സ്വര്‍ണ്ണ മത്സ്യങ്ങള്‍

“അച്ഛാ …അച്ഛാ ….ഏട്ടന്‍ പറയ്യാ ,അച്ഛന്‍ ചെറിയ കുട്ടിയായപ്പോ എന്റ ത്രീം വല്ല്യ മീനിനെ പിടിച്ച്‌ ണ്ട്‌ന്ന്‌….ഉവ്വോ അച്ഛാ ?ഇതിലും വല്യ മീനിനെ അച്ഛന്‍ പിടിച്ചുണ്ടോ ?”

പിറന്നാള്‍ സമ്മാനമായിക്കിട്ടിയ കൊച്ചുഅക്വോറിയത്തിലെ സ്വര്‍ണ്ണ മത്സ്യങ്ങളിലോന്നിനെ ചൂണ്ടിക്കാണിച്ചു ഉത്തര എന്നോട് ചോദിച്ചു .

ആ കൊച്ചു കണ്ണുകളില്‍ അത്ഭുതം – ഒരു നിമിഷം- ഓര്‍മ്മ വഴുതി…വഴുതി ചെന്നു നിന്നത് ഇട്ട്യാതമ്മയുടെ മുന്നില്‍ …. !

” ഇന്റെ കുട്ട്യേ ഈ വല്ല്യ മീനിന്യൊക്കെ പിടിച്ചേ ?”

ചെമ്പില്‍ വാലിട്ടടിക്കുന്ന വലിയ മീനുകളെ നോക്കി എന്റെ കയ്കള്‍ രണ്ടും കൂട്ടിപ്പിടിച്ച് ക്ഷീണിച്ച കണ്ണുകളില്‍ അത്ഭുതം നിറച്ച്‌ ഇട്ട്യാതമ്മ ചോദിച്ചു .

നല്ല മഴയുള്ള ഒരു ദിവസമായിരുന്നു. രാത്രി ബാലമമാമ വന്നതേ ഉണ്ടാവുള്ളൂ . കളത്തിന്റെ മുറ്റത്ത്‌ മഴയുടെ ശബ്ദം . ഉമ്മറത്തെ പടിക്കരികില്‍ പതിവുപോലെ ബെഞ്ചിലിരുന്നു വല്യച്ഛന്‍ തന്റെ കൊച്ചു ഉരലില്‍ മുറുക്കാന്‍ ഇടിച്ചു പാകപ്പെടുത്തി വായിലിട്ടു ആ വായക്കൊരു പ്രത്യേകത ഉണ്ട്….. രണ്ടോ മൂന്നോ പല്ലുകള്‍ മാത്രമേ ഉള്ളൂ …!!

ആര്‍ത്തലച്ചു പെയ്യുന്ന മഴയെ നോക്കി വല്യച്ഛന്‍ പറഞ്ഞു “എന്തൊരു മഴ ! എന്റെ ആയുസ്സില് ഇമ്മാതിരി മഴ ഞാന്‍ കണ്ടിട്ടേ ഇല്ല്യ ..!!

ഒന്ന് തിരിഞ്ഞ് , ഉമ്മറത്ത്‌ ചുവരില്‍ കൊളുത്തിയിട്ട മേശവിളക്കിന്റെ വെളിച്ചം കണ്ണില്‍ ഏല്‍ക്കാതിരിക്കാന്‍ നെറ്റിമേല്‍ കൈ വെച്ച് അകത്തേക്ക് വിളിച്ചു ചോദിച്ചു “ബാലന്‍ വന്ന്വോ?”

അടുക്കളയുടെ അഴിക്കൂടിലൂടെ നോക്കി വല്യമ്മ പറഞ്ഞു “ഉവ്വ് “-

കൊണ്പുരയിലെ പലകക്കട്ടിലില്‍ ഇരുന്നു മണ്ണണ്ണ വിളക്കിന്‍റെ പ്രകാശത്തില്‍ ബാലമ്മാമ പുഴുക്കും മീനും കഴിക്കുന്നു . സന്ധ്യക്ക് വിളക്ക് വെച്ച ശേഷമുള്ള ഈ ഭക്ഷണം -ഇത് മൂപ്പര്‍ക്ക് പതിവുള്ളതാണ്. രാത്രി ഭക്ഷണംപിന്നീട് അച്ഛനും വല്യച്ചനും കഴിച്ച ശേഷം.

“ബാലാ …..” വല്യച്ഛന്‍ വിളിച്ചു.

ഇളയ പുത്രനായ ബാലമ്മാമയെ വാത്സല്യത്തോടെ വല്യച്ഛന്‍ വിളിക്കുമ്പോള്‍ ശബ്ദത്തിനു മൃദുലതയായിരിക്കും .

“ബാലാ ….ആറ്റുമീന്‍ ഇറങ്ങീണ്ടാവും പാടത്ത് – നീ ആ പെരച്ചുട്ടീന്റെ ചെക്കനീം കൂട്ടിന്ന് പോയ്യോക്ക് ..!

“ഞാനും പുവ്വാ വല്യച്ഛാ …!”പുസ്തകത്തില്‍ നിന്നും തലയുയര്‍ത്തി ഞാന്‍ പറഞ്ഞു.

ബാലമമാമയോടൊപ്പം പോകാന്‍ എനിക്ക് ഉത്സാഹമാണ്.പൊതുവെ ബാലമ്മാമയെ പേടിയാണെങ്കിലും മീന്‍ പിടിക്കുന്ന ഹരവും തിന്നുമ്പോഴുള്ള രുചിയും ബാലമ്മാമയോടുള്ള പേടി തല്‍ക്കാലം ഇല്ലാതാക്കും. എന്നെ കണക്ക് പഠിപ്പിക്കാന്‍ അമ്മ ബാലമ്മാമയോട് പറയും .വിളക്കിന്റെ ചുവട്ടിലെ മേശക്കരികില്‍ ബെഞ്ചിലിരുന്നു മൂപ്പര് കണക്ക് പറഞ്ഞു തരുമ്പോള്‍ എപ്പഴാ ചെവി തിരുമ്മോന്ന്‌ പേടിച്ചാണ് കണക്ക് ചെയ്യാനിരിക്ക്വ .ഒന്ന് തെറ്റിയാല്‍ പല്ലിറുമ്മി എന്റെ ചെവിക്ക് പിടിക്കും . തെറ്റ്വോന്നു ശങ്കിച്ച് എഴുതാന്‍ അമാന്തിച്ചാലോ …..അതിന്‌ തലക്ക് കിഴുക്ക്‌ വേറെ !

ഒടുവില്‍ , അമ്മയോ വല്യമ്മയോ ഭക്ഷണം കഴിക്കാന്‍ വിളിക്കുമ്പോഴായിരിക്കും പഠിത്തം നിര്‍ത്തുക . അല്ലെങ്കില്‍, അതിന് മുന്‍പ് അച്ഛന്‍ വന്നെത്തുന്ന നേരത്ത്.

അച്ഛന്‍ പുതുക്കുടി തറവാട്ടില്‍ നിന്നും വരുമ്പോള്‍ സാധാരണ വൈകും. കാരണം ,വലിയമ്മാമയുമായി അതാതു ദിവസത്തെ ബിസിനസ്സ് കാര്യങ്ങളെല്ലാം സംസാരിച്ച് , വലിയമ്മാമ കുളികഴിഞ്ഞ് ,നാമജപവും കഴിഞ്ഞ് ചിലപ്പോള്‍ ഭക്ഷണം കഴിക്കാന്‍ ഇരുന്ന ശേഷമായിരിക്കും അച്ഛന്‍ ഇങ്ങോട്ട് വരിക.അച്ഛന്‍ രാത്രി വന്നാല്‍ ഷര്‍ട്ടും ബനിയനും അഴിച്ച് തെക്കേ അകത്ത് മേക്കട്ടിമേല്‍ ഇടും .ഒപ്പം ബെല്‍റ്റും ! വാച്ചഴിച്ചു ജനല്‍പ്പടിമേല്‍ ക്കുമ്പോഴേക്കും അമ്മ ഒരു ലോട്ടയില്‍ ഉപ്പിട്ട കഞ്ഞിവെള്ളവുമായെത്തും. ഒറ്റ വലിക്ക് അതകത്താക്കി , അമ്മ കൊടുത്ത തോര്‍ത്തെടുത്ത്‌ തോളിലിട്ട്‌ ,ടോര്ച്ചുംതെളിച്ച് മേല്‍ കഴുകാന്‍ കുളത്തിലേക്ക്‌ പോകും.ഇതാണ് പതിവ് .

അച്ഛന്‍ വരുന്ന നേരത്തോ , വല്യമ്മ ഭക്ഷണം കഴിക്കാന്‍ വിളിക്കുന്ന നേരത്തോ മാത്രമേ ബാലമ്മാമ പഠിപ്പിക്കല്‍ പരാക്രമം നിര്‍ത്തു .ഞാന്‍ അന്നേക്ക് രക്ഷപ്പെടും!

അനിയന്‍ അശോകന്‍ നേരത്തേ ചുരുണ്ടുകൂടി കിടന്നുറങ്ങുന്നതിനാല്‍ വലിയ പരാക്രമം അവന് ഏല്ക്കേണ്ടി വരാറില്ല …!! ഏട്ടനാണെങ്കില്‍ വലിയ ക്ലാസ്സില്‍. ബാലമമാമ എന്റെ ചെവി തിരുമ്മുന്നത്‌ മേശക്കപ്പുറം കസാരയില്‍ ചാരിയിരുന്ന് പുസ്തകം വായിക്കുന്ന ഭാവത്തില്‍ ഇടംകണ്ണിട്ട് നോക്കി ചിരിക്കും .

മുറ്റത്ത്‌ മഴ തകര്‍ത്ത് പെയ്യുകയാണ്……. !

അച്ഛന്‍ വന്നിട്ടില്ല .ബാലമമാമ കഴിക്കല്‍ മതിയാക്കി തേച്ചു മിനുക്കിയ കിണ്ടിയില്‍ കൊണ്‍പുര വാതുക്കല്‍ വെച്ച വെള്ളമെടുത്ത് മുറ്റത്തേക്ക് കൈ കഴുകി നീട്ടി തുപ്പി . ഏമ്പക്കവും ഇട്ട് മുണ്ടിന്റെ തല കൊണ്ട് മുഖം തുടച്ച് മുണ്ട് മടക്കിക്കുത്തി അടുക്കളയിലേക്ക് വിളിച്ചു പറഞ്ഞു :

“ട്ട്യാതമ്മേ ….ആ തൊപ്പിക്കൊട ങ്ങെടുക്കീ….!”

വടക്കേ കോലായില്‍ ചാരിവെച്ച തോപ്പിക്കുടയിലോന്നെടുത്തു ട്ട്യാതമ്മ ബാലമ്മാമക്ക് കൊടുത്തു .

ഇട്ട്യാതമ്മ ആ വീട്ടിലെ ഒരംഗം പോലെയാണ്. വല്യമ്മക്ക് സഹായത്തിന് കൊണ്ടുവന്നതാണ്. ബാലമ്മാമേടെ കുട്ടിക്കാലം തൊട്ടേ ട്ട്യാതമ്മ ഉണ്ട്.

വല്ല്യച്ചനോളം വയസ്സുണ്ടത്രെ ട്ട്യാതമ്മക്ക് ..!!

“ബാലരാജാ …..നീയും പോയ്‌ക്കോ ബാലന്റൊപ്പം ….”ഉമ്മറത്തിരുന്നു പഠിക്കുന്ന എന്നോട് അമ്മ വിളിച്ചുപറഞ്ഞു. ഞാന്‍ കോണ്‍പുരയിലേക്ക്‌ ഓടി എത്തിയപ്പോള്‍ “ഓനും കൊടുക്കീ ഒരു കൊട “” ട്ട്യാതമ്മയോട് അമ്മ പറഞ്ഞു .

ഒരു കൈയില്‍ ടോര്‍ച്ചും തൊപ്പിക്കുട തലയിലും മറ്റേ കൈയില്‍ കൊടുവാളുമായി ബാലമമാമ മുന്നിലും തൊട്ടു പിന്നില്‍ കുറ്റിമ്പാളയുമായി ഞാനും !

ഉമ്മറത്തിരുന്നു വല്യഛന്‍ ഉറക്കെ വിളിച്ചു പറഞ്ഞു:”കാലിന്റെ ചോട്ടിലേക്ക് നല്ലോണം നോക്കിക്കോള്വോണ്ടു …എഴജന്തുക്കളുണ്ടാവും !”

പറമ്പിലൂടെ ഞാനും ബാലമമാമയും കുളക്കരയിലേക്ക്‌ നടന്നു. കുളം നിറഞ്ഞിട്ടുണ്ട്‌ . തൊട്ടടുത്ത തോടും നിറഞ്ഞ് വെള്ളം മെല്ലെ മെല്ലെ പാടത്തേക്കൊഴുകുന്നുണ്ട് .മഴയുടെ ശക്തി കുറഞ്ഞു. ബാലമമാമ ടോര്‍ച്ചടിച്ച്‌ പാടത്തേക്ക് സൂക്ഷിച്ച് നോക്കി. പിന്നെ വെള്ളത്തില്‍ കണ്ണും നട്ട് വരമ്പത്തൂടെ മെല്ലെ മെല്ലെ നടന്നു . പതിഞ്ഞു നില്‍ക്കുന്ന പുല്ലിനടിയില്‍ കുറഞ്ഞ വെള്ളത്തില്‍ ചലനമറ്റപോലെ കിടക്കുന്ന ബ്രാലിനെ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ കണ്ടതും ബാലമ്മാമ വലതു കൈയിലെ കൊടുവാള്‍ കൊണ്ട് വെട്ടിയതും ഒരുമിച്ചായിരുന്നു !പിന്നെ പാടത്തിറങ്ങി പിടയുന്ന മീന്‍ തപ്പി എടുത്ത് എന്റെ കൈയിലുള്ള കുററിമ്പാളയിലേക്കിട്ടു തന്നു .

അങ്ങിനെ പാടം മുഴുവന്‍ ബാലമമാമ അരിച്ചു പെറുക്കുമ്പോഴേക്കും കുറ്റിമ്പാപാളയില്‍ ബ്രാലും മുഴുവും കടുവും ഒക്കെയായി ഏഴു മത്സ്യങ്ങള്‍ !!

കഞ്ഞി കുടിക്കാതെ ഞങ്ങള്‍ വരുന്നതും കാത്തിരിക്കയാണ് വല്ല്യച്ചന്‍ മീന്‍ കൊണ്പുരയില്‍ ട്ട്യാതമ്മ കൊണ്ടു വെച്ച ചെമ്പിലേക്കിടുമ്പോള്‍ എണ്ണമറിയാന്‍ വല്ല്യച്ചനും എത്തി .

” കടൂന്റെ മക്കളേ ള്ളൂ …? ആ കോസ്രക്കണ്ണന്‍ പിടിച്ചിട്ടുണ്ടാവും ഒക്കീം ..” ഇത് വല്യച്ഛന്റെ സ്ഥിരം പറച്ചിലാണ് !

” ഓലാരും വന്നില്ല്യച്ചാ ….” ബാലമ്മാമ പറഞ്ഞു .

” ഓലൊന്നും വന്നീല്ല്യ വല്ല്യച്ചാ …..”ഞാനും പറഞ്ഞു !

” ഇയയ് മിണ്ടാണ്ട്‌ നിക്കെടാ ….ഓല് വരണത് നെന്നെ കണ്ടുംകൊണ്ടാ ???”

തറവാടിനടുത്ത്‌ താമസിക്കുന്ന കുട്ടിപ്പെണ്ണിന്റെ മൂത്ത മകനാണ് ചോയുണ്ണി. ജന്മനാ കോങ്കണ്ണ് ഉള്ള അവനെ കോസ്രക്കണ്ണന്‍ ചോയുണ്ണി എന്നാണ് എല്ലാരും വിളിക്കണത്! കുട്ടിപ്പെണ്ണിന് ഇവിടെ മുറ്റം അടിക്കലാ പണി . ഓളെ തിയന്‍ പെരച്ചുട്ടി -ഒരേര മൂരീം അത്യാവശ്യം നാളികേരവും ഒരു കണ്ടം കൊയ്യാനും പെരച്ചുട്ടിക്ക് സ്വന്തമായി ഉണ്ട് . കുട്ടിപ്പെണ്ണിന് രഹസ്യമായി വാറ്റും ണ്ടത്രെ!! ചോയുണ്ണി സ്കൂള്‍പോക്ക് നിര്‍ത്തി . പെരച്ചുട്ടിയെ കന്നുപൂട്ടാന്‍ സഹായിക്കും . വല്യച്ഛന്‍ കോസ്രക്കണ്ണാന്ന് വിളിക്കുമ്പോള്‍ ചോയുണ്ണി കൊന്ത്രംപല്ല് കാട്ടി ചിരിക്കും.

ചെമ്പില്‍ പിടയുന്ന മീന്‍ ..! ഏട്ടന്‍ ഓടി വന്ന് അത്ഭുതത്തോടെ നോക്കുമ്പോള്‍ , ഇത്തിരി ഗമേല് ഞാന്‍ വിശദീകരണം തുടങ്ങി …. ” ദാ …ആ ബ്രാലിനെ ല്ല്യേ …അതിനെ കണ്ടതേ …കൊഴക്കിപ്പാടത്തെ തെക്കേ മൂലേലാ …!രണ്ട് കടൂനീം പാലിക്കണ്ടത്തിന്നാ പിടിച്ചെ ..!!”

” ന്റെ കുട്ട്യേ ഈ വല്യെ മീനിന്യൊക്കെ പിടിച്ചേ…?!!”

കൗതുകത്തോടെ ചെമ്പിലെ പിടക്കുന്ന മീനുകളെ ചൂണ്ടി എന്റെ കൈകള്‍ രണ്ടും കൂട്ടിപ്പിടിച്ച് ക്ഷീണിച്ച കണ്ണുകളില്‍ അത്ഭുതം നിറച്ച് ട്ട്യാതമ്മ ചോദിച്ചു . ” ഒരൊറ്റ ഗോള്‍ഡ്‌ ഫിഷ്‌നീം കിട്ടീലേ അച്ഛന്..??”

മുപ്പതു വര്‍ഷങ്ങള്‍ക്ക് മുന്പുള്ള ആ സുവര്‍ണ്ണ കാലം വിട്ട് , പ്രകൃതിയില്‍ നിന്നും അടര്‍ത്തി മാറ്റപ്പെട്ടതിനാല്‍ ,പളുങ്കു പാത്രത്തിലെ സ്വര്‍ണ്ണ മത്സ്യങ്ങളില്‍ അത്ഭുതങ്ങള്‍ ദര്‍ശിക്കുന്ന ഉത്തരയുടെ കുട്ടിക്കാലത്തിലേക്ക് ഉണര്‍ന്നു നോക്കുമ്പോള്‍ …… ഷോകെയ്സിലെ അക്വോറിയത്തിലെ സ്വര്‍ണ്ണ മത്സ്യങ്ങള്‍ക്ക് ഉത്തരയുടെ അതേ മുഖച്ഛായ ….!!!

Generated from archived content: story1_july26_13.html Author: mangalam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English