വീട് ചോദിച്ച ചോദ്യം…?

ഇന്നത്തോടെ ഈ ബന്ധങ്ങളുടെ ചങ്ങലക്കണ്ണികള്‍ ഞാന്‍ പൊട്ടിച്ച് ഏറിയും. നാളെ മുതല്‍ വിശാലമായ ആകാശത്തിനു കീഴെ പാറിപ്പറന്നു…

എവിടേക്ക്, എന്തിനു, എപ്പോള്‍,ആരുടെ കൂടെ…? ചോദ്യങ്ങള്‍ ഒന്നും തന്നെ ഇല്ലാത്ത എന്റെ വിശാലമായ ലോകം. അവസാന രാത്രിയിലും ആ ലോകം എന്നെ ഭ്രമിപ്പിച്ചു കൊണ്ടിരിക്കുന്നു.

‘നിങ്ങള്‍ ആകാശത്തിലെ പറവകളെ നോക്കുവിന്‍ അവര്‍ വിതക്കുന്നില്ല കൊയ്യുന്നില്ല എന്നിട്ടും അവര്‍ സന്തോഷത്തോടെ ജീവിക്കുന്നു.’ ലോവര്‍ െ്രെപമറി സ്‌കൂള്‍ ജീവിതത്തിനിടയില്‍ എവിടെ നിന്നോ കേട്ട ഉപദേശക വചനങ്ങള്‍ അയാള്‍ മനസ്സില് പറഞ്ഞു. ഒരു രാത്രിക്കപ്പുറം താനും ആകാശത്തിലെ ബന്ധങ്ങളുടെ ചങ്ങലക്കണ്ണികള്‍ ഇല്ലാത്ത സ്വതത്ര്യതിന്റെ സര്വ്വ സുഖവും അനുഭവിക്കുന്ന ഒരു പറവ ആണെന്നോര്ത്തു ചിരിച്ചു. ഉറക്കെ ഉറക്കെ. ഇരുട്ടിനെയും ഭയപ്പെടുത്തിക്കൊണ്ട്.

ഉറങ്ങാന്‍ ആവുന്നതെ ഇല്ല. ചീവിടിന്റെയും തവളകളുടെയും കരച്ചില്‍ അയാളില്‍ അസ്വസ്ഥത പടര്‍ത്തി. എങ്ങിനെ അമ്മ ഇത്രയും കാലം ഈ വീട്ടില്‍ താമസിച്ചു എന്നയാള്‍ ആലോചിച്ചു. ഇവിടം വിട്ടു നമുക്ക് ബാന്ഗ്ലൂരില്‍ സെറ്റില്‍ ചെയ്യാമെന്ന് ഒരു നൂറു വട്ടം അമ്മയോട് പറഞ്ഞതാണ്. ‘അച്ചന്റെ ആത്മാവുറങ്ങുന്ന ഇവിടെ നിന്ന് ഞാന്‍ എങ്ങോട്ടും വരില്ല എന്നെ ഓര്‍ത്തു സങ്കടപ്പെടണ്ട എവിടാ ന്നു വെച്ചാ പൊയ്‌ക്കൊളു’

റെക്കോര്‍ഡ് ചെയ്തു വെച്ച മറുപടി.

ആത്മാവ്…? വെറുതെ മനുഷ്യനെ പറ്റിക്കാന്‍ വേണ്ടി മുന്‍ തലമുറക്കാര്‍ സൃഷ്ടിച്ച കോപ്രായങ്ങള്‍.

എന്തായാലും അമ്മയുടെ ആഗ്രഹം പോലെ തന്നെ അച്ഛന്റെ അടുത്ത് തന്നെ ഉണ്ടാവും ഇനി എന്നും. ബട്ട് ഞാന്‍ ഇവിടെ നിന്നും യാത്ര പറയും. ബന്ധങ്ങളുടെ ബന്ധനങ്ങള്‍ ഇല്ലാത്ത, തമ്മില്‍ തമ്മില്‍ സംസാരിക്കാന്‍ നേരമില്ലാത്ത തിരക്കിട്ടോടുന്ന നഗരത്തിലേക്ക്. ആരാലും അറിയാതെ എന്റെ മാത്രം ലോകത്തിലേക്ക്.

ഉറക്കം വരാത്തതുകൊണ്ട് എഴുന്നേറ്റു കൂജയില്‍ നിന്നും കുറച്ചു വെള്ളം കുടിച്ചു. വാതില്‍ തുറന്നു ഗേറ്റിനു അരികില്‍ ചെന്ന് ഇരുട്ടത്ത് നിലാവ് പെയ്യുന്ന പാടത്തേക്കു നോക്കി. മതിലിനോട് ചേര്‍ന്ന് നില്ക്കുന്ന ചടച്ചി മരത്തില്‍ നിന്നും ഒരു കിളിക്കുഞ്ഞിന്റെ കരച്ചില്‍. ഇവറ്റകള്‍ക്കൊന്നും ഉറക്കവുമില്ലേ…? മനസ്സില് ചോദിച്ചു തിരിഞ്ഞു നടന്നു.

പണ്ട് ഈ ചടച്ചി മരത്തിന്റെ കായ ഞാനും ബിജുവും കൂടി എത്ര കഴിച്ചിരിക്കുന്നു.അന്ന് അവനായിരുന്നു എന്റെ കൂട്ട്. ഇപ്പോള്‍ ഇവിടുത്തെ എറ്റവും വലിയ അലമ്പ് അവന്‍ ആണത്രേ. ‘ന്റെ കുട്ടി ഇനി ഓനോട് കൂട്ടിനോന്നും പോണ്ട ട്ടോ. കളവിന് പുറമേ കള്ളുകുടിയും ഉണ്ടത്രേ…’

അമ്മ അവനില്‍ നിന്നും രക്ഷിക്കാന്‍ എപ്പോളും പറഞ്ഞുകൊണ്ടേ ഇരിക്കും.

കള്ളുകുടി…പാവം അമ്മ… എന്തായാലും ഞാന്‍ ബിജുവിന്റെ കൂടെ കൂടിയില്ല.

ഉറക്കം എപ്പോഴോ വിഴുങ്ങി.

‘എണീറ്റില്ലേ ഇത് വരെ….? ‘ സ്വീറ്റ് വോയ്‌സസ് ഉറക്കത്തില്‍ നിന്നും വിളിച്ചെഴുന്നേല്‍പ്പിച്ചു.

‘ഇന്ന് പോണ്ടതല്ലേ….?’

വൈകി വരുന്ന പ്രഭാതങ്ങളുടെ ഭീകരത ഓര്‍ത്തു പെട്ടെന്നെഴുന്നേറ്റു. സമയം നോക്കിയപ്പോള്‍ ഏഴു ആയിരിക്കുന്നു. ഒമ്പതരക്കാണ് ബസ്. അല്ലേലും ഞാന്‍ ഇങ്ങനെയാ. എവിടേലും പോവാനുണ്ടെങ്കില്‍ അന്നെന്റെ രാവിലെകള്‍ വൈകിയേ വരൂ.

വേഗം പല്ലുതേപ്പും കുളിയും കഴിച്ചു. തെക്കേ തൊടിയിലേക്ക് നടന്നു. അമ്മയേം അച്ഛനേം അവസാനമായി ഒന്ന് കൂടി കാണണം. വഴി തടഞ്ഞു നില്ക്കുന്ന നാരകത്തിന്റെ കൊമ്പിനടിയിലൂടെ നൂഴുമ്പോള്‍ ഇഷ്ടമില്ലാത്തത് എന്തോ ചെയ്യുന്ന പോലെ അതെന്റെ പുറത്തു വരച്ചു. നീറുന്നുണ്ട്. എന്നാലും സാരല്യ. അച്ഛന്റെയും അമ്മയുടെയും കാലില്‍ വീണു. ഞാനിന്നിവിടം മതിയാക്കി പോവാണ്. ഇനി ഒരു തിരിച്ചു വരവ് ഉണ്ടാവില്ല.ഒരു തേങ്ങല്‍ എവിടെ നിന്നോ കേട്ടു. ഞാന്‍ തിരിഞ്ഞു നടന്നു.

നേരെ സ്വാമി മുറിയില്‍ പോയി. തൊഴുതു. അമ്മ ശീലിപ്പിച്ചതില്‍ മുടങ്ങാതെ ചെയ്യുന്നത് ഇതൊന്നുമാത്രം. അതും നാട്ടില്‍ വരുമ്പോള്‍ മാത്രം. ഇന്നിവിടത്തെ അവസാന പ്രാര്ത്ഥന ആണ് . നാളെ മുതല്‍ എന്റെ ജീവിതത്തില്‍ ദൈവങ്ങളില്ല . പ്രാര്ത്ഥന കഴിഞ്ഞു പൂജാമുറിയിലെ ദൈവങ്ങളെ ഓരോന്നായി ഞാന്‍ പറിച്ചെടുത്ത് ചായപ്പില്‍ കൊണ്ടുവെച്ചു. നാളെ മുതല്‍ ഇവരുടെ സ്ഥാനത്ത് യേശു ക്രിസ്തുവും, കന്യാമറിയവും, ഗീവര്‍ഘീസ് പുണ്യാളനും ഒക്കെ ആവും. നില വിളക്കിന്റെ സ്ഥാനത്ത് മെഴുകുതിരികളും. ദൈവങ്ങളുടെ സ്ഥലവും കയ്യേറ്റം ചെയ്യപ്പെട്ടിരിക്കുന്നു. അവരും സുരക്ഷിതരല്ല.

‘കുട്ടാ വന്നു ചായ കുടിക്കൂ…’

അമ്മായിയുടെ ശബ്ദം ചിന്തയില്‍ നിന്നുണര്ത്തി. തിരക്കിട്ട് കഴിച്ചു എന്ന് വരുത്തിഎഴുന്നേറ്റു . നേരം ഉണ്ട് ഏട്ടന്‍ ശരിക്ക് കഴിച്ചിട്ട് എണീറ്റാല്‍ മതി. അഞ്ജുവിന്റെ ശബ്ദം അവോയ്ഡ് ചെയ്ത് ഡ്രസ്സ് മാറി. ഒന്നും മറന്നിട്ടില്ലല്ലോ എന്നുറപ്പാക്കി ഓരോ മുറിയും കുറ്റിയിട്ടു. ഉമ്മറത്തെ വാതിലും പൂട്ടി ലോക്ക് വലിച്ചു നോക്കുമ്പോള്‍ പിന്നില്‍ നിന്നും പകുതി മുറിഞ്ഞു പോയ ഒരു തേങ്ങല്‍ കേട്ടു.

ചാവി അമ്മായിയുടെ കയ്യില്‍ കൊടുക്കുമ്പോള്‍ രണ്ടു പേരുടെയും കണ്ണുകള്‍ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു. അവര് നാളെ വരും അപ്പോള്‍ ചാവി കൊടുത്തോളു. എന്നും പറഞ്ഞു തിരിഞ്ഞു നടന്നു ‘ഇനി എന്നാണ്’ അമ്മായിയുടെ സാരിത്തുമ്പില്‍ തട്ടി വന്ന ചോദ്യത്തിന്റെ ഉത്ഭവ സ്ഥാനത്തേക്ക് നോക്കി വെറുതെ ഒന്നുചിരിച്ചു. വരാം എന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു വേഗം നടന്നു. മറന്നു വെച്ച അല്ലേല്‍ മറന്നെന്നു നടിച്ച തേങ്ങലുകള്‍ പിന്നാലെയും മഞ്ഞു തുള്ളികളെ തട്ടി തെറിപ്പിച്ചും പുല്തലപ്പുകളെ ചവിട്ടി ഞെരിച്ചും തെങ്ങ് വരമ്പത്തുകൂടെ നടന്നു. ചെമ്മണ്‍ പാതയിലേക്ക് കയറും മുന്പ് ഒന്ന് കൂടി തിരിഞ്ഞു നോക്കി. തേങ്ങല്‍ മാറാത്ത രണ്ടു കണ്ണുകള്‍. വീടിനെ നോക്കിയപ്പോള്‍ കൊഞ്ഞനം കുത്തി കൊണ്ട് ചോദിക്കുന്നു ‘ഇനി വരുമോ…? എന്ന് വരും…?’ തേങ്ങലുകള്‍ മാറാത്ത കണ്ണുകളില്‍ നിന്നാണോ ഈ ചോദ്യം…? അതോ ചായിപ്പില്‍ കൊണ്ട് വെച്ച ദൈവങ്ങളില്‍ നിന്നാണോ…?അതോ തെക്കേ തൊടിയില്‍ നിന്നും…..? വിറയ്ക്കുന്ന കാലുകളുമായി വലിച്ചു മുന്നോട്ട് നടന്നു. ദിക്കുകള്‍ പോട്ടുമാരുച്ചത്ത്തില്‍ ആ ചോദ്യങ്ങള്‍ കാതുകളില്‍ മുഴങ്ങിക്കൊണ്ടിരുന്നു…!

Generated from archived content: story1_dec4_14.html Author: maneesh

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here