മൂന്ന്‌ പേർ

കുന്നുംപുറമെന്ന ദേശത്ത്‌

നഞ്ചുപോൽ മൂന്നുപേരുണ്ടായിരുന്നു.

ആവതുകാലം മൂന്നുപേരും

അന്യന്റെ സ്വൈരം കെടുത്തിനിന്നു.

ഒന്നാമൻ കാട്ടുമൃഗമാണേ

ഒന്നാന്തരമായ്‌ ചുവര്‌ തോണ്ടും

കയ്യാലകീഴേ ചേമ്പ്‌ വയ്‌ക്കും

വളം വയ്‌ക്കും നാളിലതിരിടിക്കും.

എന്നും വഴക്കാണയൽപ്പക്കം

തിണ്ണയ്‌ക്കിരുന്ന്‌ ചിരിച്ചേ ഞാൻ.

രണ്ടാമൻ നാരദ ജന്മമാണേ

ഉളുപ്പില്ലാതെന്തും പറയുന്നോൻ

മക്കളാൽ മാനം പോയിട്ടും

പണമാന്യതമേൽ നടക്കുന്നോൻ

അന്യായം മാത്രം ചൊന്നീടുന്നോൻ

നാല്‌ക്കാലിയെന്നേ പറയാവൂ…

എന്നും വഴക്കാണയൽപ്പക്കം

തിണ്ണയ്‌ക്കിരുന്ന്‌ ചിരിച്ചേ ഞാൻ.

മൂന്നാമൻ ആളിൽ കുറിയോനാണേ

ബുദ്ധിയിൽ കുറിയോൻ നെടിയോനാണേ

കല്ലായ കല്ലൊക്കെ പാതിരാവിൽ

ഇഷ്‌ടപ്രകാരം നാട്ടുന്നോൻ.

മുട്ടിയും കൂട്ടിയടിപ്പിച്ചും

തെക്ക്‌ വടക്ക്‌ നടക്കും കീടം.

ഒന്നാമൻ കാലം കടന്നപ്പോൾ

ഒരു പാഴ്‌ക്കിണറിൽ ആഴം നോക്കി.

രണ്ടാമൻ കാലം കടന്നപ്പോൾ

ഒരുമുഴം കയറിൽ തൂക്കം നോക്കി

മൂന്നാമൻ കാലം കടന്നപ്പോൾ

വിഷം കുടിച്ചതിൻ വീര്യം നോക്കി

തെക്കോട്ടിവരെല്ലാം പോയപ്പോൾ

കോണകം പോലുമില്ലായിരുന്നു!

എന്തിന്‌ ചെയ്‌തിവരന്യായം?

എന്തിന്‌ ചെയ്‌തിവർ തോന്ന്യാസം?

ഇരയെടുക്കാൻ വയ്യാതായപ്പോൾ

ഇരന്നുണ്ടതൊക്കെ പ്രവൃത്തി ദോഷം

ഒരു സ്‌നേഹസൗഹൃദത്തോടെ വാണാൽ

കുരുകൊണ്ടു പോകുമോ മണ്ണിലാർക്കും?

ഒക്കെയും ചിന്തിച്ച്‌ രസിച്ചെൻ

തിണ്ണയ്‌ക്കിരുന്ന്‌ ചിരിച്ചേ ഞാൻ.

Generated from archived content: poem2_oct6.html Author: mani_k_chenthappuru

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here