തിരക്കുപിടിച്ചാണു വിശ്വാസി കിച്ചണില്‍ നിന്നും രാഷ്ട്രീയ ചര്‍ച്ച നടക്കുന്ന മുറിയിലേക്കു പ്രവേശിച്ചത്. നാട്ടിലെ തിരഞ്ഞെടുപ്പായിരുന്നു വിഷയം. ആരോപണങ്ങളുന്നയിച്ചും സ്ഥാനാര്‍ത്ഥികളുടെ പോരായ്മകളേയും പരിചയക്കുറവുകളെയുമെല്ലാം വിമര്‍ശിച്ചും അവര്‍ പരസ്പരം പോരാടി . രാഷ്ട്രീയത്തില്‍ നിന്നും ചര്‍ച്ച ദൈവശാസ്ത്രത്തിലേക്കു വഴിമാറിയത് പെട്ടന്നായിരുന്നു. വിശ്വാസികളേയും ദൈവത്തേയും സംരക്ഷിക്കാന്‍ ദേവാലയത്തിനു മുകളില്‍ സ്ഥാപിച്ച ഇടതാങ്ങികളെ കുറിച്ച് അവിശ്വാസി പരിഹസിച്ചപ്പോള്‍ മരണാനന്തരം ലഭിക്കാന്‍ പോകുന്ന സ്വര്‍ഗ്ഗലോകത്തെ പറ്റി വിശ്വാസി വാചാലനായി.
കിച്ചണില്‍ നിന്നുമുയര്‍ന്ന പൊട്ടിത്തെറിയാണു അവരെ ചര്‍ച്ചയില്‍ നിന്നും അടര്‍ത്തിയെറിഞ്ഞത്. പുകയണയുമ്പോള്‍ അടുത്ത റൂമിലെ കൂട്ടുകാരന്റെ ചിന്നിത്തെറിച്ച ശവശരീരമാണു അവര്‍ക്കു കാണാന്‍ കഴിഞ്ഞത്.
പോലീസും തിരക്കും കണ്ണീരുമൊടുങ്ങി രാത്രിയേറെ വൈകി ബ്ലാങ്കറ്റിലേക്കു ഉള്‍വലിഞ്ഞ് , വിശ്വാസി ദൈവത്തിന്റെ അത്ഭുതങ്ങളെക്കുറിച്ചോര്‍ത്ത് പ്രാര്‍ത്ഥനയില്‍ മുഴുകിയപ്പോള്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനുള്ള ആവേശത്തില്‍ കിച്ചണിലെ ഗ്യാസ് ഓഫ് ചെയ്യാന്‍ മറന്നു പോയ വിശ്വാസിയോടുള്ള അമര്‍ഷം അവിശ്വാസിയില്‍ നുരഞ്ഞു പൊങ്ങി.
Generated from archived content: story2_apr17_14.html Author: manikandon_vattumkulam
Click this button or press Ctrl+G to toggle between Malayalam and English