ചിരി

ബോധം ഉണരുമ്പോൾ ആദ്യം കേട്ടത്‌ കരച്ചിലാണ്‌. പിന്നീട്‌ അത്‌ തന്റേതുതന്നെയാണെന്ന തിരിച്ചറിവുണ്ടായി. കാതരമായ താരാട്ടിനും, മൃദുലമായ സ്‌പർശനങ്ങൾക്കും വേണ്ടി കാത്തു കാത്തു കിടന്നു. അമ്മ വന്നില്ല. ആരും വന്നില്ല. പിന്നീട്‌ ആ കരച്ചിൽ തേങ്ങലായി ഉരുകിയൊലിച്ച്‌ ഉറക്കത്തിലാണ്ടു.

അച്ഛൻ പറഞ്ഞു തോരാത്ത നിലവിളി ആത്മാവുകളെ അകറ്റും – സൗഹൃദങ്ങൾ അകന്നകന്നു പോകുന്ന പാദപതനം കേൾക്കുന്നില്ലേ? ചിരിയുടെ താളവലയം ഉണ്ടാക്കൂ! ആനന്ദാങ്കിത കാന്തവലയത്തിനുള്ളിൽ നീയൊരു രാജകുമാരനാകും. കണ്ണീരാടുന്ന ഓർമ്മകളെ വിദൂരസ്‌ഥലികളിലേയ്‌ക്ക്‌ വിരുന്നിനയക്കൂ! അനന്തമായ ഈ സൗപർണ്ണികാ ഗൃഹങ്ങളിൽ നീ സ്വയം അലിഞ്ഞ്‌ ഒരു തീർത്ഥാടകനാകൂ. കാവൽക്കാരനായി, നിഴലായി ഞാനുണ്ടാകും മരണം വരെ!

ഒരു പിടി സംഹിതകളും നേർവരകളും നേരുകളും പഠിപ്പിച്ച്‌, യാത്രയുടെ മറയത്ത്‌ കാത്തിരിക്കുന്ന നീരാളിപ്പിടുത്തങ്ങളിൽ നിന്ന്‌, സ്വയം രക്ഷിക്കാൻ മന്ത്രങ്ങൾ ഉരുവിട്ട്‌ തന്ന്‌ അർദ്ധമന്ദഹാസത്തോടെ യാത്രപോലും പറയാൻ നിൽക്കാതെ അച്ഛൻ പോയി.

ഗുരുജി എപ്പോഴാണത്‌ പറഞ്ഞു തന്നത്‌ എന്നോർമ്മയില്ല. ഒരുപക്ഷെ ഗർഭസ്‌ഥശിശുവിന്‌ ചെവിയിൽ ചൊല്ലിക്കൊടുത്ത മന്ത്രങ്ങളിലൂടെയാണോ? അമ്പും, വില്ലും താഴെ എറിഞ്ഞ്‌ ഇതികർത്തവ്യതാമൂഢനായ വില്ലാളിയോട്‌ തേർത്തടത്തിൻ വച്ചാണോ? വേണ്ടപ്പോൾ വേണ്ടത്‌ ഓർമ്മിക്കാനാകാതെ ചുവടുകൾ പിഴച്ച്‌ പടനിലങ്ങളിൽ ഉഴറി നിന്നപ്പോഴാണോ? കാണാത്തതെന്നിനെയോ തേടി – ഗതി കിട്ടാ പ്രേതം പോലെ അലഞ്ഞ ചൂടോളിന്റെ ജനന്മം ഏറ്റുവാങ്ങി, ദൂരങ്ങൾ താണ്ടുമ്പോൾ, പാതയോരത്തു വച്ചാണോ? അന്വേഷണത്തിന്റെ പടവുകളിൽ കാഷായനിറങ്ങൾ തീർത്ഥമാടുന്ന ആശ്രമ കവാടങ്ങളിൽ വച്ചാണോ? രതിയാണ്‌ സർവ്വസ്വവും എന്ന്‌ ധരിച്ച്‌, നീരാടിയ ഭോഗലാലസ ജീവിതത്തിന്റെ ഇടനാഴികകളിൽ വച്ചാണോ?

എവിടെ വച്ചാണെന്ന്‌ നിശ്ചയമില്ല. പക്ഷെ ആ മന്ത്രധാരകൾ തന്നിലലിഞ്ഞിറങ്ങി. അങ്ങിനെ ചിരിക്കാൻ പഠിച്ചു ചിരിയുടെ താളങ്ങൾ പഠിച്ചു.

ഒരു പിടിച്ചോറിനും, ഒരിറ്റു കാരുണ്യത്തിനു വേണ്ടി യാചിച്ചു നിൽക്കുമ്പോഴും ചിരിക്കാൻ മറന്നില്ല! തീ പാറുന്ന പടനിലങ്ങളിൽ അതിനെ കവചമാക്കി മാറ്റി. വാചാലമായ ഉത്തരങ്ങൾക്ക്‌ പകരക്കാരനാക്കി അങ്ങിനെ അങ്ങിനെ അതൊരായുധമായി….! സന്തത സഹചാരിയായി……!!!

Generated from archived content: story1_aug16_10.html Author: manohar_thomas

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English