ഇത്രയും കാലത്തിനിടക്ക് ഞാൻ ഒരിക്കലെ ഇപ്പറഞ്ഞചായക്കടയില് കയറിട്ടുള്ളു… ഇരുപതു വർഷങ്ങൾക്കു മുമ്പ് അതും ചിന്താമണിക്ക് കുട്ടികളറിയാൻ പാടില്ലാത്ത ഏതോ ദീനം വന്ന് കിടന്നപ്പോൾ മാത്രം. കഴിഞ്ഞ അഞ്ചു വർഷങ്ങളായി അവളാണ് പശുവിന് പുല്ലരിയുന്നതും ചായക്കടയില് പാലെത്തിക്കുന്നതും. എല്ലാദിവസവും അവളുടെ കൂടെപ്പോവാനുള്ള എന്റെ ചിണുങ്ങലുകളെ അമ്മ ഗൗനിക്കാറില്ല എന്നു മാത്രമല്ല ചില ദിവസങ്ങളിൽ ചിന്നുവെന്ന ചിന്താമണിയുടെ മുന്നിൽ വച്ചു തന്നെ അടികൊള്ളുകയും ചെയ്യും…. ദീനം മൂലം ലോസ്സോഫ് പേയില് അഞ്ചുദിവസത്തെ അവധിയിലാണ് അവള് പ്രവേശിച്ചതെങ്കിലും അമ്മ അവൾക്കുടുപ്പ് സമ്മനിച്ചത് എന്നെ അതിശിയിപ്പിച്ചു. ദീനംമൂലം ഈ അഞ്ചു ദിവസവും ഒരു കുടുസ്സു മുറിയിൽ കഴിച്ചുകൂട്ടിയ അവൾക്ക് ഒരുപാടുടുപ്പുകളും മധുരപലഹാരങ്ങളും കിട്ടിയതായും അവളുടെ അമ്മ യശോദ അമ്മയോടു പറയുന്നതു കേട്ടപ്പോൾ തെല്ല് ഈർഷ്യ തോന്നിയെങ്കിലും ഒരു ദിവസമെങ്കിലൊരു ദിവസം അന്ത്രുവേട്ടന്റെ ചായക്കടസന്ദർശിക്കാനുള്ള അവസരം ഒത്തുകിട്ടിയതെന്നതിൽ ഞാൻ സമാശ്വസിച്ചു. അങ്ങിനെ ഞാനാദ്യമായി ചായക്കടയിലെത്തി.
ഓലമേഞ്ഞ ചായക്കടയുടെ നീരാവിയുയരുന്ന അഴികൾക്കിടയിലൂടെ ഞാൻ അന്ത്രുക്കായെ കണ്ടതും. വെള്ളത്തിൽ കുതിർന്ന വിരലാൽ എന്റെ താടിയുയർത്തി എന്തെല്ലാമൊ ചോദിച്ചെങ്കിലും അനാവശ്യമായി ആരോടും സംസാരിക്കില്ലെന്ന ജ്യാമ്യത്തിൽ പരോളിൽ ഇറങ്ങിയതുകൊണ്ട് ചുണ്ടുകള് രണ്ടും കൂട്ടിപ്പിണച്ച് കണ്ണുകള് ഒരുവശത്തേക്ക് കോട്ടിപ്പിടിച്ച ഞാൻ യശോദയോട് ഒന്നുകൂടിച്ചേർന്നു നിന്നു……
അങ്ങിനെ ചായക്കടയിലെ കന്നിക്കാരിയായ എന്നെ ചായക്കടയിലെ അന്തേവാസികള് സാകൂതം വീക്ഷിച്ചുകൊണ്ടിരിക്കെ യശോദയെന്നെ തട്ടിവിളിച്ചു. അല്ലതെന്താപ്പൊ അമ്മാളു ഇങ്ങനെ മിഴിച്ച്‌നിക്കണെ ഹൊ ഈ യശോദ വല്ല്യമ്മയുടെ ഒരു കാര്യ. അമ്മ പറയുന്നതു ശരിയാ പടക്കം പൊട്ടിക്കണപോലെ സംസാരം. അമ്മാളൂന്റെ ചോദ്യംകേട്ടതും അതുവരെ നോക്കാത്തവരു പോലും തിരിഞ്ഞു നോക്കി. പക്ഷെ ഇത്തവണ നോക്കിയത് യശോദയെ ആണെന്നു മാത്രം. നോക്കിയവരെയെല്ലാം നോക്കി ഒരുകോളിനോസ് പുഞ്ചിരി പാസ്സാക്കി തിരിച്ച് നടന്ന അവർക്കൊപ്പം ഞാനും….ഞങ്ങളെ കാണാത്തതിനാല് പരിഭ്രമിച്ച അമ്മ വേലിക്കരികിൽ തന്നെ നിൽപ്പുണ്ടായിരുന്നു. ചായപ്പീടികയില് വച്ച് എന്നെ നാണം കെടുത്തിയ യശോദയെ അമ്മ കണക്കിനു ശകാരിക്കുമെന്ന കരുതിയ എന്നെ വരവേറ്റത് അമ്മയ്ട നിറഞ്ഞകണ്ണുകളും. ഇനി ചിന്നു തിരിച്ചെത്തുംവരെ യശോദവരേണ്ടെന്നും പകരം ചിന്നുവിന്റെ അനിയൻ ദിലീപിനെ വിട്ടാൽമതിയെന്ന നിർദ്ദേശവും ആയിരുന്നു. അതുകേട്ടതും നാളെയും ഊരുചുറ്റാമെന്ന മോഹം കാറ്റിന്റെ ചെറുസ്‌പശനമേറ്റ് പൊട്ടിത്തെറിച്ച അപ്പൂപ്പൻ താടിപോലെ എന്നിൽ നിന്നും പാറിയകന്നു. ഞാൻ വിഷമിച്ചെന്നു മനസ്സിലാക്കിയാവണം അമ്മ എന്നെപെട്ടന്നു തന്നെ ചേർത്തുപിടിച്ച് സാരിത്തലപ്പുകൊണ്ട് തലയനക്കാതെ വിയർപ്പൊപ്പിയെടുത്തുകൊണ്ട് പറഞ്ഞു അമ്മേടെ പൊന്നല്ലെ, ഇനി അടുത്തൊന്നുംപുറത്ത് പോണം എന്ന് വാശിപിടിക്കരുത്. കുറച്ച് നാളൂടെ കഴിഞ്ഞാൽ എന്റെ അമ്മും വീണ്ടും സ്‌കൂളിൽ പോവൂല്ലൊ
അതു പറയുമ്പോഴും അമ്മയുടെ കണ്ണ് നിറഞ്ഞൊഴുകിയിരുന്നു….
എങ്കിലും സാധാരണയായി വാശിപിടിക്കുമ്പോൾ എന്റെ തുടയില് പതിക്കാറുള്ള അമ്മയുടെ ചൂടേറിയകൈത്തലവും തുടർന്നുള്ള ശകാരവർഷത്തിന്റെയും അഭാവവും എന്നെ തെല്ല് അതിശയിപ്പിച്ചു. അല്ലെങ്കിലും സ്‌കൂളില് വച്ച് അന്ന് തലകറങ്ങിവീണപ്പോൾ വീട്ടിലേക്ക് കൂട്ടികൊണ്ടുവന്ന ഹെഡ്‌മിസ്‌ട്രസ്സ് നളിനി ടീച്ചറെ അമ്മയ്‌ക്കും അച്ഛനും കുറച്ചു പേടിയുണ്ടെന്ന് എനിക്കന്നെ തോന്നിയിരുന്നു……
ഇന്നെന്താ ബെഡ്‌ഡിൽ നിന്ന് ഇറങ്ങാനെ തോന്നുന്നില്ല. ബാല്യം തന്നെയായിരുന്നു അഭികാമ്യം. ഒന്നുമില്ലെങ്കിലും അസുഖത്തിന്റെ ഗൗരവം മറച്ചുവെയ്‌ക്കാൻ അഭ്യുദയകാംക്ഷികള് നടത്തിക്കൂട്ടുന്ന ഈ കോപ്രാ കാഴ്‌ചകളിൽ നിന്നെങ്കിലും മോചനമുണ്ടായിരുന്നു. അമ്മയുടെ കാര്യമാണ് ഏറെ കഷ്‌ടം. ഇന്നോ നാളെയോ തന്നെ വിട്ടുപ്പോയേക്കാവുന്ന മകളെയോർത്ത് പുകയുന്ന മനസ്സിന്റെ നെടുവീർപ്പുകൾ പാതിവഴയിലുപേക്ഷിച്ചാണ് പലപ്പോഴും ആറു വയസ്സുള്ളപ്പോൾ തുടങ്ങിയരോഗത്തിന്റെ പ്രാരംഭഘട്ടങ്ങളെക്കുറിച്ചു അതിന്റെ മൂർദ്ധ്യന്യാവസ്‌ഥയിൽ ശരീരം മുഴുവനും വിഷം തീണ്ടിയതുപോലെ നീലരാശികലരുന്നതു മുതൽ അസ്‌തപ്രഞ്ഞ്‌ജയായ എന്റെ ഇന്നത്തെ കിടപ്പുവരെ പറഞ്ഞുകൊടുക്കേണ്ടിവരുന്നത്. പലപ്പോഴും തിരിച്ചറിവിന്റെ സ്വേദബിന്ദുക്കൾ വിതുമ്പലായും തലോടലായും മാറുന്നതുകണ്ട് എനിക്ക് അമ്മയോട് സഹതാപം തോന്നും….. ഞാനാദ്യമേ പറഞ്ഞില്ലേ എനിക്കെന്തോ ബെഡ്‌ഡിൽ നിന്ന് എണീക്കാനെ തോന്നുന്നില്ലെന്ന്, ഒരുപക്ഷെ മേല്‌പറഞ്ഞ ചിന്തകളുടെ മഥനം മനസ്സിൽ ആരുമറിയാതെ നടക്കുന്നതിനാലാവാം, അതൊ ഇന്നത്തോടെ ചിന്തകളും ചലനങ്ങളും എരിഞ്ഞടങ്ങുമോ അല്ലെങ്കിലെന്തിനാ പതിവിനുവിപരീതമായി അമ്മയ്‌ക്കുമുമ്പേ കൂടുവിട്ടകന്നുപോയ ചിന്താമണിയിൽ എന്റെ ചിന്ത കുരുങ്ങിനിന്നു. അമ്മു നീയെന്താ ആലോചിച്ച് കിടക്കണെ നിന്റെ ഉടുപ്പ്‌മാറ്റാൻ നേഴ്‌സ്‌മാര് വന്നപ്പോഴെല്ലാം നല്ല മയക്കത്തിലായിരുന്നു നീയ്, ന്താ ക്ഷീണണ്ടോ വല്ലാതെ ഒന്നൂല്യാ. പക്ഷെ ഉടുപ്പ് കുറച്ച്‌കഴിഞ്ഞ് മാറ്റാം. കുറച്ചൂടെ നേരം കൂട്യയല്ലെ ഇങ്ങനെ പറഞ്ഞത് മുഴുവിപ്പിക്കാൻ തോന്നീല്ല ഉടുപ്പെന്നുപറഞ്ഞാൽ പ്രത്യേകിച്ചൊന്നൂല്യ. പച്ചനിറത്തിലൊരു ശീലക്കഷ്‌ണം. പേരിനു പിന്നിലൊരു കെട്ടും അതുമാറ്റാൻ പോലും മടിതോന്നുന്നു…. പണ്ടു ഒരു ദിവസം സന്ധ്യാവണേനുമുമ്പ് ചുരുങ്ങിയത് മൂന്നുജോഡിയെങ്കിലും അതും ചിന്താമണിയുള്ള ദിവസാണേല് ആവേശം കൂടും. പക്ഷെ അന്നത്തെ ആ അവധിയ്‌ക്കുശേഷം അവൾക്ക് കുറച്ച് പത്രാസുകൂടിയില്ലെയെന്നു ഞാൻ സംശയം പ്രകടിപ്പിച്ചപ്പോൾ കുട്ടനും വാവയും ഷാജിയും അത് ശരിവെച്ചു. കാരണം അവള് പണ്ടത്തെപ്പോലെ കള്ളനും പോലീസും കളിയ്‌ക്കാനൊ തോട്ടിൽ മീൻ പിടിക്കാനൊ ഞങ്ങളുടെ കൂടെ കൂടാറില്ല. എല്ലാത്തിനും പുറമെ പതിവുള്ള അവളുടെ കുളത്തിലെ കുളിപോലും രാത്രിയിലേയ്‌ക്കാക്കിയതുകൊണ്ട് മുങ്ങാകുഴിയിടലും ആമ്പല്‌ചേറുള്ള മാലകെട്ടലും എല്ലാം നിന്നു. അവിടെനിന്ന കുറച്ചു ദിവസത്തിനുശേഷമാണ് അവളെ ബോംബെയിലുള്ള അവളുടെ ഏതോ ബന്ധുവിനോടൊപ്പം അവളെ പറഞ്ഞു വിട്ടതും. പിന്നീട് കുറെ നാളേക്ക് ചിന്താമണി നാട്ടിലേക്ക് വരവുണ്ടായില്ലയെങ്കിലും യശോദക്ക് മുടങ്ങാതെ കാശയക്കുമായിരുന്നെന്ന് അമ്മ പറഞ്ഞറിഞ്ഞു. അപ്പോഴേക്കും തീർന്ന ആശുപത്രി സന്ദർശനത്തിന്റെ മടക്കയാത്രയിലാണ് ഞങ്ങൾ പിന്നീട് പരസ്‌പരം കാണുന്നത്, അതായിരുന്ന അവസാന കാഴ്‌ച….
ഹലോ..
അമ്മാളു തീവ്രമായ സ്വപ്‌നാടനത്തിലാണല്ലൊ ഇന്ന് എനിക്ക് മാറ്റാനുള്ള ഉടുപ്പുമായി റിജോ സിസ്‌റ്ററുടെ ശബ്‌ദംകേട്ടു സത്യത്തിൽ ഞാൻ ഞെട്ടി. പെട്ടെന്ന് തന്നെ എഴുതികൊണ്ടിരുന്ന ഡയറി തലേണയ്‌ക്കടില് തിരുകി ദാ ഈ ഉടുപ്പിടാം ഡോക്‌ടറ് ഇപ്പൊ വരും ഈ പച്ചയുടുപ്പണിയുന്നത് ആദ്യമായല്ല…. എങ്കിലും മനസ്സ് ഉറക്കുന്നില്ല. ഈ ഇരുപത്തൊന്ന് വയസ്സിനിടക്ക് പ്രതീക്ഷിതവും അപ്രതീക്ഷിതവുമായ എത്രയോ തവണ ബോധരഹിതയായി ഞാൻ കിടന്നിരിക്കുന്നു. വിശാരദനായ സൃഷ്‌ടാവിനെന്തെ ഇങ്ങനൊരു കൈപ്പിഴവ്. അല്ലങ്കിലെന്തെ പരസ്‌പര സ്‌നേഹത്തില് കഴിയേണ്ട എന്റെ ധമനികള് അനുമതികൂടാതെ കൂടികലർന്ന് വിഷധൂളികള് തൂപ്പുന്നു?. പച്ചയുടുപ്പണിഞ്ഞ് കിടക്കുന്ന എന്നെ വന്നു പുണരുന്ന അമ്മയുടെ നെഞ്ചകത്തെ വ്രണിതമായ ചിന്തകളുടെ ചിറകടികൾ അപ്പോഴും എനിക്ക് കേൾക്കാമായിരുന്നു……
Generated from archived content: story1_april23_09.html Author: manikutty