ഒന്നാം നാൾ
സ്‌കൂൾ വിട്ടെത്തിയ പൂത്തുമ്പി
വീട്ടിൽ കോട്ടും സൂട്ടും
കണ്ണടയും വച്ച
ഒരുവനെകണ്ട് ചോദിച്ചു.
‘ഇതാരമ്മേ?’
‘അച്ഛൻ’
സ്ലേറ്റും പുസ്തകവും വച്ച്
തുള്ളിച്ചാടിവരും മുമ്പ്
അച്ഛൻ പടി കടന്നു പോയി.
രണ്ടാം നാൾ
പരീക്ഷയായിടും പുസ്തകം കിട്ടാഞ്ഞ്
കുട്ടികൾ പഠിപ്പ് മുടക്കി.
നേരത്തെ വീട്ടിലെത്തിയ
പൂത്തുമ്പി
മുഖം ചുളിഞ്ഞ്
മുടി വെളുത്ത
അപരിചിതനെകണ്ട് ചോദിച്ചു
‘ഇതാരമ്മേ?’
‘അച്ഛൻ’
നോക്കി നിൽക്കെ മടിമുറുക്കി
ഒന്നും പറയാതെ
അച്ഛനിറങ്ങിപ്പോയി.
മൂന്നാം നാൾ
ഉച്ചക്കഞ്ഞി കിട്ടാതെ നട്ടുച്ചയ്‌ക്ക്
വീട്ടിലെത്തിയ പൂത്തുമ്പി
മീശമുളയ്‌ക്കാത്ത
ഒരുവനെകണ്ട് ചോദിച്ചു
‘ഇതാരമ്മേ?’
‘അച്ഛൻ’
കണ്ണ് പൊള്ളിയ പൂത്തുമ്പി
സ്ലേറ്റെറിഞ്ഞ്
അലമുറയിട്ടു
‘എനിക്കൊരച്ഛനെ താ…
എനിക്കൊരച്ഛനെ താ…’
Generated from archived content: poem1_may10_07.html Author: mani_k_chenthappuru