അവളുടെ സിദ്ധി അവള്‍ക്കു മുന്‍പേ അറിഞ്ഞത് ഒരു കള്ളനാണ് .
പുലര്‍ച്ചെ രണ്ടു മണിയായിക്കാണും …ഒരസാധാരണ ശബ്ദം കേട്ടുണര്‍ന്നതാണവള്‍ .
നോക്കുമ്പോള്‍ ഒരാള്‍ കമ്പിപ്പാര കൊണ്ട് മിനക്കെട്ട് ജനലഴി വളക്കാന്‍ ശ്രമിക്കുന്നു ..!!
അവള്‍ കട്ടിലില്‍ എണീറ്റിരുന്നു . ഇത് കണ്ട കള്ളന്‍ പേടിക്കണോ -അതോ പേടിപ്പിക്കണോ എന്ന് ആലോചിക്കുമ്പോഴേക്കും അവളുടെ രാക്കിളിനാദം …..”അല്ലല്ലാ ….മാധവനിതെപ്പാ ആലുവേലെത്തിയെ …?” ടിമ്ട്ടിം ….!!കള്ളനും കമ്പിപ്പാരയും നടുമുറ്റത്ത് ..!!!
പരിചയക്കാരില്ലാത്ത നാട്ടില്‍ പരിചയമില്ലാത്ത വീട്ടില്‍ ഉത്ഘാടനക്കളവിനു എത്തിയതായിരുന്നു മാധവന്‍കുട്ടി! വളയാത്ത ജനല്‍ക്കമ്പി പിടിച്ച് താഴോട്ടു നോക്കുമ്പോള്‍ ഗേറ്റിന് പുറത്തുകൂടി ഒരു ഓട്ടോ പാഞ്ഞു പോകുന്നു !
മറ്റൊരു ദിവസം ….പാതിരയല്ല…. -.സന്ധ്യാ സമയം .മാര്‍ജിന്‍ ഫ്രീ ഷോപ്പില്‍ നിന്നും കണ്ണില്‍ കണ്ടതും കൈയ്യില്‍ കിട്ടിയതും വാങ്ങി ഓട്ടോവിനു കാത്തു നില്‍ക്കുന്നു ഇന്ദിര. ഇഷ്ടംപോലെ ഓട്ടോ ഓടുന്നുണ്ട് .പക്ഷെ ,ബസ്സ്സ്റ്റോപ്പില്‍ നിന്നും ഒരു നൂറു മീറ്റര്‍ ഉള്ളിലേക്ക് പോകാന്‍ റിട്ടേണ്‍ കിട്ടില്ലാത്രെ ! രണ്ടു കൈകളില്‍ ആറു സഞ്ചികളും ആയി നില്‍ക്കുന്ന ഇന്ദിരക്ക് അവളെക്കണ്ടപ്പോള്‍ ആശ്വാസമായി !കൂട്ടായല്ലോ !
അതാ വരുന്നു വേറൊരു ഓട്ടോ. അവരെക്കണ്ടു ഓട്ടോ നിര്‍ത്തി .”എങ്ങോട്ടാ ..?”
“ചെമ്പകശ്ശേരി അമ്പലത്തിന്നടുത്ത് ..”
” അവിടുന്ന് തിരിച്ച് ഓട്ടം കിട്ടില്യ ….വേണേല്‍ ജംങ്ഷനില്‍ ഇറക്കാം …”ഇന്ദിരയോടിത് പറഞ്ഞ് അയാള്‍ തിരിഞ്ഞപ്പോളാണ് അവള്‍ അയാളുടെ മുഖം കണ്ടത് …!” അല്ലാ ….സൂര്യനാരായണനല്ലേ?എന്താ വര്‍മ്മേ …കണ്ണില്‍ ചോരയില്ലാത്ത വര്‍ത്താനം പറയണത് !ഞങ്ങളെ ഒന്ന് വീട്ടില് എത്തിച്ചേ … നീ കയറ് ഇന്ദിരെ …”
ഹെഡ്മാസ്റെരുടെ മോള് നോക്കിച്ചിരിക്കാന്‍ തൊടങ്യപ്പോ പത്താംക്ലാസ്സില്‍ ഒരുവട്ടം തോറ്റു. അവള്‍ മിസ്സ് കാള്‍ തുടങ്ങ്യപ്പോ രണ്ടാംവട്ടവും തോറ്റു.
അപ്പോഴേക്കും പതിനെട്ടു വയസ്സായി !ഡ്രൈവിംഗ് ലൈസെന്‍സ് എടുത്തു നാടുവിട്ടു .ആലുവക്കാരുടെ ഇടയില്‍ സന്തോഷ് എന്ന പേരില്‍ വിലസുമ്പോളിതാ മുഖം നോക്കി പേരു പറയുന്നു ഒരു സുന്ദരി !
അയാള്‍ ഓട്ടോന്റെ സ്പീഡ് കൂട്ടി !!അവരെ വീട്ടുമുറ്റത്തെത്തിച്ചു .കൊടുത്ത കാശ് നോക്കാതെ കീശയിലേക്കിട്ടു പോയതിലും സ്പീഡില്‍ മടങ്ങി !!
ആയിടക്കാണ് ഇന്ദിരയെ പെണ്ണുകാണാന്‍ വരുന്നതും കല്യാണം ഉറപ്പിക്കുന്നതും ..പിന്നെ വീട്ടിലും അയല്‍പക്കത്തും ഉത്സവപ്രതീതി …മുറ്റം പണി ….പെയിന്റിംഗ് ….ആശാരിപ്പണി ….അങ്ങനെ അങ്ങനെ ബഹളത്തോടു ബഹളം ..!!പണി പകുതിതീര്‍ത്ത് ആശാരി മുങ്ങി !
കോഴിക്കോടുള്ള ഒരു കല്യാണവീട്ടില്‍ പണിതുടങ്ങിയത്രെ !ഇന്ദിരേടെ വീട്ടുകാര്‍ക്ക് ടെന്‍ഷന്‍ ….കല്യാണത്തിന് ഇനി പത്തു ദിവസം മാത്രം ..! ചാരുപടി പകുതിയായിക്കിടക്കുന്നു … ഇന്ദിരയോടൊപ്പം അവളും ടെന്‍ഷനടിച്ചു നില്‍ക്കുമ്പോള്‍
പരിചയമില്ലാത്ത ഒരാള്‍ വീട്ടിലേക്കു വരുന്നു “കല്യാണവീടല്ലേ ..?”അയാള്‍ മുറ്റത്തു നിന്നും ഉമ്മറതിണ്ണയിലേക്ക് കയറി .
അപ്പോഴാണ് അവള്‍ അയാളുടെ മുഖം ശ്രദ്ധിച്ചത് !
“അല്ല ശശീ എന്തു പണ്യാ ഇതൊക്കെ ? ഇവിടുത്തെ പണി തീര്‍ത്തിട്ടു പോയാല്‍ പോരായിരുന്നോ ?” ശശികുമാര്‍ ഞെട്ടി മുറ്റത്തേക്ക് ചാടിപ്പോയി !
മൂന്നു ദിവസം കഴിഞ്ഞാല്‍ വരും പണിതുടങ്ങും എന്ന് ഉറപ്പു കൊടുക്കാന്‍ കോഴിക്കോട് പഠിക്കുന്ന അനിയന്റെ മകനെ ശശികുമാറിനെ പറഞ്ഞുവിട്ടതായിരുന്നു ആശാരി !
ശശികുമാര്‍ അവരോടൊന്നും പറഞ്ഞില്ല ….ഗേറ്റ് കടന്നു പുറത്ത് എത്തി മൊബൈല്‍ എടുത്തു ആരോടോ എന്തൊക്കയോ പറഞ്ഞു ..!!
എന്തായാലും പിറ്റേ ദിവസം ആശാരിമാര്‍ ഇന്ദിരേടെ വീട്ടില്‍ ഹാജര്‍ !!
അങ്ങനെ ആഴ്ചകള്‍ക്കുള്ളില്‍ കള്ളന്മാരുടെ ഇടയിലും ഓട്ടോക്കാര്‍ക്കിടയിലും ആശാരിമാര്‍ക്കിടയിലും ഒരു സുന്ദരിയുടെ ‘പേരുപറ ‘ സിദ്ധി വാര്‍ത്തയായി പടര്‍ന്നു കയറി !!
അങ്ങനെ ഇരിക്കെ ശിവരാത്രി ആലുവയില്‍എത്തുന്നു …!
പെരിയാറിനു കുറുകെ പാലം ഉയരുന്നു …!!
മാര്‍ച്ച് 10 -അവള്‍ പുലര്‍ച്ചെ എണീറ്റു കുളിച്ചു മണപ്പുറത്തേക്ക് നടന്നു. പാലം കടക്കുമ്പോള്‍ ,കറപ്പ് ഷര്‍ട്ടിട്ട് തൊഴുതു എതിരെ വരുന്ന ആളെ അടുത്തെത്തിയപ്പോഴാണ് അവള്‍ കണ്ടത് !
” അല്ലാ ….ഇത് നമ്മുടെ …”എന്ന് തുടങ്ങിയപ്പോഴേക്കും അയാളുടെ പിറകില്‍ നിന്നും കണ്ടു പരിചയമുള്ള മുഖമുള്ള ഒരു സുന്ദരി കേട്ടു പരിചയമുള്ള ശബ്ദത്തില്‍ പറഞ്ഞു.
” ഇത്തവണ ഞാന്‍ പ്രവചിക്കാം …ഇത് ദിലീപ് …ഞാന്‍ മഞ്ചു …മഞ്ജുവാരിയര്‍ …!! “
പിന്നീട് ആ പാലം പൊളിച്ചു !!!
Generated from archived content: story1_may9_2013.html Author: mangalam