‘ഷെവൽ ഹുമറി’ലെ ബദൂഗൃഹാന്തരീക്ഷത്തിൽ നിന്നു പുറത്തു കടന്നപ്പോൾ അന്തമാനിലെ സെല്ലുലാൽ ജയിൽ മോചിതനായ പ്രതീതിയായിരുന്നു മനസ്സിൽ! എന്നാൽ – തൊഴിൽ പ്രതിസന്ധിയാൽ നട്ടം തിരിയുന്ന ഒരാൾക്കൂട്ടത്തിലേക്കായിരുന്നു, ‘സുബയ്’ലെ വാടക വസതിയിലേക്കുള്ള എന്റെ ലയനം. വലിയ കമ്പനിയെന്നു തെറ്റിദ്ധരിപ്പിച്ച് – ഇന്ത്യയിൽ നിന്നും ഇതിനകം പലബാച്ചുകളായി നിരവധിയാളുകളെ കൊണ്ടുവന്നിട്ടുണ്ടായിരുന്നു ഖാലിദെന്ന കഫീൽ. എന്നോടൊപ്പം വന്ന സുരേഷും സജീവും കൂടാതെ കുറവിലങ്ങാട്ടുകാരനായ ഷാജി സെബാസ്‌റ്റ്യൻ, കുറുപ്പംപടിയിലുള്ള ജയൻ, പൈങ്കുളത്തു നിന്നുമെത്തിയ വാസു എന്നിവർ കൂടിയുണ്ടായിരുന്നു മലയാളികളായി. ഇക്കൂട്ടത്തിലേക്ക് ആറാമനായാണ്, ഇപ്പോൾ എന്റെ ആഗമനം… ഒരു മുറിയിൽ ഞങ്ങളൊരുമിച്ചായിരുന്ന തുടർന്നുള്ള കിടപ്പും ശാപ്പാടുകളും. പിന്നെ – ഹുബ്ലിയിൽ നിന്ന് യോഗേശ്വരിയിലേക്കു താമസം മാറ്റിയ സുലൈമാൻ, നാസിക്കിലുള്ള സുരേന്ദ്രൻ, കൽക്കത്തക്കാരനായ രത്തൻ, ഉത്തർപ്രദേശിൽ നിന്നുമെത്തിയ ഇസ്രാക്ക്, തീരത്ത്‌റാം, റഹ്‌മാൻ, മദ്ധ്യപ്രദേശ്‌കാരൻ ഇസ്ലാമുദ്ദീൻ, രാജസ്ഥാനിലെ അയൂബ്, ബംഗാളിൽ നിന്നും വന്ന ഭഗവതി, കഷ്ണം ഷെയ്‌ക്ക് ഇവരൊക്കെയാണ് ഈ സ്വർഗ്ഗഭൂമിയിൽ സ്വപ്നങ്ങളുമായെത്തിയ എന്റെ സംഘത്തിലെ മറ്റു ഹതഭാഗ്യർ. ഇരുടീമുകളായ് തിരിഞ്ഞ് വേറെ മുറികളിലാണ് ഇക്കൂട്ടരുടെ തീറ്റേം പൊറുതീം. ബന്ന(മേസൻ), ആമിൽ (ലേബർ), നജ്ജാർ (കാർപ്പെന്റർ), ഹദ്ദാദ് (കമ്പി കെട്ടുകാരൻ), ഡബ്ബാക്ക് (പ്ലംബർ), കാർബായി (ഇലക്ര്ടീഷൻ), ദഗാൻ (പെയ്‌ന്റർ) അങ്ങനെ നിർമ്മാണ രംഗത്തെ വിവിധ തസ്തികകളിൽപ്പെട്ടവരുടെ ഒരു ചെറുസംഘമാണിപ്പോൾ ഖാലിദിന്റെ കസ്‌റ്റഡിയിലുള്ളത്.
എന്നാൽ ഇത്രയും മനുഷ്യശേഷി വിനിയോഗിക്കാൻ പോന്ന പശ്ചാത്തലമായിരുന്നില്ല ഖാലിദിന്റേത്. ഒന്നാമത്,യാതൊരു പുരോഗതിയോ തൊഴിൽ സാധ്യതയോ ഇല്ലാത്ത ഉൾപ്രദേശം. പിന്നെ, മുന്തിയ നിർമ്മാണ രംഗങ്ങളിലേക്കു പ്രവേശിക്കാനുള്ള ലൈസൻസും ഖാലിദിനില്ലായിരുന്നു. ചെറിയ ചെറിയ പണികളും മറ്റു മെയ്‌ന്റനൻസുമൊക്കെ വേണം വന്നു കിട്ടാൻ. അതുകൊണ്ട് ഖാലിദിന്റെ കീഴിലെത്തിയവരുടെ മുഖ്യതൊഴിലിന്ന് ഉറക്കമാണ്. മാസങ്ങളായി പലരുമീ നിദ്ര തുടങ്ങിയിട്ട്. ഒത്തുവന്നാൽ തന്നെ – കൃത്യമായ തൊഴിൽ പരിജ്ഞാനമില്ലാത്ത ഞാൻ ഈ ബഹുജനമധ്യത്തിൽ എന്തു ജാലവിദ്യകാട്ടിയാണ് വരുമാനക്കാരനാവുക എന്ന ഭയാശങ്കകൾ എന്നെ വല്ലാതെ അലട്ടുകയാണ്.
ആടും മേടും കഷ്ടപ്പാടുകളുമെങ്കിലും, ഉണ്ടായിരുന്ന പിടിവള്ളി കൈവിട്ടുപോയതിൽ ആദ്യമായി ഖേദം തോന്നി.
ഞങ്ങൾ പത്തു പതിനാറംഗങ്ങൾക്ക് ജോലി തേടി നടക്കയാണ്. തൊഴിലുടമയായ അറബി മുന്നറിയിപ്പൊന്നും കൂടാതെ ഒരുനാൾ സകലരെയും വണ്ടിയിലേറ്റിക്കൊണ്ടു പോകയായിരുന്നു, പട്ടണത്തിലെ ഒരു പണി സെറ്റിലേയ്‌ക്ക്. അവിടെ പണി പൂർത്തീകരിച്ചു കൊണ്ടിരുന്ന വീടിന്റെ ചുറ്റുമതിൽ നിർമ്മാണമാണ് ഖാലിദിന്റെ ദൗത്യം.
ആ അരങ്ങേറ്റ വേദിയിൽ മത്സരബുദ്ധ്യാതന്നെ എല്ലാവരുമവിടെ ദിവസങ്ങൾ നീണ്ട പ്രയത്നം കാഴ്‌ചവച്ചു. എന്റെ റോൾ അവ്യക്തമെങ്കിലും, ഓൾറൗണ്ടായി ഓടിനടന്ന് ഉന്തീം തള്ളീം പൊക്കീം വലിച്ചും വെട്ടി വിയർക്കുകയായിരുന്നു ഞാൻ.
എന്നാൽ വൈകിയാണ് ചില വസ്തുതകൾ മനസ്സിലാക്കുന്നത്. ഖാലിദിന്റെ സഹോദരി മറിയത്തിന്റെ വീടായിരുന്നു അത്.
സ്വന്തം തൊഴിലാളികളുടെ പ്രാഗത്ഭ്യമറിയുന്നതോടൊപ്പം – അയാളുടെ വക മറിയത്തിനായുള്ള ഒരു ഫ്രീ സർവ്വീസുകൂടിയായിരുന്നു ആ അദ്ധ്വാനമൊക്കെയും. എല്ലാവർക്കുമതൊരു പ്രഥമ പ്രഹരമായി. ആളു മഹാ വില്ലനാണ്, ഖാലിദ് – പഠിച്ച കള്ളൻ. അല്ല, കള്ളന് കഞ്ഞിവെച്ചവൻ. മിടുക്കൻ – അവനൊരു ഹീറോ ലുക്കൊക്കെയുണ്ട്. ജ്യേഷ്‌ഠന്മാർ ചിലർ ഡിഫെൻസിലാണ്. ആ ബേസിലൊക്കെ – ചെറു നാട്ടുപ്രമാണി റോളിലാണ് ഇഷ്ടന്റെ വിലസൽ. എന്തായാലും ഖാലിദിന്റെ പരിചിത വലയത്തിൽ നിന്നും മറ്റുമായി ചില്ലറപ്പണികൾ പലതും വന്നുതുടങ്ങി. അതോടൊപ്പം ചില അറേഞ്ച്‌മെന്റ്‌സൊക്കെ തന്റെ കൂർമ്മ ബുദ്ധിയാലയാൾ കമ്പനിയിൽ വരുത്തുകയുണ്ടായി.
അതനുസരിച്ച് പൈങ്കുളം വാസുവെന്ന മേസന്റെ കൂട്ടുപണിക്കാരനാണ്, ഞാനിന്ന്. കുറുപ്പംപടിക്കാരൻ ജയനെന്ന മേസന് കൂട്ടായ് മധ്യപ്രദേശിലെ ഇസ്ലാമുദ്ദീനും, മറ്റൊരു മേസനായ രാജസ്ഥാനി അയൂബിന്റെ ജോഡി ബംഗാളിയായ ഷെയ്‌ക്കുമാണ്.
എന്റെ പങ്കാളി, മിസ്‌റ്റർ പൈങ്കുളം – ആളൊരു കുറിയോനാണ്. തങ്കമണി, ചാമുക്കുട്ടൻ, അങ്ങനെ കളിപ്പേരുകളൊത്തിരിയാണ് വാസുവിന്.
ഞങ്ങളെല്ലാവരും – അറബിയും, വാസുവിനെ സാമീന്ന് വിളിക്കുന്നു. അമ്മയും ഭാര്യയും രണ്ടു കുഞ്ഞുങ്ങളുമുണ്ട് വീട്ടിൽ. പിന്നെ കടുത്ത പ്രണയത്താൽ ഒരു കാമുകിയും, വിട്ടൊഴിയാതെ നാട്ടിൽ.
എന്നാൽ – എഴുത്തും വായനയും അറിയില്ലെന്നുള്ളതാണ് ആ മനുഷ്യന്റെ ഏറ്റവും വലിയ ദുരന്തം. അയാൾക്കു വരുന്ന കത്തുകൾ തക്കം പാർത്ത് വായിച്ചു കേൾപ്പിക്കേണ്ടതും രഹസ്യമറുപടി കുറിക്കേണ്ടതുമെല്ലാം എന്റെ കടമായായ് തീർന്നു.
സാമിയുടെ കോലത്തിൽ – ഒരു കാമുകനായ്‌പ്പറന്നത്, എന്റെ വചനങ്ങളായിരുന്നു. ബ്ലോക്ക് കെട്ടിപ്പൊക്കാനും ഭിത്തിതേപ്പിനുമൊക്കെ ഇരുവരും ചേർന്ന് പോകുമ്പോൾ താനൊരു മേസനാണെന്ന അഹന്തയൊന്നും സാമി എന്നോടു കാണിക്കാറില്ല. മണലും സിമന്റും കുഴച്ച് ‘കൽത്ത’യെന്ന പരിക്കൻ കൂട്ടിക്കൊടുക്കുന്നു. ഒപ്പം – പണി നീങ്ങാനാവശ്യമായതൊക്കെയും ഞാനെളുപ്പത്തിലടുക്കും.
ഖാലിദിന്റെ ‘മോസസ്സ’ (കമ്പനി)യിന്ന് ഉറക്കം വിട്ടുണർന്നിരിക്കുന്നു. പെയിന്റർമാരായ ചിലരൊഴിച്ച് ഏതാണ്ടെല്ലാർക്കുമിപ്പോൾ ജോലിയായിട്ടുണ്ട്.
അതുകൊണ്ടുതന്നെ നേരത്തെയുണർന്നാലും, പ്രാഥമികാവശ്യങ്ങൾക്കായ് – പരിമിതി നിമിത്തം അരമണിക്കൂറിലധികം ക്യൂ നിൽക്കണം. മഗ്‌രിബിനു മടങ്ങിയെത്തിയാൽ ഒന്നു കുളിക്കാനും വേണമീ ക്യൂ. നാട്ടിൽ അറവു മൃഗങ്ങളെ കരകടത്തും മട്ടിൽ തൊഴിലിടങ്ങളിലേക്ക് തുറന്നവണ്ടിയിൽ കുത്തിനിറച്ചാണ് കൊടും തണുപ്പിലും ഞങ്ങളെയും കൊണ്ടുള്ള യാത്ര. പുറത്തുപോയാൽ – ഉച്ചശാപ്പാടിന്റെ കാര്യം പലപ്പോഴും പ്രശ്നം തന്നെയാണ്. കൂട്ടത്തോടെയാണെങ്കിൽ – പണിസെറ്റിൽ പാചകം ചെയ്തെന്നിരിക്കും. അംഗസംഖ്യ കുറഞ്ഞയിടങ്ങളിൽ പലയിടത്തും പട്ടിണിതന്നെ.
കുബ്ബൂസോ വല്ലതും വാങ്ങിക്കഴിക്കാൻ ഒന്നുകിൽ ആരുടെ പക്കലും പണമുണ്ടാകില്ല. അല്ലെങ്കിൽ, കട കാണില്ല. വാസഗൃഹങ്ങോളടനുബന്ധിച്ചുള്ള തൊഴിലിടങ്ങളിൽ മിക്കവാറും വീട്ടുകാർ ഭക്ഷണമേർപ്പാടാക്കും. നേരമിരുട്ടുന്നതോടെയുള്ള മടക്കയാത്രയും സുഗമമല്ല. വാഹനവുമായറബി എത്താറുണ്ടെന്നുള്ളത് വാസ്തവം. എന്നാൽ – ചിലപ്പോളതുണ്ടാകാറില്ല. പിന്നെ, വല്ല വണ്ടിക്കും കൈ കാണിച്ചുള്ള ഫ്രീയാത്രയോ, കാൽനടയോ ഒക്കെത്തന്നെയേ നിവൃത്തിയുള്ളൂ റൂമിലെത്താൻ.
ഉടമയിൽ നിന്ന് അഡ്വാൻസ് വാങ്ങീട്ടായിരിക്കും ഞങ്ങൾ ഇരുവരെയോ അല്ലെങ്കിൽ കൂട്ടത്തോടെയോ അറബി അതാതിടങ്ങളിൽ പണികൾക്കു വിടുക. ഞങ്ങൾ – അതായത്, ഞാനും സാമിയും ചേർന്നു ചെയ്യുന്ന പണി അളന്ന് ഇത്രമീറ്ററെന്ന് ഞാൻ തന്നെയാണ് കണക്കുവെക്കുന്നത്. അതുപോലെ മറ്റുള്ളവരും കണക്കുകൾ സ്വയം സൂക്ഷിക്കുന്നു. എന്നാൽ – തൊഴിലാളിയുടെ ഉണർവ്വും ഉന്മേഷവുമെല്ലാം കെടുത്തുന്ന നീക്കമായിരുന്നു അറബിയുടേത്. പണിയെടുപ്പിക്കലല്ലാതെ കണക്കു നോക്കലോ പ്രതിഫലം തരികയോ ചെയ്യുന്ന ലക്ഷണമൊന്നും കാണാനായില്ല. അടിസ്ഥാനാവശ്യങ്ങൾക്കുപോലും തെണ്ടേണ്ട ഗതികേടിലാണെല്ലാവരും. എവിടുത്തേയും കണക്ക് തീർത്തിട്ടില്ലെന്നാണ് അറബിയുടെ ഭാഷ്യം.
അതുപക്ഷെ അവന്റെ കള്ളത്തരമാണെന്ന് അന്വേഷണത്തിലൂടെ അറിയാനുമായതോടെ, ഭക്ഷണക്രമങ്ങളും തകരാറിലായി. മെസ്സ് നടത്തപ്പിന്ന് കടത്തിലാണ്. ആറുപേരിൽ മാറിമാറി ഓരോരുത്തർക്കാണ് ഓരോ ദിവസത്തെ ഊഴം. അതാണ് ഞങ്ങളുടെ മെസ്സിന്റെ മെത്തേഡ്. ചാൻസ്‌കാരൻ ആവശ്യം വേണ്ടതായ സാധനങ്ങൾ സമാഹരിച്ച് ഇഷ്ടപ്പെട്ട പൂർണ്ണദിന വിഭവമൊരുക്കും. താല്പര്യമെങ്കിൽ പാചകത്തിൽ മറ്റുള്ളവർക്കും പങ്കെടുക്കാം.
ആ സഹകരണം പക്ഷേ – എനിക്കു മാത്രമേ കിട്ടാറുള്ളു. മുടക്കുന്ന ദിവസച്ചെലവ് എത്രയെന്നത് കണക്കെഴുതിവെയ്‌ക്കുന്നു.
പണത്തിന്റെയാവശ്യോം പറഞ്ഞെങ്ങാൻ അറബിയെ സമീപിച്ചെന്നാൽ അനിഷ്ടത്തിനും ശകാരത്തിനുമതു കാരണമാകും. അദ്ധ്വാനത്തിന്റെ അംശം അത്യാവശ്യങ്ങൾക്കുപോലും കൈവരാത്ത സാഹചര്യത്തിൽ ഒളിഞ്ഞും തെളിഞ്ഞും എല്ലാവരിൽ നിന്നും പ്രതിഷേധമുയർന്നു… പക്ഷെ അതുകൊണ്ടെന്തു കാര്യം…? തൊഴിലാളിയുടെ മേലുള്ള സർവ്വാധികാരവുമിവിടെ തൊഴിലുടമയായ അറബിക്കാണല്ലോ…! അറബി ഏറ്റെടുത്ത് ഏൽപ്പിക്കുന്ന തൊഴിലേ ചെയ്യാൻ പാടുള്ളൂ. സ്വന്തനിലയിൽ പ്രവൃത്തിയെടുത്ത് യാതൊന്നും സമ്പാദിക്കാൻ, സ്വാതന്ത്ര്യമില്ലെന്നു ചുരുക്കം.
എന്നാൽ – വിദഗ്‌ദ്ധ ട്രേഡോ അക്ഷരജ്ഞാനമോ ഇല്ലാത്തവൻ പോലും അസൂയാവഹമായ നേട്ടം കൊയ്യുന്ന മേഖലകളിൽ തന്നെയാണൊരു മറുവർഗം, യാൊതാരു മുൻപരിചയമില്ലാത്ത തൊഴിലിലേർപ്പെട്ട് ജീവന്മരണ പോരാട്ടം നടത്തുന്നതെന്നുള്ളതാണിവിടുത്തെ വൈരുദ്ധ്യം!
വരുത്തനോട് നിശ്ചിത തുക മാസവിഹിതം പറ്റി പുറത്തെവിടെയും തൊഴിലിനു വിടുന്ന അറബികളുമുണ്ട്. ഒന്നോർത്താൽ ഇത്തരം സ്വതന്ത്രാവസ്ഥയാണ് ഭേദം. നേടിയാലുമില്ലെങ്കിലും അറബിയുടെ ഓഹരി മുടങ്ങാൻ പാടില്ലെന്നാകിലും വൈഷമ്യം കുറഞ്ഞതും അവനവനെക്കൊണ്ടായതുമായ ജോലി കണ്ടെത്താനുള്ള അവസരമിവിടെ ലഭ്യമാവുകയെന്നത് വലിയ ആശ്വാസം തന്നെ. അതോടൊപ്പം ഒഴിവുവേളകളും പരമാവധി, വരുമാനം പൂർണ്ണമാക്കാം. വല്ല അറബിയുടെയും കാറ് കഴുകാൻ കിട്ടിയാൽ മാസമൊരു തുകയൊക്കും. സീസണിൽ പനയിൽ നിന്നും ഈന്തപ്പഴം അടർത്താൻ പോയാൽ, ചെറുബക്കറ്റൊന്നിന് ഒരു റിയാലുണ്ട് കൂലി. വീട് ക്ലീൻ ചെയ്യൽ… തുടങ്ങി ഏറെയാണ് ധനാഗമന മാർഗ്ഗങ്ങൾ. പക്ഷേ സ്വതന്ത്രനായ തൊഴിലാളിക്കേ ഇതിനൊക്കെ അനുവാദമുള്ളൂ എന്നുള്ളതാണ് ശ്രദ്ധേയം. അറബിയുടെ കീഴിലേത് എന്നും അടിമപ്പണിതന്നെ. നാട്ടിൽവച്ച് പറഞ്ഞുകേട്ട മാസശമ്പളത്തിന്റെ വാർഷികവരുമാനോം കണക്കുക്കൂട്ടി ഗൾഫിലേക്ക് പറക്കുന്നവൻ അറിയാതെ പോകുന്ന സത്യങ്ങൾ ഒരുപാടുണ്ട്.
നിലവിലുള്ള വേക്കൻസിയിലേക്കു പോലുമല്ല, പലപ്പോഴും അറബി ആൾക്കാരെ വരുത്തുന്നതെന്ന വസ്തുതയിതിനകം തന്നെ കണ്ടുകഴിഞ്ഞുവല്ലോ! അതുപോലെ ഓഫർ ചെയ്ത ശമ്പളവും മറ്റു വാഗ്‌ദാനങ്ങളുമെല്ലാം ഓഫീസ് ഫോർമാലിറ്റിക്കുവേണ്ടി, പൂരിപ്പിക്കപ്പെടുന്ന കോളങ്ങളായിത്തീരുന്നു… കിടപ്പാടം വിറ്റും വിസനേടി വന്നവന്റെ മുൻപിലിവിടെ കമ്പനീം ശമ്പളോമൊക്കെ, വെറും മരീചികയായി മാറുന്നു. മനുഷ്യരക്തമൂറ്റിക്കുടിക്കാൻ തന്നെയാണ് അറബി തൊഴിലാളിയെ കൊണ്ടുവരുന്നത്. അവനെക്കൊണ്ട് ജോലി ചെയ്യിച്ച് അദ്ധ്വാനത്തിന്റെ സിംഹഭാഗവും അഥവാ മുഴുവനായിത്തന്നെയും തട്ടിയെടുക്കുകയെന്നതാണവന്റെ ലക്ഷ്യം. ആഗതന്റെ ചെലവിനുവേണ്ട ഏർപ്പാടൊക്കെ അഡ്വാൻസായവൻ ചെയ്തുതരുന്നു. വരുമാനമായാൽ ഒന്നൊഴിയാതെല്ലാം പിടിച്ചുപറ്റും. പൊതുവിശേഷങ്ങളിങ്ങനെ നീളുന്നു. പറഞ്ഞാലും… പറഞ്ഞാലും, തീരാതെ…!
തത്സമയമുണ്ടാക്കിയ കരാർപ്രകാരം അന്ന്. ഒരു മീറ്റർ പണിതാൽ മൂന്നു റിയാലാണ് എനിക്കും സാമിക്കും കൂടി കിട്ടുക. മീറ്ററിന് അഞ്ച് റിയാലിനോ അതിലും മേലേയോ ആകാം പണിയേറ്റിട്ടുണ്ടാവുക. ഈ വ്യവസ്ഥയിൽ അറബിക്കു മിനുസങ്ങളേറെയാണ്. ശമ്പളമെന്ന ചുമതലയില്ല… മേൽനോട്ടത്തിന്നാളു വേണ്ട… തൊഴിലാളി സ്വയം പ്രേരിതനാകേണ്ടത് അനിവാര്യത. എന്നാലും സൂറാ… സൂറാ…യെന്നറബിയിലും ജൽദി… ജൽദി….യെന്ന് ഹിന്ദിയിലും പറഞ്ഞ് സ്പീഡ് വർദ്ധിപ്പിക്കാൻ അറബിയെത്തുന്നു! ഈ തോതിലാണെങ്കിലും, തൊഴിൽ സാധ്യതയുള്ളവന്റെ കീഴിലെത്തുന്ന ഒരുവന് നല്ല വരുമാനമുണ്ടാക്കാം. ഒരു പക്ഷേ അത് ശമ്പളമായ്‌പ്പറഞ്ഞതിലും അധികവുമാകാം.
എന്നാൽ തൊഴിലാളിയുടെ വിഹിതം തർക്കം കൂടാതെ തരുന്നവനായിരിക്കണം. അല്ലെങ്കിൽ ചോര നീരാക്കുക മാത്രമാണു ഫലം. ജോലിക്കാരെക്കൊണ്ടുള്ള വരുമാനം കൈവന്നതോടെ ഖാലിദാകെ മാറി. കമ്പനിക്ക് വണ്ടിയും അനുബന്ധസാമഗ്രികളുമൊക്കെയായി. വെള്ളിയാഴ്‌ചപോലും ഞങ്ങൾക്കൊഴിവു തരില്ലെന്ന നിലപാടു വരെയായി. അറബിയുടെ ചൂഷണതന്ത്രങ്ങൾ ഏറെക്കുറെ മനസ്സിലാക്കിയ ഞങ്ങൾ വെള്ളിയാഴ്‌ച അവധിയായ് സ്വയം പ്രഖ്യാപിച്ചെടുക്കുകയായിരുന്നു. ഒരഞ്ച് റിയാൽ കിട്ടുന്ന പണിക്ക് ആരെങ്കിലും പുറത്തുപോയെന്നറിഞ്ഞാൽ അറബി തട്ടിക്കേറും. ഭീഷണി മുഴക്കും… അത്തരമൊരു ഗതികേടിലും ഞങ്ങളൊരിക്കൽ, ചെന്നുപെടുകയുണ്ടായിഃ
ജോലിക്കു പോയ് പരിചയമുള്ള ഒരു കിളവിയുടെ വീട്ടുവളപ്പിൽ നാലു മീറ്ററാഴത്തിലൊരു കുഴികുത്തിക്കൊടുക്കാൻ ഖാലിദറിയാതെ ഞങ്ങൾ കരാർ പിടിച്ചിരുന്നു. ഖാലിദ് സ്ഥലത്തില്ലാത്ത തക്കംനോക്കി ഒരു വെള്ളിയാഴ്‌ച ഞാനും സാമീം ഷാജിയുമൊക്കെച്ചേർന്ന് കുഴിവെട്ടാരംഭിച്ചു. വിചാരിച്ചത്ര എളുപ്പമായിരുന്നില്ല ഭൂമിയുടെ കിടപ്പ്. ഏറ്റതുക കുറഞ്ഞുപോയെന്ന സത്യവും, ബോധ്യപ്പെടുകയാണ്. എന്നാൽ പണി ഏതാണ്ട് പൂർത്തിയാകാറായ നിമിഷത്തിലിതാ പ്രത്യക്ഷപ്പെട്ടിരിക്കയാണ്, കാലനാം ഖാലിദ്!
“ആരാ നിന്നോടൊക്കെ ഖബറ് വെട്ടാമ്പറഞ്ഞേ…? വെള്ളിയാഴ്‌ച ഒഴിവുവാങ്ങിയതിന്റെ ഉദ്ദേശ്യമിതാണല്ലേ… ഇത് ഞാനനുവദിക്കില്ല… അബ്ദുർ റഹ്‌മാൻ, നീ ഉൾപ്പെട്ടതുകൊണ്ടുമാത്രം ഇത്തവണ ക്ഷമിക്കുന്നു…. താനീ മർറ മാഫീ…കിദാ..മേലും…”
പിന്നെ, പട്ടീന്നും പന്നീന്നുമൊക്കെയുള്ള പതിവു വിളികളും… സങ്കടം പക്ഷെ അതൊന്നുമല്ല. ‘ജോലി തീർത്ത് കൊടുത്തിട്ട് വന്നാമതി’യെന്നും കൽപ്പിച്ച് ഞങ്ങളേറ്റ കരാർത്തുയും വാങ്ങി പാഞ്ഞുപോകയായിരുന്നു, ആ പരമദുഷ്ടൻ.
വരുമാനമുണ്ടാക്കിയിട്ടും തൊഴിലാളിയുടെ അത്യാവശ്യങ്ങൾ പരിഹരിക്കപ്പെടാത്തതിലുള്ള ദേഷ്യവും സങ്കടവും ഞങ്ങളെ ചില പ്രതിഷേധ നടപടികൾക്കു പ്രേരിപ്പിക്കുകയായിരുന്നു. അതനുസരിച്ച് അറബി വണ്ടിയുമായെത്തുമ്പോൾ ആരും പണിക്കിറങ്ങരുതെന്നാണ് തീരുമാനം. പക്ഷേ അവന്റെ വശീകരണ മന്ത്രങ്ങൾക്കു മുന്നിൽ, തയ്യാറെടുപ്പുകളൊക്കെയും താറുമാറാകുന്നു. എന്നാൽ സംഘരോഷം, ഒരുനാൾ ശക്തമായി ജോലിക്കിറങ്ങാതെ, എല്ലാവരും തന്നെ ഉറച്ചു നിന്നു. ഇത്രയും വലിയ ചങ്കൂറ്റത്തിന്റെ ഉറവിടം ഖാലിദിന് നന്നായറിയാമായിരുന്നു. കുറുപ്പംപടി ജയൻ. പണ്ടേ ഖാലിദിന്റെ നോട്ടപ്പുള്ളിയാണ്. അവനാള്, മഹാപിശകാണെന്നും അറബിക്കറിയാം. അതുകൊണ്ടുതന്നെ സംഘനേതാവിനെ ഖാലിദ് എളുപ്പം തിരിച്ചറിഞ്ഞു.
കലികൊണ്ട് വിറച്ചുതുള്ളുകയാണ് അറബി. എല്ലാ തൊഴിലാളികളെയും റൂമിനു വെളിയിൽ നിരത്തി നിറുത്തി. എന്നിട്ട് ഹക്കാമയെന്ന, ഫോട്ടോ പതിച്ച നടപ്പുപാസ് ഓരോരുത്തരിൽ നിന്നും പിടിച്ചുവാങ്ങി. ഹക്കാമയില്ലാതെ പുറത്തെവിടെയും കറങ്ങിനടക്കാൻ പറ്റില്ല. ചെക്കിംഗിൽ പിടിക്കപ്പെട്ടാൽ അകത്താകും. നോക്കിക്കോ… എല്ലാത്തിനേം ഞാൻ കാണിച്ചുതരാം. എന്ന ഭാവം. എന്നാൽ വിചിത്രമായ ഒരു നിലപാടാണ്. ഇവിടെ ഖാലിദെന്നോടു സ്വീകരിച്ചത്. ഒരു കൂസലും കൂടാതെ എടുത്തു കൊടുത്തിട്ടുപോലും എന്നോടറബി ഹക്കാമ വാങ്ങുന്നില്ല. അവന്റെ വീടറിഞ്ഞോനെന്ന കണക്കിൽ ചെറുപരിഗണന എന്നോടറബിക്കുണ്ടെന്നുള്ളത് വാസ്തവം. പലർക്കുമതറിയാവുന്നതുമാണ്. മറക്കാനാവാത്ത പല ദുരന്തങ്ങൾക്കും സാക്ഷ്യം കൊണ്ടവനാണല്ലോ – ഞാനവിടെ. എന്നുവച്ച് ഈ പ്രശ്നത്തിനു മുന്നിൽ ഇവന്റെ ഇത്തരം ദാക്ഷിണ്യങ്ങൾ, എനിക്കും സ്വീകാര്യമായിരുന്നില്ല. നിർബന്ധിച്ച് കെട്ടിയേൽപ്പിച്ചിട്ടും എന്നെ അയാൾ, ഒഴിവാക്കുകയാണ് മാത്രമല്ല ശക്തമായ ഭാഷയിൽ അറബിയുടെ വകയൊരു പരസ്യപ്രഖ്യാപനവുംഃ
“അബ്ദുറഹ്‌മാൻ, മോസസയിലെ പണിക്കാരനല്ല. അവനെന്റെ വീട്ടിലെ ആളാണ്…” പോരേ…?
എന്റെ കൂടി ശത്രുവായവൻ എന്നെയൊരു കരിങ്കാലിയാക്കിത്തീർക്കുകയായിരുന്നു. ഇവന്റെയീ പൊള്ളയായ പ്രസ്താവനകൊണ്ട്, എനിക്കെന്തു നേട്ടം…?
അരച്ചുകിട്ടിയാൽ വലിച്ചു കുടിക്കാനുള്ള ദേഷ്യം, പണ്ടേയുണ്ടാത്തെണ്ടിയോടെനിക്ക്.
അന്ന് മസ്‌റയിലെ ശമ്പള ബാക്കി തള്ളയെനിക്ക് തന്നതറിഞ്ഞ്, എന്നെപ്പറ്റിക്കാൻ തുനിഞ്ഞവനാണാക്കള്ളൻ. ജോലീം കൂലീമില്ലാതെ വിഷമിക്കുന്നവരുടെയിടയിലേക്കാണ്, നീ ചെല്ലുന്നത്. പണം കയ്യിലിരുന്നാൽ, കളവു പോകാനാണു സാധ്യത. എന്നെ ഏൽപ്പിച്ചേക്ക്… നിനക്കാവശ്യമാകുമ്പോ തന്നേക്കാം…. പക്ഷെ അവന്റെ അടവ് എന്റെയടുത്ത് ചെലവായില്ലെന്നു മാത്രം. ഇന്നിപ്പോൾ എന്നോടുള്ള ഇവന്റെയീ തുറന്ന സൗജന്യം, വേണ്ടാത്ത പുലിവാലൊപ്പിച്ചിരിക്കയാണ്. ഇക്കാരണോമെടുത്തിട്ടു ഇസ്‌ലാമുദ്ദീൻ എന്ന മദ്ധ്യപ്രദേശുകാരൻ എന്നോട് അങ്കത്തിനു വന്നിരിക്കുന്നു. അറബിയുടെ ഒറ്റുകാരനാണ് ഞാനെന്നും, അയാളുമായ് ഒത്തുകളിക്കയാണെന്നുമൊക്കെയായിരുന്നു അവന്റെ ആരോപണങ്ങൾ.. ദൈവാധീനം കൊണ്ട് ഭാഷാസ്വാധീനമെന്നെ തുണച്ചു. അല്ലെങ്കിലോ പേക്കറയുടെ മുന്നിലെനിക്കു മുട്ടുമടക്കേണ്ടി വന്നേനെ…
ശരിക്കും ഞാനവനെയൊന്നു പുഴുങ്ങിയെടുത്തു. കാര്യങ്ങൾ വ്യക്തമാക്കാൻ കഴിഞ്ഞതുകൊണ്ട് എനിക്കു തന്നെയായിരുന്നു പിന്തുണയും. ഇസ്ലാമുദ്ദീൻ എന്നോടു വഴക്കുണ്ടാക്കിയ വിവരം ആരോ പറഞ്ഞറിഞ്ഞ് പോലീസ് സ്‌റ്റേഷനിൽ കയറി ഒരു ഡോസ് കൈപ്പുനീർ അറബിയും വാങ്ങിക്കൊടുത്തതോടെ, അവന്റെ സകലസംശയങ്ങൾക്കും നിവാരണമായി. പണിമുടക്കു സമരം രണ്ടാം ദിവസം ഖാലിദ് എന്റെ സുഹൃത്ത് ജയനെ കാറിൽ വിളിച്ചുകേറ്റിക്കൊണ്ടുപോയത് ആകെ പരിഭ്രാന്തി പരത്തി. എങ്ങോട്ടാണവനെ കൊണ്ടുപോയതെന്നറിയാതെ എല്ലാവരും വിഷമിച്ചു. വൈകുന്നേരമായപ്പോൾ ഒരിടം വരെ പോകാനുണ്ടെന്നും പറഞ്ഞാണ്, അറബി എന്നെ സമീപിച്ചത്. മാർഗമദ്ധ്യേ വണ്ടിയിൽവച്ചാണ് സംഗതി വെളിവാക്കുന്നത്. ജയനിപ്പോൾ പോലീസ് കസ്‌റ്റഡിയിലാണെന്നും കാര്യങ്ങൾ വേണ്ടവിധം പറഞ്ഞു മനസ്സിലാക്കി നീയവനെ നേർമാർഗ്ഗത്തിലാക്കണമെന്നുമായിരുന്നു എന്നോടുള്ള നിർദ്ദേശം.
അതു കേൾക്കേ, കൊല്ലാനുള്ള കലിയുണ്ടായിരുന്നു എനിക്കാ ദ്രോഹിയോട്. പ്രതിഷേധിക്കാനോ പ്രതികരിക്കാനോ ആളുണ്ടെന്നു വന്നാൽ അത് വലിയ വിനയാകുമെന്ന് അറബിക്കറിയാം. പക്ഷേ, ജയനെ ഒരിക്കലും ഖാലിദ് ഉപേക്ഷിക്കില്ല. കാരണം വെറും മേസനല്ല ജയൻ. ടൈൽസിന്റേതു തുടങ്ങി പലതിലും വിദഗ്‌ദ്ധനാണവൻ. ഇങ്ങനെയുള്ളവനെത്തന്നെയാണറബിക്കാവശ്യം. എന്നാൽ – നേതാവിന്റെ നാവറുത്ത്, കരബലം സ്വായത്തമാക്കലാണവന്റെയുന്നം. സ്‌റ്റേഷനിലെത്തി നോക്കുമ്പോൾ ചുമരിൽ വിവിധ രാജാക്കന്മാരുടെ ചിത്രങ്ങൾ തൂങ്ങുന്ന മുറിയിൽ പ്രതിയായ് നിൽക്കയാണ് ജയൻ. എന്നെക്കണ്ടപാടെ അവന്റെ നിലവിളി ഉച്ചത്തിലായി. അതെനിക്കും സഹിക്കാനായില്ല. ഞങ്ങടെ ജയനെ ശരിക്കുമവർ മർദ്ദിച്ചിരിക്കുന്നു… എന്നു തന്നെ ഞാൻ നിനച്ചു. തല്ലിയില്ലെന്നവർ പറഞ്ഞെങ്കിലും വിശ്വസിക്കാനായില്ല. ഖാലിദെന്നു പറഞ്ഞോൻ രംഗത്തേയില്ല. ജയനെ ബോധ്യപ്പെടുത്താനായ് അറബി പോലീസ് എന്നോടാണ്, വാചകങ്ങളിറക്കുന്നത്. അറബെനിക്ക് നല്ല അറിവാണെന്ന മട്ടിലാണ് തട്ട്.
എന്നാൽ അറിയാനായ വിഷയമായതുകൊണ്ട് കാര്യം ധരിപ്പിക്കാൻ, എനിക്കേറെ വൈഷമ്യമില്ലായിരുന്നു. സങ്കടത്തോടെയാണെന്റെ സുഹൃത്തിന് ഞാനർത്ഥം പറഞ്ഞുകൊടുത്തത്. “പെണ്ണുങ്ങളെപ്പോലെ, നീയെന്തിനാ… ഇങ്ങനെ കരേണതെന്നാണിവരുടെ മുഖവുര. പിന്നെ, വേണ്ടാത്ത കാര്യത്തിലിടപെടാതെ മര്യാദയ്‌ക്ക് കഫീൽ പറേണതനുസരിച്ച് ജോലി ചെയ്യാമെന്നുണ്ടെങ്കിൽ നിനക്കു കൊള്ളാം…. പറ്റില്ലെന്നാണെങ്കിൽ തീർച്ചയായും നിനക്കിന്ത്യക്കു മടങ്ങാം. (”ലാസിം, റോ…ഇന്ത്യ…“) അതാണവന്റെ തീർപ്പിന്റെ വാക്ക്.
ഏതാ വേണ്ടതെന്ന് വേഗം നീ തന്നെ തീരുമാനിച്ചോ…എന്താ?” ഇന്ത്യകാട്ടി പേടിപ്പിക്കലിവന്മാരുടെയൊരു, ക്രൂരവിനോദമാണ്. അത്രയ്‌ക്കു ദരിദ്രവാസിയാണിന്ത്യാവാസി, യെന്നാണവന്റെ വിശ്വാസം. ശിക്ഷാവിധി ജയനെ തളർത്തിയത് പിറന്ന മണ്ണിനോടുള്ള അപ്രിയം കൊണ്ടല്ല, മുടക്കു മുതൽ വെള്ളത്തിലാവുമെന്ന ഓർമ്മക്കുമുന്നിൽ അവന്റെ വീര്യങ്ങളെല്ലാം ചോർന്നു പോകയായിരുന്നു.
മേലിൽ ഒരു കുഴപ്പത്തിനും മുതിരില്ലെന്നും ഖാലിദ് പറേണതെന്തും അനുസരിക്കാമെന്നും ഏറ്റു പറയുകയായിരുന്നു ജയൻ. ഞങ്ങളുടെ കഫിലായ ഖാലിദിന് പോലീസ് സ്‌റ്റേഷനിലുള്ള സ്വാധീനം അന്ന്, നന്നായ് ബോധ്യപ്പെടുകയുണ്ടായി. വിജയിയായ അറബിയുമൊത്ത് മടങ്ങുമ്പോൾ മികച്ച ഒരടിമയായി പരിണമിക്കുകയായിരുന്നു, ജയമാധവൻ.
മുഴുവനംഗങ്ങൾക്കുമായുള്ള മുന്നറിപ്പാണിതെന്ന ഓർമ്മയിൽ പിടയുകയായിരുന്നു, എന്റെയുള്ളം!
Generated from archived content: eentha6.html Author: mammu_kaniyath
Click this button or press Ctrl+G to toggle between Malayalam and English