“ഒൾളായീ, അൻത് – മാഫീ സീതാ…” സത്യമായിട്ടും നീയാള് ചൊവ്വ. ഈ വിധം – ഒള്ള കാര്യം കഫീലിന്റെ മുഖത്തുനോക്കി തുറന്നടിക്കുന്നത് മറ്റാരുമല്ല, എന്നോടൊപ്പമെത്തിയ എക്സ് ഗൾഫ് മിസ്‌റ്റർ സുരേഷാണ്. നവാഗതനായ ശ്രീമാൻ ജയന്റെ ഉപരി വളർച്ചയ്‌ക്ക് – അറബി ഒറ്റമൂലി പ്രയോഗിച്ചു കഴിഞ്ഞു. എളുതരമുള്ളിടത്താണല്ലോ വാതം കോച്ച്. പിടിച്ചേലും വലുതാണളേലെന്ന മട്ടിലാണിപ്പോൾ – ഓരോരുത്തന്റെ കാട്ടായം. തന്റെ ആമിലിന് തൊഴിലിന്നൊപ്പം അവന്റെ ഭാഷയും അറിയാമെന്നാൽ, ഒരളവുവരെ അറബിക്കതാശ്വാസമാണ്… എന്നാലോ – അതിലേറെയവന് തലവേദനയുൽപ്പാദിപ്പിക്കാനും അതു ഹേതുവാകും. വരുത്തൻ കാര്യങ്ങൾ ഗ്രഹിക്കാത്തിടത്തോളമല്ലേ അറബിക്ക് മുഴുചൂഷണം തുടരാനൊക്കൂ… ഇനി കാര്യം ഗ്രഹിക്കാനായിട്ടെന്തു പ്രയോജനമെന്നത് മറ്റൊരു ചോദ്യം. സുരേഷിന്റെ പ്രശ്നത്തിൽ മധുരിച്ചിട്ട് തുപ്പാനും കയ്‌ച്ചിട്ടിറക്കാനും വയ്യെന്ന കണ്ടീഷനിലാണ്, ഖാലിദ്. കാരണം, ഇലക്ര്ടീഷ്യന്മാർ സംഘത്തിൽ വേറെയുമുണ്ടെങ്കിലും മികച്ച തൊഴിലാളിയെന്ന നിലയിൽ സുരേഷ് തന്നെയാണ് പ്രഥമ ഗണനീയൻ…. അതുകൊണ്ടാണല്ലോ വച്ചുപൊറുപ്പിക്കാൻ പറ്റിയ കേസ്സല്ലാഞ്ഞിട്ടും അറബി ഇവിടെ അറുത്തു മുറിച്ചൊരു തീരുമാനമെടുക്കാത്തതും. അറബിയാരാ മോൻ?
ഗുണദേഷങ്ങളുടെ സമ്മിശ്ര പ്രതിസന്ധി തരണം ചെയ്യേണ്ടത് നയതന്ത്രത്തിലൂടെ വേണമെന്നത് അവന് നന്നായറിയാം. അതുകൊണ്ട് മറ്റുള്ളവരിൽ നിന്നും പരമാവധി ഒഴിഞ്ഞുമാറിയാണ്, ഇരുവരുടെയും നേർക്കുനേരെയുള്ള വാക്‌പയറ്റ്. ഇത്തരം കടുംപിടുത്തങ്ങളിലൂടെ സുരേഷിന്റെ പണാവശ്യങ്ങളും ഏതാണ്ടൊക്കെ പരിഹരിക്കപ്പെടുന്നുണ്ടെന്നു തന്നെയാണ് ഞങ്ങളുടെ ഊഹം. ഏതായാലും സുരേഷുമായുള്ള കശപിശ നല്ലരീതിയിൽ കലാശിച്ചില്ല. രണ്ടിലൊന്നറിഞ്ഞിട്ടേ അതടങ്ങിയുള്ളൂ. മോസസ്സയിൽ നിന്നും ഖാലിദ് സുരേഷിനെ പുറത്താക്കി. ആരോരുമറിയാതെ ഒരു സൂചനപോലും നൽകാതെ… ഗൂഢമായ്, കണ്ണടച്ചു തുറക്കും മുൻപേ ഇടപിടീന്നെല്ലാം കഴിഞ്ഞു. ഓർക്കാപ്പുറത്തുള്ള സുരേഷിന്റെ വേർപാട് സകലരേയും സങ്കടത്തിലാക്കി. മലയാളി സംഘത്തിനാണതേറെ ക്ഷതമായത്. പ്രത്യേകിച്ച് എനിക്കും സജീവിനും. കാരണം സ്വർഗ്ഗം തേടിയീനരകത്തിലെത്തിയ പ്രഥമ മൂവർ സംഘത്തിന്റെ തലവനാണല്ലോ സുരേഷ്. ഇന്ത്യയ്‌ക്കു മടങ്ങുകയെന്ന അറ്റകൈതന്നെ സുരേഷിന്റെ കാര്യത്തിൽ കൈക്കൊണ്ടതായാണ് അനൗൺസ്‌മെന്റ്. എന്നാൽ ഞങ്ങൾക്കതു വിശ്വസിക്കാനായില്ല. നിലവിലെ ചിന്ന സ്വാധീനം വച്ച് ഞാനൊന്ന് തിരക്കീട്ടും ഖാലിദ് കൂടുതലൊന്നും വിട്ടുപറഞ്ഞില്ല. എന്തുകൊണ്ടാണ് സുരേഷൊന്നും വ്യക്തമാക്കാതെ പോയതെന്നും മനസ്സിലാകുന്നില്ല. എന്നിട്ടും എങ്ങോട്ടായിരിക്കും പ്രിയ ചങ്ങാതിയെ കരകടത്തീട്ടുണ്ടാവുകയെന്ന് ഞങ്ങൾ ചർച്ചചെയ്തു. അലവലാതി കൂട്ടത്തീന്ന് മാറ്റി കൂടുതൽ പരിഗണനകളോടെ ഒരുപക്ഷേ അൽഖർജ് ലോ അതല്ലെങ്കിൽ മറ്റെവിടെങ്കിലും നീക്കി നിർത്തിയതാകാനാണു സാധ്യതയെന്നു തന്നെയായിരു ഞങ്ങളുടെ നിഗമനം.
കാരണം സുരേഷിനെപ്പോലുള്ള തൊഴിൽ വിദഗ്‌ധനെ ഖാലിദിനെപ്പോലൊരാർത്തിപ്പണ്ടാറം അത്ര പെട്ടെന്നൊന്നും കയ്യൊഴിക്കില്ലെന്നുറപ്പ്. തന്റെ അടിമകളെ ഭയത്തിന്റെ ചങ്ങലയാൽ ബന്ധിച്ച് ഏതു നീച മാർഗേണയും കമ്പനിയുടെ അച്ചടക്കരാഹിത്യം അടിച്ചൊതുക്കുകയായിരുന്നു ഞങ്ങളുടെ കാട്ടറബി. സുരേഷിനെ ചൊല്ലിയുള്ള ദുരൂഹത ഒരു വൻ വാണിങ്ങായ് ഖാലിദിന്റെ മോസസ്സക്കു നെറുകയിൽ കത്തി നിന്നു. വലിച്ചു കീറിയൊരുവനെ നാലുകോടിക്കും കെട്ടിത്തൂക്കിയ അറബിക്കഥ പോലെ!
ശ്മശാന മൂകതയാൽ കളിക്കളം ശാന്തമായി. സമരമുറകളും മറ്റു പ്രതിഷേധ നടപടികളും താനേ ഇല്ലാതായി. അറബി തന്റെ തിണ്ണമിടുക്ക് മേൽക്കുമേൽ പുതുക്കിക്കൊണ്ടിരിക്കെ ഉടമയും അടിമയുമായ് ഞങ്ങൾ കളി പുനരാരംഭിച്ചു; പൂർവ്വോപരി ഭക്ത്യാദരവോടെ…!
ഇങ്ങനെയൊക്കെയാണ് സംഗതികളുടെ കിടപ്പെന്നിരിക്കിലും തൊഴിലെടുക്കുന്നവനെയും മനുഷ്യനായ് പരിഗണിക്കുന്ന അറബികളുണ്ടെന്ന വസ്തുത കണ്ടെത്താനും എനിക്കവസരമുണ്ടായി. സുബയ്‌ൽ നിന്നും ഉള്ളിലേക്കു മാറിയൊരു ധനാഢ്യന്റെ മസ്‌റയിൽ സാമീം ഞാനും ചേർന്നൊരു ഹമാം (ബാത്ത്‌റൂം) നിർമ്മാണത്തിനായ് പോയതാണ്. അവിടെക്കണ്ട വിസ്‌തൃതമായ മസ്‌റക്ക് മനോഹരമായൊരു പൂന്തോപ്പിന്റെ ചന്തമായിരുന്നു. മേലോട്ട് നോക്കിയാൽ ഖാലിദിന്റെ പോലെ ഉള്ളാന്തും മട്ടിൽ ഉയരങ്ങളിലുള്ള ഈന്തപ്പനകളോ മറ്റു ദുർഘടകങ്ങളോ ഒന്നും തന്നെ കാണാനില്ല. കയ്യെത്തുമുയരത്തിൽ പാതി വിളഞ്ഞ പഴക്കുലകൾ മുറ്റിയ ഈന്തപ്പന നിരകൾ. പ്രാവുകളെക്കൂടാതെ വിവിധയിനം പക്ഷികൾ… ഒട്ടകങ്ങൾ… ആടുകൾ… കോഴി…. താറാവ്… പിന്നെ കൃത്യമായ് നട്ടുവളർത്തിയ പച്ചക്കറിത്തോട്ടങ്ങൾ… നവീനാകൃതിയിൽ ധാരാളിത്തം വിളിച്ചോതുന്ന രമ്യഹർമ്മങ്ങൾ. അവ അടഞ്ഞുകിടക്കുന്നു. പ്രശാന്തസുന്ദരമായ പ്രകൃതിദൃശ്യങ്ങളുടെ വിളനിലം. കണ്ണിനും കരളിനുമവ കൗതുകമായി.
എന്നാൽ വിചിത്രവും അതിലേറെ അസൂയാർഹവുമായ് കണ്ടെത്താനായ സത്യം മറ്റൊന്നാണ്. അവിടെ ജോലി ചെയ്യാനും ചെയ്യിക്കാനുമായ്, അതായത് അടിമയുമുടമയുമായ് ആകെയുള്ളത് ഉദ്യാനപാലകന്റെ റോളിൽ സുഡാനിയായ ഒരേ ഒരു നജ്‌മുദീൻ മാത്രം! ശാനിക്കാനോ ശ്വാസം മുട്ടിക്കാനോ മൂട്ടിലാരുമില്ല. സ്വന്തം ഇഷ്ടാനുസരണമാണല്ലോ സംഗതികളും.
എനിക്കു കിട്ടിയ പീഡനവും സുഡാനിയുടെ ഫ്രീഡവും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങൾ മാത്രം. മരുഭൂമിയിലേക്ക് നീങ്ങുന്ന അജഗണത്തെ അനുഗമിച്ചുള്ള നജ്‌മുദീന്റെ യാത്ര കാറിലാണ്. ഇതാ ഇവിടെ വി.ഐ.പി ഗമയിലൊരു ലേബർ! ആടുകൾ പ്രസവിച്ച് എണ്ണം പെരുകുന്നതനുസരിച്ച് ശമ്പളത്തിനു പുറമേ പ്രത്യേക വരുമാനവുമുണ്ടയാൾക്ക്. വിശാലമായ അയാളുടെ പാർപ്പിടത്തിലാണെങ്കിൽ എ.സി, ടി.വി, വാഷിങ്ങ് മെഷീൻ… എന്നു വേണ്ട, എല്ലാ ആധുനിക സജ്ജീകരണങ്ങളും.
ദൂരെ ദുലൈമിയയിലാണ് അറബിയുടെ ഫാമിലി മൊത്തം. ഇവിടെ ചോദിക്കാനോ പറയാനോ ആളില്ലെന്നു കരുതി ഒരു നിമിഷംപോലും വെറുതെയിരിക്കുന്ന സ്വഭാവക്കാരനല്ല നജ്‌മുദീൻ. എപ്പോഴും ഓടി നടന്നയാൾ എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കും. ഇടക്കൊക്കെ ഈ ഇടത്താവളത്തിലേക്ക് ഇഷ്ടഭാര്യയുമൊത്ത് ഹണിമൂൺ ട്രിപ്പിനെത്തുന്നു അയാളുടെ അറബി. ആ ദിനങ്ങളാണിവിടം സജീവമാവുക. അപ്പോൾ നജ്‌മുദീനും ജോലി അധികരിക്കുന്നു. ആടിനെ അറുത്ത് തൊലിയുരിച്ച് വലിയ മുട്ടികളാക്കി നാമമാത്രമായ മസാല ചേർത്ത് വേവിക്കണം… ബിരിയാണിയുണ്ടാക്കണം… എന്തിന്, മറ്റിഷ്ട വിഭവങ്ങളെല്ലാമൊരുക്കി പറഞ്ഞനേരം കൊണ്ടാണയാൾ വധൂവരന്മാരെ സൽക്കരിക്കുക…
തുടർന്ന് വശ്യമോഹന മണിയറയൊരുക്കേണ്ടതും നജ്‌മുദീന്റെ ഡ്യൂട്ടി തന്നെ. അന്നും അയാൾക്ക് കൈമടക്ക് കിട്ടും. മദനോത്സവം കഴിഞ്ഞ് അറബിയും ഹോർമയും മടങ്ങുമ്പോൾ സ്വസാമ്രാജ്യത്തിൽ വീണ്ടും നജ്‌മുദീൻ ഏകനാകുന്നു. പത്തിരുപത് വർഷങ്ങളായിട്ട് ഇതാണ്, നജ്‌മുദീന്റെ ജീവിത പശ്ചാത്തലം. നാട്ടിലയാൾക്ക് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. പലതവണ പോയ് വരികയുമുണ്ടായി. തന്റെ കഫീലിനെക്കുറിച്ച് പറയാൻ നൂറ് നാവാണ് നജ്‌മുദീന്. നാലഞ്ചു ഭാര്യമാരുണ്ടെങ്കിലും ആള് സുജായിയാണത്രെ. തന്റെ എന്താവശ്യവും തട്ടികളയില്ലെന്നും അയാൾ കൂട്ടിച്ചേർത്തു. സുഡാനിയുടെ സുവിശേഷങ്ങൾ എനിക്കു വിസ്മയമായി. ഞങ്ങൾ പെരുത്ത ചങ്ങാത്തത്തിലുമെത്തി. സ്വന്തം ഭക്ഷണക്കാര്യത്തിൽപ്പോലും യാതൊരു നിഷ്‌ഠയുമയാൾക്കില്ല. എന്നാൽ തിരിയാൻ നേരമില്ലാഞ്ഞിട്ടും ഞങ്ങൾക്കയാൾ ഉച്ചഭക്ഷണമായി ഗോതമ്പുപൊടി കുഴച്ച് അപ്പമുണ്ടാക്കിത്തന്നു. കുടിക്കാൻ അന്നേരം കറന്നെടുത്ത ഒട്ടകപ്പാലും. പക്ഷെ, ചത്തെങ്ങാൻ പോകുമെന്ന പേടികൊണ്ട് ഒട്ടകപ്പാൽ രുചിക്കാനുള്ള യോഗം എന്റെ സ്വാമിക്കുണ്ടായില്ല.
എന്നാൽ ഈ അപൂർവ്വാവസരം പാഴാക്കാൻ എനിക്കായില്ലല്ലോ! ഹമാമിന്റെ ജോലി പൂർത്തീകരിച്ചു പിരിയുമ്പോൾ ഞങ്ങളോടുള്ള സ്നേഹാധിക്യം അടക്കാനായില്ല നജ്‌മുദീന്. ഏതു വിധേനയാണു ഞങ്ങളെ പ്രീതിപ്പെടുത്തേണ്ടതെന്ന വെമ്പലിലയാൾക്കു വെളിവില്ലാതായി. വെപ്രാളത്തിനൊടുവിൽ പാവം വിലപ്പെട്ടതെന്തോ ഞങ്ങൾക്ക് പ്രസന്റേഷനായ് തന്നുവിടുകയുണ്ടായി.
“വീണ്ടും കാണാം…” മരിച്ചില്ലെങ്കിൽ… ഇൻശാ അള്ളാ…“ പറഞ്ഞ് ഞങ്ങൾ മടങ്ങി.
പാർസലിതെന്താ മൊതലെന്നറിയാൻ ആറുവോളമൊന്നും കാക്കാൻ ഞങ്ങൾക്ക് ക്ഷമയില്ലായിരുന്നു. വഴിയിൽ വച്ചുതന്നെ പൊതിക്കെട്ട് കീറിപ്പറിച്ചു. അപ്പോൾ കാഴ്‌ചകണ്ട് ഓടിച്ചെന്ന് സുഡാനിയുടെ തലമണ്ടയടിച്ചുടക്കാനാണ് തോന്നിയത്. പല്ലിളിക്കുന്ന രണ്ട് ആട്ടിൻതലകളായിരുന്നു നജ്‌മുദ്ദീന്റെ സംഭാവന. ഞങ്ങൾ കലികൊണ്ടു. ആട്ടിൻതലയുടെ ഗുണഗണങ്ങളോ രുചി സാദ്ധ്യതകളോ ഒന്നും തന്നെ നാവിലോ ഞങ്ങളുടെ മനോവ്യാപാരത്തിലോ വന്നെത്തിയില്ല.
കൂടെയുള്ളത്, രണ്ട് പരേത ശിരസ്സുകളെന്ന ഉണർവ്വ് തരള ഹൃദയരായ ഞങ്ങളെ തളർത്തി. അടുത്ത നോട്ടത്തിലവ മനുഷ്യത്തലകളായ് മാറിയതും ഭയംകൊണ്ട് ഞങ്ങളടിമുടി വിറക്കാനും തുടങ്ങി. അനന്തമായ മണൽപ്പരപ്പിന്റെ വിജനതയിൽ പ്രേതബാക്കിയും പേറിയുള്ള പ്രയാണം അസഹ്യമെന്നായി.
പിന്നെ വൈകിയില്ല ശിരസ്സുകൾ രണ്ടും മരുഭൂവിന്റെ പിളർന്ന വായിലേക്കെറിഞ്ഞു കൊടുത്തിട്ട് നിർമ്മല ചിത്തരായ് നടന്നു നീങ്ങി ഞങ്ങളിരുവരും.
സുകൃതം ചെയ്ത സുഡാനിയുടെ ഓർമ്മയ്‌ക്കു മുന്നിൽ സമർപ്പിക്കട്ടെ ഇവിടെ ഞാനീ ആട്ടിൻതലകൾ രണ്ടും…
അറബിയുടെ കീഴിലായിരുന്നിട്ടും വരുമാനമാം ജോർജ്ജുകുട്ടി മലയാളിയാം തൊഴിലാളിയുടെ കൈകളിലെത്തുകയെന്നതിലെ സുഖമൊന്നു വേറെ തന്നെയാണ്.
ടാങ്കർ ലോറികളിൽ വെള്ളം വിതരണം നടത്തുന്ന ഡ്രൈവർ ഈ ഗണത്തിൽപ്പെട്ടവനാകുന്നു. കളവും ചെലവും കഴിഞ്ഞുള്ള പ്രതിദിന കളക്ഷൻ ഡ്രൈവർ തന്നെയാണ് കഫീലിനെ ഏൽപ്പിക്കാറ്.അൽപ്പസ്വല്പം അടിവലിവുകൾക്കു സാദ്ധ്യതയുള്ള ഫീൽഡ് തന്നെയാണിതെന്ന് ഈ മേഖലയിൽ പ്രവൃത്തിയെടുക്കുന്ന ഞങ്ങളുടെ ഉറ്റസുഹൃത്ത് കാഞ്ഞിരപ്പിള്ളിക്കാരൻ ഷാജി തന്നെ സമ്മതിക്കുന്നു.
സുബയ്‌ലൂടെ കടന്നുപോകുമ്പോളെല്ലാം ഷാജി ഞങ്ങളുടെ റൂമിലെത്തുന്നു. അന്നേരം ടാങ്കറിൽ വെള്ളമുണ്ടെങ്കിൽ ആവശ്യംപോലെ ഞങ്ങൾക്കെടുക്കാം.
വലതിയ (മുനിസിപ്പാലിറ്റി) വഴി കുറഞ്ഞ റേറ്റിൽ പൈപ്പുവെള്ളം ലഭ്യമാണെങ്കിലും, ആരുടേയും ജലാവശ്യം മുഴുവനുമുള്ളതുകൊണ്ട് പരിഹരിക്കപ്പെടുന്നില്ല. മസ്‌റകളിലേക്ക് മിക്കതും ഉപ്പുവെള്ളവുമായിരിക്കും. ഷാജിയെത്തി സൽക്കാരോം സംസാരോം വിശ്രമോം കഴിഞ്ഞ് നബാനിയയിലെ ശുദ്ധജലശേഖരത്തിലേക്ക് തിരിക്കുമ്പോൾ വെറുതെയൊരു കമ്പനിക്കായ് ഞങ്ങളിൽ ചിലരെയും കൂട്ടുന്നു. ചിലനീക്കുപോക്കുകൾ നിരീക്ഷിക്കാനായതും അങ്ങനെയാണ്.
നബാബനിയയിൽ സിദ്ധിക്കിന്റെ മസ്‌റയിലെ കുറ്റിക്കാരനാണ് ഷാജി. പുറത്താർക്ക് കൊടുക്കുന്നതിലും പകുതി വിലക്ക് വെള്ളം കിട്ടുന്നു ഷാജിക്കവിടെ.
തന്റെ കഫീലറിയാതെയാണ് സിദ്ധിക്കിന്റെയീക്കച്ചവടമെന്നാകുമ്പോൾ കൈവന്നത് സിദ്ധിക്കിനു സ്വന്തം. അതുവഴി ലാഭമേറെ ഷാജിക്കും. ജലക്ഷാമമേഖലയിലെത്തിച്ച് ഉയർന്ന റേറ്റിൽതന്നെ അയാളത് വിതരണം ചെയ്യുന്നു.
ഈ വിധം എത്ര ട്രിപ്പുകളടിച്ചെന്നു കൃത്യമായ കണക്കൊന്നും കാണിക്കാറില്ലെന്ന് ഷാജി പറയുന്നു. അങ്ങനെയങ്ങ് കഴിഞ്ഞുപോകുന്നുവെന്നതാശ്വാസം. പിന്നെ നിത്യേന എന്തെങ്കിലും തടയുമെന്നതാണീപ്പണിയിലെ ത്രില്ലെന്നുമാണ് അയാളുടെ വിശ്വാസം.
പുഞ്ചേക്കറിയ പശുക്കളെപ്പോലെ മടക്കത്തിൽ മസ്‌റയിലെ കായ്‌കനികളേറെ സിദ്ധിക്കറിഞ്ഞും അറിയാതെയും ഷാജിയുടെ കേറോഫിലെത്തിയ ഞങ്ങൾ കടത്തിക്കൊണ്ടുപോരുന്നു… കട്ടവന്റെ കൈവെട്ടാൻ നിയമമുണ്ടായിട്ടുമിവിടെ സാഹചര്യത്തോതനുസരിച്ചുള്ള കളവിന്റെ കരവിരുത് കളിയാടുന്നു. സിബ്ല് നിന്നും കാൽനടയായ് ഞങ്ങൾക്കേറെ സഞ്ചരിച്ചാലെത്താവുന്ന ചെറുസിറ്റിയാണ് ബത്ര.
അവധിനാളായ വെള്ളി സഞ്ചാരത്തിന്റെ ദിനമാണ്. കാലിപ്പോക്കറ്റുമായുള്ള കറക്കം വേണ്ടെന്നുറച്ച് ഉച്ചയുറക്കത്തിനൊരുങ്ങിയാലും അയൽക്കൂട്ടം സമ്മതിക്കില്ല.
നടന്നുവലഞ്ഞ് ബത്രയിലെ സൂപ്പർ മാർക്കറ്റിലാണ് സൈന്യം ഒടുവിൽ ചെന്നെത്തുക. മോഹിപ്പിക്കുന്ന വിഭവശേഖരങ്ങൾക്കു നടുവിലെ വിലസ്മയാവഹമായ നിമിഷങ്ങൾ… സ്‌റ്റോറിലെ ജോലിക്കാരനായ മലയാളി ഞങ്ങൾക്കു പ്രിയപ്പെട്ടവനാണ്. ആ സ്വാതന്ത്ര്യമുപയോഗിച്ചു തന്നെയാണ് വിസ്തരിച്ചെല്ലാം ഞങ്ങൾ നടന്നു കാണുന്നത്. ഉൽപ്പന്നങ്ങൾ നിരാശയോടെ തിരിച്ചും മറിച്ചും നോക്കും. പിന്നെ കൈയൊഴിയും. നാട്ടിലേയ്‌ക്കു മടങ്ങുമ്പോളെങ്കിലും അവയില ചിലത് സ്വന്തമാക്കണമെന്ന് മനസ്സിൽ കുറിച്ചിടും. മണിക്കൂറോളമവിടെ ചിലവിടുക ഒരു കാര്യോമില്ലാതെയാണ്. ഒടുവിൽ ഒരു ടിൻ പെപ്സിയോ കോളയോ കുടിച്ച് ഒരു റിയാലും കൊടുത്ത് ഇറങ്ങിപ്പോരുന്നു. റൂമിലെത്തി സൂത്രത്തിൽ ഡ്രസ് മാറുമ്പോഴാണ് ഓവർക്കോട്ടും മറ്റും തള്ളിക്കേറ്റിയുള്ള ഓരോ വിദ്വാന്മാരുടെ പോക്കിന്റെ പൊരുളറിയാനാവുക!
ലെറ്റർ പാസ്… പേന… സ്ര്പേ… ഷാംപൂ… ക്രീം… അങ്ങനെ ഒതുക്കാൻ പറ്റിയ എത്രയെത്ര ഐറ്റംസാണ് ഇറങ്ങിവരുന്നത്… എല്ലാം ഇസ്‌ക്കിയതാണ്, വിരുതന്മാർ. ഇവിടെ ഗുണദോഷിക്കാൻ നിന്നാൽ ടി.വിയും ഫ്രിഡ്‌ജുമൊക്കെ പൊക്കുന്നവരോടിയാളെന്തു പറയുമെന്ന മറുചോദ്യത്താൽ ഉത്തരം മുട്ടും.
വെറുതെ കിട്ടിയാൽ വെളഞ്ഞീനും തിന്നാൻ സന്നദ്ധരായ് നടക്കുന്നോരുടെ മുന്നിലേക്ക് സൗജന്യം വിളമ്പാനൊരറേബ്യൻ സുന്ദരി പ്രത്യക്ഷപ്പെട്ടാലോ…
അതുപറയാം ദിബിയയിൽ വസതിയൊന്നുമില്ലാത്ത കാലിപ്പറമ്പിലൊരു ചുറ്റുമതിലിന്റെ ജോലിയിലേർപ്പെട്ടിരിക്കയാണ് ഞങ്ങളുടെ സംഘം. പ്രവൃത്തിയിൽ നിന്ന എന്റെ പിന്നിലൊരു ശബ്ദംഃ ‘ഷുഫ്… ഷാഫ്…’ നോക്ക്യേ… നോക്ക്യേ…ന്നാണ് കളമൊഴി. തൊട്ടടുത്ത വീട്ടിലെ കിളവന്റെ നവവധുവാണ് കക്ഷിയെന്ന് എന്റെ സഹപ്രവർത്തകർക്കുടൻ മനസ്സിലായി. മുതുക്കൻ പുറത്തെങ്ങോപോയ തക്കം തിരിഞ്ഞുനോക്കുമ്പോൾ ഗേറ്റിനരികിൽ കറുത്ത മൂടുപടത്തിനുള്ളിലകപ്പെട്ട കടഞ്ഞെടുത്തൊരാൾ രൂപം. മഷിയെഴുതിയ വാചാല മിഴികൾ… മുന്തിയ സിലോൺ റാബിയത്തേയിലയുടെ വലിയ നാലഞ്ചു പേക്കറ്റുകളുണ്ട് കയ്യിൽ. അത് വേണോന്നാണ് അവളുടെ അവതാരോദ്ദേശ്യം. ഇത് നല്ല ചോദ്യം. ഗൾഫിലാണെന്നു പറഞ്ഞിട്ടെന്താ കാര്യം. ഉടുതുണിക്കു മറുതുണിയില്ലാത്തതാണവസ്ഥ. ആ നിലയിലേയ്‌ക്ക് – തേയിലയെങ്കിത്തേയില ഓശാരമായ് ഒറ്റയടിക്കൊരഞ്ചു കിലോയൊക്കെ വന്നു കിട്ടിയാലെന്താ – കയ്‌ക്ക്യോ….?
വേറേം വെല്ലതോക്കിണ്ടെങ്കിപ്പോന്നോട്ടേ… എന്ന മട്ടിൽ ഞാനതു ചാടിപ്പിടിക്കുന്നു. പെൺകിടാവ് അപ്രത്യക്ഷയാകുന്നു, പാൽ നിലാവുപോൽ. സൂക്ഷിച്ചു നൊക്കിയപ്പോഴാണ് – ഒരു ഫലിതം കണ്ടു ചിരിപൊട്ടിയത് – അന്നേ ദിവസമതിന്റെ തലേലെഴുത്ത് അവസാനിക്കയാണ്.
എക്സ്‌പയർ ഡേറ്റെത്തിയ വസ്തുക്കളെ അറബികൾ – തങ്ങളുടെ ജീവിതത്തിൽ നിന്ന് ചവിട്ടിപ്പുറത്താക്കുക തന്നെ ചെയ്യുന്നു. അത്തരം ഉൽപ്പന്നങ്ങളുടെ ക്രിയവിക്രയത്തിൽ കർശനമായ നിയമങ്ങളും നിലവിലിരിക്കുന്നു.
എന്നാൽ – കുടിനീർ മുതൽ ജീവൻ രക്ഷാ ഔഷധങ്ങൾ പോലും വിഷമയമായതു കൈക്കൊള്ളാൻ വിധിക്കപ്പെട്ട ഒരിന്ത്യൻ പൗരന് എന്തു നോക്കാൻ…? തിന്ന്, മരിക്ക്യാന്നല്ലാതെ…!
Generated from archived content: eentha7.html Author: mammu_kaniyath