മാനത്ത് വട്ടമിടുന്ന പരുന്തിന്‍ കൂട്ടങ്ങളെ നോക്കി ആളൊഴിഞ്ഞ ഒരു ഉച്ച നേരം റെയില്‍ വേ സ്റ്റേഷനിലിരിക്കുമ്പോള്‍ തെക്കു നിന്നു വടക്കോട്ടേക്കൊരു വണ്ടിവന്നു നിന്നു. കുറേ യാത്രികര്‍ അപരിചിതരുടെ മുഖവുമായി മുന്നിലൂടെ നടന്നു പോയ്ക്കൊണ്ടിരുന്നു. ക്ഷീണിച്ച വര്‍ത്തമാനങ്ങളും കലങ്ങിയ കണ്ണുകളുമായ് ഇവര്‍ക്ക് സമാനതകളുണ്ട്. കൂട്ടത്തിലൊരാള്‍ വന്ന് എന്നെ തട്ടി വിളിച്ചു.
‘എവിടേക്കാ..?
കാണാന്‍ തെറ്റില്ലാത്ത പ്രകൃതം. രാഷ്ട്രീയത്തിന്റെ തുണിത്തരങ്ങള്‍ പുതച്ചിട്ടുണ്ട്.
അടുത്ത വണ്ടിക്കാ…..
ഞാന്‍ സൗമ്യനായി മറുപടി പറഞ്ഞു. അയാള്‍ അവിടെയൊക്കെ ചുറ്റിത്തിരിയുന്നുണ്ട്. വീണ്ടും അടുത്തേക്കു വന്ന് ചോദ്യം തുടര്‍ന്നു.
‘വരാറായോ…?
”മൂന്നാം ബെല്ലുമടിച്ചു.’
ഉത്തരം ശ്രദ്ധിക്കാതെ അയാള്‍ വീണ്ടും ചോദ്യം തുടര്‍ന്നു.
‘ഈ വണ്ടിയുടെ സമയമെത്രയാ…’
‘ഇപ്പോള്‍ മുപ്പതു മിനിറ്റ് ലേറ്റാ…’
തീരെ താല്പര്യമില്ലാതെയെന്നോണം ഞാന്‍ പറഞ്ഞു.
‘അതുകൊണ്ട് നമുക്ക് പരിചയപ്പെടാന്‍ പറ്റി..’
അയാള്‍ ആരോടെന്നില്ലാതെ തലകുലുക്കി പറഞ്ഞുകൊണ്ടിരുന്നു.
‘ങ്ങളുടെ പേരെന്താ…?’
ഞാന്‍ താല്പര്യപൂര്‍വം തിരക്കി.
‘നിങ്ങളുടെ ഈ ചോദ്യം ടി റ്റി ആറും ചോദിച്ചു. ഞാന്‍ പേരു മാറ്റി വിനയന്‍ എന്ന് മറുപടി കൊടുത്തു’.
ഇതു കേട്ട മാത്രയില്‍ ഞാന്‍ അയാളെ അടിമുടിയൊന്നു നോക്കി. അയാളുടെ പാദങ്ങളില്‍ നോട്ടം തറച്ചു. പാദങ്ങള്‍ നിലത്തുറച്ചിരുന്നില്ല. സംഘര്‍ഷം കലര്‍ന്ന മനസുമായി ഞാന്‍ വീണ്ടും ചോദിച്ചു..
‘നിങ്ങള്‍ എവിടേക്കാ…?’
‘ഇവിടെ അടുത്ത് ഒരു സമ്മേളനം നടക്കുന്നു.’
അലപം ഗൗരവം നിറഞ്ഞ മറുപടിയായിരുന്നു അത്. ഞാന്‍ നന്നേ വിയര്‍ക്കുന്നുണ്ടായിരുന്നു. തൊണ്ട വറ്റി വരളുന്നപോലെ. ശരിക്കും വാക്കുകള്‍ കൂട്ടിചൊല്ലാന്‍ കഴിയാത്തപോലെ. ധൈര്യം സംഭരിച്ച് ഞന്‍ ചോദ്യം തുടര്‍ന്നു.
‘നിങ്ങള്‍ …. ആരാ…?
‘കണ്ടിട്ടു മനസിലാകുന്നല്ലങ്കില്‍ കേട്ടാല്‍ തീരെ മനസിലാകില്ല’.
ഒരു മഹത് വചനം അലപം വിനയം കലര്‍ന്ന സ്വരത്തില്‍ അദ്ദേഹം തട്ടി വിട്ടു. അയാള്‍ എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. കുറച്ചു പരിഹാസത്തോടെ അയാള്‍ പറഞ്ഞു.
‘നിങ്ങള്‍ മരിച്ചിരിക്കുന്നു…!! എന്റെ കൂടെ വരു ……’
ഞാനെന്റെ ശരീരത്തില്‍ തൊട്ടു നോക്കി.
‘അതെയോ….!! ഞാന്‍ സ്വയം ചോദിച്ചു.
സ്റ്റേഷനില്‍ ആള്‍ത്തിരക്ക് കൂടുന്നുണ്ടായിരുന്നു. കൂട്ടത്തില്‍ അയാളെ കാണാനാകുന്നില്ല.
”ഏയ് ..ഏയ്… അലപം അലറിയ സ്വരത്തില്‍ ഞാന്‍ വിളിച്ചു,’ അല്ല വിനയന്‍ …’ വിളി ആവര്‍ത്തിച്ചു.
‘ നില്‍ക്കു….. ഞാനും വരുന്നു നിങ്ങളുടെ സമ്മേളത്തിന്…’
Generated from archived content: story3_aug24_11.html Author: manakkal_radhakrishnan