അടച്ചിട്ട കുടുസ്സു മുറിയിലേക്കിരച്ചു കറയുമീ-
യേകാന്തത കാർന്നു തിന്നുന്ന ജല്പനങ്ങളിൽ
മോഹഭംഗത്തിൽ തിരയുന്ന കാട്ടുവയറ-
ത്താളിയുടെ പച്ചമണമാഞ്ഞടിക്കുന്നു.
മാട്ടിറച്ചിയുടെ ഓക്കാനച്ചുവ കലർന്ന-
ദുഃഖപൂർണ്ണമായൊരു കാത്തിരിപ്പിനായ്,
വരിക വരിക നീ വേശ്യാവശ്യമാം
നിൻ പനിനീർ ത്രസിക്കുന്ന
പുഞ്ചിരി ചൂടി; ആഴക്കടൽത്തിര-
യാഞ്ഞടിക്കുന്ന നയനങ്ങളേന്തി;
നാശം വിതക്കുമൊരു വിധിയുടെ-
ചീഞ്ഞ നാറ്റമേറ്റിത്തളർന്ന ചുമലുമായ്;
ഇറക്കിവച്ച യാതനകളിൽ
നിന്നും ചീറ്റുമോർമ്മകളുമായ്;
അകത്തളങ്ങളിൽ അമർന്നുപോം-
അമ്മയുടെ ദീനരോദനങ്ങളാൽ
മുറിഞ്ഞ കാറ്റിന്റെ മണവുമായ്;
അന്യം നിർക്കുമീ സന്ധ്യാവന്ദനങ്ങളലിഞ്ഞ
തറവാട്ടുമുറ്റത്തിലോർമ്മയുടെ വാൾത്തലപ്പാലറ്റ
നഗ്നപാദങ്ങൾ പിടക്കുന്ന
മണ്ണിന്റെ ഗന്ധവുമായ്
വരിക വരിക നീയെൻ ദുഃഖസന്ധ്യേ.
Generated from archived content: poem2_mar30_06.html Author: mannur_baburaj