ഇസ്ലാമിനെ സംബന്ധിച്ച് മഹത്തായ സന്ദേശമുൾക്കൊണ്ട സുദിനങ്ങളാണ് – റമളാനും ബക്രീദും. നാട്ടിൽ എത്രയില്ലാത്തവനും പെരുന്നാൾ ദിവസങ്ങളിത് വേണ്ട മുൻകരുതലോടെയാണ് വരവേൽക്കുക. അപ്പോൾ – ഈ ആഘോഷവേളകൾ ലോകമുസൽമാന്റെ കേന്ദ്രമായ മക്ക – മദീന കുടികൊള്ളുന്ന പൊൻ അറേബ്യയിൽ കൊണ്ടാടാനുള്ള അപൂർവ്വാവസരം സംജാതമാകുക എന്നത് മഹാഭാഗ്യമായി വേണം കരുതാൻ.
അഹദോന്റെ വേണ്ടുകയാൽ പക്ഷേ എനിക്കതിനും യോഗമുണ്ടായില്ല. അറേബ്യയിലാദ്യം ഞാൻ സാക്ഷ്യം കൊണ്ടത് ബക്രീദ് അഥവാ ബലിപെരുനാളിനാണ്. പരമകാരുണികനായ നാഥന്റെ അരുളപ്പാടനുസരിച്ച് ഇബ്രാഹിം നബി തന്റെ പൊന്നോമന പുത്രനായ ഇസ്മായീലിനെ ബലിയർപ്പിക്കാൻ സന്നദ്ധനാകയും പരീക്ഷണത്തിൽ വിജയം വരിച്ച ഇബ്രാഹിമിന് സന്താനത്തിന്റെ സ്ഥാനത്ത് ഒരാടിനെ അറുത്ത് സ്വപ്നസാക്ഷാത്‌കാരം കൊള്ളാൻ ഇളവുനൽകുന്നതുമാണ് ചരിതം.
ഈ സംഭവത്തിന്റെ ത്യാഗോജ്ജ്വല സ്മരണ പുതുക്കികൊണ്ട് വിശ്വാസികളിന്ന് ഒറ്റയ്‌ക്കും കൂട്ടായും ബക്രീദ് നാളുകളിൽ ‘ഒൾവിഹിയത്ത്’ എന്ന മൃഗബലി നടത്തി മാംസം വിതരണം ചെയ്യുന്നു. ഇവിടെ എത്തിയിട്ട് രണ്ടോ മൂന്നോ മാസമാകുന്നേയുള്ളൂ. അറബിയുടെ വീട്ടിലെ ഇടയവേഷമാണെനിക്ക്. ആ ബക്രീദു ദിനത്തിൽ ഒന്നു കുളിക്കാനോ പള്ളിയിൽ പോകാനോ പറ്റിയില്ലെന്നതാണ് സത്യം. പെരുന്നാളിന്റെ സൂചന ലഭ്യമാകയാൽ ഒരുപാടു നേരത്തെ തന്നെ എഴുന്നേറ്റെങ്കിലും ആടുകറവയും അനുബന്ധകൃത്യങ്ങളും കഴിഞ്ഞിരുന്നില്ല. എല്ലാം ഒതുക്കിയശേഷം അന്വേഷിക്കുമ്പോൾ അറിയുന്നു, പെരുന്നാൾ നിസ്‌ക്കാരം ആറേകാലിനായിരുന്നെന്ന്.
ഇത്തരം ഘട്ടങ്ങളിൽ രണ്ടു തൊഴിലാളികളെ സജ്ജരാക്കേണ്ട തൊഴിലുടമ, അവന്റെ വീട്ടുജോലി മുടങ്ങുമെന്ന കാരണത്താൽ അനിവാര്യമായ ആത്മസമർപ്പണത്തിന്റെ നിമിഷങ്ങൾ ഞങ്ങൾക്കു നിഷേധിക്കുകയാണുണ്ടായത്. ഒരു മുസൽമാനെ സംബന്ധിച്ച് ഇത്തരം സമീപനം ഭൂഷണമല്ല, എവിടെയായാലും. ഖാലിദിന്റെ കുറ്റകരമായ അനാസ്ഥയിൽ മനംനൊന്തു. എന്തുഫലം…? മനഃസാക്ഷിയുള്ളവനല്ലേ, മനസ്സളക്കാനാവൂ. ഖാലിദിെൻ വീട്ടിലന്ന് ആടിനെ അറുത്തു. ഒരു കോഴിയെ കറിപ്പരുവത്തിലാക്കുന്നതു കണ്ടുനിൽക്കാൻ കരളുറപ്പില്ലാത്തോനന്ന് അവിടെ നടന്ന ‘കുർബാനി’യിൽ അറബികൾക്കൊപ്പം സജീവമായി തന്നെ പങ്കെടുക്കേണ്ടതായി വന്നു. ബംഗ്ലാബന്ധു സുലൈമാനാണ് അന്നെന്റെ കൂട്ടാളി. വാസഗുഹയിലാണെങ്കിൽ ഗ്യാസ് തീർന്നിട്ട് നാളുകളായി. സുലേമാനി മോന്താൻ പോലും ഒരുതരി പഞ്ചസാരയില്ല.
വീട്ടുകാരുടെ വകയായി അന്നത്തെ ഉച്ചഭക്ഷണമെത്തുമ്പോൾ മണി മൂന്നു കഴിഞ്ഞു. അറബികളുടെ ഇഷ്ടഭോജ്യമായ കബ്‌സാ (ബിരിയാണി)യും കടിച്ചാൽ മുറിയാത്ത – വേകാത്ത ആട്ടിൻ ശരീരവും. ഇക്കൂട്ടരിൽ നിന്ന് ഇത്തരം ഭക്ഷണം കിട്ടിയാൽ ഇറച്ചി എടുത്ത് ചെറുതായി നുറുക്കി ഏറെ മസാല ചേർത്ത് നന്നായി വേവിച്ചേ സാധാരണ കഴിക്കാറുള്ളൂ. പിന്നെ, രണ്ടുമൂന്നു കിലോ ഇറച്ചിയും സംഭാവനയായി കിട്ടി. ഇസ്ലാമിക രാഷ്ര്ടത്തിൽ നിന്നൊരു മുസൽമാനു കിട്ടിയ ബക്രീദ് സ്മരണകൾ ഇങ്ങനെ.
ഇനി, പുണ്യങ്ങളുടെ പൂക്കാലമായ റമളാന്റെ വരവ് സുബയ്‌ലെ സുഹൃത്തുക്കളൊത്തുള്ള ദുർദിനങ്ങളിലാണ്. റമളാനെ കുറിച്ചോർക്കുമ്പോൾ പെരുമകളേറെയാണ്. പരിശുദ്ധ ഖുറാൻ അവതീർണ്ണമായ മാസമെന്നതുതന്നെ പരമ പ്രധാനം. പിന്നെ ദാനധർമ്മങ്ങൾക്കാണെങ്കിൽ, എഴുപതിനായിരം ഇരട്ടി പ്രതിഫലം അള്ളാഹു വാഗ്‌ദാനം ചെയ്ത പുണ്യമാസമാണത്. വിശുദ്ധ ഖുറാൻ സംബോധന ചെയ്യുന്ന ഃ ‘മനുഷ്യവംശത്തിനു വേണ്ടി നിയുക്തമായ ഉത്തമ സമുദായമാണ് നിങ്ങൾ…’ മുസ്ലീം സമൂഹം ആ ഉത്തരവാദിത്തവും മഹത്വവും ബോധവുമാർജ്ജിക്കാനുള്ള നിത്യപരിശീലനത്തിലേക്ക് പ്രവേശിക്കുന്നത് വിശുദ്ധ റമളാനിലെ വ്രതാനുഷ്‌ഠാനങ്ങളിലൂടെയാണ്. വിശ്വാസിയുടെ വാക്കിലും പ്രവൃത്തിയിലും ചിന്തയിൽപ്പോലും മാലിന്യം കലരാത്ത വിശുദ്ധിയുടെ ദിനരാത്രങ്ങൾ. ഗൾഫ് നാടുകളിൽ റമളാനിന്റെ ദിനചര്യകളൊക്കെയും വ്യത്യസ്തങ്ങൾ തന്നെ. ഓഫീസുകളും മറ്റു സ്വകാര്യസ്ഥാപനങ്ങളുമെല്ലാം കുറഞ്ഞ സമയമേ പ്രവർത്തിക്കൂ. കടകൾ പോലുള്ള തൊഴിലിടങ്ങളിൽ രാത്രികാലങ്ങളിലായിരിക്കും ജോലി. നോമ്പ് പ്രമാണിച്ച് ഇവിടെ ഖാലിദിന്റെ അടിമകൾ ഞങ്ങൾക്ക് ഉച്ചയ്‌ക്ക് ഒരു മണിക്ക് ജോലി നിറുത്താൻ അനുവാദമുണ്ട്.
അർക്കിസിന്റെ ഉപ്പാപ്പയായ ഇവനിൽ നിന്നും ഇത്രയും വലിയൊരു മഹാമനസ്‌കത ഒരുപക്ഷേ – നാട്ടാരെ പേടിച്ചിട്ടാകാം. എന്തായാലും, റമളാനിന്റെ ദിനാന്ത്യങ്ങളിവിടെ കുശാലാണ്. പള്ളികളിൽ നമസ്‌കാരത്തിനായ് സ്വഫിൽ ഇരിക്കുന്നവരുടെ മുന്നിൽ നോമ്പ് തുറക്കാനുള്ള ഈന്തപ്പഴം, കാരക്ക, സുബിയ (ജൂസ്) തുടങ്ങിയവ നിരത്തിവച്ചിരിക്കും. സമൃദ്ധമായ് വിളമ്പി. വിഭവങ്ങൾക്ക് മുന്നിൽ വിശന്നു പൊരിഞ്ഞ് വിവശനായ വിശ്വാസി ദൈവത്തിന്റെ അനുമതിക്കായ് കാതോർത്തിരിക്കുന്ന സമയം.
എല്ലാ ശ്രദ്ധയും ഒരേ ബിന്ദുവിൽ മഗ്‌രിബ് ബാങ്കിന്റെ മന്ത്രധ്വനിയിലേക്ക്. പകൽ എരിഞ്ഞടങ്ങാറായി. ‘അള്ളാഹു അക്‌ബർ.. അള്ളാഹു അക്‌ബർ…’ അള്ളാഹു ഏറ്റവും വലിയവൻ.. ബാങ്കുവിളി ഉയരുകയാണ്. അതോടെ നോമ്പിനു വിരാമമായി. തുടർന്ന് മഗ്‌രിമ്പ് നിസ്‌കാരാനന്തരം വേണ്ടുന്നതിലധികമാണ് ഭക്ഷണ പാനീയങ്ങൾ… കബ് സാദിജാജ് (കോഴി ബിരായാണി) തന്നെ മെയിൻ. പെപ്സി, കോള തുടങ്ങിയ പാനീയങ്ങൾ… അറബികളുടെ പാരമ്പര്യഭക്ഷണങ്ങൾ. അത്യപൂർവ്വയിനം ഈന്തപ്പഴങ്ങൾ. അങ്ങനെ പലതും പ്രത്യക്ഷപ്പെടുന്ന സന്ദർഭമാണിത്. പള്ളിയിലേക്കുള്ള ഭക്ഷണത്തിന്റെ ഏർപ്പാടുകൾ ഓരോ അറബിയുടെ വകയായിരിക്കും. പള്ളിയിൽക്കൂടിയ ജനക്കൂട്ടം എത്ര കഴിച്ചാലും ആഹാര പദാർത്ഥങ്ങൾ ബാക്കിവരിക പതിവാണ്. ആവശ്യക്കാർക്ക് പാർസലും ലഭ്യം. എന്റെ അമുസ്ലിം സുഹൃത്തുക്കൾക്കായ് കിട്ടാവുന്നിടത്തോളം ശേഖരിച്ച് ഞാൻ റൂമിലെത്തിക്കുന്നു. ഫ്രൂട്ട്‌സും മറ്റുമടങ്ങിയ കിറ്റുകൾ, റമളാൻ ദിനങ്ങളിൽ സൗജന്യ വിതരണം ചെയ്യുന്ന അറബിപ്പെണ്ണുങ്ങളെയും വീഥികളിൽ കാണാം. ബക്രീദിന് വീട്ടിലേക്കൊന്നും അയക്കാനൊത്തില്ലല്ലോ എന്ന വിഷമത്തിലാണു ഞാൻ.
റമളാനായിട്ടെങ്കിലും അതിനവസരമുണ്ടാകുമെന്നു തന്നെയാണു പ്രതീക്ഷ. പക്ഷേ, പെരുന്നാളടുക്കാറായിട്ടും അങ്ങനെയൊരു മോഹം നിറവേറുമെന്നതിന്റെ ലക്ഷണം ലവലേശമില്ല. നല്ലൊരു പെരുന്നാളായിട്ട് ഒരു ഗൾഫ്‌കാരന്റെ കുടുംബത്തെ അടിസ്ഥാനാവശ്യങ്ങൾ പോലും പരിഹരിക്കപ്പെടാത്ത അവസ്ഥയാണു തുടരുന്നതെങ്കിൽ ഈ വിദേശപരിവേഷം കൊണ്ടെന്തു പ്രയോജനം…?
കണക്കെടുപ്പുകളെന്നെ പുനർവിചിന്തനങ്ങളിലേക്ക് നയിച്ചുകൊണ്ടിരുന്നു. പെരുന്നാളിന് നാട്ടിലയക്കാൻ അടുത്ത റൂമിലെ ഉത്തർപ്രദേശ്‌കാരൻ അയൂബിന് പണം കൊടുത്തകാര്യം ഞാനറിഞ്ഞു. ആരോടും പറയരുതെന്നോതി അറബിയുടെ ഒരണ്ടർസ്‌റ്റാൻഡിംഗാണിത്. ഇവന്റെ ഇത്തരം ചൊവ്വില്ലാത്ത പ്രവർത്തികൾ തന്നെയാണ് എനിക്കൊട്ടും പിടിക്കാത്തത്. വീട്ടുജോലിക്കാലം, പണ്ട് തള്ളയെനിക്ക് തന്ന ശമ്പളക്കാര്യോം പറഞ്ഞാണീ തെണ്ടിയെനിക്കൊറ്റ റിയാലും തരാതിരിക്കുന്നത്.
പുലൂസ്…പുലൂസ്.. അതായത് പണം… പണം… എന്ന ഒറ്റ സ്വരമേയുള്ളെന്നും പറഞ്ഞ് ശല്യക്കാരനെന്നർത്ഥത്തിൽ നീ ‘ഗിർഗിർ’ ആണെന്നാണെന്റെ നേർക്കുള്ള ഭാഷ്യം. അന്ന് അറേബ്യയിൽ എന്റെ റമളാൻ സുദിനം വന്നണഞ്ഞത്, ഒരു മാർച്ചുമാസം രണ്ടാം തീയതി. പേരിനൊരു ചായക്കുള്ള സന്നാഹങ്ങളേ റൂമിലുണ്ടായിരുന്നുള്ളൂ. ആരുടെ പക്കലുമില്ല, ഒന്നും; ചെലവാക്കാൻ. മെസ്സ് നടത്തിപ്പൊക്കെ ആകെ അവതാളത്തിലാണ്. മണലാരണ്യത്തിൽ അകലെയെങ്ങോ വസിക്കുന്ന ചേർത്തലക്കാരൻ ഒരു ജോയിയുടെ പെൻഡിങ്ങിലിരുന്ന പൂർവ്വക്ഷണം മാനിച്ച് വിഭവശൂന്യമാം ഈ വേളയിൽ ഒരാ സൗഹൃദസന്ദർശനത്തിനുള്ള തയ്യാറെടുപ്പിലാണ് ചങ്ങാതികൾ…
നടന്നുതന്നെ വേണം ജോയിയുടെ താവളം തേടാൻ. സഫറിന്നായ് എന്നെക്കൂടി നിർബന്ധിക്കയായിരുന്നു ജയനും ഷാജിയും സജീവുമെല്ലാം. എന്നാലോ എന്റെ റൂമിൽ ആകെയുള്ളൊരു പെരുന്നാൾക്കാരനാണു ഞാൻ. സഹപ്രവർത്തകരെ സൽക്കരിക്കാനാകാത്ത ഗതികേടോർത്തു നീറുകയാണ് മനം… ഒടുവിൽ അവരുടെ ഇംഗിതത്തിനു വഴങ്ങി എല്ലാം മറന്ന് കൂട്ടത്തിൽ ലയിക്കയായിരുന്നു. അങ്ങനെ അകലെ അജ്ഞാതസുഹൃത്തിന്റെ പങ്കുപറ്റിയായിരുന്നു അറേബ്യയിലന്നെന്റെ പെരുന്നാൾ സദ്യ. നാട്ടിൽവെച്ചുള്ള ഗൾഫ് സ്വപ്നങ്ങളിലെ കുളിർക്കാറ്റ്, മണലാരണ്യത്തിലെ തീക്കാറ്റിനു വഴിമാറിയ നിമിഷങ്ങൾ…
പച്ച പിടിച്ചുവന്ന ഖാലിദിന്റെ കമ്പനിയിന്ന് പിടിച്ചുനിൽക്കാൻ കെൽപ്പില്ലാത്ത നിലയിലാണ്. ജോലിക്കാർ ഭൂരിഭാഗവും നിദ്രയിൽ ശരണം പ്രാപിച്ചു കഴിഞ്ഞു. അരലക്ഷോം മുടക്കി പ്ലെയിനേറി വന്നവന്റെ മുന്നിലിവിടെ ജോലീം കൂലീമില്ലാതുള്ള പ്രതിസന്ധിയുള്ളത് നാട്ടിലും വീട്ടിലുമാരാണറിയുക…! വീട്ടിലേയ്‌ക്ക് പെരുന്നാൾച്ചെലവിനയക്കാൻ പറ്റാഞ്ഞുള്ള വാശീം വൈരാഗ്യോം മൂത്ത് ചൂടു പിടിച്ച് നടക്കയാണ് ഞാൻ. അറബിയുടെ ഈ പുള്ളാച്ചംകളി അങ്ങനെയങ്ങ് വിട്ടുകൊടുക്കുന്നതിൽ അർത്ഥമില്ലെന്ന് തന്നെ തീർച്ചപ്പെടുത്തി. തുടർന്ന് ഒരങ്കത്തിനുള്ള പുറപ്പാടായിരുന്നു.
ഇന്ന് വെള്ളിയല്ലേ… അതൊരു ശനിയാഴ്‌ചയാണ്. ഷെവൽഹുമറിൽ ഖാലിദിന്റെ വീടിനെ ലക്ഷ്യമാക്കി മാർച്ചു ചെയ്ത് നീങ്ങുകയായിരുന്നു ഒരു ഒറ്റയാൾ പട്ടാളം. മണിക്കൂറുകളുടെ പ്രയത്നം കൊണ്ട് വിയർത്തു കുളിച്ചാണ് സ്പോട്ടിലെത്തിയത്. അവിടെ എന്റെ ഡയറക്ട് കഫീലായ എലുമ്പൻ അലിയെ കൂടാതെ ഖാലിദിന്റെ മറ്റു സഹോദരന്മാരും എത്തിയിരുന്നു. പെരുന്നാളായിട്ടുള്ള ഒത്തുചേരൽ. തൊഴിലിടങ്ങളിൽ യഥാസമയം കണക്കുതീർത്തിട്ടില്ലെന്ന് ഖാലിദ് പറയുന്നത് സത്യമല്ലെന്ന് ഞാനോർമ്മിപ്പിച്ചു… അന്യോന്യമറിയിക്കരുതെന്നും പറഞ്ഞ് അയൂബടക്കം ചിലർക്ക് പണം കൊടുത്ത കാര്യവും ഞാനെടുത്തിട്ടു. എന്റെ വരുമാനോം നോക്കിയിരിക്കുന്ന ഒരു കുടുംബം എനിക്കുണ്ട്. ഓശാരോന്നും വേണ്ട… പിടിച്ചു വച്ചിട്ടുള്ള എന്റെ വേതനത്തിലൊരംശം എനിക്കും തന്നേ പറ്റൂ… ഒരു മുസൽമാനാണല്ലോ, നീയും… സ്ഥലകാലബോധം മറന്ന് ഒരുപക്ഷേ എന്റെ സംസാരം അതിക്രമിച്ചിരിക്കാം… സഹികെട്ടാണ്, പറയേണ്ടെന്ന് വിചാരിച്ചതൊക്കെയും പുറത്തു വീണത്. അപ്പോൾ “ആരാണ് നിന്നെയിവിടെ കൊണ്ടു വിട്ടത്…?” എന്നായിരുന്നു ശാന്തനായ് എല്ലാം കേട്ടുനിന്ന അറബിയുടെ ഗതിമാറിയുള്ള പ്രതികരണം. എന്റെ കാലുകളെ മാത്രമാണ് ഞാനന്നേരം സാക്ഷ്യപ്പെടുത്തിയത്.
“അബ്ദുർ റഹ്‌മാൻ… നീ റൂമിലേക്ക് വിട്ടോ… ഞാൻ വരാം…”
അവന്റെ ആടിനെ കുളിപ്പിച്ച കാര്യമെങ്കിലും ഒരു നിമിഷമോർക്കാത്ത നന്ദികെട്ട അറബിയവന്റെ പരുഷമായ താക്കീതിൽ മനം നൊന്ത് അവന്റെ കുലത്തെ ഒന്നടങ്കം ശപിച്ചുകൊണ്ടായിരുന്നു എന്റെ മടക്കനടത്തം. മയ്യലായപ്പോൾ സുബയ്‌ലെ വാസസ്ഥലത്ത് അറബിയെത്തി. ഏതോ ഹിംസ്രജന്തുവിന്റെ ഭാവം. സകല അടിമകളേയും റൂമിനു വെളിയിൽ വിളിച്ചു നിറുത്തി. മട്ടു കണ്ടാലിപ്പോൾ ഒളിപ്പിച്ച തോക്കെടുത്ത് അവനെല്ലാത്തിനേം നിരത്തി വെടിവെച്ചു കൊല്ലുമെന്നു തന്നെ. ഉണ്ടായതല്ല. എല്ലാരിൽ നിന്നും ഹക്കാമ പിടിച്ചുവാങ്ങി. പിന്നെ, കണ്ണുരുട്ടി… ഭയപ്പെടുത്തി… തെറിവിളിച്ചു. എല്ലാം പഴയ ദൃശ്യങ്ങൾ തന്നെ. എന്നാൽ ചെറിയൊരു വ്യത്യാസം പ്രകടമായ്‌ക്കണ്ടു.
എന്നോടാണയാൾക്കിന്ന് അരിശം കൂടതലും. നീ മുസ്‌ലീമാണോന്നൊക്കെയുള്ള എന്റെ പരാമർശങ്ങളാണ് അവനെയീവിധം ചൊടിപ്പിച്ചിട്ടുള്ളത്. പറഞ്ഞും പറയാതെയുമൊക്കെ അതു മനസ്സിലാകുന്നുണ്ട്. ഏറെക്കഴിഞ്ഞ് അറബി എന്നെ ചൂണ്ടി വിധി കൽപ്പിച്ചുഃ
“അൻത് ഫീ റോ… ഇന്ത്യ…”
എന്നെ ഇന്ത്യക്കു വിടുമെന്നാണ് അവന്റെ അന്ത്യശാസനം. ഒരു ഭാരതീയനെന്ന നിലക്ക് ഞാനതിൽ പേടിക്കേണ്ടതില്ലെന്നിട്ടും, കേരളമെന്നു കേട്ടാൽ തിളക്കേണ്ട ചോരയെനിക്ക് ഭാരതമെന്നു കേട്ടപാടെ തിളച്ചു പൊന്തിയതെന്തിനെന്നല്ലേ? ഇവനെയൊന്നു കീറിപ്പറിക്കാൻ. നിന്റെ അറേബ്യയാണെനിക്കിന്നു കാരാഗൃഹം. ഇന്ത്യ എനിക്കെന്റെ മാതൃഭൂമിയാണ്. ഇവന്റെയീ കൽപ്പന കേട്ടാൽ പക്ഷേ തോന്നുക, മറിച്ചും! കാട്ടറബിയിവനുമൊത്തുള്ള തൊഴിൽ ബന്ധമിതു നീ കണ്ടാൽ ഒന്നുകിലവൻ, അല്ലെങ്കി ഞാൻ എന്ന അവസ്ഥ ഉണ്ടാകും, പക്ഷേ വേണ്ടാത്ത പുലിവാലിനൊന്നും തുനിയാതിരിക്കലാണ് ബുദ്ധി. ആയുസ്സല്ലോ പ്രധാനം. ‘പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനക’മെന്നതോർത്താൽ – ഒന്നുമില്ലെങ്കിലും – എനിക്കെന്റെ സ്വാതന്ത്ര്യം തിരിച്ചു കിട്ടുമല്ലോ.
“ലേഷ് കലാം.. അൻത്?” നീയെന്താ പറഞ്ഞേന്നുള്ള അറബിയുടെ ചോദ്യമെന്നെയുണർത്തുമ്പോൾ ഒന്നുറപ്പായി. ഞാൻ ശബ്ദിക്കാതെ തന്നെ ഇവനെന്തൊക്കെയോ കേട്ടിരിക്കുന്നു. എങ്കിലതു നന്നായെന്നു ഞാനും. അങ്ങനെ അവന്റെ പതിവു പല്ലവി അന്നാദ്യമായി നോ പ്രോബ്ലം എന്നർത്ഥത്തിൽ ഞാൻ പ്രയോഗിച്ചുഃ “മാഫീ മുശ്‌ക്കിൽ…”
Generated from archived content: eentha9.html Author: mammu_kaniyath
Click this button or press Ctrl+G to toggle between Malayalam and English