കുവൈറ്റ് എയർവെയ്‌സിലെ സുന്ദരികളായ എയർഹോസ്‌റ്റസുകളുടെ പരമോന്നത പരിചരണങ്ങളേറ്റ് എണ്ണപ്പാടത്തിറങ്ങിയവന്റെ ജീവിതസാഹചര്യമിന്ന് തെരുവുനായിന്റേതായിരിക്കുന്നു…! ഉടുത്തിരിക്കുന്ന അറബിക്കോട്ട് നിറച്ചും ആടിന്റെ വിസർജ്ജ്യവും അതുണർത്തുന്ന നാറ്റവുമാണ്. വസ്ര്തത്തിലെ അഴുക്ക്, ശരീരത്തിനേറ്റ മുറിവും അഭിമാനക്ഷതവുമായി കാണുന്ന മലയാളിയൊരുവന്റെയീ ദുര്യോഗം ആരോട് പറയാൻ….? അറബിയുടെ വീട്ടിലെ പട്ടിയോടോ…! ശുനകനവനെന്നെ നോക്കി സ്വയമഭിമാനം കൊള്ളുകയാവാം.
കുളിയും അനുബന്ധകൃത്യങ്ങളുമിവിടെ നിഷിദ്ധമാകുന്നു. ഖാലിദിന്റെ വീടിനോടനുബന്ധിച്ചുള്ള സംഭരണിയിൽ നിന്ന് കുടിവെള്ളമെടുക്കാൻ ആ മിലുകൾ – ഞങ്ങൾക്കനുമതിയുണ്ട്. പെൺസഞ്ചാരമില്ലാത്ത നേരം നോക്കി വേണം കടന്നു ചെല്ലാൻ. അല്ലെന്നുണ്ടെങ്കിൽ ചീത്ത വേറെ കേൾക്കും. ഇവിടെയും ചെറിയൊരു ഇളവ് എനിക്കു മാത്രം സ്വന്തമായുണ്ട്.
എന്നിരിക്കിലും, അപകടം പിടിച്ച കളിയാണ് എന്റെ കളവു കുളി. എന്നിട്ടും ആടിനു കുടിക്കാൻ ശേഖരിച്ച വെള്ളം രണ്ടുമൂന്നു ലിറ്ററെങ്കിലും കവർന്ന് ഞാനൊരു കാക്കക്കുളി നടത്തുന്നു. സ്വന്തം മുഖം കണ്ടകാലം മറന്നു! താടിയും മുടിയുമാണെങ്കിൽ വല്ലാതെ വളർന്നിട്ടുണ്ട്. എന്റെ പ്രാകൃതരൂപമറിയാൻ ഒരു കണ്ണാടിച്ചില്ലു പോലും കൂട്ടിനില്ല. എല്ലാംകൊണ്ടും മറ്റൊരു ഹേമാം ഹുസൈന്റെ പിറവി ഞാനെന്നിൽക്കാണാൻ തുടങ്ങി. പുറംലോകവുമായി യാതൊരു ബന്ധവും എനിക്കില്ലായിരുന്നു.
ഏതാണ്ട് പത്ത് കി.മീ. അകലെയുള്ള സുബയ് പോസ്‌റ്റോഫീസിലെ പുറംപെട്ടിയിൽ അനാഥാവസ്ഥയിൽ എനിക്കായുള്ള കത്ത് വന്നുകിടന്നാൽ പോലും. വല്ലവനും വശം വല്ലപ്പോഴും കയ്യിൽക്കിട്ടിയാലായി അത്രമാത്രം. അതിലേറെ വൈഷമ്യമാണ് അതിനൊരു മറുപടിയയക്കുന്ന കാര്യവും. നാടും വീടും വിട്ട് ഈ കൊടുംകാട്ടിലെത്തപ്പെട്ടവന്റെ അടിസ്ഥാനാവശ്യങ്ങൾ പോലും പരിഹരിക്കപ്പെടുന്നില്ല. അവന്റെ ആവലാതികൾ വനരോദനം മാത്രം. ഒപ്പം പറ്റാത്ത പണിയും ഇണങ്ങാത്ത വേഷവും!
ഇവിടെ പ്രതികൂലസാഹചര്യമെന്നെ വിപരീത മാനസികാവസ്ഥയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നു. വെറുപ്പും പകയും വിട്ടുമാറാതായി – ആരോടെന്നില്ലാതെ. എന്റെ തൊഴിലിൽ പല കൃത്രിമങ്ങൾക്കും അതു ഹേതുവായി. മാനുഷിക പരിഗണനകൾ കാറ്റിൽപ്പറത്തുമ്പോഴും മൃഗപരിപാലനചിട്ടകളിൽ മികവു പുലർത്തുന്നവരാണ് അറബികൾ.
നിത്യേനയെന്നോണം പെറ്റു പെരുകുന്ന ആടുകൾ – നല്ല വരുമാന മാർഗ്ഗമാണ് അറബികൾക്ക്. മുട്ടനാടുകൾ ഒരു വിധം വളർച്ചയെത്തിയാൽ എട്ടുപത്തെണ്ണത്തിനെ വണ്ടിയിലേറ്റി ചന്തയിൽക്കൊണ്ടുപോയി വിൽക്കും. ഉദ്ദേശിച്ച വില കിട്ടാതെ വന്നാൽ തിരിച്ച് കൊണ്ടുപോരുന്നു. ആടിന്റെ തീറ്റയിലോ മറ്റു പരിചരണങ്ങളിലോ ഒരു വിട്ടുവീഴ്‌ചയും പാടില്ലെന്നുള്ളത് വന്നുപെട്ട നാൾ മുതൽ വെളിവായ വസ്തുതയാണ്.
മസ്‌റയിലെ താവളത്തിൽ സ്‌റ്റോക്ക് തീരുന്ന മുറക്ക് ദൂരെ വീട്ടുവളപ്പിൽ ശേഖരിച്ചിട്ടുള്ള സ്‌റ്റോറുകളിൽ നിന്ന് ഷേർച്ചാക്കുകളും ബർസീം ബ്ലോക്കുകളും ഒറ്റക്ക് പുറത്തു ചുമന്നുകൊണ്ടുവേണം യഥാസ്ഥാനങ്ങളിലെത്തിക്കാൻ.
ഖാലിദിന്റെ മക്കളായ അബ്ദുള്ളക്കോ ഹമ്മദിനോ… കാറിലിതൊക്കെയൊന്ന് കൊണ്ടത്തന്നാലെന്താ കുഴപ്പം…? ചിലപ്പോഴെല്ലാം ആ അറബിക്കുഞ്ഞന്മാരിങ്ങനെ ചെയ്യാറുള്ളതല്ലേ – അതുപോട്ടെ… പ്രായം മാനിച്ച് പത്തു മുതൽ അൻപതു ശതമാനം വരെ വിവിധയിളവുകൾ എനിക്കീ കാട്ടറബിക്കൂട്ടരിൽ നിന്ന് ലഭ്യമാകുന്ന നിലക്ക്, ചങ്ങാത്തമില്ലെങ്കിലും ആ ബംഗ്ലാ കർബാനും ആകാമല്ലോ ചെറു ഹെൽപ്പൊക്കെ – അന്യോന്യം… ഇത്തരം തൊടുന്യായങ്ങളുടെ പിൻബലത്താൽ ചില്ലറ തരികിടകളൊക്കെ തരം പോലെ ഞാനും പ്രയോഗിക്കാൻ തുടങ്ങുകയായിരുന്നു.
പത്തമ്പതാടുകൾക്ക് അന്നന്നത്തെ തീറ്റക്കു വേണ്ടതായ ഷേർ തകലകളിൽ, തലേന്ന് കുതിർത്തിയിടണം. ബർസീമാണെങ്കിൽ സദാനേരവും ആവശ്യാനുസരണം അഴിച്ചിട്ടു തീറ്റണം. ഉണ്ണുവരറിയേണ്ടെങ്കിലും വിളമ്പുന്നവനറിയണമല്ലോ? ചിലപ്പോൾ കുതിർത്തിയ ഗോതമ്പ് മുഴുവനും തീറ്റാതെവച്ച് അതിനു മീതെ പുതുഗോതമ്പ് വിതറി അടുത്ത ദിവസത്തേക്കുള്ള കണക്ക് പൂർത്തീകരിക്കും. എന്നാലോ കള്ളത്തരം തൊട്ടകൈക്ക് കണ്ടുപിടിക്കും മുതുക്കിത്തള്ള. അവരാരാ, മൊതല്…? ഉടനെ വരും താക്കീത് ;
“മർറ താനികിദു, അന കലാം കാലിദ്… ഫീ മേലും…”
മേലിലിതാവർത്തിച്ചാൽ… ഖാലിദിനോട് ഞാമ്പറയും, അറിയാല്ലോ…!
എന്റെ ഭാഷ ഹസമാമാക്കറിയില്ലല്ലോ എന്ന ഉറപ്പോടെ ആടുകളെ നോക്കി ഞാൻ പറയും ഃ
“നിങ്ങളിലൊന്നാകാനുള്ള ഭാഗ്യമെനിക്കുണ്ടായില്ലല്ലോ…”
“ലേഷ് കലാം അൻത്…?” നീയെന്താ പറഞ്ഞേ…
“ലാ മാഫീ… താനി മർറ, മാഫികിട്ടാ…”
അല്ല, മേലിൽ ആവർത്തിക്കില്ലെന്നു പറഞ്ഞതാ…
ഇത്തരം മറുഭാഷാപ്രയോഗം സുലൈമാനോടാണു ഞാൻ കൂടുതലായി ഉപയോഗിക്കാറ്, കടുത്ത ദേഷ്യം വരുമ്പോൾ ഹിന്ദി വെടിഞ്ഞ് പച്ച മലയാളത്തിലാണ് ഞാനവനെ തെറിവിളിക്കുക. എന്നാലേ എനിക്കു തൃപ്തി വരൂ. മനഃശാന്തി കിട്ടൂ.
ഈന്തപ്പനകൾ മുന്തിയതും അല്ലാത്തതുമായ ഇനങ്ങളിവിടെയുണ്ട്. പൂവിടും നാൾ മുതൽ വിളവെടുപ്പു ഘട്ടം വരെ ഈന്തപ്പനകൾക്കാവശ്യമായ ശുശ്രൂഷകളനവധിയാണ്. മരുന്നിടൽ തുടങ്ങി. യഥാസമയങ്ങളിൽ വേണ്ടതൊക്കെയും നോക്കി പരിപാലിച്ചിരുന്നത് നാട്ടിൽപോയ ഹേമാം ഹുസൈനനാണ്. അതുകൊണ്ടുതന്നെ ഇത്തരം ചുമതലകൾ രണ്ടാം ഹുസൈനായ എന്റെ പ്രവൃത്തി മണ്ഡലത്തിൽപ്പെടുന്നവയാകുന്നു.
ചെറുതൈക്കളാണ് പനകളെങ്കിൽ പണിയുമെളുപ്പമാകുന്നു. എന്നാൽ ഖാലിദിന്റെ വളപ്പിൽ ഈന്തപ്പനകളധികവും ഉയരം കൂടിയവയാണ്. ചവിട്ടാൻ പാകത്തിൽ സ്‌റ്റെപ്പുകൾ രൂപേണ വെട്ടി നിറുത്തിയ പനമ്പട്ടയുടെ കട മടലിലൂടെ വേണം മേലോട്ടു കയറിപ്പോകാൻ. ചുറ്റുവട്ടത്ത് നിലവിലെ പനയോലത്തണ്ടിലെ നീണ്ടുകൂർത്ത മുള്ളുകളെല്ലാം വെട്ടി നീക്കം ചെയ്ത് നിർത്തിയിരിക്കയാണ്. അല്ലെങ്കിലവ ജോലിക്കിടെ ചന്തിയിൽ തുളച്ചു കയറും. അങ്ങിനെ തറച്ചുകയറി തൊഴിലാളി ബോധമറ്റ് നിലംപതിക്കുക സാധാരണം. പനമുകളിലിരുന്ന് പഴയ തെലുങ്കുപാട്ടും പാടി ഹേമാം ഹുസൈൻ എന്തെല്ലാമോ സൂത്രങ്ങളൊപ്പിക്കുന്നത് ഖാലിദിന്റെ വീട്ടിലെത്തിയ ആദ്യനാളുകളിൽ കാണാനിടയായിട്ടുണ്ട്. എന്നാൽ അതൊന്നും തന്റെ വിഷയമല്ലല്ലോ എന്ന കണക്കിൽ അന്നതൊക്കെ ആര് ശ്രദ്ധിച്ചിരിക്കുന്നു?
ഈന്തപ്പനകളിൽ പുരുഷജാതി വിരളമെന്നറിയുന്നു. പനസ്ര്തീകളാണു മുഴുവനും! അസുലഭമായ ആൺപൂക്കുലകൾ വരും കാലത്തേക്കായ് കാത്തുപോരുന്നു. കമ്പോളത്തിലവ വാങ്ങാനും കിട്ടുമത്രെ! പരാഗണവേളയിൽ പനയിൽക്കയറിയിരുന്ന് പെൺപൂക്കുലയിതൾ തിരുകിവച്ചശേഷം പനയോലനാരുകൊണ്ട് മെല്ലെ കെട്ടി നിറുത്തുന്നു, നിശ്ചിതകാലയളവോളം.
ഒന്നുരണ്ടാഴ്‌ച കഴിയുമ്പോൾ പനയിൽക്കയറി ഈ കെട്ടുകളോരോന്നും സസൂക്ഷ്മം അഴിച്ച് നീക്കണമെന്ന് പോകുന്നേരം ഹേമാം ഹുസൈൻ എന്നോടു പ്രത്യേകം പറഞ്ഞേല്പിച്ചിട്ടുള്ള കാര്യമാണ്. വിധിദിനമെണ്ണുന്ന പ്രതിയുടേതായി തുടർന്നന്റെ നാളുകൾ! ഓർത്തിട്ട് ഒരന്തോമില്ല…?
അസാദ്ധ്യമെന്ന വാക്ക് അറബിയുടെ നിഘണ്ടുവിലില്ലെന്നുവേണം കരുതാൻ. ആരും ഒന്നും പഠിച്ചല്ല വരുന്നതെന്നും അറിയണം. വഴിയേ എല്ലാം അറിഞ്ഞേ മതിയാകൂ എന്നു തന്നെയാണ്, അറബിയുടെ ശാഠ്യവും; അന്ത്യശാസനവും! നാട്ടിൽ പരിശീലനം സിദ്ധിച്ചവന്റെ കുലത്തൊഴലാണു മരംകയറ്റം. ഇവിടെ, വരുത്തനെക്കൊണ്ടെന്തും ചെയ്യിക്കാൻ കൂസലില്ലാതെ നിൽക്കുന്ന പുത്തനറബിവുണ്ടോ പനകയറ്റത്തിന്റെ വിനയറിയുന്നു…? എല്ലാം അവന്, കല്ലിവല്ലി നിസ്സാരം!
ഹസമാമയെന്ന ഹൗസോണറാണെങ്കിൽ പനമുകളിലേക്കു ചൂണ്ടി കണ്ണും കയ്യും കാട്ടാൻ തുടങ്ങിയിട്ട് ദിവസങ്ങളേറെയായി. വീട്ടിലെ തെങ്ങ് ഞാൻ സ്വയം കേറേണ്ടിവന്നാലത്തെ സ്ഥിതി അന്നാദ്യമായ് ചിന്തിച്ചുപോയി… അതിനു മുന്നോടിയായി ഇവിടെ ഞാനീ പന കീഴടക്കാൻ തന്നെ തീരുമാനിച്ച് മേൽപ്പൊട്ടൊന്നേ… രണ്ടേ… മൂന്നേ…
എന്നാൽ തലക്കറക്കം ബാധിച്ച്, കേറ്യേലും വേഗത്തിലായിരുന്നു കൗണ്ട്‌ഡൗൺ ആരംഭിച്ചതും.
മൂന്ന്… രണ്ട്… ഒന്ന്… അതോടെ ആ പൂതി മതിയായി. ഇനിയെന്ത്…? എന്തെങ്കിലും വിദ്യ ഞാനിവിടെ പ്രയോഗിച്ചേ പറ്റൂ. നിലനിൽപ്പിന്റേതാണു പ്രശ്നം.
ഒടുവിൽ കുറുക്കുവഴിയേ എന്നേ തുണച്ചുള്ളൂ. എവിടെയായാലും തൊഴിലിൽ ആത്മാർത്ഥതയുണ്ടാകണമെന്നു തന്നെയാണെന്റെ പക്ഷം. പക്ഷേ വശമില്ലാത്ത ജോലി ചെയ്യിക്കാൻ വാശിപിടിക്കുന്നവരുടെ മുമ്പിൽ നേരിനും നെറിവിനും നേരമെവിടെ…?
അങ്ങനെ കിട്ടിയ ചൂളമരക്കമ്പുകൾ രണ്ടുമൂന്നെണ്ണം ചേർത്തുകെട്ടി ഞാനൊരു നാടൻ തോട്ടിയുണ്ടാക്കി. എന്നിട്ടതിന്റെ പൈപ്പ്‌കൊണ്ട് കൊളുത്തിവലിച്ച് കെട്ടുകളോരോന്നും പൊട്ടിക്കുന്നു.
ദയനീയമാംവിധം പൂക്കുലകൾ ഒന്നടങ്കം തല്ലിത്തകർന്നാണ് നിലം പതിക്കുക. തൂത്തുവാരിയെല്ലാം നീക്കം ചെയ്ത് ക്രൂരതയുടെ തെളിവ് ഞാനുടൻ നശിപ്പിക്കുന്നു. മറ്റാരുടേയും സാന്നിദ്ധ്യം സമീപത്തെങ്ങും ഇല്ലെന്നുറപ്പാക്കിയാണീ കടുംകൈ.
ഒരുത്തനാണെങ്കിലിവിടെ, പോലീസ് നായിന്റെ മട്ടിലാണല്ലോ ചൂരും പിടിച്ചെന്റെ പിന്നാലെ നടക്കുന്നത്; എങ്ങനെയും പുറത്തു ചാടിക്കാൻ… ഏതാനും ദിവസത്തെ ദുർവൃത്തിയാൽ ‘കുലബന്ധ’ങ്ങളൊക്കെയും തകർത്ത് ഞാൻ തരിപ്പണമാക്കി. തൽക്കാലരക്ഷയുമുറപ്പാക്കി.
ഈന്തപ്പഴം പാകമാകുന്നതുവരെ നൽകേണ്ട ചികിത്സാവിധികളും മറ്റും പിന്നാലെ വരുന്നേയുള്ളൂ. ഒക്കെ വരുന്നിടത്തുവച്ചു കാണാം എന്ന ധൈര്യം മാത്രമാണിനി മുന്നോട്ടുള്ള മനോബലം.
സുബഹ്‌ന് മുമ്പ് ഒരുനാൾ ഞെട്ടിയുണർന്നത് ഹസമാമാടെ ഒച്ച കേട്ടായിരുന്നു. എന്താ സംഗതി…? മാനമെങ്ങാൻ കൊഴിഞ്ഞുവീണോ… അതോ വല്ല കാട്ടുമാക്കാനും…! കൺതുറന്നു പുറത്തുവന്നപ്പോൾ മൂട്ടിത്തീപിടിച്ചപോലെ ബഹളം വച്ചോടുകയാണ് അവർ.
“താഹ്‌ൽ… അബ്ദുൾ റഹ്‌മാൻ… താൽ… സൂറാ സൂറാ…” കോളെനിക്കാണ്. ഞാനോടിച്ചെന്നു. അതികായരായ രണ്ട് കോമാളികൾ ഖാലിദിന്റെ കോമ്പൗണ്ടിൽ, അതിക്രമിച്ചു കടന്നിരിക്കയാണ്. ആജാനുബാഹുക്കളായ രണ്ട് ഒട്ടകങ്ങളായിരുന്നു ആ അനഃധികൃത അതിഥികൾ. ഒന്ന് കുഞ്ഞാണ്… കൂടെയുള്ളത് തന്തപ്പോക്രിയോ അതോ തള്ളഹിമാറോ…?
എന്തായാലും, ഇത് പരിശോധനക്കുള്ള സമയമല്ല. പ്രത്യാക്രമണം ആരംഭിക്കേണ്ടതിനാണല്ലോ എന്നെയുണർത്തി സജ്ജനാക്കിയിട്ടുള്ളത്… എനിക്കാണെങ്കിലതൊരു നേരമ്പോക്കായാണനുഭവപ്പെടുന്നത്. പക്ഷേ, കളിക്കാനുള്ള നേരവുമല്ല. കയ്യീക്കിട്ടീതെന്താണെന്നു നോക്കാതെ എറിഞ്ഞിട്ട് ഓടിക്കുകയായിരുന്നു, ഞാൻ. ഏറെ പരിശ്രമിച്ചിട്ടാണ് ഖാലിദിന്റെ മണ്ണീന്ന് രണ്ടിനേം കരകടത്താനായത്. ശ്വാസമൊന്ന് നേരെ വീണപ്പോൾ നിലത്ത് വട്ടത്തിൽ പതിഞ്ഞുകണ്ട വലിയ കാല്പാടുകൾ കൗതുകത്തോടെയാണ് ഞാൻ പിന്തുടർന്നു ചെന്നത്. എന്നാൽ അവയുടെ ഫിനിഷിങ്ങ് പോയിന്റിലെ ദുരന്തരംഗം കണ്ട്, ഞാനാകെ പരിഭ്രമത്തിലായി. എന്റെ തൊഴിൽവേദിയായ മസ്‌റയിലാണ് – അനിഷ്ടങ്ങളൊക്കെയും, അരങ്ങേറിയിട്ടുള്ളത്. ആടിനായ് അട്ടിയിട്ട് സൂക്ഷിച്ചിരുന്ന ഗോതമ്പ് മുഴുവൻ തിന്നു തീർത്തിരിക്കുന്നു… വലിയ ടാങ്കുകളിൽ ശേഖരിച്ചിരുന്ന വെള്ളം ഒരു തുള്ളി ബാക്കിയില്ല… കീറിയ ചാക്കുകളും തൂകിയ ഗോതമ്പും കൊണ്ട് മസ്‌റയാകെ അലങ്കോലപ്പെട്ടു കിടക്കുന്നു. കട്ടുതീറ്റക്കാരെ കാർന്നോത്തിക്കു നന്നായറിയാം. വെറുതെയല്ല കിളവി നടന്നു പരാക്രമം കൊള്ളിച്ചത്. അപ്പോൾപ്പിന്നെ, അവരെങ്ങാനീ മേട് കണ്ടുകൊണ്ടുവന്നാൽ എന്റെ ചീട്ട് കീറിയതുതന്നെ!
ഒന്നോർത്താൽ അവശ്യംവേണ്ട അറ്റകുറ്റപ്പണികളുടെ അഭാവമാണല്ലോ, ഈ അതിക്രമങ്ങൾക്കു കാരണമായതും ഖാലിദിന്റെ അതിർത്തിയിലെ കമ്പിമതിൽ കാലാകാലം ബലവത്താക്കി, ഇത്തരം ശത്രുനുഴഞ്ഞു കയറ്റങ്ങൾ തടയേണ്ടത് എന്റെ ഡ്യൂട്ടിയാകവേ അതിന്റെ പേരിലും എന്നോടു മെക്കിട്ടു കേറാനുള്ള സാദ്ധ്യത തന്നെയാണേറുന്നതും. അതുകൊണ്ടൊക്കെയും അവശിഷ്ടങ്ങളെല്ലാം ആരുമറിയാതെ കൊണ്ടുപോയി സമീപത്തെ പൊട്ടക്കിണറ്റിൽ തള്ളുകയായിരുന്നു വേഗം ഞാൻ. ഒരങ്കം നടന്ന മസ്‌റയാണിതെന്നോ ഞാനൊരു കിണ്ണംകട്ട കള്ളനെന്നോ ആരുകണ്ടാലുമിപ്പോൾ തോന്നുകയേയില്ല.
നന്ദിയിപ്പോൾ ചൊല്ലുന്നത് ഞാനാടുകളോടു തന്നെയാണ്. അവ സംസാരിക്കാത്ത സത്യമോർത്ത്. എന്നാൽ അത്യാഹിതങ്ങൾ ഒന്നിനു പിറകെ മറ്റൊന്നായി എന്നെ പിന്തുടരുക തന്നെയായിരിന്നു… അജഗണം കൈവിട്ടൊരിടയന്റെ ആകുലതകൾ അടങ്ങും മുൻപാണ് അതിലും ഡോസ് കൂടിയൊരു പരീക്ഷണത്തിന് ഞാൻ വിധേയനാകുന്നത്. എപ്പോഴും എന്തെങ്കിലുമൊക്കെ കുരുത്തക്കേടുകളൊപ്പിക്കുന്നവനാണല്ലോ സുലൈമാൻ. ആ ദ്രോഹിയിപ്പോൾ – ‘ടേഷ്’ ഇനത്തിൽപ്പെട്ട ഒരാടിന്റെ, കാല് തല്ലിയൊടിച്ചിരിക്കുന്നു… ആടെഴുന്നേൽക്കുന്നില്ല… അതിന്റെ വകയായ് വമ്പിച്ച ശിക്ഷയാണവർ അവന് ഓഫർ ചെയ്തിട്ടുള്ളത്. ആട്ടിൻപറ്റവുമായുള്ള മരുപ്രയാണം രാവിലെ ഒറ്റനേരം മതി. ഉച്ചക്കുള്ള രണ്ടാംഘട്ട സവാരിക്കു പകരമായി മനം മടുപ്പിക്കുന്ന മറ്റൊരു പണിയാണവന് സമ്മാനിച്ചിട്ടുള്ളത്. അതിന്റെ പ്രത്യാഘാതങ്ങൾ വീർപ്പുമുട്ടിക്കുന്നത് എന്നെയും. അവിടുത്തെ ആമിലെന്ന നിലയിൽ കടുത്ത അധ്വാനങ്ങളിലൊക്കെ പറയാതെ തന്നെ ഞാനും പങ്കാളിയാവേണ്ടത് സ്വാഭാവികം മാത്രം.
വർഷങ്ങളായി ആടുകൾ കാഷ്ടിച്ചു കൂട്ടിയ – ‘അജ്‌മൻ’ എന്ന, പാറപോലെ ഉറച്ചുകിടക്കുന്ന നാറുന്ന മല-മടക്കുകൾ പിക്കാസുകൊണ്ട് കുത്തിക്കിളക്കണം. എന്നിട്ട് വണ്ടിയിൽക്കയറ്റിക്കൊണ്ടുപോയി വിതറി വയലുകൾ കൃഷി സജ്ജമാക്കണം. കിളക്കേണ്ട മലനിലങ്ങൾ പണിമൂപ്പൻ സുലൈമാൻ ചെറുതും വലുതുമായ രണ്ടു ഭാഗങ്ങളായ് തിരിക്കും. എന്നിട്ട് ചെറുതിന്റെ പണിയും നടത്തിയവൻ ചുമ്മാ നോക്കി നിൽക്കുന്നു. കണ്ടുവരുന്ന ഹസ്സമാമ ദേഷ്യപ്പെടും ഃ
“പ്രായമുള്ളയാളെക്കൊണ്ട് വേല ചെയ്യിച്ച്… നീയെന്താ, മുദീദ് കളിക്കുന്നോ…?”
“എന്റെ ജോലി തീർന്നു…” അയാൾക്ക് വേഗത പോരാഞ്ഞിട്ടാ…“ അവൻ തുറന്നടിക്കും.
”അബ്ദുർ റഹ്‌മാൻ നിന്റെ പണിക്കാരനല്ല… ഫീ മേലും… ഭാരിച്ച കാര്യങ്ങളും നീയന്വേഷിക്കണ്ട…“ എന്നൊക്കെപ്പറഞ്ഞവരെന്നെ വിളിച്ചു നിറുത്തും.
ഇത്തരം സന്ദർഭങ്ങളിൽ നിന്നും, കണ്ണുകാട്ടി ഖാലിദിന്റെ ഭാര്യപോലുമെന്നെ എത്രയോവട്ടം വിടുതലാക്കിയിരിക്കുന്നു… അതുപക്ഷേ ഉറപ്പായ മോചനമൊന്നുമല്ല. സത്യത്തിൽ അവർക്കുപോലും, സുലൈമാനെ പേടിയാണ്. അപ്പോൾപിന്നെ എന്റെ സംരക്ഷണമെത്രത്തോളം…? എടുക്കുന്തോറും ഏറിയേറി വരികയാണ്, മലം പണി.
അന്ന് ഇതുപോലൊരു വെള്ളിയാഴ്‌ചഃ എന്റെ മേൽനോട്ട മസ്‌റയിലെ അജാലയത്തിൽ ചുവടാണ് കുത്തിയിളക്കി നീക്കം ചെയ്തുകൊണ്ടിരുന്നത്. ഇരുമ്പഴിപ്പാളികളുടെ ശക്തമായ ശൃംഖലകൾ കൊണ്ടുള്ള ചുറ്റുമതിലാണ് – ‘ശബക്’ എന്ന ആട്ടിൻതൊഴുത്ത്. ശബക്കിന്റെ പൊളിഞ്ഞ മേൽക്കൂര ഈന്തപ്പനയുടെ പച്ചോലകളാൽ ഞാനുമെന്റെ പ്രിയശത്രുവും ചേർന്ന് തലേന്നാണ് പുതുക്കി മേഞ്ഞിട്ടുള്ളത്. ശബക്കിനുള്ളിൽ ആജ്ഞകൾ പുറപ്പെടുവിച്ചുകൊണ്ട് ഹസ്സമാമയുമുണ്ട് ഞങ്ങൾക്കൊപ്പം. മാറുന്ന കാലാവസ്ഥ മുൻകൂട്ടി കണ്ടറിയാൻ അപാരകഴിവാണ് അറബികൾക്ക്. ദൂരെ – വീട്ടുവളപ്പിൽ പുറത്ത് മേയുന്ന ആട്ടിൻസൈന്യത്തെ കൂട്ടിലാക്കാൻ ഉത്തരവിട്ട് സുലൈമാനെ ഓടിച്ച് വിടുകയായിരുന്നു അറബിത്തള്ള. കുനിഞ്ഞ് മമ്മട്ടിയാൽ മലമ്പാറയോടു മല്ലിടുന്ന ഞാനുണ്ടോ വല്ലതുമറിയുന്നു…
പെട്ടെന്നാണ്…
അലറിക്കൊണ്ടാഞ്ഞടിച്ച ശക്തമായൊരു പേക്കാറ്റ്, ലോറിയോ മറ്റോ ഇടിച്ച് പാഞ്ഞുവരും വിധം പ്രത്യക്ഷപ്പെട്ടത്. യാതൊരു മുൻകരുതലുമില്ലാതെ നിന്ന എന്റെ മുതുകിലേക്ക് ആട്ടിൻതൊഴുത്ത് അപ്പാടെ മറിഞ്ഞുവീഴുകയായിരുന്നു. ഹസ്സമാമ – എങ്ങനെയോ പുറത്തേക്കോടി രക്ഷപ്പെട്ടിരിക്കുന്നു. നിലംപതിച്ച എന്റെ ദേഹത്തേക്ക് ഭാരിച്ച ഇരുമ്പഴിക്കൂട്ടങ്ങൾ അമരുകയാണ്. എന്റെ കാഴ്‌ചയിലാണെങ്കിൽ യാതൊന്നുമില്ല. ആകാശംതന്നെ എന്റെ മേൽ പതിച്ചിരിക്കുന്നോ എന്നും ഞാൻ പേടിച്ചു. ഈ മഹാവിപത്തിൽ നിന്നുമെന്നെ ആരുവിചാരിച്ചാലും രക്ഷപ്പെടുത്താനാകില്ലെന്ന് ഞാനുറപ്പിച്ചു. ഞെരിന്നമർന്ന് ഞാനിതാ പൊട്ടിത്തെറിക്കാൻ പോന്ന പരുവത്തിലാണ്. ‘ഉമ്മാ’ എന്നുള്ള എന്റെ നിലവിളിശബ്ദവും നിലച്ചില്ലാതായിരിക്കുന്നു… എങ്ങോ ഒരോർമ്മയായ് ഞാൻ ശേഷിക്കുകയാണെന്ന ഉണർവേ എന്നിലുള്ളൂ. മരണം അത്രയ്‌ക്കും എന്നെ കീഴ്‌പ്പെടുത്തിക്കഴിഞ്ഞു. അപകടം കണ്ടുനിന്ന അറബിത്തള്ള എന്തൊക്കെയോ ചൊല്ലുന്നുണ്ട്. അന്ത്യമൊഴിയോ എന്തോ? അല്പം മാത്രം ശബക്കിനു വെളിയിലുള്ള എന്റെ പാദങ്ങളിൽ പിടിച്ചവർ വലിക്കുന്നു. എന്നാലോ അതെന്റെ വീർപ്പുമുട്ടലിന് ആക്കം കൂട്ടുകയാണ്. അതുപക്ഷേ പറഞ്ഞറിയിക്കാനും വയ്യായിരുന്നു.
ഹസമാമാടെ ഒച്ചപ്പാട് കേട്ടെത്തിയ ഖാലിദിന്റെ ഭാര്യയാണ് ഇപ്പോഴെന്റെ കാലുപിടിക്കുന്നത്. ശ്രമം പാഴെന്ന് കണ്ട് അവരുച്ചത്തിൽ വിളിച്ചുകൂവുന്നത് എനിക്ക് കേൾക്കാംഃ
”അബ്ദുർ റഹ്‌മാൻ മൗത്ത്… താൽ, സുലേമാൻ…താൽ“
എന്റെ കഥ കഴിഞ്ഞെന്നും പറഞ്ഞാണ് പാവം, സുലൈമാനെ വിളിക്കുന്നത്. ഓടിപ്പാഞ്ഞിതാ സുലൈമാനെത്തിക്കഴിഞ്ഞു. എന്റെ കാലിൽത്തന്നെയാണ് അവന്റെയും പിടുത്തം. അപ്പോൾ ഹിന്ദിയിൽ അവനോടു ഞാൻ കാര്യം പറഞ്ഞു മനസ്സിലാക്കി.
തുടർന്ന് എന്റെ നേരെയുള്ള അറേബ്യൻ തൊഴുത്തിന്റെ വധശ്രമം സുലൈമാന്റെ നേതൃത്വത്തിൽ ഏറെ പ്രയത്നം കൊണ്ടാണ് ഒഴിവാക്കാനായത്. ആ മരണക്കെണിയിൽ നിന്ന് കരകയറുമ്പോഴും വീശിയടിക്കുന്ന പേക്കാറ്റ് ശമിച്ചിരുന്നില്ല… അറബിക്കോട്ട് കീറിത്തുളഞ്ഞു.. ശരീരമാകെ മുറിവും ചതവും…
പിന്നെ ഖാലിദിന്റെ ഭാര്യയും സുലൈമാനും ചേർന്ന് പൊക്കിയെടുത്ത് കാറിലേറ്റിയെന്നെ ‘ജിബിയ’യിലെ ആസ്പത്രിയിലെത്തിക്കയായിരുന്നു. ഖാലിദപ്പോൾ അൽഖർജിലാണ്. ആസ്‌പത്രിയിലവിടെ രണ്ടു മലയാളി നേഴ്‌സുമാരുടെ സാന്നിദ്ധ്യവും സേവനവും എനിക്കേറെ ആശ്വാസമേകി. ഖാലിദിനേയും കുടുംബത്തേയും പരിചയമുള്ളതു കൊണ്ടുതന്നെ ഖേദപൂർവ്വം അവരെന്നോടു തിരക്കി ഃ
”ഇവന്റെയടുത്തെങ്ങനെ വന്നു പെട്ടൂ…?“
”ഒക്കെ… ഒരു നിയോഗം…!“
കൂടുതലൊന്നും വിശദമാക്കാനുള്ള മൂഡെനിക്കില്ലായിരുന്നു. കുത്തിവയ്‌പും കുറെ ഗുളികകളും കിട്ടി. മണിക്കൂറുകൾ കഴിഞ്ഞ് മടങ്ങിപ്പോന്നത് ഡിസ്‌ചാർജാക്കിയിട്ടോ അതോ കൂടെയുള്ളവർ നിർബന്ധിച്ചിട്ടോ എന്നതറിയില്ല. പിറ്റേന്ന് ചെല്ലണമെന്ന് പറഞ്ഞുവിട്ടെങ്കിലും ആരും കൊണ്ടുപോയില്ല.
തൊഴുത്ത് ദുരന്തം നടന്ന സ്ഥാനത്ത് തൊട്ടടുത്ത രണ്ടു ദിവസങ്ങളിലായി ഓരോ ആടുകൾ ചത്തുവീണത് പാമ്പുകടിയേറ്റാകാമെന്നൂഹിക്കുന്നെങ്കിലും ദുർനിമിത്തമതു കൂടുതൽ ദുരൂഹതകൾക്കു ഹേതുവായി. ഭയാശങ്കകളാൽ താൽക്കാലികമായെങ്കിലും അവരുടെ ആക്രോശങ്ങളുടെ മുനയൊടിഞ്ഞു. വിശ്രമവേളകളനുവദനീയമല്ലാതുള്ള മസ്‌റപ്പണിക്കാരൻ ആരോടും ചോദിക്കാതെയാണ്, രണ്ടുമൂന്നു നാൾ അവധിയെടുത്തത്.
പിന്നെ സുഖം പ്രാപിക്കും മുമ്പേ ഒരുദിനം ആരും പറയാതെ തന്നെയാണ്, ഞാനെന്റെ തൊഴിൽ പുനാരാരംഭിച്ചതും… അത്ഭുതകരമാമെറെ അതിജീവനത്തിൽ അഭിമാനവും ആരാധനയുമായിരുന്നു എല്ലാരിലും! എനിക്കൊരു താരപരിവേഷം തന്നെ നേടിത്തന്ന സംഭവമായിരുന്നു അത്. എല്ലാവർക്കും എന്നോടൊരു പ്രത്യേക മമത. എന്റെ പ്രിയപ്പെട്ട ശത്രുവിനു പോലും…! തക്കസമയത്ത് സുലൈമാന്റെ ഇടപെടൽ ഇല്ലാതിരുന്നെങ്കിലോ…? എന്ന് ഒരുൾഭീതിയോടെ മാത്രമേ ഇന്നുമെനിക്കോർക്കാനാവൂ, ആ രംഗം!
തരം കിട്ടിയ നേരം എന്റെ പ്രാരാബ്ധ പ്രശ്നം ഹസമാമയോട് തട്ടിക്കൂട്ടിയൊരു വിധം ഞാൻ പറഞ്ഞൊപ്പിച്ചു.
”ബെയ്‌ത്ത്. മുശ്‌ക്കിൽ… അന ഹോർമ, വലത്ത്, മാമ… കുല്ലും… മാഫീ പുലൂസ്…“
വീട്… ഭാര്യ… മക്കൾ… ഉമ്മ… പണമില്ല… വിഷമത്തിലാണെല്ലാരും…
പലവട്ടം ഞാനീക്കാര്യം ഖാലിദിനോട് കെഞ്ചിയിട്ടുള്ളതാണ്. ഒരേ പല്ലവിയാണ് – അപ്പോഴൊക്കെയും ആ അറബിയുടെ പ്രതികരണംഃ
”മാഫീ, മുശ്‌ക്കിൽ… ഇൻശാ അൾളാ – ബുക്കറ…“ നോ പ്രോബ്ലം… നാളെയാകട്ടെ…
എന്നാൽ ഈ പ്രത്യേക സാഹചര്യത്തിൽ, ഹസമാമ എനിക്കു കരുത്തുപകർന്നു. നാലഞ്ചാടുകളെ അബ്ദുള്ളവശം അടിയന്തിരമായി കൊടുത്തയച്ച് വില്പന നടത്തി. എന്നിട്ടൊരു ചെറുസംഖ്യ വേഗം വീട്ടിലയച്ചു കൊടുക്കാൻ പറഞ്ഞ് അന്നു രാത്രിയിൽത്തന്നെ എന്നെയേൽപ്പിച്ചു. ഡ്രാഫ്‌റ്റെടുക്കാൻ അബ്ദുള്ളയാണെന്നെ കൂട്ടിക്കൊണ്ടുപോയത്. അൽറാസിലെ ബാങ്കിലെത്താൻ നാലുമണിക്കൂർ നേരത്തെ കാറോട്ടം. നാടുവിട്ട് നാലഞ്ചു മാസമെത്തീട്ടെങ്കിലും ശമ്പളയിനത്തിലൊരു തുക കൈയിലെത്തിയപ്പോൾ ഏറെ ആശ്വാസമായിരുന്നു.
വീട്ടുവിശേഷമറിഞ്ഞ് അൽഖർജിൽ നിന്നുമെത്തിയ ഖാലിദ് എന്നെ വന്നുകണ്ട് സുഖവിവരം തിരക്കി ഃ
”അബ്ദുർ റഹ്‌മാൻ… കേഫൽ ഹാൽ… ക്വയ്‌സ്…?“
മറുപടിയായ് ഞാൻ ‘ക്വയ്‌സ്’ പറഞ്ഞത് അറബിയിൽ നിന്നും ആദ്യമായ് കിട്ടിയ മാർദ്ദവ സമീപനത്തിനായിരുന്നു. അങ്ങനെ സമ്മർദ്ദങ്ങൾക്കെതിരെ ചെറു സഹതാപം കൊണ്ടെങ്കിലും ഒന്നു പിടിച്ചു നിൽക്കാമെന്ന സാഹചര്യം സംജാതമാകവെയായിരുന്നു ഓർക്കാപ്പുറത്തുള്ള മറ്റൊരു തിരിച്ചടി.
എന്തെന്നല്ലേ…?
എന്റെ ഇടയറോളിനു തന്നെ പരിസമാപ്തി കുറിച്ചുകൊണ്ടിതാ സാക്ഷാൽ ഹേമാം ഹുസൈൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നു…! തന്റെ ‘മോസസി(കമ്പനി)ൽ അവനെ ’മുദീർ‘ ആക്കാമെന്ന ഖാലിദിന്റെ വാഗ്‌ദാനമാണോ അതോ സ്വന്തം പ്രാരാബ്ധങ്ങൾ തന്നെയോ, ഇനി ഇങ്ങോട്ടില്ലെന്നു ശപഥം ചെയ്തുപോയവന്റെ തിരിച്ചുവരവിനാധാരമെന്നറിയില്ല…
എന്തായാലും അതോടെ സുബയ്‌ലെ പണിയില്ലാത്താവളത്തിലേക്ക് നിർദ്ദയം പറിച്ചു നടുകയായിരുന്നു, ഖാലിദറബി – എന്നെ വീണ്ടും….
(തുടരും)
Generated from archived content: eentha5.html Author: mammu_kaniyath