മരുഭൂമിയിലെ
സഞ്ചാരത്തിനിടയിലാണ്
ഒറ്റക്ക് നടക്കുന്ന
ഒട്ടകത്തെ കണ്ടത്
ഇവിടെ
ഒറ്റപ്പെടലുകൾ
ഒറ്റപ്പെടുത്തലുകൾ
ഇന്നും
ഇന്നലെയും തുടങ്ങിയതായിരിക്കില്ല.
വണ്ടിനിർത്തി
വഴിയരികിൽ കണ്ട
അയാളിൽ നിന്ന്
മൂന്ന് പൊതി വാങ്ങുമ്പോൾ
എന്റെ സ്‌നേഹം
ഭാര്യയോടും കുഞ്ഞിനോടുമായിരുന്നില്ല.
എന്നാൽ എന്റെ പ്രേമം
അകലെ
പടിഞ്ഞാട്ട് നോക്കി
പരദേവതയെ ധ്യാനിച്ചിരിക്കുന്ന
അയാളുടെ ഭാര്യയോടും
കുഞ്ഞിനോടുമായിരുന്നു.
നിങ്ങൾ
മരുഭൂമിയിൽ ഉപേക്ഷിച്ചു പോകുന്ന
ഓരോ പ്രേമങ്ങൾക്കും
ഒരു ഒറ്റപെടലിന്റെ
കഥ പറയാനുണ്ടാവും
ഒറ്റക്ക് നടക്കുന്ന ഒട്ടകത്തെപ്പോലെ.
Generated from archived content: poem2_jan11_10.html Author: manohar_manikkath