പൂര്‍വ്വസ്ഥിതി പ്രാപിച്ചിട്ടില്ലെന്ന് എനിക്ക് തോന്നി.
‘’ ഏതാ സാറെ ആ പയ്യന്‍?.. ഞാന്‍ ചോദിച്ചു ‘’ എന്റെ മനോജെ രാവിലെ ട്രെയിനില്‍ നിന്നും കിട്ടിയ കോളാ’‘….
സാറത് പറയുമ്പോള്‍ അതെനിക്കൊരിക്കലും പറുവക്കോളാകുമെന്ന് ഞാന്‍ കരുതിയില്ല.
‘’ വയനാട്ടില്‍ നിന്നെങ്ങാണ്ട് വരുവാ നേവിയിലേക്കുള്ള ശാരീരിക പരീക്ഷയ്ക്കെത്തിയതാ പാവം തനിയെ ഉള്ളു. അതും ജീവിതത്തിലാദ്യമായി ജനിച്ച പഞ്ചായത്ത് വിടുന്നത്. ….
സാറ് കദന കഥ പറഞ്ഞു തുടങ്ങി..
‘’ കൊളാബയില്‍ വച്ചാ ടെസ്റ്റ്, മനോജ് ഒന്നു സഹായിക്കണം ഇവനെ അവിടെവരെയൊന്ന് കൊണ്ടുപോണം’‘….
‘’അതിനെന്താ സാര്‍ ഞാന്‍ കൊണ്ടുപോകാം’‘..
എന്നിലെ സാമൂഹ്യ ജീവി സടകുടഞ്ഞെഴുന്നേറ്റു.
‘’ വൈകീട്ടു പോകുമ്പോള്‍ ഇവനെക്കൂടി റൂമില്‍ കൊണ്ടു പൊയ്ക്കോ നാളെ രാവിലെ പത്തുമണിക്കാ ടെസ്റ്റ്’‘’….
വൈകീട്ട് ഓഫീസ് വിട്ട് റൂമിലേക്ക് പയ്യനേയും കൂട്ടി ഞാന്‍ നടന്നു. കാലന്റെ പിന്നാലെ കണക്കുപുസ്തകവുമായി ചിത്രഗുപ്തന്‍ വരുന്നതുപോലെ ഒരു സഞ്ചീം തൂക്കി പയ്യന്‍ പിറകിലുണ്ട്. റൂമില്‍ ചെന്നപ്പോള്‍ എന്റെ സഹമുറിയന്‍ കോട്ടയം പള്ളിയ്ക്കത്തോടുകാരന്‍ ജെയിംസ് കലിപ്പിച്ചൊന്നു നോക്കി. നോട്ടത്തിന്റെ അര്‍ഥം പെട്ടന്ന് എനിക്ക് പിടികിട്ടി. ഒരു മാസം മുന്‍പ് വേറൊരു പയ്യനെ കൊണ്ടുവന്ന് സഹായിച്ചിരുന്നു. രണ്ടുദിവസം കഴിഞ്ഞ് ഞങ്ങള്‍ ജോലിക്കു പോയ തക്കം നോക്കി ഞങ്ങളുടെ കഞ്ഞികുടിച്ചട്ടി വരെ പറുക്കി ‘ ബങ്കാര്‍ വാലയ്ക്ക്’ ( ആക്രി) കൊടുത്ത് കിട്ടിയ കാശുമായി കക്ഷി മുങ്ങിയിരുന്നു.
‘’ അനുഭവങ്ങള്‍ പാളിച്ചകള്‍’‘
ജെയിംസ് എന്തോ പിറുപിറുക്കുന്നതായി എനിക്ക് തോന്നി.
‘’ നീ കലിപ്പിക്കണ്ട ഇവന്‍ രാവിലെ പോകും . നേവിയിലേക്ക് ടെസ്റ്റിനു വന്നതാ’‘ ഞാനവന്റെ മുഖത്തു നോക്കാതെ വച്ചു കാച്ചി.
‘’പോയാല്‍ നല്ലത്’‘ …
ജെയിംസ് തലേന്നത്തെ സ്വന്തക്കുപ്പി ( മുംബയിലെ വിലകുറഞ്ഞ മദ്യം ) വേസ്റ്റ് ബോക്സിലേക്ക് ഇട്ടുകൊണ്ടു പറഞ്ഞു.
‘’ എടാ നീയൊക്കെ മീനച്ചിലാറ്റിലെങ്ങും വീണാല്‍ മുങ്ങിത്തപ്പിയെടുക്കാന്‍ ഭാവിയില്‍ വരേണ്ടുന്നവനാ ഇവന്‍ അറിയാമോ?’‘… ഞാന്‍ പറഞ്ഞു.
‘’ നീ മിക്കവാറും മണിമലയാറില്‍ക്കൂടി പോകത്തേയുള്ളു’‘…
അവന്റെ ശബ്ദം ഇപ്പോള്‍ മോറിയില്‍ നിന്നുമാണ്.
‘’ പത്തനന്തിട്ടയും കോട്ടയവും ജില്ലക്കാരായ ഞങ്ങള്‍ ഇങ്ങനെയാ, എപ്പോഴും വഴക്കാ എന്നാല്‍ ഭയങ്കര സുഹൃത്തുക്കളുമാ‘’ …..
വന്ന പയ്യനോടായി ഞാന്‍ പറഞ്ഞു അവന്‍ ഒരു വയനാടന്‍ ചിരി ചിരിച്ചു.
അതിരാവിലെ പയ്യനേയും കൂട്ടി ഞാനിറങ്ങി. കാരണം തിരക്ക് കൂടുന്നതിനു മുമ്പ് വി. ടി സ്റ്റേഷനില്‍ എത്തണം. അവിടന്ന് ബസ്സ് പിടിച്ചു വേണം കൊളാബയില്‍ എത്താന്‍. 8 മണി കഴിഞ്ഞാല്‍ പിന്നെ അന്ധേരി വഴി വരുന്ന ട്രെയിനേലെല്ലാം കൂഴച്ചക്കപ്പഴത്തേല്‍ ഈച്ച പൊതിഞ്ഞിരിക്കുന്ന മാതിരിയാണ്. ആള്‍ക്കാരെ വകഞ്ഞുമാറ്റി നോക്കിയാലെ ട്രെയിന്‍ കാണു. പയ്യനാകട്ടെ കേരളാവേഷത്തിലാണ് വന്നിരിക്കുന്നതും. ‘’ 8 മണി കഴിഞ്ഞുള്ള ട്രെയിനിന് പോയാല്‍ ഇവന്റെ മുണ്ട് ആമ്പിള്ളേര്‍ കൊണ്ടുപോകും’‘… എന്ന് ഇറങ്ങാന്‍ നേരം ജയിംസ് ഒരു ദു:സൂചന തന്നായിരുന്നു.
നമ്മുടെ ജന്മനാട് എന്നെങ്കിലും മുണ്ടിനെ ആദരിക്കുമെന്നും ആഴ്ചയിലൊരിക്കല്‍ മലയാളിയെ ‘ മുണ്ട’ നാക്കുമെന്നും അവന് ദീര്‍ഘദൃഷ്ടി ഉണ്ടായിരുന്നിരിക്കണം.
ഏതായാലും ഞങ്ങള്‍ കോളാബയ്ക്കു പോയത് ശനിയാഴ്ച ആയിരുന്നില്ല.
വി. ടി. സ്റ്റേഷനിറങ്ങി ഡബിള്‍ ഡക്കര്‍ ബസില്‍ ഞങ്ങള്‍ കോളാബയ്ക്ക് വച്ചു പിടിച്ചു.
‘’ എത്ര പേര്‍ കൂടിയായിരിക്കും ഈ ബസ്സ് പിടിച്ച് ഒന്നിന്റെ മുകളില്‍ മറ്റൊന്ന് കയറ്റി വയ്ക്കുന്നത്’‘
പയ്യന്റെ സംശയം .
എന്റെ തലയ്ക്കകത്തൊരു കിരികിരുപ്പുപോലെ തോന്നി.
‘’ ഇത് ഡബിള്‍ ഡക്കര്‍ ബസ്സാ…… ഞാന്‍ പറഞ്ഞൊപ്പിച്ചു.
‘’ ഇതൊക്കെ പിടിച്ച് നിലത്ത് ഇറക്കി ടയറും പിടിപ്പിച്ച് ഓടുകയാണങ്കില്‍ ഒന്നുമില്ലേല്‍ റബറിനെങ്കിലും വില കൂടിയേനെ’‘…
പയ്യന്‍ വിടുന്ന മട്ടില്ല . എന്റെ കിരുകിരുപ്പ് കൂട്ടിയേ ഇവനടങ്ങു എന്ന് എനിക്കു തോന്നി.
കൊളാബയില്‍ ഇറങ്ങി.
കനത്ത സുരക്ഷാ ക്രമീകരണങ്ങളുള്ള മേഖലയാണ് നേവല്‍ ബേസ് . അപ്പോയ്മെന്റ് ലറ്റര്‍ കാട്ടിയപ്പോള്‍ അകത്തേക്ക് പ്രവേശനം ലഭിച്ചു. ചെല്ലുമ്പോള്‍ പത്തിരുന്നൂറ് പേര്‍ നേവിയുടെ സ്വിമ്മിംഗ് പൂളില്‍ നീന്തല്‍ പരിശോധനയ്ക്ക് റെഡിയായി നില്‍ക്കുന്നു.
പലരും പല രീതിയില്‍ ‘ വാം അപ്പ്’ ചെയ്യുന്നുണ്ട്. നിന്താനറിയാത്ത ചില വിരുതന്മാര്‍ കരയ്ക്കു കിടന്ന് നീന്തല്‍ പ്രാക്ടീസ് ചെയ്യുന്നുണ്ട്.
‘’ പെട്ടന്ന് റെഡിയായിക്കോ പരിപാടി തുടങ്ങി’‘…
ഞാന്‍ പയ്യനോടു പറഞ്ഞു.
പറഞ്ഞു തീരേണ്ട താമസം. പയ്യന്‍ മുണ്ടും ഉടുപ്പും പറിച്ച് എന്റെ കയ്യില്‍ തന്നു. പാളയില്‍ കറുത്ത വരകള്‍ ഇട്ടിരുന്ന പോലൊരു നിക്കര്‍ മാത്രമാണ് പയ്യന്റെ വേഷം ഇപ്പോള്‍.
ആദ്യത്തെ ബാച്ച് 12 പേരുടെ ഊഴമായി . അതില്‍ ഏതാണ്ട് എല്ലാവരും നീന്തി മറുകര കയറി. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ അടുത്ത റൗണ്ടിലേക്ക് സെലക്ട് ചെയ്തു.
അടുത്ത ബാച്ചില്‍ എന്റെ പയ്യനും ഉണ്ട്.
വിസില്‍ മുഴങ്ങി , എല്ലാവരും നീന്തി.
നമ്മുടെ കക്ഷി സ്വിമ്മിംഗ് പൂളിന്റെ ഏതാണ്ട് മധ്യഭാഗം വരെ ഒരു പരുവത്തില്‍ നീന്തിയശേഷം വെള്ളപ്പൊക്ക സമയത്ത് പുരയിടത്തില്‍ വെള്ളം കയറുമ്പോള്‍ ‘ മരമാക്രി’ കിടക്കുന്നപോലെ കിടക്കുകയാണ്. മധ്യഭാഗത്തായി. ഗോവയില്‍ നിന്നൊക്കെ വന്ന ആമ്പിള്ളാര്‍ നീന്തി മറുകര കയറി. മരമാക്രി ഇപ്പോഴും കൈകാലുകളിട്ടടിക്കുകയാണ്. വെള്ളം കുടിച്ചു വറ്റിച്ചാലോ എന്നു ഭയന്നിട്ട് ഗാര്‍ഡ് ഇറങ്ങി പിടിച്ചു കരയ്ക്കു കയറ്റി.
പാളനിക്കറിന് കുറച്ചുകൂടി ഞാലിച്ച കൂടിയപോലെ എനിക്കു തോന്നി.
തിരിച്ച് വി.ടി സ്റ്റേഷനിലേക്കുള്ള യാത്രാമദ്ധ്യേ ഞാന്‍ ചോദിച്ചു.
‘’ഞാനപ്പഴേപറഞ്ഞതല്ലേ നേവിയിലേക്കാകുമ്പോള്‍ നല്ല പോലെ നീന്തല്‍ അറിഞ്ഞിരിക്കണമെന്ന് നീ നീന്തുമെന്ന് പറഞ്ഞിട്ട് നീന്തിയില്ലല്ലോ‘’?….
‘’ ചേട്ടാ ഞാന്‍ വയനാട്ടിലെ കിഴക്കോട്ടൊഴുകുന്ന പുഴയായ കബനിയിലാണ് നീന്തല്‍ പഠിച്ചത് അവിടെ ഒഴുക്ക് കിഴക്കോട്ടായിരുന്നു. ഇവിടെ ഈ സ്വിമ്മിംഗ് പൂളില്‍ പടിഞ്ഞാറോട്ടായിരുന്നു ഒഴുക്ക്’‘…
പതിപ്പിക്കാത്ത ഒരു രണ്ടുകിലോ കട്ടി ഒരു പഴുന്തുണിയില്‍ പൊതിഞ്ഞ് കെട്ടി എന്റെ തലയുടെ പിന്നാമ്പുറത്തിനാരോ ഇടിച്ചപോലെ തോന്നി എനിക്ക്. വി. ടി. സ്റ്റേഷനില്‍ വരുമ്പോള്‍ ഇതിലും എത്രയോ വിവരക്കേടുകള്‍ ഞാന്‍ കണ്ടിട്ടും കേട്ടിട്ടും ഉണ്ട് എന്ന മട്ടില്‍ പാളങ്ങളില്‍ തെളിഞ്ഞു കുത്തി കീടപ്പുണ്ട് ജയന്തിജനത. ദൈവാധീനത്തിനു ടിക്കറ്റും കിട്ടി.
പയ്യനെ വണ്ടിയില്‍ കയറ്റി ഇരുത്തി ഞാന്‍ പറഞ്ഞു …’‘ മൂന്നു മണിയായി മൂന്നരക്കു പോകും പരിചയമില്ലാത്ത ആരോടും സംസാരിക്കാന്‍ പോകണ്ട്’‘…
‘’ ഞാന്‍ ആരോടും ഒന്നും മിണ്ടില്ല’‘….
മൂന്നരയായി വണ്ടി പോയിട്ട് പോകാം എന്ന് എനിക്കു തോന്നി. തലേടെ പെരുപ്പ് കുറച്ചൊന്നു മാറിക്കിട്ടുകയും ചെയ്യുമല്ലോ.
മൂന്നരയായി എന്നെ നോക്കി ഒന്നിളിച്ചു കാണിച്ചിട്ട് ജയന്തിജനത ഇഴഞ്ഞുനീങ്ങി. തലയുടെ പെരുപ്പ് അപ്പോള്‍ കൂടികൂടി വരുന്നത് ഞാനറിഞ്ഞു.
Generated from archived content: story2_dec19_11.html Author: manoj_karthya
Click this button or press Ctrl+G to toggle between Malayalam and English