പനിക്കിടക്കയിൽ
പൊളളിപ്പുതയ്‌ക്കുമ്പോൾ
തണുവിരൽ സ്പർശം
കൊതിച്ചിരുന്നവൻ.
ചുമപ്പടക്കങ്ങൾ തുരുതുരെ
പൊട്ടിവിയർത്തു വീഴുമ്പോൾ
നെഞ്ചിൽ-
മൃദുവിരലോട്ടം കൊതിച്ചിരുന്നവൻ.
(മൊഴിയിലാശ്വാസം
ഔഷധമായും
മിഴിയിൽ സ്‌നേഹത്തിൻ
കടൽ കണ്ടുമങ്ങനെ.)
അന്നപാത്രങ്ങൾ നേരം തെറ്റുമ്പോൾ
ഉറിയിലത്താഴം ഉറുമ്പരിക്കുമ്പോൾ
ശുഭവിചാരങ്ങൾ കടലെടുക്കുമ്പോൾ
തണൽമരങ്ങൾ വേരുളുന്തു വീഴുമ്പോൾ
കൊതിച്ചു പോയവൻ
ഒരു കുളിർ നദി.
പക്ഷേ-
ശപിക്കയാണവൻ
തപിക്കയാണവൻ
കൊതിക്കുവാൻ
അന്തർമോഹദാഹങ്ങൾ
പൊരിഞ്ഞുപൊട്ടുവാൻ
കാലകല്പന
പ്രതികൂലം മഹാന്യായാധിപൻ വിധി.
Generated from archived content: poem2_may3_06.html Author: mani_k_chenthappuru