ഗാന്ധി
യാത്രയിൽ കണ്ടു
നിയമസഭാ മന്ദിരത്തിന് മുന്നിൽ
കുനിഞ്ഞിരിക്കുന്ന
ഗാന്ധിയെ…
അടുത്തെത്തി ഞാൻ
ഒച്ചതാഴ്‌ത്തി ചോദിച്ചു
‘മഹാത്മാവേ
തലയുയർത്താത്തതെന്ത്“
ഒരിടത്തും തലക്കുനിക്കാത്തവന്റെ
തലയുയർന്നില്ല
ഒരുവാക്ക് വന്നില്ല
നോക്കി നിൽക്കെ
ചുളിഞ്ഞ മുഖത്ത്
തെളിഞ്ഞു കണ്ടതിങ്ങനെ
”നേരും നെറിയുമുള്ളോരാരും
നേർമുന്നിലില്ലീയിരിപ്പ് നന്ന്“
മടങ്ങിവന്ന ഹൃദയം
എനിക്ക്
ഇന്നലെ മടക്കത്തപാലിൽ
വരണ്ടുണങ്ങിയ
ഹൃദയം കിട്ടി.
നദികൾക്കും
മലകൾക്കും
അപ്പുറത്തെ ചെമ്പരത്തിക്ക്
പോസ്‌റ്റു ചെയ്ത
എന്റെ ഹൃദയമായിരുന്നു
അത്.
Generated from archived content: poem2_aug6_07.html Author: mani_k_chenthappuru