കടൽക്കരയിൽ ഞാൻ അവളെയും കാത്തിരുന്നു. ഇന്നലെ യാദൃച്‌ഛികമായിരുന്നു ആ പരിചയപ്പെടൽ. അതും ഈ കടപ്പുറത്തുവച്ചുതന്നെ!
ഐസ്‌ക്രീമുകളും കടലയും എത്രതവണ വാങ്ങി; ഓരോന്ന് നുണയുമ്പോഴും അവൾക്കോരോരോ കഥകളായിരുന്നു പറയുവാനുണ്ടായിരുന്നത്.
നല്ല സാഹിത്യവാസനയുള്ള കുട്ടി.
ഒരുപക്ഷേ താൻ ഇതുവരെ തേടിനടന്നുതും ഇതുപോലൊരു കുട്ടിയെ ആയിരുന്നില്ലേ……….!
അവളുടെ “ഹലോ” വിളിയാണ് എന്നെ ചിന്തയിൽനിന്നുണർത്തിയത്………..!
“ഒത്തിരിനേരമായോ നിൽക്കാൻ തുടങ്ങിയിട്ട്……..”
അവളുടെ കളമൊഴി!
“നിന്നെക്കാത്ത് ഒരു ജന്മം മുഴുവൻ നിന്നാലും ബോറാവില്ല പ്രിയേ……..” മനസ്സിൽ പറഞ്ഞുപോയി.
ഇന്നലെ മുഴുവൻ കുതിരകളെക്കുറിച്ചുള്ള കഥകളായിരുന്നു. ഇന്നിനി എന്താണാവോ വിഷയം!
എനിക്ക് കാത്തിരിക്കേണ്ടിവന്നില്ല. അവൾ തുടങ്ങിക്കഴിഞ്ഞു.
“മനൂന് കാറ്റിഷ്‌ടമാണോ………?”
“ഒരുപാട്…… ഒരുപാട്……” ഞാൻ മറുപടി നൽകി.
“എനിക്കും ഇഷ്‌ടമാ കാറ്റിനെ. ഞാൻ ഒരുപാട് സ്‌നേഹിക്കുന്നു കാറ്റിനെ…… പക്ഷേ കള്ളനാ, എല്ലാം കവർന്നെടുക്കുന്ന കള്ളൻ.”
അവളുടെ സാഹിത്യം എനിക്ക് നൊമ്പരമായി. എന്നാലും അവളുടെ നാണത്തിൽ മയങ്ങിയ മിഴികൾ എന്നിലൊരു പുത്തനുണർവ്വുതന്നു.
“കാറ്റ് എന്താണ് പ്രിയേ നിന്റെ അപഹരിച്ചത്?”
“അറിയില്ല……. ഒന്നറിയാം ഈ കടൽക്കരയിൽവച്ചായിരുന്നു ആദ്യം………. പിന്നെ………പിന്നെ…….”
അവൾ കൂടുതൽ വികാരവതിയാകുന്നത് ഞാനറിഞ്ഞു.
“ഇന്നെന്താ പട്ടിണിയാക്കാനാ പുറപ്പാട് എന്തെങ്കിലും വാങ്ങൂന്നേയ്……” അവൾ…….
“ദാ ഞാനത് മറന്നു……..”
ഞാനവൾക്ക് ഐസ്‌ക്രീം വാങ്ങി തിര്യെ എത്തിയപ്പോൾ“ ഒരപരിചിതനോടവൾ സംസാരിച്ചുനിൽക്കുകയായിരുന്നു.
”മനൂന് മനസ്സിലായോ……….. ഈ ആളിനെ.“ ഇല്ലെന്ന് ഞാൻ തലയാട്ടി.
”ഇതാണ് എന്റെ കാറ്റ്, ഞാൻ പറഞ്ഞില്ലേ എനിക്കേറ്റം ഇഷ്‌ടമുള്ള കാറ്റിനെപ്പറ്റി………“
അയാൾ എനിക്ക് സ്വയം പരിചയപ്പെടുത്തി.
”ഹലോ ഞാൻ പവനൻ.“
ഞാനും പറഞ്ഞുഃ
”ഹലോ……. ഞാൻ………“
ബാക്കി തൊണ്ടയിൽ കുരുങ്ങി.
Generated from archived content: story1_mar12_11.html Author: manoj_karthya